June 04, 2026 |
Share on

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല; സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലും അവകാശവാദം ആവർത്തിച്ച് ട്രംപ്

മോദിയുടെ ഉറപ്പിനെക്കുറിച്ചും ആവർത്തിച്ചു

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് നിർണായകമായ ആയുധ ചർച്ചകൾക്കായി യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉഭയകക്ഷി ചർച്ചക്കിടയിലും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തും എന്ന തന്റെ മുൻ അവകാശവാദം ട്രംപ് ആവർത്തിച്ചു.

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങാൻ പോകുന്നില്ല, എന്നായിരുന്നു ട്രംപ് പറഞ്ഞതെന്ന് ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ട്രംപിന്റെ അവകാശവാദം

മുൻപ് ബുധനാഴ്ച വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഇത്തരത്തിൽ ഉറപ്പ് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

“ഇന്ത്യ എണ്ണ വാങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി ഇന്ന് എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ മാറ്റമാണ്.”, എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

ഇന്ത്യയുടെ പ്രതികരണം

യുഎസ് പ്രസിഡന്റിന്റെ ഈ അവകാശവാദങ്ങളോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി നയങ്ങളെ നയിക്കുന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

“ഇന്ത്യ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഇറക്കുമതി രാജ്യമാണ്. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സ്ഥിരമായ മുൻഗണന. ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണ്ണമായും രൂപപ്പെടുത്തിയിരിക്കുന്നത്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സ്ഥിരതയുള്ള ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്ന ഇന്ത്യയുടെ ഇരട്ട ഊർജ്ജ ലക്ഷ്യങ്ങളും മന്ത്രാലയം എടുത്തുപറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ ബുധനാഴ്ച ഫോൺ സംഭാഷണം നടന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയില്ലെന്നാണ് മറുപടി പറഞ്ഞത്. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 50 ശതമാനം താരിഫ് (അതിൽ 25% അധിക തീരുവയാണ്) ഇന്ത്യയ്‌ക്കെതിരെ ട്രംപ് ചുമത്തിയിട്ടുണ്ട്.

Content Summary: India will no longer buy Russian oil; Trump reiterates claim in meeting with Zelensky

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×