വെടിനിര്‍ത്തല്‍ നിലവില്‍ വന്നത് വൈകിട്ട് 5ന്, എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കും

പാക് ഡിജിഎംഒ ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു

ആശ്വാസത്തിന്റെ വാര്‍ത്ത. ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് തയ്യാറായിരിക്കുന്നു. ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

ശനിയാഴ്ച്ച വൈകിട്ട് 3.35 ഓടെ പാകിസ്താന്റെ ഡിജിഎംഒ(ഡയറക്ടര്‍ ജനറല്‍ ഓഫ് മിലട്ടറി ഓപ്പറേഷന്‍) ഇന്ത്യയുടെ ഡിജിഎംഒ ഹോട്‌ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തങ്ങളുടെ ഭാഗത്ത് നിന്നുള്ള വെടിവയ്പ്പും കര-കടല്‍-വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള സൈനിക നീക്കങ്ങളും വൈകിട്ട് അഞ്ചു മണിയോടെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാര്‍ മേയ് 12 ന് ഉച്ച കഴിഞ്ഞ് വീണ്ടും ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വെടിനിര്‍ത്തല്‍ കാര്യം ഔദ്യോഗികമായി അറിയിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തലിനും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിലും ഇന്ത്യയും പാകിസ്താനും ധാരണയില്‍ എത്തിയെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചത്.

എല്ലാ രൂപത്തിലുമുള്ള ഭീകരതയ്ക്കെതിരെയും ഇന്ത്യ സ്ഥിരമായി ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് പുലര്‍ത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രി തന്റെ പോസിറ്റില്‍ കൂടി ഓര്‍മിപ്പിക്കുന്നുണ്ട്.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ ഉണ്ടായതായി ആദ്യം അറിയിക്കുന്നത്. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോം വഴിയാണ് സമാധാനത്തിന്റെതായ ഈ വാര്‍ത്ത ട്രംപ് അറിയിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും ഒരു പൂര്‍ണ്ണവും ഉടനടിയുള്ളതുമായ സമാധാനത്തിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി! എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. India-Pakistan Ceasefire; both sides will stop all firing and military action

Content Summary; India-Pakistan Ceasefire; both sides will stop all firing and military action

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment