ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി മല്ലികാർജുൻ ഖാർഗെ

ഓഗസ്റ്റ് 21-ന് റെഡ്ഡി നാമനിർദ്ദേശ പത്രിക സമർപ്പിക്കും

സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയെ ഇന്ത്യാ സംഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതായി മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച അറിയിച്ചു. ഓഗസ്റ്റ് 21-ന് റെഡ്ഡി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

സുദീർഘമായ സേവനം കൊണ്ട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ പറ്റിയ വ്യക്തിയാണ് സുദർശൻ റെഡ്ഡി. ​ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു ഇദ്ദേഹം. 1946 ജൂലൈ 8-ന് ജനിച്ച റെഡ്ഡി, 1971 ഡിസംബറിൽ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ ചേർന്നുകൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ പ്രധാനമായും റിട്ട്, സിവിൽ കേസുകളിൽ വൈദഗ്ദ്ധ്യം നേടി അദ്ദേഹം ശ്രദ്ധേയനായി.

ഔ​ദ്യോ​ഗിക ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം​ഗവൺമെന്റുമായി ബന്ധപ്പെട്ട പ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരുന്നു.1988 മുതൽ 1990 വരെ ഗവൺമെന്റ് പ്ലീഡറായിരുന്ന കാലത്ത്, അദ്ദേഹം സുപ്രധാന കേസുകളിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായി. പിന്നീട് 1990-ൽ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിങ് കൗൺസലായും സേവനമനുഷ്ഠിച്ചു. കൂടാതെ, ഉസ്മാനിയ യൂണിവേഴ്സിറ്റിയുടെ നിയമോപദേഷ്ടാവും സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ചുകൊണ്ട് തന്റെ നിയമപരമായ സേവന മേഖല കൂടുതൽ വിപുലമാക്കി.

content summary: INDIA bloc selects former Supreme Court judge B. Sudershan Reddy as its Vice Presidential candidate

അഴിമുഖം ഡെസ്‌ക്:
Leave a Comment