പണം ഉണ്ടോ ഇല്ലയോ എന്നറിയുന്നതിന് പൊതുവേ ഉപയോഗിക്കുന്ന മാനദണ്ഡം ആണല്ലോ ചെലവഴിക്കല്‍ പ്രവണത നിരീക്ഷിക്കുക എന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ ഗ്രാമീണര്‍ ഉള്ളത് കേരളത്തിലാണെന്നാണ് ദേശീയ സാമ്പിള്‍ സര്‍വേ പറയുന്നത്. കേരളീയ ഗ്രാമീണരുടെ പ്രതിശീര്‍ഷ ഉപഭോഗ ചെലവ് അടിസ്ഥാനമാക്കിയാണ് ദേശീയ സാമ്പിള്‍ സര്‍വേ ഇക്കാര്യം പറയുന്നത്. പ്രതിശീര്‍ഷ ഉപഭോഗ ചെലവ് താരതമ്യേന ഉയര്‍ന്ന സംസ്ഥാനം കേരളമാണെന്നും കേരളത്തിലെ ഗ്രാമീണരുടെ ഉപഭോഗ ചെലവ് പ്രതിമാസം 5,924 രൂപയാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലേക്ക് പോവുകയാണെങ്കില്‍ സമ്പന്നരായ നഗരവാസികള്‍ തെലങ്കാനക്കാരാണ്. പ്രതിമാസം 8,158 രൂപ പ്രതിശീര്‍ഷ ഉപഭോഗച്ചെലവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ നഗരവല്‍ക്കരണ-സാമ്പത്തിക വികസന പദ്ധതികളാണ് നേട്ടത്തിന് പിന്നിലെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തിക അസമത്വത്തില്‍ കുറവുണ്ടായതായും ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ അതിസമ്പന്ന (10%) കുടുംബങ്ങളിലെ ചെലവഴിക്കല്‍ കുറഞ്ഞതും 50% വരുന്ന പിന്നാക്കകാരുടെ ചെലവഴിക്കല്‍ ഉയര്‍ന്നതുമാണ് റിപ്പോര്‍ട്ടിന് ആധാരം. വിവിധ വരുമാന ഗ്രൂപ്പുകള്‍ തമ്മിലുള്ള ഉപഭോഗ വിടവ് കുറയുന്ന പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് അസമത്വം കുറഞ്ഞുവരുന്നത്. ഇത് ഗ്രാമീണ മേഖലകളിലെ സാമ്പത്തിക വികസനത്തിന് അടിവരയിടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകളാണ് സര്‍വേയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണയും സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. 2017-18ലെ സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. പിന്നീടുള്ള രണ്ട് വര്‍ഷം കൊവിഡ് കൊണ്ടും വൈകി. പുതിയ റിപ്പോര്‍ട്ട് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലെ ഉപഭോഗച്ചെലവുകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും ഉപഭോഗ രീതികളും പ്രാദേശിക വ്യതിയാനങ്ങളെക്കുറിച്ചും സര്‍വേ ധാരണ നല്‍കുന്നു.
English Summary: India sees drop in inequality in rural, urban areas; Kerala richest, says report