UPDATES

വായിച്ചോ‌

ഹിന്ദുത്വവാദികളും ചില ലിബറലുകളും എന്തുകൊണ്ട് നെഹ്രുവിനെ വെറുക്കാന്‍ ഇഷ്ടപ്പെടുന്നു

നെഹ്രുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും നിര്‍മ്മിച്ച ആധുനിക ഇന്ത്യയുടെ ശക്തമായ ഘടന തകര്‍ത്ത് വേണം ഹിന്ദുരാഷ്ട്രവാദികള്‍ക്ക് പുനര്‍നിര്‍മ്മാണം നടത്താന്‍. ഇത് അത്ര എളുപ്പമല്ല.

                       

ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചും നെഹ്രുവിനെ രാഷ്ട്രീയ പിന്‍ഗാമിയായി തിരഞ്ഞെടുത്തതിലൂടെ ഗാന്ധി വലിയ തെറ്റ് ചെയ്‌തെന്നും വലതുപക്ഷം പ്രത്യേകിച്ച് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടകള്‍ ഏറെക്കാലമായി നടത്തിവരുന്ന ദുഷ്പ്രചാരണമാണ്. ആര്‍എസ്എസ് ഇന്ത്യന്‍ സംസ്‌കാരത്തെ എങ്ങനെ സമീപിക്കുന്നു എന്നത് വിചാരധാരയില്‍ സര്‍ സംഘചാലക് എംഎസ് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കുന്നുണ്ട്. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ആഭ്യന്തര ഭീഷണികളായിട്ടാണ് ഗോള്‍വാള്‍ക്കര്‍ കാണുന്നത്. ഗാന്ധിയുടേയും നെഹ്രുവിന്റേയും സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് വിരുദ്ധം എന്ന നിലയ്ക്ക് മാത്രം ഒതുങ്ങിയെന്ന് ഗോള്‍വാള്‍ക്കര്‍ കുറ്റപ്പെടുത്തി. നെഹ്രുവിനെ എന്തുകൊണ്ട് ഹിന്ദുത്വവാദികളും ചില ലിബറലുകളും വെറുക്കുന്നു എന്ന് പരിശോധിക്കുകയാണ് the.wire.inല്‍ എഴുതിയ ലേഖനത്തില്‍ പുരുഷോത്തം അഗര്‍വാള്‍ പറയുന്നത്.

അതേസമയം മറ്റൊരു ഭാഗത്ത് കൊളോണിയല്‍ ഭരണം ഇന്ത്യയില്‍ വിതച്ച വലിയ നാശങ്ങളെ കാണാതിരിക്കുകയും ഇന്ത്യയുടെ പ്രശ്‌നങ്ങളെല്ലാം തന്നെ അതിന്റെ പാരമ്പര്യത്തിലൂടെയും സംസ്‌കാരത്തിലൂടെയും സ്വയം വരുത്തിവച്ചതാണെന്ന് ഒരുവിഭാഗം പാശ്ചാത്യ ചിന്തകര്‍ വിലയിരുത്തി. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഉത്തരവാദികളായ മനുഷ്യനിര്‍മ്മിത ക്ഷാമങ്ങളെ സ്വാഭാവികമായ പ്രകൃതി പ്രതിഭാസങ്ങളായി ചിത്രീകരിക്കാനും അവര്‍ മടിച്ചില്ല. വ്യവസായങ്ങളെ ബോധപൂര്‍വം ഒഴിവാക്കിയതും നഗരവത്കരണം തടഞ്ഞതുമാണ് പ്രശ്‌നമെന്ന് പറഞ്ഞ അവര്‍ ദയാരഹിതമായ സാമ്പത്തികചൂഷണത്തെ, ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാനുള്ള നിസാരമായ സേവന നികുതിയായി മാത്രം കണ്ടു. സംഘപരിവാറിന്റേയും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാക്കളെ ഇകഴ്ത്തിക്കാട്ടുക എന്നത് അനിവാര്യമായിരുന്നു. ചെളിവാരി എറിഞ്ഞ് നിറക്കാന്‍ കഴിയാത്ത വിധം വലിയ വിഗ്രഹമായി ഗാന്ധി മാറിയിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ രാഷ്ട്രീയമായി നിരുപദ്രവകാരിയായ ഒരു ജീവിയായി പിന്നീട് ചിത്രീകരിക്കേണ്ടി വന്നു.

സ്വച്ഛത അഭിയാന്റെ ബ്രാന്‍ഡ് അംബാസഡറായി പോലും ഗാന്ധിയെ മാറ്റി. എന്നാല്‍ ഗാന്ധിയുടെ പ്രിയ ശിഷ്യനായിരുന്ന നെഹ്രുവിനെ അധികാരമോഹിയായ കാപട്യക്കാരനാക്കി മാറ്റി. പല എഴുത്തുകാരും നെഹ്രുവിനെ ഒത്തുതീര്‍പ്പിന്റെ ആളായും സുഭാഷ് ചന്ദ്ര ബോസിനെ വിപ്ലവകാരിയായുമാണ് കാണുന്നത്. കരുത്തനായ ദേശീയ നേതാവായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന് മുന്നില്‍ ബ്രിട്ടീഷ് വിധേയത്വമുള്ളയാള്‍ എന്ന് നെഹ്രുവിനെ ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിച്ചത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തൊക്കെ ഭിന്നതകളുണ്ടെങ്കില്‍ തന്നെയും ഹിന്ദുത്വ, കൊളോണിയല്‍, തീവ്ര ഇടതുപക്ഷം, ചില ലിബറലുകള്‍ തുടങ്ങിയവരെല്ലാം നെഹ്രുവിനെ ആക്രമിച്ചു എന്നത് ശ്രദ്ധേയമാണ്.

ഇംഗ്ലീഷുകാരില്ലാത്ത ഇംഗ്ലീഷ് ഭരണവും ആധുനിക വികസന കാഴ്ചപ്പാടുകളുടെ പ്രശ്‌നങ്ങളും സ്വതന്ത്ര ഇന്ത്യക്കുണ്ടാകരുതെന്ന് ഗാന്ധി ആഗ്രഹിച്ചിരുന്നതായും ഇതിനാല്‍ യൂറോപ്യന്‍ ജനാധിപത്യത്തിന്റേയും സാമൂഹ്യക്ഷേമ, സോഷ്യലിസ്റ്റ് വ്യവസ്ഥിതികളുടേയും ആരാധകനായിരുന്നു നെഹ്രു, ഗാന്ധിയുടെ തെറ്റായി തിരഞ്ഞെടുപ്പായിരുന്നു എന്നുമാണ് കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പങ്കജ് മിശ്ര ചൂണ്ടിക്കാട്ടുന്നു. പങ്കജ് മിശ്ര പറയുന്നത്. അതേസമയം ഇന്ത്യ അഭിമുഖീകരിച്ചിരുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുമില്ല. ബ്രിട്ടീഷ് ഭരണം സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ക്ക് മുന്നില്‍ ബാക്കി വച്ച ഗുരുതരമായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിരുന്നു അവ. നെഹ്രു വിമര്‍ശനത്തിന് അതീതനൊന്നുമല്ല. എന്നാല്‍ 1930കളില്‍ ചാണക്യ എന്ന തൂലികാനാമത്തില്‍ എഴുതിയ ലേഖനത്തില്‍ വീരാരാധനയുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നെഹ്രു ചൂണ്ടിക്കാട്ടിയിരുന്നു. നമുക്ക് ഒരു സീസറേയും ആവശ്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഹിന്ദുത്വവാദികള്‍ നെഹ്രുവിന് വെറുക്കുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. നെഹ്രു പാശ്ചാത്യ ചിന്താപദ്ധതികളില്‍ പലതിനോടും അനുഭാവമുള്ളയാളാണ്. മതവിശ്വാസിയല്ല, നാസ്തികനുമാണ്. രാഷ്ട്രീയം രാഷ്ട്രീയ തത്വങ്ങളാലാണ് മുന്നോട്ട് പോകേണ്ടതെന്നും മതവികാരം കൊണ്ടല്ലെന്നുമുള്ള നിലപാട് നെഹ്രു സ്വകരിച്ചു. ഇത്തരത്തില്‍ കടുത്ത നിലപാടുകളുമായാണ് നെഹ്രു ജനപിന്തുണ നേടിയത്. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തില്‍ നെഹ്രു വിശ്വസിച്ചിരുന്നു എന്നും ഇത് സംഘപരിവാറിന്റേതിന് സമാനമായ ചിന്തയാണെന്നും പങ്കജ് മിശ്ര വിമര്‍ശിക്കുന്നു. എന്നാല്‍ ഹിന്ദുത്വവാദികള്‍ കണ്ടിരുന്ന പോലെയല്ല ഇന്ത്യയുടെ പൈതൃകത്തേയും തുടര്‍ച്ചയേയും നെഹ്രു കണ്ടിരുന്നത്. നെഹ്രു അന്ധവിശ്വാസങ്ങളിലോ ഭൂതകാലരതിയിലോ മുഴുകിയില്ല. ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ നെഹ്രു ഇങ്ങനെ പറയുന്നു – ഭൂതകാലത്തോടുള്ള ഭക്തിയും അതിനെ പൂര്‍ണമായി അവഗണിക്കുന്നതും അന്ധമായ വിശ്വാസവും മോശമായ കാര്യമാണ്. ഇന്ത്യയുടെ സാംസ്‌കാരികമായ തുടര്‍ച്ചയെക്കുറിച്ച് മാത്രമല്ല നെഹ്രുവിന് ബോധമുണ്ടായിരുന്നത്. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യ പുലര്‍ത്തേണ്ട സ്വതന്ത്ര വ്യക്തിത്വത്തെക്കുറിച്ചും നെഹ്രുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചേരിചേരാ വിദേശനയം രൂപപ്പെടുന്നത്.

ഇന്ത്യയില്‍ ശക്തമായ ഒരു പൊതുമേഖലയും മിശ്ര സമ്പദ് വ്യവസ്ഥയും രൂപപ്പെടുത്താന്‍ നെഹ്രു ശക്തമായ നേതൃത്വം നല്‍കി. ശാസ്ത്ര ഗവേഷണത്തും ശ്രദ്ധ പതിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യങ്ങളില്‍ ഏതിനൊക്കെ തുടര്‍ച്ച വേണമെന്നും ഏതൊക്കെ തുടരാന്‍ പാടില്ലെന്നും സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഇന്ത്യയുടെ ബഹുസ്വരത രൂപം നല്‍കിയ ബുദ്ധിപരമായ ദര്‍ശനമായിരുന്നു നെഹ്രു മുന്നോട്ട് വച്ചത്. ബുദ്ധന്റെ ദര്‍ശനങ്ങള്‍ ഇത് രൂപപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് രൂപപ്പെട്ട ഇന്ത്യയെന്ന ആശയം ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിലേയ്ക്ക് പരിവര്‍ത്തിപ്പിക്കേണ്ടതുണ്ടായിരുന്നു. നെഹ്രുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും നിര്‍മ്മിച്ച ആധുനിക ഇന്ത്യയുടെ ശക്തമായ ഘടന തകര്‍ത്ത് വേണം ഹിന്ദുരാഷ്ട്രവാദികള്‍ക്ക് പുനര്‍നിര്‍മ്മാണം നടത്താന്‍. ഇത് അത്ര എളുപ്പമല്ല. ഇന്ത്യയെ രൂപപ്പെടുത്തിയ നെഹ്രുവിയന്‍ ആശയങ്ങളെ സംഘപരിവാര്‍ ഏറ്റവും വലിയ മാര്‍ഗതടസമായി കാണുന്നതും ഇതിനാലാണ്. നെഹ്രുവിന്റെ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംബന്ധിച്ച കാഴ്ചപ്പാടിനെ ഹിന്ദുത്വവാദികളുടേതുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്ന ലിബറല്‍ ബുദ്ധിജീവികള്‍ക്ക് വലിയ അബദ്ധ ധാരണകളാണുള്ളത്.

വായനയ്ക്ക്:  https://goo.gl/EbKLz4

Share on

മറ്റുവാര്‍ത്തകള്‍