ധർമ്മസ്ഥല കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിൽ വഴിത്തിരിവായി മനുഷ്യ അസ്ഥികൂട ഭാഗങ്ങളുടെ കണ്ടെത്തൽ. ശൂചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച മറ്റു സ്ഥലങ്ങളിൽ ഇന്ന് തിരച്ചിൽ തുടരും. ഇന്നലെ മണ്ണ് നീക്കി പരിശോധിച്ച നേത്രാവതി പുഴയ്ക്കരികിലെ ആറാം നമ്പർ പോയിൻ്റിൽ നിന്നാണ് അസ്ഥികൂടം ലഭിച്ചത്.
പതിനഞ്ച് അസ്ഥികൂട ഭാഗങ്ങളാണ് പ്രദേശത്ത് നിന്ന് എസ്ഐടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഈ അസ്ഥികൾ ഒരാളുടേതാണോ പലരുടേതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വൈകിട്ടോടെ ആറാം നമ്പർ പോയിന്റിൽ തിരച്ചിൽ പൂർത്തിയായി ഇന്ന് ഏഴ് എട്ട് സ്ഥലങ്ങളിലാവും പരിശോധന. അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയതോടെ മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്.
കിട്ടിയ 15 അസ്ഥിഭാഗങ്ങളും ബയോ സേഫ് ബാഗുകളിലാക്കി എഫ് എസ് എൽ ലാബിലേക്ക് ഫൊറൻസിക് പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന്, വിശദമായി 13 പോയന്‍റുകളും പരിശോധിക്കാനാണ് പ്രത്യേകാന്വേഷണസംഘത്തിന്‍റെ തലവൻ പ്രണബ് മൊഹന്തി അന്വേഷണസംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. ബെൽത്തങ്കടിയിൽ താമസിക്കുന്ന ഡിജിപി അവിടെ എസ്ഐടി ഓഫീസിൽ നിന്നാകും അന്തിമതീരുമാനങ്ങളെല്ലാം എടുക്കുക. ആറാം നമ്പർ സ്പോട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാൽ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാൻ ടെന്‍റ് കെട്ടിയും ടാർപോളിനിട്ടും മൂടിയിട്ടുമുണ്ട്.
മൂന്നാം ദിവസത്തെ പരിശോധനയിൽ നേത്രാവതി പുഴക്കരികിലെ കാട്ടിൽ നിന്നാണ് അസ്ഥികൂടം ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നാല് ദിവസമായി തിരച്ചിൽ തുടരുകയാണ്. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്. രണ്ട് ദിവസങ്ങളിലായി സ്ഥലത്ത് കുഴിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആറാം സ്ഥലത്ത് താൻ എട്ടോളം മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി.
നേത്രാവതി പുഴയുടെ സ്നാന ഘട്ടത്തിന് സമീപം എട്ടു സ്ഥലങ്ങളിലായും സംസ്ഥാനപാതയിൽ നിന്നും 50 മീറ്റർ അകലെ 4 സ്ഥലങ്ങളിലുമായി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി പൊലീസിനോട് വെളിപ്പെടുത്തി. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ്, ശേഷിക്കുന്ന രണ്ടെണ്ണം ഹൈവേയ്ക്ക് സമീപമുള്ള കന്യാടി പ്രദേശത്താണ്.
content summary: In the Dharmasthala mass burial case, 15 skeletal remains were discovered during the search at the sixth site
Leave a Comment