അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയെക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാര കരാർ ചർച്ചകൾ ചൊവ്വാഴ്ച (ജനുവരി 12) പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത വർഷത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം യഥാർത്ഥമാണെന്നും, നല്ല സുഹൃത്തുക്കൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നും ഗോർ പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകളുടെ അടുത്ത ഘട്ടം നാളെ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ രാജ്യം എന്ന നിലയിൽ ഇന്ത്യയുമായുള്ള കരാർ അത്ര എളുപ്പമല്ലെങ്കിലും അത് പൂർത്തിയാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ആഗോള തലത്തിൽ സുരക്ഷിതമായ സിലിക്കൺ സപ്ലൈ ചെയിൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നേതൃത്വത്തിലുള്ള ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഇന്ത്യയും അംഗമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്ത മാസത്തോടെ ഇന്ത്യ ഇതിൽ പൂർണ്ണ അംഗമാകും. വ്യാപാരത്തിന് പുറമെ സുരക്ഷ, ഭീകരവിരുദ്ധ പോരാട്ടം, ഊർജ്ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും.”ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള സമാഗമമാണിത്. ട്രംപിന് ഇന്ത്യയുമായി വലിയ ഹൃദയബന്ധമാണുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് ‘പാക്സ് സിലിക്ക’ സഖ്യം?
സെമി കണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാന സൗകര്യങ്ങൾ, സിലിക്കൺ വിതരണ ശൃംഖല എന്നിവയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക രൂപീകരിച്ച തന്ത്രപ്രധാനമായ സഖ്യമാണിത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ഇതിൽ അംഗങ്ങളാണ്. അടുത്ത മാസം ഇന്ത്യ ഈ സഖ്യത്തിൽ പൂർണ്ണ അംഗമാകുന്നതോടെ അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനികൾ ഇന്ത്യയിൽ കൂടുതൽ ഫാക്ടറികൾ തുടങ്ങാൻ ഈ സഖ്യം വഴിയൊരുക്കും.
This post was last modified on January 12, 2026 2:11 pm
Leave a Comment