ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിൽ പാകിസ്ഥാനുള്ള പങ്ക് വ്യക്തമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര ധനസഹായം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഒരു സംഘടനയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്.
2022 ൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ പട്ടികയിൽ നിന്നും പുറത്താക്കിയപ്പോൾ അന്ന് അറിയിച്ചിരുന്ന നിയമങ്ങൾ പാലിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പാകിസ്ഥാനെ എഫ്‌എടിഎഫ് ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തുന്നതിനായി വിശദമായ ഒരു രേഖ തയ്യാറാക്കുന്നുണ്ടെന്നും ജൂണിൽ നടക്കാൻ സാധ്യതയുള്ള എഫ്എടിഎഫിന്റെ പ്ലീനറി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്നുമാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാന് ധനസഹായം നൽകുന്നത് സംബന്ധിച്ച ലോകബാങ്കിൻ്റെ തീരുമാനത്തിനെയും ഇന്ത്യ എതിർക്കും.
ഈ മാസം ആദ്യം ഐഎംഎഫ് ബോർഡ് യോഗത്തിൽ ഇന്ത്യ സമാനമായ ആശങ്കകൾ ഉന്നയിച്ചിരുന്നു. പാകിസ്ഥാന് 7 ബില്യൺ ഡോളറിന്റെ സഹായ പാക്കേജ് നൽകരുതെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്ഥാനെ ഗ്രേ ലിസ്റ്റിംഗിൽ ഉൾപ്പെടുത്താൻ ഔദ്യോഗികമായി ശ്രമിക്കുന്നതിന് ഇന്ത്യയ്ക്ക് മറ്റ് എഫ്‌എടിഎഫ് അംഗ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. വർഷത്തിൽ മൂന്ന് തവണ യോഗം ചേരുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൽ 40 അംഗങ്ങളാണുള്ളത്.
പാകിസ്ഥാൻ എഫ്‌എടിഎഫ് അംഗമല്ലെങ്കിലും, എഫ്‌എടിഎഫുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക സ്ഥാപനമായ ഏഷ്യാ പസഫിക് ഗ്രൂപ്പിൽ (APG) ഉൾപ്പെടുന്നു. ഇന്ത്യ ഏഷ്യാ പസഫിക് ഗ്രൂപ്പിലും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിലും അംഗമാണ്. 2018 ജൂണിലാണ് പാകിസ്ഥാനെ ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയത്. ശേഷം 2022 ഒക്ടോബറിൽ അത് നീക്കം ചെയ്യുന്നതുവരെ സംഘടനയുടെ നിരീക്ഷണത്തിന് കീഴിലായിരുന്നു പാകിസ്ഥാൻ. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേകിച്ച് ജമ്മു കശ്മീരിലേക്കുള്ള അനധികൃത ഫണ്ടിന്റെ ഒഴുക്ക് തടയാൻ ഇത് സഹായിച്ചതായി സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ അറയിച്ചിരുന്നു.
Content Summary: India to put Pakistan on ‘grey list’; Accusations of funding terrorists
Leave a Comment