June 04, 2026 |

കാര്‍ഗില്‍, അഗ്നിപഥ് വെളിപ്പെടുത്തലുകള്‍; മുന്‍ കരസേന മേധാവികളുടെ പുസ്തകങ്ങള്‍ തടഞ്ഞ് പ്രതിരോധ മന്ത്രാലയം

എന്തുകൊണ്ടാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാത്തത് ?

ഇന്ത്യയുടെ മുൻ കരസേനാ മേധാവികൾ എഴുതിയ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം തടഞ്ഞ് വച്ച് പ്രതിരോധ മന്ത്രാലയം. അഗ്‌നിപഥ് പദ്ധതിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളുള്ള ഒരു പുസ്തകവും, 25 വർഷം തികയുന്ന കാർഗിൽ യുദ്ധത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുന്ന മറ്റൊരു പുസ്തകവുമാണ് തടഞ്ഞു വച്ചിരിക്കുന്നത്.Army review befor publishing 

ഇന്ത്യയുടെ മുൻ ചീഫ് ജനറൽ എം എം നരവാനെ എഴുതിയ ഓർമ്മക്കുറിപ്പായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ ഇന്ത്യൻ ആർമി തടഞ്ഞ് വച്ചത് കഴിഞ്ഞ ജനുവരിയിലാണ്. പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ഡിസംബർ 18 ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭാഗങ്ങൾ ചർച്ചയായതോടെ, പുസ്തകം റിവ്യൂ ചെയ്യണമെന്ന് ഇന്ത്യൻ ആർമി ആവശ്യപ്പെട്ടു. പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസിനോട്, റിവ്യൂ നടപടികൾ പൂർത്തിയാകും വരെ പുസ്തകത്തിന്റെ ഉദ്ധരണികളോ സോഫ്റ്റ് കോപ്പികളോ പങ്കിടരുതെന്നും കർശനമായി നിർദേശിച്ചിരുന്നു. നരവാനെയുടെ പുസ്തകം പ്രസിദ്ധീകരിക്കാനാകാതെ 6 മാസം പിന്നിടുമ്പോൾ, ഓഗസ്റ്റ് 2 ന് പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന മറ്റൊരു മുൻ സൈനിക മേധാവിയുടെ പുസ്തകം കൂടി പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി കാത്തിരിക്കുകയാണ്.

2002 – 2005 കാലഘട്ടത്തിൽ ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്ന എൻ സി വിജ് എഴുതിയ ‘എലോൺ ഇൻ ദ റിംഗ്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 25 വർഷം തികയുന്ന കാർഗിൽ യുദ്ധത്തെ കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ടെന്നാണ് വിവരം. ബ്ലൂംസ്ബറി പ്രസിദ്ധീകരിക്കാനിരിക്കുന്ന തൻ്റെ പുസ്തകത്തിൽ, ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ ആർ ആൻഡ് എ ഡ ബ്ല്യു പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൻ്റെ സാധ്യത തെറ്റായി വിലയിരുത്തിയെന്ന് കാർഗിൽ യുദ്ധകാലത്ത് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലായിരുന്ന ജനറൽ വിജ് പുസ്തകത്തിൽ എഴുതുന്നു. ആമസോൺ പുസ്തകത്തിൻ്റെ റിവ്യൂ കോപ്പിയും, പ്രസിദ്ധീകരണ ദിവസവും നൽകിയിട്ടുണ്ട്. ജൂലൈ 20 ആണ് ആമസോൺ നൽകിയിരിക്കുന്ന തിയതി.

” കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആർമി ഹെഡ്ക്വാർട്ടേഴ്‌സിലെ ഉദ്യോഗസ്ഥർ പുസ്തകം അവലോകനം ചെയ്യാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അവർക്കത് അയച്ചു കൊടുക്കുകയും ചെയ്തു. ആഗസ്റ്റ് 2 നാണ് പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ തിയതി ഞങ്ങൾ മാറ്റിവയ്ക്കുയാണ്.”ബ്ലൂംസ്‌ബറിയുടെ ചീഫ് എഡിറ്ററായ കൃഷൻ ചോപ്ര ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. ഗുഡ്ഗാവിൽ നിന്ന് ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ജനറൽ വിജ് പറയുന്നത്: “രണ്ട് ദിവസം മുമ്പ്, ഞാൻ ചെയ്ത കൈയ്യെഴുത്തുപ്രതി സമർപ്പിക്കാൻ ആർമിയിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. 21 വർഷം മുമ്പാണ് ഞാൻ സർവീസിൽ നിന്ന് വിരമിക്കുന്നത്. ഒരാൾക്ക് എങ്ങനെയാണ് ഇത്രയും കാലം രഹസ്യങ്ങൾ സൂക്ഷിക്കാനാവുന്നത്? വളരെക്കാലം മുമ്പുള്ള സംഭവങ്ങളാണ് ഇതെല്ലാം. അതുകൊണ്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഈ കൈയ്യെഴുത്തുപ്രതി സൈന്യത്തിന് റിവ്യൂ ചെയ്യനായി നൽകണമെന്ന് എൻ്റെ മനസ്സിൽ പോലും തോന്നിയ കാര്യമല്ല. ” അദ്ദേഹം പറയുന്നു. അതെ സമയം ഇന്ത്യൻ എക്സ്പ്രസിന്റെ ചോദ്യങ്ങളോട് സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2019 മുതൽ 2022 വരെ കരസേനാ മേധാവിയായിരുന്ന ജനറൽ എം എം നരവാനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിൽ; 2020-ൽ ചൈനയുമായുള്ള സൈന്യത്തിൻ്റെ അതിർത്തി ഏറ്റുമുട്ടലുകളുടെ, വെളിപ്പെടുത്തലുകളും, അഗ്‌നിപഥ് പദ്ധതിയുടെ വിമർശനാത്മക വിശകലനവും അടങ്ങിയിട്ടുള്ളതായാണ് വിവരം. ആറ് മാസത്തിലേറെയായി പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണ് പുസ്തകം.

2020 ഓഗസ്റ്റ് 31 ന് ചൈന റെച്ചിൻ ലായിൽ നീക്കങ്ങൾ നടത്തിയതിനെ കുറിച്ച് അന്ന് ചീഫ് ജനറലായിരുന്ന നാരവാനെയും ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിൽ നടത്തിയ ആശയവിനിമയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ 2023 ഡിസംബറിൽ പിടിഐ പ്രസിദ്ധീകരിച്ചിരുന്നു. രാജ്നാഥ് സിംഗ് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയതായി ജനറൽ നരവാനെ പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതിനുശേഷം, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി അന്നു രാത്രി അദ്ദേഹം നടത്തിയ ഫോൺ കോളുകളുടെ പരാമർശവും പ്രസിദ്ധീകരണത്തിലുണ്ടായിരുന്നു. ”പ്രതിരോധ മന്ത്രിയുടെ കോളിന് ശേഷം, നിരവധി ചിന്തകൾ തന്നിലൂടെ കടന്നു പോയി.”എന്ന് ജനറൽ നരവാനെ എഴുതിയിരുന്നു.

ചൈനയുടെ നീക്കം സംബന്ധിച്ചുള്ള സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹം പ്രതിരോധ മന്ത്രിയോടു പങ്കുവച്ചിരുന്നു. കൂടുതൽ ആലോചനക്ക് ശേഷം വിവരങ്ങൾ ധരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചതായും അദ്ദേഹം പറയുന്നു. ഏകദേശം 22-30 മണിക്കൂറിനുള്ളിൽ  മന്ത്രി അദ്ദേഹത്തെ തിരിച്ചു ബന്ധപെട്ടതായും നരവാനെ പുസ്തകത്തിൽ കുറിക്കുന്നുണ്ട്. ”താൻ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും ഇത് തികച്ചും സൈനിക തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ജോ ഉച്ഛിത് സംഝോ വോ കരോ’ (ഉചിതമെന്നു തോന്നുന്നതെന്തും ചെയ്യുക), പ്രതിരോധ മന്ത്രിയിൽ നിന്ന് ലഭിച്ച ഈ മറുപടി ഒരു ചൂടുള്ള ഉരുളക്കിഴങ്ങ് കൈമാറുന്നതിന് സമാനമായാണ് അനുഭവപ്പെട്ടത്. ചുമതല ഇപ്പോൾ പൂർണമായും എന്നിലായി. ഞാൻ ഒരു ദീർഘനിശ്വാസം എടുത്ത് കുറച്ച് നിമിഷം നിശബ്ദനായി ഇരുന്നു. ചുവരിലെ  ഘടികാരത്തിന്റെ ശബ്ദമൊഴികെ മറ്റെല്ലാം നിശബ്ദമായിരുന്നു”, അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പിൽ എഴുതുന്നു. ഗാൽവാൻ താഴ്വരയിലെ മാരകമായ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തിലുണ്ട്. രണ്ട് ദശാബ്ദത്തിൽ ആദ്യമായി പിഎൽഎ സൈനികർക്ക് ”മാരകമായ നാശനഷ്ടങ്ങൾ” ഉണ്ടായ ജൂൺ 16 ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മറക്കില്ലെന്ന് അദ്ദേഹം പറയുന്നു.

സൈനികർ, വ്യോമസേനാംഗങ്ങൾ, നാവികർ എന്നിവരെ പ്രതിരോധ സേവനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും, അതു പ്രഖ്യാപിക്കുന്നതിനു മുമ്പ് പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. “സൈനികർക്കുള്ള ഷോർട്ട് സർവീസ് ഓപ്‌ഷൻ” എന്ന നിലയിലാണ് നാരവാനെയും, പ്രധാനമന്ത്രിയും തമ്മിൽ അഗ്നിവീർ പദ്ധതി ആദ്യം ചർച്ച ചെയ്തിരുന്നെങ്കിലും പിന്നീട് അത് മാറ്റിയെന്ന് പുസ്തകത്തിൽ പറയുന്നു. ഈ മാറ്റങ്ങൾ കരസേനയെ ആശ്ചര്യപ്പെടുത്തിയപ്പോൾ, നാവികസേനയ്ക്കും വ്യോമസേനയ്ക്കും തികച്ചും അപ്രതീക്ഷിതമായിരുന്നു  നീക്കം, എന്ന്  അദ്ദേഹം എഴുതുന്നു.

പെൻഗ്വിൻ റാൻഡം ഹൗസ് പ്രഖ്യാപിച്ച മറ്റൊരു പുസ്തകം, ചീഫ് ഓഫ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആയി വിരമിച്ച ലെഫ്റ്റനൻ്റ് ജനറൽ സതീഷ് ദുവ എഴുതിയതാണ്. “എ ജനറൽ റിമിനിസസ്: എ ലൈഫ് അണ്ടർ ഫയർ ഇൻ കാശ്മീർ” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന പുസ്തകവും ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ അത് “നിലവിൽ ലഭ്യമല്ല” എന്നാണ് കാണിക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഈ വർഷം തുടങ്ങിയത് മുതൽ പ്രതിരോധ മന്ത്രാലയത്തിന്റെയോ സൈനിക അധികാരികളുടെയോ അവലോകനത്തിലാണ് പുസ്തകം. 2023 ഡിസംബറിൽ, ജനറൽ ദുവ ഇൻസ്റ്റാഗ്രാമിൽ പുസ്തകത്തിൻ്റെ മുൻകൂർ ഓർഡറുകൾ സ്വീകരിക്കുന്നതായി പറഞ്ഞിരുന്നു . “ദി ട്രൂ സ്റ്റോറി ഓഫ് എ ടെററിസ്റ്റ് ടേൺഡ്‌ ഹീറോ ” എന്ന് പുസ്തകം 2024 ജനുവരിയിൽ പുറത്തിറക്കുമെന്നും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

“ബെസ്റ്റ് ഓഫ് ബ്രേവ്സ്” എന്ന താൽക്കാലിക തലക്കെട്ടിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കാനുള്ള അദ്ദേഹത്തിൻ്റെ മറ്റൊരു പുസ്തകവും അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ജനറൽ ദുവയുടെ കയ്യെഴുത്തുപ്രതി അടുത്തിടെ ക്ലിയറൻസിനായി അയച്ചിട്ടുണ്ടെന്നും അത് ഉടൻ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാർപ്പർ കോളിൻസിലെ എക്‌സിക്യൂട്ടീവ് പബ്ലിഷർ ഉദയൻ മിത്ര പറയുന്നു. എന്നാൽ ഇക്കാര്യങ്ങളോട് ജനറൽ ദുവ പ്രതികരിച്ചിട്ടില്ല. നിയമങ്ങൾ അനുസരിച്ച്, ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ സൈനിക ഉദ്യോഗസ്ഥരും ബ്യൂറോക്രാറ്റുകളും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. എന്നിരുന്നാലും, വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള, നിയമങ്ങൾ വ്യക്തമാക്കിയിട്ടില്ല.

1954-ലെ സൈനിക നിയമത്തിലെ ചട്ടം 21 പ്രകാരം, ഈ നിയമത്തിന് കീഴിൽ വരുന്ന ഒരു വ്യക്തിയും കേന്ദ്രസർക്കാരിന്റെയോ, സർക്കാർ നിർദേശിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെയോ മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയപരമായതോ, സൈനിക സേവനവുമായി ബന്ധപ്പെട്ടതോ, സൈനിക സേവന വിവരങ്ങൾ ഉൾപ്പെട്ടതോ ആയ കാര്യങ്ങൾ നേരിട്ടോ അല്ലാതെയോ പ്രസിദ്ധീകരിക്കുകയോ മാധ്യമങ്ങളോട് ആശയവിനിമയം നടത്തുകയോ ചെയ്യരുത്. എന്നാൽ വിരമിച്ചതിനുശേഷമുള്ള കാര്യങ്ങളിൽ അവ്യക്തയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വിരമിച്ച ആളുകൾക്ക് അവരുടെ അനുഭവങ്ങളെക്കുറിച്ച് എഴുതാം, എന്നാൽ അവർ തങ്ങളുടെ സൈനിക സേവനത്തിന്റെ ഭാഗമായി നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുകയോ രഹസ്യങ്ങൾ ചോർത്തുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, സായുധ സേനാംഗങ്ങളായിരുന്നവർക്ക് തന്റെ ജോലിയുമായി ബന്ധമില്ലാത്ത പുസ്തകമെഴുതുന്നതിലും തടസമില്ല. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ നിരവധി സൈനിക ഉദ്യോഗസ്ഥർ മുമ്പ് സേനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആർമി ജനറൽ(റിട്ട) വി പി മാലിക്കിന്റെ ‘കാർഗിൽ: ഫ്രം സർപ്രൈസ് ടു വിക്ടറി’, മുൻ കേന്ദ്രമന്ത്രികൂടിയായ ജനറൽ(റിട്ട) വി കെ സിംഗ് എഴുതിയ ‘ധൈര്യവും ബോധ്യവും: ഒരു ആത്മകഥ’ എന്നിവ ഇത്തരത്തിൽ പ്രസിദ്ധമായ പുസ്തകങ്ങളാണ്. Army review befor publishing 

Content summary; Two books by former Army Chiefs, initially set for launch, are now on hold

Leave a Reply

Your email address will not be published. Required fields are marked *

×