ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ; ഇന്ത്യൻ കയറ്റുമതിക്ക് 99% ഇളവ് , വിസ്കി ഇറക്കുമതിച്ചുങ്കം 75 ശതമാനമായി കുറയും

ചരിത്രപരമായ ദിവസം എന്ന് നരേന്ദ്ര മോദി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ബ്രിട്ടനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാർ യാഥാർത്ഥ്യമായത്. കരാർ പ്രകാരം, ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതിയുടെയും താരിഫ് പൂർണ്ണമായും ഒഴിവാക്കപ്പെടും. ഈ തീരുമാനം വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ബ്രിട്ടീഷ് ഉൽപ്പന്നങ്ങളായ വിസ്കി, കാറുകൾ എന്നിവയുൾപ്പെടെയുള്ള 90 ശതമാനം ഉൽപ്പന്നങ്ങളുടെയും താരിഫ് ഇന്ത്യ കുറയ്ക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടനിൽ കൂടുതൽ എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതോടെ, നിലവിലെ 60 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030ഓടെ ഇരട്ടിയാക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ ഉത്തേജനം ലഭിക്കും. ഉദാഹരണത്തിന്, ബ്രിട്ടീഷ് വിസ്കിയുടെ താരിഫ് 150 ശതമാനത്തിൽ നിന്ന് ഉടനടി 75 ശതമാനമായും അടുത്ത പത്ത് വർഷത്തിനുള്ളിൽ 40 ശതമാനമായും കുറയും. ഇത് അന്താരാഷ്ട്ര എതിരാളികളേക്കാൾ ബ്രിട്ടന് ഇന്ത്യൻ വിപണിയിൽ വലിയ നേട്ടം നൽകും.

യുകെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഈ കരാർ ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായി വലിയ കുതിപ്പ് നൽകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത് ഇരുരാജ്യങ്ങളിലെയും വ്യവസായ സമൂഹങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുകയും, വ്യാപാര ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് ബ്രിട്ടനിലെത്തിയത്.

‘ചരിത്രപരമായ ദിവസം എന്നാണ് കെയ്ര്‍ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും നരേന്ദ്ര മോദി പറഞ്ഞത്. ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണിതെന്നും മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മർ പറഞ്ഞു.

Content Summary: india – Uk trade deal; Whiskey import duty to be reduced to 75 percent

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment