June 26, 2026 |
Share on

ഡിപിആറില്‍ മാറ്റം വരുത്തിയോ? ചോദിക്കേണ്ടത് കേന്ദ്രത്തോടും NHAI യോടും

കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരസ്യപ്രസ്താവന

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദേശീയപാത നിര്‍മാണത്തിന്റെ ഡിപിആറില്‍ (ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) മാറ്റം വരുത്തിയെന്നാണ് സുരേഷ് ഗോപി ഉന്നയിച്ചിരിക്കുന്നത്.

ദേശീയപാതയുടെ ഡിപിആര്‍ തയ്യാറാക്കുന്നത് ദേശീയപാത അതോറിറ്റി (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) ആണെന്നിരിക്കെയാണ് സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം. അതുകൊണ്ട് തന്നെ സുരേഷ്‌ഗോപി ഈ ചോദ്യം ആരോടാണ് ഉന്നയിച്ചിരിക്കുന്നത് എന്നത് കൂടി വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിനോടോ അതോ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടോ?

‘പ്രീണനത്തിന്റെ ഭാഗമായി ഡിപിആറില്‍ തിരുത്തലുകള്‍ ഉണ്ടായി. ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് അന്വേഷിക്കണം. ഡിപിആര്‍ 1 മാറ്റി ഡിപിആര്‍ രണ്ടും അതും പോരാതെ ഡിപിആര്‍ മൂന്നിലേക്കും പോയത് എവിടെയാണ്. വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്. യഥാര്‍ത്ഥ ഡിപിആര്‍ ഉണ്ടായിരുന്നു. അത് ആര്‍ക്കുവേണ്ടി മാറ്റി? ഇതെല്ലാം അന്വേഷിക്കണം’ എന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.

ദേശീയപാത നിര്‍മാണത്തില്‍ സ്ഥലം ഏറ്റെടുക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നിരിക്കെയാണ് കേന്ദ്ര സഹമന്ത്രിയുടെ ഗുരുതര ആരോപണം. ഡിപിആറും അലൈന്‍മെന്റും തയ്യാറാക്കി ടെന്‍ഡര്‍ വിളിക്കുന്നതും നിര്‍മാണ കമ്പനിയെ ഏല്‍പിക്കുന്നതെല്ലാം ദേശീയപാത അതോറിറ്റിയാണ്. ഒരു കേന്ദ്രമന്ത്രി ആയിരുന്നിട്ടും ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല ആര്‍ക്കാണെന്ന കാര്യത്തില്‍ സുരേഷ്‌ഗോപിക്ക് വ്യക്തത വരാത്തത് കൊണ്ടാണോ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. അതോ ദേശീയപാതയുടെ നിര്‍മാണ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ അധികൃതരെയോ ആണോ. എന്തുതന്നെയാണെങ്കിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ ചോദ്യത്തില്‍ വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.

സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിനിടെ നിരവധി സ്ഥലങ്ങളില്‍ റോഡ് ഇടിയുകയും വിള്ളല്‍ വീഴുകയും ചെയ്യുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി സുരേഷ് ഗോപി രംഗത്ത് വന്നിരിക്കുന്നത്.

കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രസര്‍ക്കാര്‍ വിലക്കി. ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇരു കമ്പനികള്‍ക്കും ഇനി ദേശീയപാത ടെന്‍ഡറുകളില്‍ പങ്കെടുക്കാനാകില്ല.

ഇക്കഴിഞ്ഞ മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ പലയിടത്തും വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.

മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും വിള്ളല്‍ കണ്ടെത്തി. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടും ദേശീയപാതയില്‍ മാവുങ്കാലില്‍ റോഡിന്റെ മധ്യത്തിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിനു മുകളിലും റോഡ് വിണ്ടുകീറിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദേശീയപാതാ അധികൃതര്‍ വിള്ളല്‍ ടാറിട്ടു മൂടി പ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കാനുള്ള ശ്രമം നടത്തുകയുണ്ടായി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന കാര്യമണ് നേരിട്ടല്ലെങ്കിലും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ പരസ്യപ്രസ്താവനയിലൂടെ ഉണ്ടായിരിക്കുന്നത്.suresh gopi says dpr has been altered; central government and NHAI should give answer 

Content Summary: suresh gopi says dpr has been altered; central government and NHAI should give answer

Leave a Reply

Your email address will not be published. Required fields are marked *

×