June 23, 2026 |
Share on

ദി സബ്സ്റ്റന്‍സ്’ മുതല്‍ ‘ടോക്സിക്’ വരെ; ബോഡി ഹൊററിലെ ടേപ്പ് വോം തരംഗം

പരീക്ഷിച്ചു മതിയായെങ്കില്‍ ലോക സിനിമകള്‍ക്കു ഈ ട്രെന്‍ഡ് നിര്‍ത്താവുന്നതാണ്

ചില ട്രെന്‍ഡുകള്‍ ഒരു സിനിമയില്‍ നിന്ന് മറ്റൊന്നിലേക്ക്, അതുമല്ലെങ്കില്‍ കുറച്ചു നീണ്ട കാലയളവിലേക്ക് പടരുന്നതായി കാണാം. 80 കളിലെ ചില മമ്മൂട്ടി സിനിമകളെ മമ്മൂട്ടി -കുട്ടി പെട്ടി ഫോര്‍മുല എന്ന് വിശേഷിപ്പിച്ചിരുന്നു. ബേബി ശാലിനിക്ക് എന്നും ഒരേ പ്രായം. ഒരേ ഹെയര്‍കട്ട്. ഒരേ കുടുംബപ്രശ്നങ്ങള്‍. മാള അരവിന്ദന്‍ സ്ഥിരം പ്യൂണ്‍, അല്ലെങ്കില്‍ ഡ്രൈവര്‍. കൂളിംഗ് ഗ്ലാസ് വെച്ച് സുന്ദരനായ മമ്മൂട്ടിയുടെ നായികമാര്‍ മാത്രം മാറുന്നു. ചികഞ്ഞ് നോക്കിയാല്‍, ഓരോ കാലഘട്ടത്തിലും ഓരോന്ന് കാണാം. കൊവിഡ് മുതല്‍ തുടങ്ങിയ ക്രൈം ത്രില്ലറുകള്‍ മലയാള സിനിമയെ ഒഴിയാബാധ പോലെ പിടികൂടിയത് അറിയാമല്ലോ. ‘അഞ്ചാം പാതിര ഡോമിനോ ഇഫക്ട്’.

ഫ്രഞ്ച് സംവിധായിക കൊറലി ഫാഷ സംവിധാനം ചെയ്ത ബോഡി ഹൊറര്‍ ഫിലിം ‘ദി സബ്സ്റ്റന്‍സ്’ കഴിഞ്ഞ വര്‍ഷം ഇറങ്ങിയതിന് ശേഷം, ഈയിടെ കാണുന്ന വിദേശ സിനിമകളില്‍, പ്രത്യേകിച്ചും സ്ത്രീ സംവിധായകരുടെ, ഇത് ഒരു ട്രെന്‍ഡ് ആയിട്ടുണ്ട്. ഒബ്‌ജെക്റ്റിഫിക്കേഷന്‍ ഓഫ് വിമെന്‍ ബോഡീസ് തന്നെയാണ് വിഷയം. കൊറാലി ലെവലില്‍ ആരും എത്തുന്നില്ല എന്ന സത്യത്തോടൊപ്പം, മറ്റൊരു ഫോര്‍മുല ആവര്‍ത്തിക്കപ്പെട്ടു വരുന്നു. നോര്‍വീജിയന്‍ സംവിധായിക ആയ Emilie Blichfeldt ന്റെ The Ugly Stepsister എന്ന സിനിമയും, കുറച്ചു മുന്‍പ് കണ്ട Toxic – സംവിധാനം Saule Bliuvaite. രണ്ടിലും tapeworm ആണ് വില്ലന്‍.

എനിക്ക് Toxic ആണ് കുറച്ചെങ്കിലും ഇഷ്ടപ്പെട്ടത്. ലുത്വനിയയിലെ രണ്ടു ടീനേജുകാരികള്‍ ഒരു ഫാഷന്‍ മോഡലിങ് സ്‌കൂളില്‍ ചേര്‍ന്നു കൊണ്ട് അവരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നു. മറിജയും (Vesta Matulyte) ക്രിസ്റ്റീനയും (Ieva Rupeikaite). മറിജക്ക് മുടന്തുണ്ട്. അതിന്റെ അപകര്‍ഷതാബോധവും, കൂടെ സഹപാഠികളുടെ കളിയാക്കലുകളും അവളെ പിന്തുടരുന്നു. ക്രിസ്റ്റീനയാണ് അവളുടെ മോട്ടിവേറ്ററും സംരക്ഷകയും. ഈ രണ്ടു പെണ്‍കുട്ടികളുടെ കുടുംബ പശ്ചാത്തലങ്ങളും, മൊത്തത്തില്‍ ആ പ്രദേശത്തുള്ള പട്ടിണിയും, പിന്നോക്കാവസ്ഥയും, മ്ലാനമായ പരിസരങ്ങളും Toxic ന്റെ സിനിമാട്ടോഗ്രാഫര്‍ ഒപ്പിയെടുക്കുന്നുണ്ട്. കൂടുതലും ലോങ്ങ് ഷോട്ടുകള്‍. ഈ കുട്ടികളുടെ റോഡിലെ ക്യാറ്റ് വാക് പരിശീലനമൊക്കെ ഓര്‍മിപ്പിക്കുന്നത് അവിടത്തെ സാമൂഹ്യ സാഹചര്യമാണ്. ഇവരെ ദത്തെടുത്ത് സഹായിക്കുകയും അതേസമയം ബിസിനസ്സും പരിപോഷിപ്പിക്കുന്ന ഫാഷന്‍ സ്‌കൂളുകള്‍ മറ്റൊരു യാഥാര്‍ഥ്യമാണ്. അങ്ങനെ, Toxic ന്റെ ക്രിട്ടിക്കല്‍ ഷോട്ടുകളിലേക്ക് tapeworm ഇഴഞ്ഞു കയറുന്നു. ആദ്യം നാവില്‍ ഒരു പിയേര്‍സിങ്. തികച്ചും അശാസ്ത്രീയമായ നാടന്‍ രീതിയില്‍. ഈ സീനില്‍ ക്രിസ്റ്റീനയെ കാണുമ്പോള്‍ ബോഡി ഹൊറര്‍ അല്ല എമ്പതി ആണ് തോന്നുക. ഈ പിയേര്‍സിങ് വഴിയാണ് tapeworm നെ അകത്തു കയറ്റുന്നത്. Toxic ല്‍ ശ്രദ്ധയോടെയുള്ള പ്ലോട്ട് ബില്‍ഡിംഗ് ഉണ്ട്. ലോജിക്കല്‍ പ്രശ്‌നങ്ങള്‍ കുറവാണ്. നല്ല അഭിനയമാണ് ഈ കുട്ടികളുടെ.

സിന്‍ഡ്രെല്ല സ്റ്റോറിയാണ് Emilie Blichfeldt ന്റെ The Ugly Stepsister ബോഡി ഹൊററുമായി ഇഴ ചേര്‍ക്കുന്നത്. കടത്തില്‍ മുങ്ങിത്താഴുന്ന രണ്ടു പ്രഭുകുടുംബങ്ങള്‍, ഒരു പുനര്‍വിവാഹത്തിലൂടെ പറ്റിക്കപെടുന്ന ഒരവസ്ഥയാണ് സിനിമയുടെ മൊത്തത്തില്‍ ഉള്ള മൂഡ്. ആ രാജ്യത്തെ രാജകുമാരന്‍ ജൂലിയനെ തന്റെ സൗന്ദര്യം കൊണ്ട് ആകര്‍ഷിച്ച് അവരുടെ കുടുംബത്തെ രക്ഷിക്കണ്ട അവസ്ഥയുണ്ട് അത്ര സുന്ദരിയല്ലാത്ത മൂത്ത മകള്‍ എല്‍വിറക്ക്. പോരാത്തതിന് പുതിയ കൊട്ടാരത്തില്‍ അവളുടെ സ്റ്റെപ് സിസ്റ്റര്‍ ആഗ്‌നസ് അതിസുന്ദരിയാണ്. സിന്‍ഡ്രെല്ല തന്നെ. എല്‍വിറയുടെ അമ്മ റബേക്ക എന്തിനും തയ്യാറാണ്. ഒന്നിന് പുറകെ മറ്റൊന്നായി എല്‍വിറയുടെ കോസ്‌മെറ്റിക് സര്‍ജറികള്‍ ലൈവ് ആയി പ്രേക്ഷകരിലേക്കെത്തുന്നു. അതില്‍ അത്യാവശ്യം ബോഡി ഹൊറര്‍ കുത്തിക്കയറ്റിയിട്ടുണ്ട്. എന്തോ, The Ugly Stepsisterന്റെ കഥയോ കഥാപാത്രങ്ങളോ നമ്മളെ അത്ര സ്വാധീനിക്കുന്നില്ല. ആവര്‍ത്തിക്കുന്ന സ്വപ്നങ്ങളുടെ ഫ്രെമുകളും പാളുകയാണ്. പക്ഷെ, tapeworm ഇവിടെയും ഉണ്ട്. എല്‍വിറയുടെ ഉള്ളിലേക്ക് പോയി, ഭീകരമായി തടിച്ചു കൊഴുത്ത നൂലുകളായി പുറത്തക്കു വരുന്നു.

Emilie Blichfeldt ന്റെ The Ugly Stepsister ലും, Saule Bliuvaite ന്റെ Toxic ലും ഉപയോഗിച്ചിട്ടുള്ള ഒരു ഈസി ട്രെന്‍ഡ് ആയിട്ടാണ് tapeworm ഇന്‍ഡ്യൂസ്ഡ് ബോഡി ഹൊററിനെ ഞാന്‍ കാണുന്നത്. സത്യത്തില്‍ ഇത് ‘ദി സബ്സ്റ്റന്‍സ്’ സ്വാധീനം ആണോ എന്നൊരു ചിന്ത ഉണ്ട്. അവിടെ പരീക്ഷിച്ചിട്ടുള്ളത് മറ്റൊരു മാരക ഐറ്റം ആണെങ്കിലും. ഈസി ബോഡി ഷേപ്പ് മെയിന്റനന്‍സ് അല്ലെങ്കില്‍ ഈസി വെയിറ്റ് ലോസ് സബ്സ്റ്റന്‍സ് ആയിട്ടാണ് ഈ രണ്ടു സിനിമകളിലും tapeworm പ്രതീകവത്കരിക്കപ്പെടുന്നത്. മെഡിക്കല്‍ റഫറന്‍സുകള്‍ പറയുന്നത് അത് ഒരു മിത്താണ് എന്നാണ്. മാത്രമല്ല, എല്‍വിറ ചെയ്യുന്ന പോലെ ഭക്ഷണത്തോടുള്ള അത്യാര്‍ത്തി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. ചിലപ്പോള്‍ വിശപ്പ് ഒട്ടും ഉണ്ടാവില്ല. അത് ക്രിസ്റ്റീനയില്‍ കാണാം. ചിലര്‍ക്ക് ഇത് വളരെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ആകെ ഉറപ്പുള്ള കാര്യം, tapeworm കുടിയേറിയ ശരീരത്തിലെ പോഷകങ്ങള്‍ ഈ വിര വലിച്ചെടുക്കും എന്നുള്ളതാണ്. അത് വഴിയാണ് ഇത് പരീക്ഷിച്ച്, പട്ടിണി കിടന്ന് ബോഡി ഷേപ്പ് സംരക്ഷിച്ച ഫാഷന്‍ മോഡലുകള്‍ പലരും രോഗികളാവുന്നതും, ചിലര്‍ മരണത്തില്‍ എത്തിയിട്ടുള്ളതും ഒക്കെ.

ഏതായാലും, ഈ രണ്ട് വനിതാ സംവിധായകരും തങ്ങളുടെ ആദ്യ സിനിമയില്‍ ആണ് ഈ ട്രെന്‍ഡ് പരീക്ഷിച്ചത്. രണ്ടു സിനിമകളിലെ നായികമാരും തങ്ങളുടെ ശരീരത്തിന്റെ അഴകളവുകള്‍ കൊണ്ട് മാത്രം ജീവിതം കെട്ടിപ്പടുക്കാന്‍ വിധിക്കപ്പെട്ടവരാണ്. അതിന്റെ തീവ്രതയില്‍ സ്വന്തം ശരീരം അവര്‍ക്കും, മറ്റുള്ളവര്‍ക്കും ഒരു പരീക്ഷണവസ്തു മാത്രമായി മാറുന്നു. മറ്റു വിദേശ സിനിമകളിലും ഈ ബോഡി പൊളിറ്റിക്‌സ് ഉപയോഗിച്ചിട്ടുണ്ടാവാം. എന്തോ, ഇതിന്റെ ഭാവി അത്ര ഉജ്ജ്വലമായി എനിക്ക് തോന്നുന്നില്ല. പരീക്ഷിച്ചു മതിയായെങ്കില്‍ ലോക സിനിമകള്‍ക്കു ഈ ട്രെന്‍ഡ് നിര്‍ത്താവുന്നതുമാണ്. കൂട്ടത്തില്‍, മലയാളത്തിലെ വനിതാ സംവിധായകര്‍ എന്നെങ്കിലും ആത്മരോദനങ്ങള്‍ വിട്ടു, ആലുവാപ്പുഴയും കടന്നു ഒരു ബോഡി ഹൊറര്‍ ഒക്കെ കൊണ്ട് വരുന്നതിനെപ്പറ്റി കിനാവ് കണ്ടു. ചെറുനാരങ്ങാ നീരും, തേനും മനസ്സില്‍ വന്നതോടെ അതിനെ സഡന്‍ബ്രേക്ക് ഇട്ട് നിര്‍ത്തി.

Content Summary: From the substance to toxic; the tapeworm wave in body horror

Leave a Reply

Your email address will not be published. Required fields are marked *

×