ഇന്ത്യയും പാകിസ്താനും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും തയ്യാറായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആദ്യം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. ഇക്കാര്യം പിന്നീട് ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും ഒരു പൂര്‍ണ്ണവും ഉടനടിയുള്ളതുമായ സമാധാനത്തിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി! എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷം അതീവ രൂക്ഷമായി മാറിക്കൊണ്ടിരിക്കെയാണ് സമാധാനത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നത്.
അതേസമയം സൗദി അറേബ്യ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ താത്പര്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എ അജിത് ഡോവല്‍, സൈനിക മേധാവികള്‍, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാന്റെ നടപടികള്‍ ‘പ്രകോപനപരവും വഷളാകുന്നതുമായി’ കാണുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു യോഗം. പാകിസ്താന്‍ സ്ഥിതി വഷളാക്കുകയാണെന്നും ഇന്ത്യ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. India and Pakistan have agreed to full and immediate ceasefire, says US President Donald Trump
Content Summary; India and Pakistan have agreed to full and immediate ceasefire, says US President Donald Trump