യു.കെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (Comprehensive Economic and Trade Agreement – CETA) ഇന്നുമുതൽ (ജൂലൈ 15) പ്രാബല്യത്തിൽ വന്നു. മൂന്ന് വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. ഇന്ത്യ-യു.കെ വ്യാപാരബന്ധത്തിൽ വലിയ വഴിത്തിരിവായാണ് ഈ കരാർ കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്കും കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്നതായിരിക്കും ഇത്.
ഈ കരാർ സാധാരണക്കാർക്ക് എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്? ഏത് ഉൽപ്പന്നങ്ങൾക്കാണ് വിലകുറയുക? ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്ന മേഖലകൾ ഏതൊക്കെയാണ്? വിശദമായി പരിശോധിക്കാം.
ഇന്ത്യ-യുകെ വ്യാപാര കരാർ
സ്വതന്ത്ര വ്യാപാര കരാർ (FTA) എന്നത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതി തീരുവ (Import Duty) കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഉടമ്പടിയാണ്. കരാർ യാഥാർഥ്യമാകുമ്പോൾ ഇന്ത്യൻ കയറ്റുമതിക്കാർക്കു മുന്നിൽ വലിയൊരു ഉപഭോക്തൃലോകമാണ് തുറക്കപ്പെടുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രീമിയം ബ്രിട്ടീഷ് ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപബന്ധങ്ങൾ ശക്തമാക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം, ധനകാര്യ സേവനം, പുനരുത്പാദന ഊർജം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്ലാം ബ്രിട്ടീഷ് നിക്ഷേപം ആകർഷിക്കാനും വ്യാപര കരാർ കാരണമായേക്കും.
പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് യു.കെയിലേക്കുള്ള ഏകദേശം 99 ശതമാനം കയറ്റുമതിക്കും തീരുവ ഒഴിവാക്കപ്പെടും. അതേസമയം ബ്രിട്ടനിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇന്ത്യ ഘട്ടംഘട്ടമായി ഇറക്കുമതി തീരുവ കുറയ്ക്കും.
ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകും
ഇന്ത്യയും യു.കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കും വ്യാപാര കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്നാണ് അസോചം (ASSOCHAM) വിലയിരുത്തുന്നത്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 120സ ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ എന്തിനൊക്കെ വിലകുറയും?
ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുന്ന മേഖലകൾ
സാധാരണക്കാർക്ക് ഉടൻ വിലക്കുറവ് ലഭിക്കുമോ?
തീരുവ കുറവ് പല ഉത്പന്നങ്ങൾക്കും ഘട്ടംഘട്ടമായാണ് നടപ്പാക്കുക.
വില നിശ്ചയിക്കുന്നത് തീരുവ മാത്രമല്ല.
രൂപ-പൗണ്ട് വിനിമയ നിരക്ക്, ഗതാഗത ചെലവ്, വിതരണ ശൃംഖല, കമ്പനികളുടെ വിലനയം എന്നിവയും അന്തിമവിലയെ സ്വാധീനിക്കും. അതിനാൽ ഉടനടി വിലക്കുറവിന്റെ ഗുണം സാധാരാണക്കാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.
വെല്ലുവിളികളും ആശങ്കകളും
ഈ കരാർ നേട്ടങ്ങൾക്കൊപ്പം ചില വെല്ലുവിളികളും ഉയർത്തുന്നു. ചില ഇന്ത്യൻ നിർമാതാക്കൾക്ക് ബ്രിട്ടീഷ് ഉത്പന്നങ്ങളിൽ നിന്ന് കൂടുതൽ മത്സരം നേരിടേണ്ടിവരും. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (MSME) യു.കെയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കൂടുതൽ ഉത്പാദചന ചെലവ് വന്നേക്കാം. സ്റ്റീൽ ഉൾപ്പെടെയുള്ള ചില മേഖലകളിൽ ബ്രിട്ടന്റെ കാർബൺ നയങ്ങൾ ഭാവിയിൽ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.
”ചരിത്രപരമായ നാഴികക്കല്ല്” എന്നാണ് ഇന്ത്യ-യു.കെ വ്യാപാര കരാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇത് കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട വ്യവസായ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും ഗുണകരമാവുകയും വികസിത് ഭാരത് 2047ന്റെ ലക്ഷ്യങ്ങൾക്ക് ഊർജമേകുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കരാറിന്റെ സ്വാധീനം ഘട്ടംഘട്ടമായി മാത്രമായിരിക്കും പ്രകടമാകുക. പെട്ടെന്നുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ ഒരു സാധാരണ ഇറക്കുമതി-കയറ്റുമതി ഉടമ്പടി മാത്രമല്ല. ഇന്ത്യയെ ആഗോള വിതരണ ശൃംഖലയിൽ കൂടുതൽ ശക്തമായി ഉൾപ്പെടുത്താനുള്ള സാമ്പത്തിക നീക്കമാണ് ഇത്.
Content Summary: India-UK Free Trade Agreement comes into effect. Find out which products could become cheaper in India and the sectors set to benefit the most from the trade deal.