‘ഞാന്‍ ഈ രാജ്യത്തെ പൗരന്‍ തന്നെയാണ് എന്ന് അന്തിമമായി തെളിയിക്കുന്നത് എന്താണ്?’ തത്ത്വചിന്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും മാത്രം ചോദിക്കാനാകുന്ന ഒരു ആലങ്കാരിക ചോദ്യമല്ലിത്. മറിച്ച്, ഇന്ന് ഓരോ സാധാരണ ഇന്ത്യന്‍ പൗരനെയും ഭയപ്പെടുത്തുന്ന രീതിയില്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യം.
ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ക്ക് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് ഈ ചോദ്യത്തിന് അതീവ ഗൗരവമേറിയ ഒരു അടിയന്തിരാവസ്ഥ കൈവന്നത്. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിനിടെ (എസ് ഐ ആര്‍) വോട്ടര്‍പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യപ്പെട്ടു എന്നതായിരുന്നു കാരണമായി പറഞ്ഞത്. അതോടൊപ്പം, ‘പാസ്പോര്‍ട്ട് എന്നത് പൗരത്വത്തിനുള്ള തെളിവല്ല’ എന്ന ഔദ്യോഗിക വിശദീകരണം കൂടി വന്നതോടെ, നാം ചവിട്ടിനില്‍ക്കുന്ന മണ്ണ് എത്രത്തോളം ഒലിച്ചുപോകുന്നു എന്ന് ബോധ്യപ്പെടുകയാണ്. വര്‍ഷങ്ങളായി മറ്റ് പല ഔദ്യോഗിക രേഖകള്‍ക്കും ഇതേ സ്വഭാവമാണ് കല്‍പിച്ചു നല്‍കുന്നത്. ‘ആധാര്‍’ എന്നത് വെറും തിരിച്ചറിയല്‍ രേഖ മാത്രമാണെന്നും പൗരത്വ രേഖയല്ലെന്നും നാം കേള്‍ക്കുന്നു. വോട്ടര്‍ ഐഡി കാര്‍ഡ് പൗരത്വത്തിന്റെ അന്തിമ തെളിവല്ല; റേഷന്‍ കാര്‍ഡാകട്ടെ സബ്സിഡികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും അര്‍ഹതയുണ്ടെന്ന് കാണിക്കുന്ന രേഖ മാത്രമാണ്. ജനന സര്‍ട്ടിഫിക്കറ്റുകള്‍, ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി ഓരോ ഔദ്യോഗിക രേഖകള്‍ക്കും ഇന്ന് അതിന്റേതായ പരിമിതികള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നുവെന്ന് വിവിധ കോണുകളില്‍ നിന്നുള്ള ശബ്ദങ്ങള്‍ വ്യക്തമാക്കുന്നു.
പാസ്പോർട്ട് പുതുക്കാൻ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരെന്തിന്?
വ്യക്തിഗതമായി നോക്കിയാല്‍ ഈ ഓരോ പ്രസ്താവനയ്ക്കും നിയമപരമായ വിശദീകരണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍, ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നത് അത്യന്തം ആശങ്കാജനകമായ ഒരു ചിത്രമാണ്. റിപ്പബ്ലിക് ഒടുവില്‍ പൗരത്വത്തിന്റെ തെളിവായി വിശ്വസിക്കുന്നത് ഏത് രേഖയെയാണ് എന്ന ഭരണഘടനാപരമായ ചോദ്യം ചോദിക്കാന്‍ ഓരോ സാധാരണക്കാരനും ഇന്ന് നിര്‍ബന്ധിതനാവുകയാണ്. അതല്ലെങ്കില്‍, റിപ്പബ്ലിക്കിന് അതിന്റെ പൗരന്മാരെ ഒട്ടും വിശ്വാസമില്ലേ എന്ന കൂടുതല്‍ അസ്വസ്ഥതയുണര്‍ത്തുന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ തുടക്കം മുതല്‍ വിശ്വസിച്ചിരുന്നത് ലളിതമായൊരു ധാര്‍മ്മിക തത്ത്വത്തിലാണ്; വ്യക്തമായ തെളിവുകള്‍ ഇല്ലാത്തിടത്തോളം കാലം ഒരു പൗരന്‍ ഈ രാജ്യത്തിന്റേതാണ്. അവിടെ സംശയത്തിന്റെ ഭാരം ഭരണകൂടത്തിനായിരുന്നു, വ്യക്തിക്കല്ല. ജനാധിപത്യ ഭരണകൂടങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് സംശയത്തിന്റെ പുറത്തല്ല, മറിച്ച് പൗരത്വത്തിന്റെ പരമാധികാരത്തിന്മേലാണ്. ആ സംശയത്തിന്റെ അവസ്ഥ ഒരിക്കലും ശാശ്വതമായിരിക്കാന്‍ പാടില്ല.
എന്നാല്‍, ആ പരസ്പര വിശ്വാസത്തിന്റെ കരാര്‍ ഇന്ന് പൂര്‍ണ്ണമായും തലകീഴായി മറിഞ്ഞിരിക്കുന്നു. ഫയലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോസ്റ്റാറ്റുകള്‍, ബയോമെട്രിക് പരിശോധനകള്‍, രേഖകളുടെ സ്ഥിരീകരണം എന്നിവയിലൂടെ അവസാനിക്കാത്ത ഒരു തീര്‍ത്ഥാടനത്തിന് ഇന്ത്യന്‍ പൗരന്‍ ഇന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ കൂടിക്കഴിയുമ്പോള്‍, പണ്ടേ തെളിയിച്ചു കഴിഞ്ഞ ഒരു കാര്യം വീണ്ടും തെളിയിക്കാനായി പുതിയ പുതിയ പ്രക്രിയകള്‍ കടന്നുവരുന്നു. ഇതോടെ എല്ലാ രേഖകളും താല്‍ക്കാലികവും എല്ലാ അംഗീകാരങ്ങളും താല്‍കാലികവുമായി മാറുന്നു. ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും അസാധുവാക്കപ്പെടാം എന്ന ഭീതി ഓരോ സര്‍ട്ടിഫിക്കറ്റും പേറുമ്പോള്‍ അത് രാജ്യത്തെ വലിയൊരു ദുരന്തത്തിലേക്കാണ് നയിക്കുക.
പൗരന്മാരെ തിരിച്ചറിഞ്ഞിരുന്ന ഒരു റിപ്പബ്ലിക്കില്‍ നിന്നും അവരെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭരണപരമായ തടസ്സങ്ങളും പോരായ്മകളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഈ തത്ത്വചിന്താപരമായ മാറ്റം കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പൗരത്വം എന്നത് ഉദ്യോഗസ്ഥരുടെ വിവേചന അധികാരം കൊണ്ട് കാലാകാലങ്ങളില്‍ നല്‍കുന്ന ഒരു ഔദാര്യമല്ല. എല്ലാ ജനാധിപത്യ അവകാശങ്ങളുടെയും അടിസ്ഥാന ഉറവിടമായാണ് നമ്മുടെ ഭരണഘടന പൗരത്വത്തെ വിഭാവനം ചെയ്തത്. വോട്ടവകാശം, നിയമത്തിന് മുന്നിലെ സമത്വം, ആവിഷ്‌കാര സ്വാതന്ത്ര്യം, പൊതുസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം നിലനില്‍ക്കുന്നത് പൗരത്വം എന്ന സുരക്ഷിതമായ ഭരണഘടനാ സ്വത്വത്തിന്മേലാണ്.
ഭരണഘടനാ ധാര്‍മ്മികത എന്നത് വെറും സ്ഥാപനങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് മാത്രം നിലനില്‍ക്കുന്ന ഒന്നല്ലെന്നും, മറിച്ച് ആ സ്ഥാപനങ്ങളെ നയിക്കുന്ന പരമ്പരാഗത ശീലങ്ങളും ജനാധിപത്യ മര്യാദകളും വഴിയാണ് അത് സാധ്യമാകുന്നതെന്നും ബി.ആര്‍. അംബേദ്കര്‍ നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇത് സ്വാഭാവികമായി ഉണ്ടാകുന്നതല്ല, മറിച്ച് പഠിച്ചെടുക്കേണ്ടതാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഭരണകൂടത്തിന്റെ ഇത്തരം ശീലങ്ങള്‍ ജനങ്ങളില്‍ ഉത്കണ്ഠയും ഭയവുമല്ല, മറിച്ച് ആത്മവിശ്വാസമാണ് വളര്‍ത്തേണ്ടത്. ഭയന്നു ജീവിക്കുന്ന ഒരു പൗരന് ഒരിക്കലും ആത്മവിശ്വാസമുള്ള ജനാധിപത്യവാദി ആകാന്‍ കഴിയില്ല.
ജനങ്ങളെ വിശ്വസിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല എന്നതിലെ വൈരുദ്ധ്യം എന്തെന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പൗരന്മാരെക്കുറിച്ച് ഇത്രയധികം ഡാറ്റ കൈവശം വയ്ക്കുന്ന ഒരു കാലം ഇതിനു മുന്‍പുണ്ടായിട്ടില്ല. ബയോമെട്രിക്‌സ്, ഡിജിറ്റല്‍ ഐഡന്റികള്‍, ബാങ്കിംഗ് വിവരങ്ങള്‍, നികുതി രേഖകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ തുടങ്ങി എണ്ണമറ്റ ഡാറ്റാബേസുകള്‍ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ അഭൂതപൂര്‍വ്വമായ വിവരങ്ങള്‍ ഭരണകൂടത്തിന്റെ പക്കലുണ്ട്. എന്നിട്ടും, പൗരന്മാരെ ‘അറിയാനുള്ള’ ഭരണകൂടത്തിന്റെ ശേഷി ഇത്രയധികം വര്‍ദ്ധിച്ചിട്ടും, തങ്ങള്‍ ആരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണ്.
ഫ്രാന്‍സ് കാഫ്കയുടെ കഥകളിലെ ഭയപ്പെടുത്തുന്ന ലോകത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. അവിടെയുള്ള മനുഷ്യര്‍ ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത മാനദണ്ഡങ്ങള്‍ വെച്ചിട്ടുള്ള ഉദ്യോഗസ്ഥ ഭരണകൂടങ്ങളെ തൃപ്തിപ്പെടുത്താന്‍ തങ്ങളുടെ ആയുസ്സ് മുഴുവന്‍ ചെലവഴിക്കുന്നു. അവിടെ പ്രക്രിയകള്‍ തന്നെയാണ് ശിക്ഷയായി മാറുന്നത്, എത്രയൊക്കെ രേഖകള്‍ സമര്‍പ്പിച്ചാലും ഒരു പൗരനും അവിടെ ആശ്വാസം ലഭിക്കുന്നില്ല. നമ്മുടെ ഭരണസംസ്‌കാരവും ഇന്ന് അത്തരമൊരു അനിശ്ചിതത്വത്തിന്റെ പാതയിലാണ്.
പൊതുസ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധനകള്‍ ആവശ്യമാണെന്ന് വാദിക്കാറുണ്ട്. തീര്‍ച്ചയായും വോട്ടര്‍പട്ടിക കൃത്യമായിരിക്കണം, പൗരത്വ രേഖകള്‍ വിശ്വസനീയമായിരിക്കണം. പൊതുവിഭവങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് തന്നെ എത്തണം. കൃത്യമായ രേഖകളില്ലാതെ ഒരു ജനാധിപത്യത്തിനും മുന്നോട്ട് പോകാനാകില്ല. എന്നാല്‍ രേഖകള്‍ ജനാധിപത്യത്തിന് തുണയാകുന്നത് അത് ജനങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യവും ഉറപ്പും നല്‍കുമ്പോള്‍ മാത്രമാണ്. എന്നാല്‍ രേഖകള്‍ തന്നെ ശാശ്വതമായ അനിശ്ചിതത്വത്തിന്റെ ഉറവിടമാകുമ്പോള്‍, അത് ജനാധിപത്യത്തിന്റെ അന്തസ്സിനെത്തന്നെയാണ് ഇല്ലാതാക്കുന്നത്.
ഭരണകൂടത്തിന്റെ ഉത്തരവാദിത്തം രേഖകള്‍ ശേഖരിക്കല്‍ മാത്രമല്ല, മറിച്ച് പണ്ടേ തെളിയിക്കപ്പെട്ട കാര്യങ്ങള്‍ വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്ന ദുരവസ്ഥയില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുക കൂടിയാണ്. ഇവിടെ പ്രധാന വിഷയം വിശ്വാസ്യതയാണ്. റിപ്പബ്ലിക് നല്‍കുന്ന ഓരോ ഔദ്യോഗിക രേഖയും പൗരന് നല്‍കുന്ന ഒരു ഭരണഘടനാപരമായ വാഗ്ദാനമാണ്. എന്നാല്‍ ഈ രേഖകളൊന്നും ഒന്നിനും അന്തിമ തെളിവല്ല എന്ന് അതേ റിപ്പബ്ലിക് പറയുമ്പോള്‍, അത് ഭരണപരമായ തകര്‍ച്ചയ്ക്ക് മാത്രമല്ല, സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനും ഇടയാക്കും.
വിശ്വാസം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അതിനെ നിയമനിര്‍മ്മാണം വഴി എളുപ്പത്തില്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല. കാരണം ഈ ആശങ്കകള്‍ ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു സര്‍ക്കാരിനോ മാത്രം ബാധകമായ ഒന്നല്ല. ഇന്നത്തെ എതിരാളികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍മ്മിക്കുന്ന ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ പിന്നീട് എക്കാലത്തും അവിടെത്തന്നെ തുടരുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. രാഷ്ട്രീയ ഭരണകൂടങ്ങള്‍ മാറിയാലും ഈ ഉദ്യോഗസ്ഥ ശീലങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. അതുകൊണ്ടുതന്നെ ഈ നിരന്തരമായ പരിശോധനാ രീതി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഒരുപോലെ ആശങ്കപ്പെടുത്തേണ്ട ഒന്നാണ്.
തത്ത്വചിന്തകയായ ഹന്ന ആരന്‍ഡ് നിരീക്ഷിച്ചതുപോലെ, പൗരത്വം എന്നത് അന്തിമമായി ‘അവകാശങ്ങള്‍ കൈവശം വെക്കാനുള്ള അവകാശമാണ്’. പൗരത്വത്തെക്കുറിച്ചുള്ള നിശ്ചയദാര്‍ഢ്യം ഇല്ലാതായാല്‍, മറ്റെല്ലാ അവകാശങ്ങളുടെയും അടിത്തറ ഇളകും. രേഖകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വെറും സാങ്കേതിക ചോദ്യങ്ങളല്ല. പൗരന്‍ ഭരണകൂടത്തെ സമീപിക്കുന്നത് അവകാശങ്ങളുള്ള ഒരു ഭരണഘടനാ സമനായിട്ടാണോ, അതോ ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തുനില്‍ക്കുന്ന ഒരു സ്ഥിരം അപേക്ഷകനായിട്ടാണോ എന്ന ധാര്‍മ്മിക ചോദ്യമാണത്. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാര്‍ ഉദ്യോഗസ്ഥരുടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ തങ്ങളുടെ അസ്തിത്വം തെളിയിക്കാന്‍ നിരന്തരം ക്യൂ നില്‍ക്കേണ്ടി വരുന്ന ഒരു അവസ്ഥയ്ക്ക് വേണ്ടിയല്ല നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ പോരാടിയത്. കൊളോണിയല്‍ കാലത്തെ സംശയത്തിന്റെ സംസ്‌കാരത്തിന് പകരമായി ജനാധിപത്യപരമായ അന്തസ്സിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് അവര്‍ പോരാടിയത്.
വോട്ടുമില്ല, പാസ്പോര്‍ട്ടുമില്ല; പൗരത്വം തെളിയിക്കാന്‍ മുന്‍ എഡിറ്ററുടെ പോരാട്ടം
ഒരു റിപ്പബ്ലിക് എന്ന നിലയില്‍ ഇതിലും മികച്ചൊരു അന്തസ്സ് നാം അര്‍ഹിക്കുന്നുണ്ട്. ഒരു ഭരണകൂടം ആവശ്യമുള്ളിടത്ത് പരിശോധനകള്‍ നടത്തണം, എന്നാല്‍ എല്ലാ പൗരന്മാരും എപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന രീതിയില്‍ ഭരണം സംഘടിപ്പിക്കരുത്. അതെ, സ്ഥാപനങ്ങള്‍ക്ക് രേഖകള്‍ ആവശ്യമാണ്, എന്നാല്‍ ഇത്രയും വിശാലമായ ഒരു രാജ്യത്തെ ജനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള നിരന്തര ഉദ്യോഗസ്ഥ പരീക്ഷണങ്ങളെ നാം സാധാരണവല്‍ക്കരിക്കരുത്.
നാം വീണ്ടും ആ ലളിതവും എന്നാല്‍ ആഴമേറിയതുമായ ചോദ്യത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു ഒരു പാസ്പോര്‍ട്ടോ, വോട്ടര്‍ ഐഡി കാര്‍ഡോ, ആധാറോ, അല്ലെങ്കില്‍ പതിറ്റാണ്ടുകളായുള്ള പൊതുജീവിതമോ ഒന്നിനും പര്യാപ്തമല്ലെങ്കില്‍, ഈ റിപ്പബ്ലിക്കിനെ ഒടുവില്‍ തൃപ്തിപ്പെടുത്തുന്നത് എന്താണ്?
രാഷ്ട്രീയ ജനതാദള്‍ രാജ്യസഭ എംപി മനോജ് കുമാര്‍ ഝാ ദി ടെലിഗ്രാഫ് ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
Content Summary; An in-depth look into the shifting dynamics of Indian citizenship, where a perpetual cycle of documentary verification turns constitutional rights into official favors and a culture of institutional suspicion
This post was last modified on July 11, 2026 2:16 pm
Leave a Comment