January 31, 2026 |

24 കാരന്റെ ആത്മഹത്യ; ഐടി സ്വപ്‌നങ്ങള്‍ക്ക് ചിതയൊരുക്കുന്ന എ ഐ

എ ഐ വിപ്ലവത്തില്‍ വര്‍ദ്ധിക്കുന്ന പിരിച്ചുവിടലുകളും തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും

കഴിഞ്ഞ മേയിലെ ചൂടുള്ള ഒരു രാത്രി, നിഖില്‍ സോംവന്‍ഷി തന്റെ സഹമുറിയന് വാട്‌സാപ്പില്‍ ഒരു മെസേജ് അയച്ചു. ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒരു അപകടമാണെന്ന് തന്റെ കുടുംബത്തോട് പറയണം എന്നായിരുന്നു നിഖിലിന്റെ മെസേജ്.

ആ മെസേജ് കിട്ടിയതോടെ, ബെംഗളൂരു എന്ന, 1.3 കോടി ജനങ്ങളുള്ള ഇന്ത്യയുടെ സിലിക്കണ്‍ വാലിയില്‍ 24 വയസ്സുകാരനായ ആ മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

കൃഷിയിടങ്ങള്‍ നിറഞ്ഞ ഒരു ചെറിയ മറാഠി ഗ്രാമത്തില്‍ നിന്നുള്ള മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു നിഖില്‍ സോംവന്‍ഷി. ഒമ്പത് മാസം മുമ്പാണ് 100 കോടി ഡോളര്‍ മൂല്യമുള്ള ‘ഒല കൃത്രിം’ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പില്‍ അയാള്‍ക്ക് ജോലി ലഭിച്ചത്. ഏകദേശം 28,000 കോടി ഡോളര്‍ മൂല്യമുള്ളതും 50 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ ഇന്ത്യയുടെ ആഗോളപ്രശസ്തമായ ഐടി വ്യവസായ സ്ഥാപനമാണ് കൃത്രിം.

ഓല കൃത്രിമില്‍ ജോലി ലഭിച്ചത് നിഖിലിനെയും അയാളുടെ ഗ്രാമത്തിനെയും സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഗ്രാമത്തില്‍ ബാനറുകള്‍ ഉയര്‍ന്നു. ആദ്യത്തെ ശമ്പളത്തില്‍ നിന്ന് അദ്ദേഹം മാതാപിതാക്കള്‍ക്ക് പണമയച്ചു, മകന്റെ ഭാഗ്യത്തിന് നന്ദി സൂചിപ്പിച്ചുകൊണ്ട് അവര്‍ തങ്ങളുടെ സ്ഥലത്ത് ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ചു. 37 ലക്ഷം രൂപ(41,000 ഡോളര്‍)യായിരുന്നു നിഖിലിന്റെ വാര്‍ഷിക ശമ്പളം. അയാളുടെ കുടുംബം കൃഷിയിലൂടെ സമ്പാദിച്ചിരുന്നതിന്റെ പത്തിരട്ടിയോളം.

നിഖിലിന്റെ അമ്മാവനായ കൈലാഷ് സോംവന്‍ഷി, നിഖിലിന്റെ ശമ്പളം കൊണ്ട് നിര്‍മ്മിച്ച കുടുംബ ക്ഷേത്രത്തില്‍. സമീര്‍ റായ്ച്ചൂര്‍/ റെസ്റ്റ് ഓഫ് വേള്‍ഡ്

എന്നാല്‍ നിഖില്‍ സോംവന്‍ഷി തന്റെ കരിയര്‍ ആരംഭിച്ച ആ തൊഴില്‍ മേഖല(ഐടി) പുറത്തു നിന്ന് കാണുന്നതുപോലെയായിരുന്നില്ല. അടുത്തകാലത്ത് നടന്ന ഒരു സര്‍വേ പ്രകാരം, ഇന്ത്യയിലെ ഐടി ജീവനക്കാരില്‍ 83 ശതമാനം പേരും കടുത്ത മാനസിക സമ്മര്‍ദ്ദവും തളര്‍ച്ചയും അനുഭവിക്കുന്നവരാണ്. നാലില്‍ ഒരാള്‍ ആഴ്ചയില്‍ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നു. ഒരു പ്രമുഖ പ്രാദേശിക പത്രത്തിന്റെ കണക്കുകള്‍ പ്രകാരം, ബെംഗളൂരു ഉള്‍പ്പെടുന്ന കര്‍ണാടക സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയ തേടുന്ന രോഗികളില്‍ 20 ശതമാനവും ഐടി മേഖലയിലുള്ളവരാണ്. മറ്റൊരു പ്രമുഖ ഐടി ഹബ്ബായ ഹൈദരാബാദില്‍ നടന്ന പഠനത്തില്‍, 84 ശതമാനം ജീവനക്കാര്‍ക്കും കഠിനമായ ജോലിയും സമ്മര്‍ദ്ദവും മൂലം കരള്‍ സംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തി.

അതേസമയം, ഇന്ത്യയിലെ ചില പ്രമുഖ വ്യവസായ നേതാക്കള്‍, ദേശീയ തലത്തില്‍ നിയമപരമായ പരമാവധി ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ ആയിരിക്കെ, അത് 70 മുതല്‍ 90 മണിക്കൂര്‍ വരെയാക്കണമെന്ന് വാദിക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന ഉത്കണ്ഠയുടെ ഒരു ചിത്രമാണ് ഐടി ജീവനക്കാര്‍ പങ്കുവെക്കുന്നത്. ജൂനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ മുതല്‍ സീനിയര്‍ പ്രൊജക്റ്റ് മാനേജര്‍മാര്‍ വരെയുള്ള, വിവിധ കമ്പനികളിലെ ജീവനക്കാര്‍ തങ്ങള്‍ ജോലിഭാരത്താല്‍ തളരുകയാണെന്ന് ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ (Rest of World) പറഞ്ഞു. അവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ക്കോ കുടുംബത്തിനോ വേണ്ടി ചെലവഴിക്കാന്‍ സമയം ലഭിക്കുന്നില്ല, മാത്രമല്ല, പിരിച്ചുവിടലുകളെക്കുറിച്ച് അവര്‍ ആശങ്കാകുലരുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ) വരവോടെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് മിക്കവരും ഭയപ്പെടുന്നു.

ഇന്ത്യയിലെ ഐടി ജീവനക്കാരുടെ വിധി, എ ഐയുടെ കടന്നുവരവോടെ ആഗോള തൊഴില്‍ മേഖല നേരിടാന്‍ പോകുന്ന മാറ്റങ്ങളുടെ സൂചനയാകാം. പതിറ്റാണ്ടുകളായി, ഇന്ത്യയിലെ വലിയൊരു വിഭാഗം ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍ ആഗോള ടെക് ഭീമന്മാരെ സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ ഐടി ഔട്ട്സോഴ്സിംഗ് വരുമാനത്തിന്റെ 62 ശതമാനവും അമേരിക്കയില്‍ നിന്നാണ്. എ ഐ തങ്ങളുടെ ജോലി ഇല്ലാതാക്കുമെന്ന് ജീവനക്കാര്‍ ഭയപ്പെടുമ്പോഴും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള അവരുടെ മേലുള്ള സമ്മര്‍ദ്ദം നാള്‍ക്കുനാള്‍ ഏറുകയാണ്. 24 മണിക്കൂറുമുള്ള ഷെഡ്യൂളുകള്‍ക്കും കഠിനമായ ജോലിഭാരത്തിനും പേരുകേട്ട ഈ വ്യവസായ മേഖല ഇപ്പോള്‍ ഒരു തകര്‍ച്ചയുടെ അരികിലെത്തിയിരിക്കുന്നു.

ഐടി ജീവനക്കാര്‍ക്കിടയിലുണ്ടാകുന്ന ആത്മഹത്യകള്‍, ഈ മേഖലയിലെ ജീവനക്കാര്‍ അനുഭവിക്കുന്ന കടുത്ത മാനസിക വിഷമത്തിന്റെ തെളിവാണെന്ന് ജീവനക്കാരും യൂണിയന്‍ നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യകള്‍ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്, അവയെ ഒരു പ്രത്യേക കാരണത്തിലേക്ക് മാത്രം ചുരുക്കാന്‍ കഴിയില്ല. എങ്കിലും, ഇത്തരം കേസുകള്‍ ഈ മേഖലയിലെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.

പ്രാദേശിക വാര്‍ത്തകളെ അടിസ്ഥാനമാക്കി ‘റെസ്റ്റ് ഓഫ് വേള്‍ഡ്’ നടത്തിയ വിശകലനത്തില്‍, 2017-നും 2025-നും ഇടയില്‍ 227 ഇന്ത്യന്‍ ഐടി ജീവനക്കാര്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. ചെന്നൈയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 48-കാരനായ മാനേജര്‍ തന്റെ ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവം ഇതില്‍ ഉള്‍പ്പെടുന്നു. ജോലി സമ്മര്‍ദ്ദം മൂലമാണ് ഇതെന്നാണ് പോലീസ് പിന്നീട് പറഞ്ഞത്. പൂനെയില്‍ ഒരു 36-കാരനായ ഐടി ജീവനക്കാരന്‍ പുഴയില്‍ ചാടി മരിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരി സ്ഥാപനത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 38-കാരനായ മറ്റൊരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി സമ്മര്‍ദ്ദം മൂലമുള്ള വിഷാദത്തിന് അടിപ്പെടുകയും, ഇക്കാര്യം അയാള്‍ ഔദ്യോഗികമായി പരാതിപ്പെടുകയും ചെയ്തു. പിന്നീടയാള്‍ സ്വയം വൈദ്യുതാഘാതമേല്‍പ്പിച്ച് ജീവനൊടുക്കി.

ഏപ്രിലില്‍, കേരളത്തിലെ ഒരു പ്രൊഡക്റ്റ് ഡെവലപ്മെന്റ് കമ്പനിയിലെ 23-കാരനായ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, ജോലിയിലെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ച ശേഷം ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു. ആ മരണം കാണിക്കുന്നത് ‘ഐടി മേഖലയിലെ കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ പ്രശ്‌നത്തെയാണ് എന്നാണ് ഒരു പ്രാദേശിക ഐടി യൂണിയന്‍ ഞങ്ങളോട് പറഞ്ഞത്.

ഒരു പ്രമുഖ ഔട്ട്സോഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരി പങ്കുവച്ച ആശങ്ക, ഐ എ കാരണം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെന്നാണ്. ജോലി തീര്‍ക്കുന്നതിനായി അവര്‍ അധികസമയം ജോലി ചെയ്യുന്നു. ആ അധിക സമയത്തിന് അവര്‍ക്ക് പ്രത്യേക പ്രതിഫലം ലഭിക്കുന്നുമില്ല. അമിത ജോലി ഭാരം മാത്രമല്ല അവരെ തളര്‍ത്തുന്നത്. പ്രായയത്തില്‍ ഇരുപതുകളുടെ പകുതിയില്‍ നില്‍ക്കുന്ന ആ യുവതിക്ക് മാനേജ്‌മെന്റില്‍ നിന്നും നേരിടേണ്ടി വരുന്നത്, അവള്‍ ജോലിയോട് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നും, ഭാവിയില്‍ ഒരു കുടുംബം തുടങ്ങാന്‍ പദ്ധതിയുണ്ടോ എന്നുമൊക്കെയുള്ള ചോദ്യങ്ങളാണ്. അതേസമയം തന്നെ അവളെ അലട്ടുന്ന മറ്റൊരു കാര്യം, തന്റെ ടീം അംഗങ്ങളോട് ശരിയായ രീതിയില്‍ തന്നെയാണോ താന്‍ പെരുമാറുന്നതെന്ന അവളുടെ ചിന്തയുമാണ്. തൊട്ടടുത്ത ഓഫീസിലെ ഒരു ഐടി ജീവനക്കാരന്‍ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ‘ഇങ്ങനെയുള്ള ഭയാനകമായ കാര്യങ്ങളാണ് എന്റെ കണ്മുന്നില്‍ നടക്കുന്നത്,’ അവള്‍ പറഞ്ഞു. ‘ഞങ്ങളുടെ യാഥാര്‍ത്ഥ്യം വളരെ കഠിനമാണ്. ഞങ്ങള്‍ ഈ ഗ്ലാസ് വാതിലുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്, വികാരങ്ങള്‍ അടിച്ചമര്‍ത്തിയാണ് ഓരോദിവസവും തള്ളിനീക്കുന്നത്”.

ബെംഗളൂരുവിലെ ഓഫീസ് പാര്‍ക്കുകള്‍. സമീര്‍ റായ്ചൂര്‍/ റസ്റ്റ് ഓഫ് വേള്‍ഡ്

ഇന്ത്യ പണ്ടു മുതലേ നേരിടുന്ന പ്രതിസന്ധിയാണ് ആത്മഹത്യകള്‍. പ്രത്യേകിച്ച് കര്‍ഷകര്‍ക്കിടയിലെ ജീവനൊടുക്കലുകള്‍. ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2022-ല്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് 12.4 എന്ന ഉയര്‍ന്ന നിലയിലെത്തി (ആഗോള നിരക്ക് 9.2 ആണ്). ബെംഗളൂരുവിലെ നിംഹാന്‍സിലെ സൈക്യാട്രി പ്രൊഫസറായ സഞ്ജീവ് ജെയിന്‍ പറയുന്നത്, ഇന്ത്യയില്‍ ആത്മഹത്യകള്‍ പരമ്പരാഗതമായി കടുത്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ടാണ് കാണാറുള്ളത് എന്നാണ്. എന്നാല്‍ ഇപ്പോള്‍, ‘തങ്ങളുടെ ജോലി സുരക്ഷിതമല്ല’ എന്ന് കരുതുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലേക്കും ഇത് വ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്ന് സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ട് വരുന്ന വൈറ്റ് കോളര്‍ ജീവനക്കാര്‍ക്കിടയില്‍ ഈ പ്രശ്‌നം ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ആത്മഹത്യകളെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകള്‍ തൊഴില്‍ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടില്ല. അതിനാല്‍ ഐടി ജീവനക്കാര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടുതലാണോ എന്ന് ഉറപ്പിച്ചു പറയാന്‍ പ്രയാസമാണെന്ന് രാജ്യത്തെ പ്രമുഖ സാങ്കേതിക സ്ഥാപനമായ ഐഐടി ഖരഗ്പൂരിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് സീനിയര്‍ പ്രൊഫസറായ ജയന്ത മുഖോപാധ്യായ പറഞ്ഞു. എങ്കിലും, ഐടി ജീവനക്കാരുടെ മാനസികാരോഗ്യ സാഹചര്യം ‘വളരെ ആശങ്കാജനകമാണ്’ എന്നും ഈ ആത്മഹത്യകള്‍ വ്യവസായ മേഖലയുടെ അവസ്ഥയുടെ ‘പ്രതിഫലനമാണ്’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഈ മേഖലയില്‍ ജോലി ചെയ്യുന്ന തന്റെ മുന്‍ വിദ്യാര്‍ത്ഥികളുമായി മുഖോപാധ്യായ സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. കോവിഡ്-19 മഹാമാരിക്ക് ശേഷം, നേരത്തെ തന്നെ കഠിനമായിരുന്ന തൊഴില്‍ സംസ്‌കാരം അതിന്റെ പാരമ്യത്തിലെത്തിയതായി അദ്ദേഹം ശ്രദ്ധിച്ചു. വീട്ടിലിരുന്നുള്ള ജോലി (വര്‍ക്ക് ഫ്രം ഹോം) വ്യാപകമായതോടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായി. ഇതിന് പിന്നാലെ എ ഐയുടെ വരവോടെ ജോലിയിലെ അരക്ഷിതാവസ്ഥ വര്‍ധിച്ചുവെന്നും താഴ്ന്ന തലത്തിലുള്ള ജോലികള്‍ എളുപ്പത്തില്‍ ഓട്ടോമേറ്റ് ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലന്വേഷകരുടെ ആധിക്യമുള്ള ഒരു സമയത്താണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്: 2024-ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ആ വര്‍ഷം ബിരുദം നേടിയ 15 ലക്ഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ 10 ശതമാനത്തിന് മാത്രമേ ജോലി ലഭിക്കാന്‍ സാധ്യതയുള്ളൂ. ഐടി ജീവനക്കാര്‍ ‘തങ്ങളുടെ ജോലിയെക്കുറിച്ച് വലിയ അനിശ്ചിതത്വം നേരിടുന്നു, അവര്‍ വളരെയധികം സമ്മര്‍ദ്ദത്തിലുമാണ്,’ മുഖോപാധ്യായ പറഞ്ഞു.

കൃത്രിമില്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ, നിഖില്‍ സോംവന്‍ഷി ഒരു ദിവസം 15 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായെന്ന് അദ്ദേഹത്തിന്റെ കസിന്‍ സച്ചിന്‍ സോംവന്‍ഷി പറഞ്ഞു. ദീപാവലി ആഘോഷത്തിന് പോലും വീട്ടിലെത്താന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം കുടുംബത്തോട് പറഞ്ഞിരുന്നു. ആ ജോലി ‘അദ്ദേഹത്തിന്റെ ആത്മവീര്യം തകര്‍ത്തു കളഞ്ഞു,’ സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ മേയ് മാസമായപ്പോഴേക്കും നിഖില്‍ ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നു. അദ്ദേഹത്തിന്റെ ബോസില്‍ നിന്നും എച്ച് ആര്‍ വിഭാഗത്തില്‍ നിന്നും നിഖിലിന് കോള്‍ വന്നിരുന്നതായി നിഖിലിന്റെ കോള്‍ ലോഗുകളില്‍ നിന്നു മനസിലായതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ആ കോളുകളോടൊന്നിനോടും നിഖില്‍ പ്രതികരിച്ചിരുന്നില്ല. റൂംമേറ്റിന് വാട്‌സാപ്പ് മെസേജ് അയച്ച രാത്രിയില്‍, അദ്ദേഹം തന്റെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ അസ്വസ്ഥനായി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മുറിയില്‍ നിന്നും നിഖില്‍ നേരെ പോയത് അടുത്തുള്ള ഒരു തടാകത്തിലേക്ക് ആയിരുന്നു. അവിടെ നിന്നാണ് പിന്നീട് പൊലീസ് നിഖിലിന്റെ മൃതദേഹം കണ്ടെടുത്തത്.

2025-ല്‍ അമേരിക്കന്‍ ഐടി മേഖല 1,50,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഇത്. പുതിയ നിയമനങ്ങളും കുറഞ്ഞു. 2025 ജൂലൈയില്‍ യുഎസിലെ ടെക് ജോബ് നിയമനങ്ങള്‍ 2020-ന്റെ തുടക്കത്തെ അപേക്ഷിച്ച് 36 ശതമാനം കുറവായിരുന്നു. അമേരിക്കയിലെ ഈ തകര്‍ച്ച ആഗോള പ്രതിഭാസത്തിന്റെ പ്രതിഫലനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്റല്‍, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ ആഗോള ഭീമന്മാര്‍ പതിനായിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ആഗോള ഐടി വ്യവസായത്തിലുണ്ടായ ഈ അസ്വസ്ഥതകള്‍ ഒരുപക്ഷേ മഹാമാരിക്കാലത്തെ ടെക് കുതിപ്പിന് ശേഷമുള്ള ഒരു തിരുത്തല്‍ ആകാന്‍ സാധ്യതയുണ്ടെന്ന് എ ഐയെയും തൊഴില്‍ വിപണിയെയും കുറിച്ച് പഠിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സ്‌കോളര്‍ ഫാബിയന്‍ സ്റ്റെഫാനി ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു. എന്നാല്‍ എ ഐ വരുത്തുന്ന മാറ്റങ്ങളും ഇതിന് കാരണമായേക്കാം; കോഡിംഗിലെ എന്‍ട്രി ലെവല്‍ ജോലികളായിരിക്കും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുക. എങ്കിലും എ ഐയുടെ ആഘാതം വിലയിരുത്താന്‍ ഇനിയും സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പേറോള്‍ ഡാറ്റ വിശകലനം ചെയ്ത ഒരു സുപ്രധാന പഠനം പുറത്തുവിട്ടു. ‘എ ഐ ബാധിക്കാന്‍ സാധ്യതയുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് പോലുള്ള ജോലികളില്‍, തുടക്കക്കാര്‍ക്ക് ലഭിക്കുന്ന അവസരങ്ങളില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് 13 ശതമാനത്തോളം കുറവുണ്ടായതായി പഠനം കണ്ടെത്തി. ഒരു മാസത്തിന് ശേഷം, യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള കണക്കുകളും ഈ വിശകലനത്തെ ശരിവെച്ചു. ഇതോടെ എ ഐ സാങ്കേതിക മേഖലയിലെ ജോലികള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്’ എന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഫോര്‍ച്യൂണ്‍ മാസികയോട് പ്രതികരിച്ചു.

ഇന്ത്യയുടെ ഐടി വ്യവസായം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള ആഘാതങ്ങള്‍ക്ക് വളരെ വേഗത്തില്‍ കീഴ്‌പ്പെടാന്‍ സാധ്യതയുള്ളതാണെന്ന് വിദഗ്ധര്‍ ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു. രാജ്യത്തെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് മേഖല വളരുന്നുണ്ടെങ്കിലും, അതിന്റെ നട്ടെല്ല് ഇന്നും ഔട്ട്സോഴ്സിംഗ് തന്നെയാണ്: അതായത് ഉന്നത വിദ്യാഭ്യാസം നേടിയ ജീവനക്കാരിലൂടെ കുറഞ്ഞ ചിലവില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. ഡാറ്റാ അനലിസ്റ്റുകള്‍, എന്‍ട്രി ലെവല്‍ പ്രോഗ്രാമര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ ഔട്ട്സോഴ്സ് ചെയ്തുകൊണ്ട് യുഎസ് കമ്പനികള്‍ ദീര്‍ഘകാലമായി തങ്ങളുടെ ചിലവ് കുറയ്ക്കുന്നുണ്ട്.

അത്തരം ജോലികളില്‍ പലതും ഇപ്പോള്‍ എ ഐ ഏറ്റെടുത്തു കഴിഞ്ഞു. മിഡ്-ലെവല്‍ പ്രൊജക്റ്റ് മാനേജര്‍മാര്‍, ബഗ്ഗുകള്‍ പരിഹരിക്കുകയും ചെറിയ അപ്ഗ്രേഡുകള്‍ നടത്തുകയും ചെയ്യുന്ന മെയിന്റനന്‍സ് എന്‍ജിനീയര്‍മാര്‍ എന്നിവരായിരിക്കും അടുത്ത ഇരകളെന്ന് ജീവനക്കാര്‍ ഭയപ്പെടുന്നു. ‘പരമ്പരാഗത പ്രൊഡക്റ്റ് ഡെവലപ്മെന്റ് കമ്പനികളെ അപേക്ഷിച്ച് സര്‍വീസ് ഇന്‍ഡസ്ട്രിയിലെ കണ്‍സള്‍ട്ടിംഗ് റോളുകളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക,’ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗ്ലോബല്‍ എഐ ഇനിഷ്യേറ്റീവ് മേധാവി ആദിത്യ വസിഷ്ഠ പറഞ്ഞു. ഇത് ഇന്ത്യയെ കൂടുതല്‍ അപകടസാധ്യതയിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രതിഭകളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ തൊഴിലുടമകള്‍ക്കുള്ള എച്ച്-1ബി (H-1B) വിസ നിരക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വര്‍ദ്ധിപ്പിച്ചത് ഈ മേഖലയിലെ പ്രതിസന്ധി ഇരട്ടിയാക്കും. കരിയര്‍ കൗണ്‍സിലിംഗ് വിദഗ്ധനും എഡ്ടെക് കമ്പനിയായ കരിയേര്‍സ്360-യുടെ സ്ഥാപകനുമായ മഹേശ്വര്‍ പെരി ഇന്ത്യയിലെ മുന്‍നിര അഞ്ച് ഐടി കമ്പനികളെക്കുറിച്ച് അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും താമസത്തിനും ചിലവ് കുത്തനെ ഉയര്‍ന്നപ്പോള്‍, എന്‍ട്രി ലെവല്‍ ശമ്പളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ വര്‍ദ്ധനവുണ്ടായിട്ടുള്ളൂ എന്ന് അദ്ദേഹം കണ്ടെത്തി. ഇത് ആവശ്യവും ലഭ്യതയും (ഡിമാന്‍ഡ്- സപ്ലൈ) തമ്മിലുള്ള പ്രശ്‌നമാണെന്ന് പെരി പറഞ്ഞു: ഇന്ത്യന്‍ എന്‍ജിനീയറിങ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം നിരന്തരം വര്‍ദ്ധിക്കുന്നു, എന്നാല്‍ സാങ്കേതിക മേഖലയിലെ ജോലികള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.

2025-ന്റെ അവസാനത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ദാതാവായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എ ഐ അധിഷ്ഠിത പരിഷ്‌കരണത്തിന്റെ ഭാഗമായി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിലൂടെ ഏകദേശം 20,000 ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്. മറ്റ് പല ഔട്ട്സോഴ്സിംഗ് കമ്പനികളും എ ഐ പുനക്രമീകരണത്തിന്റെ പേരില്‍ ഇതേ പാത പിന്തുടര്‍ന്നു. കൃത്രിം ഉള്‍പ്പെടെയുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ 2025-ല്‍ 6,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന് കാരണമായി പറഞ്ഞത് എ ഐ മൂലമുള്ള മാറ്റങ്ങളാണ്.

‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഈ വ്യവസായം പുതിയൊരു വെല്ലുവിളി നേരിടുകയാണ്,’ ബെംഗളൂരുവിലെ പ്രമുഖ ടെക് യൂണിയന്‍ നേതാവായ വി.ജെ.കെ. നായര്‍ പറഞ്ഞു. ‘ഇത്രയധികം ആളുകളെ പിരിച്ചുവിടുമ്പോഴും ലാഭത്തിന്റെ തോത് നിലനിര്‍ത്താനാണ് കമ്പനികള്‍ ആഗ്രഹിക്കുന്നത്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് മേല്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ അമിതമായ മാനസിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.’ തൊഴിലില്ലായ്മ രൂക്ഷമായ ഈ സാഹചര്യത്തില്‍ മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ക്കായി വാദിക്കാന്‍ ജീവനക്കാര്‍ മടിക്കുന്നു: ‘തങ്ങള്‍ കെണിയില്‍ അകപ്പെട്ടതായാണ് അവര്‍ക്ക് തോന്നുന്നത്,’ അദ്ദേഹം പറഞ്ഞു.

ഒരു പ്രമുഖ യുഎസ് ടെക് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തില്‍, പലരുടെയും സ്വപ്നതുല്യമായ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പറഞ്ഞത്, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എ ഐ ഉപയോഗിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നു എന്നാണ്. സീനിയോറിറ്റി തന്റെ ജോലി സുരക്ഷിതമാക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. എന്നാല്‍ എച്ച്-1ബി വിസയില്‍ അമേരിക്കയിലേക്ക് കുടിയേറുക എന്ന ലക്ഷ്യം മുമ്പത്തേക്കാളും കഠിനമായി എന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. ‘ഇന്ത്യയില്‍ നിന്ന് ഒരാളെ പോലും യുഎസിലേക്ക് കൊണ്ടുപോകാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്,’ തന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ പേര് വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിലെ എ ഐ കേന്ദ്രീകൃതമായ ഒരു സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുന്ന 22-കാരിയായ ഡാറ്റാ അനലിസ്റ്റ് ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞത്, തന്റെ ജോലി ഇല്ലാതാക്കാന്‍ സാധ്യതയുള്ള എ ഐ ടൂളുകള്‍ അമേരിക്ക ആസ്ഥാനമായുള്ള തന്റെ കമ്പനി ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നാണ്. എന്നാല്‍ എ ഐ പലപ്പോഴും തെറ്റുകള്‍ വരുത്തുന്നതിനാല്‍ കമ്പനിക്ക് ഇപ്പോഴും തന്റെ സേവനം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു (തിരിച്ചടി ഭയന്ന് പേര് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു). രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്റെ ജോലി അപകടത്തിലാകുമെന്ന് അവര്‍ക്ക് പേടിയുണ്ട്. ഇതിനിടയിലും, അവര്‍ ദിവസവും 12 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. ശമ്പളമില്ലാത്ത അധികസമയ ജോലിയെക്കുറിച്ച് പരാതിപ്പെടുന്ന ജീവനക്കാരോട് രാജിവെച്ച് പൊയ്‌ക്കോളാനാണ് കമ്പനി പറയുന്നത്. അതുകൊണ്ട് തന്നെ വീട്ടിലിരുന്ന് രാത്രി വൈകിയും ജോലി ചെയ്യാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ മറുത്തൊന്നും പറയാതെ അനുസരിക്കും. ‘എന്റെ മനസ്സ് എപ്പോഴും ഓണ്‍ലൈനിലാണ്,’ അവര്‍ പറഞ്ഞു.

2000 ജൂണില്‍ പശ്ചിമ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് നിഖില്‍ സോംവന്‍ഷി ജനിച്ചത്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്ന ആ കുടുംബം, നിഖിലിന്റെയും സഹോദരിയുടെയും പഠനച്ചെലവിനായി തങ്ങളുടെ വീടും കൃഷിയിടത്തിന്റെ ഒരു ഭാഗവും വിറ്റു. ഗ്രാമത്തില്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍, അച്ഛന്‍ അദ്ദേഹത്തെ മോട്ടോര്‍ ബൈക്കിന് പിന്നിലിരുത്തി 40 മിനിറ്റ് ദൂരെയുള്ള സ്‌കൂളില്‍ എത്തിക്കുമായിരുന്നു.

ഹൈസ്‌കൂളിലെ ഓണേഴ്‌സ് ബോര്‍ഡില്‍ നിഖില്‍ സോംവന്‍ഷിയുടെ പേര്. സമീര്‍ റായ്ച്ചൂര്‍/ റെസ്റ്റ് ഓഫ് വേള്‍ഡ്

താടിയും മീശയും വെച്ച, കണ്ണട ധരിച്ച, വിനയശീലനായ ഒരു യുവാവായി നിഖില്‍ സോംവന്‍ഷി വളര്‍ന്നു. പഠനത്തിലെ മികവ് കാരണം, എന്‍ജിനീയറിങ് ബിരുദത്തിന് ശേഷം 2022-ല്‍ ഇന്ത്യയിലെ മികച്ച സര്‍വ്വകലാശാലകളിലൊന്നായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) അദ്ദേഹം മാസ്റ്റേഴ്‌സ് ബിരുദത്തിന് ചേര്‍ന്നു. പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ ഒരു ചാറ്റ്ബോട്ട് വികസിപ്പിക്കുന്നത് ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ തീസിസ് പ്രോജക്റ്റിന് ഗേറ്റ്സ് ഫൗണ്ടേഷന്റെ ഫണ്ടിംഗ് ലഭിച്ചിരുന്നു. ബിരുദം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ അദ്ദേഹത്തിന് കൃത്രിമില്‍ ജോലി ലഭിച്ചു.

നിഖിലിന്റെ നേട്ടത്തില്‍ മാതാപിതാക്കള്‍ അത്യധികം സന്തോഷിച്ചു. ‘അവന് ജോലി ലഭിച്ചപ്പോള്‍ ഞങ്ങള്‍ ഒരുപാട് അഭിമാനിച്ചു,’ പിതാവ് ചോട്ടു സോംവന്‍ഷി ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു. ‘ഞങ്ങളുടെ കഠിനാധ്വാനമെല്ലാം ഫലം കണ്ടുവെന്നും, ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് അവന്‍ ചെയ്യുമെന്നും ഞങ്ങള്‍ കരുതി.’

ഇന്ത്യയിലെ പ്രമുഖ സംരംഭകരിലൊരാളായ ഭവിഷ് അഗര്‍വാള്‍ സ്ഥാപിച്ച ‘കൃത്രിം’, ചാറ്റ്ജിപിടി-ക്കുള്ള ഇന്ത്യയുടെ മറുപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. കമ്പനിക്കുള്ളില്‍ കഠിനമായ ഒരു തൊഴില്‍ സംസ്‌കാരമാണ്് അഗര്‍വാള്‍ അവതരിപ്പിച്ചത്. ജോലി-ജീവിത സന്തുലിതാവസ്ഥയെ ‘പാശ്ചാത്യ സംസ്‌കാരത്തിന്റെ ഇറക്കുമതി’ എന്നാണ് അദ്ദേഹം പരിഹസിച്ചത്. ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്നായിരുന്നു അഗര്‍വാളിന്റെ വാദം. ‘ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി മാറാന്‍ ഒരു തലമുറ ‘തപസ്യ’ ചെയ്യേണ്ടി വരുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു,’ ഭവിഷ് അഗര്‍വാളിന്റെ ഫിലോസഫിയാണിത്.

കൃത്രിമിലെ തൊഴില്‍ സംസ്‌കാരത്തിനെതിരേ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ‘വിഷലിപ്തവും, നിലനിര്‍ത്താന്‍ കഴിയാത്തതും, മാനസികമായി തളര്‍ത്തുന്നതും’ എന്നാണ് ഒരു ഇന്ത്യന്‍ മാധ്യമം അതിനെ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അഗര്‍വാളിന്റെ മറ്റൊരു സ്റ്റാര്‍ട്ടപ്പായ ‘ഓല ഇലക്ട്രിക്കിലെ’ 38 വയസ്സുകാരനായ ഒരു എന്‍ജിനീയര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നും ശമ്പളം തടഞ്ഞുവെക്കുന്നുവെന്നും ആരോപിച്ച് 28 പേജുള്ള കുറിപ്പ് എഴുതിവെച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആ വ്യക്തിയുടെ കുടുംബം അഗര്‍വാളിനും മറ്റൊരു സീനിയര്‍ എക്സിക്യൂട്ടീവിനുമെതിരെ പോലീസ് പരാതി നല്‍കി.

ജീവനക്കാരന്റെ മരണത്തില്‍ ‘അങ്ങേയറ്റം ദുഃഖമുണ്ട്’ എന്നൊരു പ്രസ്താവനയിറക്കിയ ഓല, പക്ഷേ സ്വന്തം ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്, ആ ജീവനക്കാരന്‍ തന്റെ ജോലിയെക്കുറിച്ച് ഔദ്യോഗികമായി പരാതികളോ വിഷമങ്ങളോ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ജോലിക്ക് മാനേജ്മെന്റുമായി നേരിട്ടുള്ള ബന്ധമില്ലായിരുന്നുവെന്നുമാണ്. ‘ഓല ഇലക്ട്രിക്, അധികൃതരുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്, എല്ലാ ജീവനക്കാര്‍ക്കും സുരക്ഷിതവും മാന്യവും പിന്തുണ നല്‍കുന്നതുമായ ഒരു തൊഴിലിടം ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്’ അവരുടെ പ്രസ്താവനയില്‍ തുടരുന്ന കാര്യങ്ങളാണിത്. ജീവനക്കാരന്റെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

നിഖില്‍ സോംവന്‍ഷി കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. അയാള്‍ക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമില്ലാത്ത ഒരു 24 കാരനായിരുന്നു നിഖില്‍. ഭാവിയില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്നും തന്റെ ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി അവര്‍ക്ക് വഴികാട്ടിയാകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ‘ജോലിയിലൂടെ പണം സമ്പാദിച്ച് സ്വന്തമായി ഒരു ഐടി സ്ഥാപനം തുടങ്ങാനുള്ള മൂലധനം കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം,’ കുട്ടിക്കാലത്തെ സുഹൃത്തായ അമോല്‍ പാട്ടീല്‍ ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു.

ഹൈസ്‌കൂളിലെ സുഹൃത്തുക്കളുമൊത്തുള്ള സോംവന്‍ഷിയുടെ (ഇടത്തുനിന്ന് മൂന്നാമന്‍)ഫോട്ടോ. സമീര്‍ റായ്ച്ചൂര്‍/ റെസ്റ്റ് ഓഫ് വേള്‍ഡ്

എന്നാല്‍ കൃത്രിമിലെ ജോലി നിഖില്‍ പ്രതീക്ഷിച്ചതിലും വളരെ ബുദ്ധിമുട്ടായിരുന്നു. ബെംഗളൂരുവില്‍ നിന്ന് അദ്ദേഹം ദിവസവും മാതാപിതാക്കളെ വിളിക്കുമായിരുന്നു, പക്ഷേ താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് അവരോട് ഒരിക്കലും പറഞ്ഞിരുന്നില്ല. എന്നാല്‍ ആത്മഹത്യയ്ക്ക് രണ്ട് മാസം മുമ്പ് നാട്ടില്‍ വന്നപ്പോള്‍ അദ്ദേഹം സുഹൃത്തായ അമോലിനെ കാണുകയും ചില പ്രശ്‌നങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകര്‍ പലരെയും പിരിച്ചുവിടുകയോ മറ്റ് ടീമുകളിലേക്ക് മാറ്റുകയോ ചെയ്തത് തന്റെ ജോലിഭാരം വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രകൃത്യാ സൗമ്യനും മര്യാദക്കാരനുമായ അദ്ദേഹത്തിന് കമ്പനിയിലെ തൊഴില്‍ സംസ്‌കാരവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം ഭാഷയായ മറാത്തി സംസാരിക്കാത്ത, നാട്ടില്‍ നിന്ന് 1,100 കിലോമീറ്റര്‍ അകലെയുള്ള ബെംഗളൂരുവില്‍ അദ്ദേഹം ഒറ്റപ്പെടല്‍ അനുഭവിച്ചു. തന്റെ ഗ്രാമത്തില്‍ നിന്ന് ഒരു രാത്രിയിലെ ബസ് യാത്ര കൊണ്ട് എത്താവുന്ന പൂനെയിലെ ഐടി ഹബ്ബിലേക്ക് തിരികെ വരാന്‍ അദ്ദേഹം ആലോചിച്ചിരുന്നു. ‘നീ തിരിച്ചുവാ,’ പാട്ടീല്‍ തന്റെ സുഹൃത്തിനോട് പറഞ്ഞത് ഓര്‍ക്കുന്നു. ‘അവിടെ ഒറ്റയ്ക്ക് താമസിച്ച് നീ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്?’ എന്നാല്‍ ജോലി വിട്ടുമടങ്ങുന്നത് തന്റെ ഗ്രാമത്തെയും കുടുംബത്തെയും നിരാശപ്പെടുത്തുമോ എന്ന് സോംവന്‍ഷി ഭയപ്പെട്ടു.

വിഷയത്തില്‍ പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് ഓല വക്താവ് അഭിഷേക് ചൗഹാന്‍ പറഞ്ഞു. സോംവന്‍ഷിയുടെ മരണശേഷം ഒരു ഇന്ത്യന്‍ പത്രത്തിന് നല്‍കിയ പ്രസ്താവനയില്‍, ‘ഏറ്റവും കഴിവുള്ള യുവ ജീവനക്കാരില്‍ ഒരാളുടെ ദാരുണമായ വേര്‍പാടില്‍ അങ്ങേയറ്റം ദുഃഖമുണ്ട്’ എന്നാണ് കൃത്രിം പറഞ്ഞത്.

സംഭവം നടക്കുമ്പോള്‍ നിഖില്‍ സോംവന്‍ഷി വ്യക്തിപരമായ അവധിയിലായിരുന്നുവെന്നും കഴിഞ്ഞ മാസം ആ അവധി ‘ഉടന്‍ തന്നെ അനുവദിച്ചിരുന്നുവെന്നും’ പ്രസ്താവനയില്‍ പറയുന്നു. ‘നിഖില്‍ ടീമിലെ വിലപ്പെട്ട അംഗമായിരുന്നു, അദ്ദേഹത്തിന്റെ അഭാവം എല്ലാവരെയും സങ്കടപ്പെടുത്തുന്നു,’ കൃത്രിം പ്രസ്താവനയില്‍ തുടരുന്നു. ‘ഈ ദുഃഖസമയത്ത് നിഖിലിന്റെ കുടുംബത്തിനും ഞങ്ങളുടെ ജീവനക്കാര്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്, ആവശ്യമായ എല്ലാ സഹായങ്ങളും തുടര്‍ന്നും നല്‍കും.’

നിഖില്‍ സോംവന്‍ഷി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു. ജോലിയിലെ സമ്മര്‍ദ്ദം മരണത്തിന് കാരണമായോ എന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് സിംഗ് പറഞ്ഞു. ജോലിയെക്കുറിച്ചോ കമ്പനിയുടെ പെരുമാറ്റത്തെക്കുറിച്ചോ സോംവന്‍ഷി ഔദ്യോഗികമായി പരാതികളൊന്നും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്രിമിലെ തൊഴില്‍ സംസ്‌കാരം ഈ മേഖലയില്‍ ഒരു അപവാദമല്ലെന്ന് യൂണിയന്‍ നേതാക്കള്‍ ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു. ജീവനക്കാര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഏക ടെക് മുതലാളിയല്ല ഭവിഷ് അഗര്‍വാള്‍. ഐടി ഭീമനായ ഇന്‍ഫോസിസിന്റെ ശതകോടീശ്വരനായ സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി ചെയര്‍പേഴ്സണ്‍ എസ്.എന്‍. സുബ്രഹ്‌മണ്യന്‍ അത് 90 മണിക്കൂര്‍ വരെയാക്കണമെന്നും വാദിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തിരക്കേറിയ ഐടി ഓഫീസുകള്‍ എപ്പോഴും കഠിനമായ മത്സരം നേരിട്ടുകൊണ്ടിരിക്കുന്നു. ഔട്ട്സോഴ്സിംഗ് മേഖലയുടെ വേരുകളില്‍ നിന്നുതന്നെ രൂപപ്പെട്ട ‘എപ്പോഴും സജ്ജമായിരിക്കുക’ എന്ന മാനസികാവസ്ഥയാണ് ഈ സംസ്‌കാരത്തെ നിര്‍വചിക്കുന്നത്. ഔട്ട്സോഴ്സിംഗ് ജോലികളില്‍ ഭൂരിഭാഗവും വിവിധ സമയമേഖലകളിലുള്ള വിദേശ ക്ലയന്റുകള്‍ക്ക് സേവനം നല്‍കുന്നതാണ്, ‘അതിനര്‍ത്ഥം നിങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജോലിചക്രത്തിലാണെന്നാണ്,’ ഇന്ത്യയിലെ ഐടി കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയായ നാസ്‌കോം-ന്റെ മുന്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാര്‍ നടരാജന്‍ ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു. ‘സാധാരണ ജോലി സമയമെന്നത് ഐടി ജോലികളില്‍ ഭൂരിഭാഗത്തിനും ബാധകമല്ല.’ ക്ലയന്റുകള്‍ ഉറങ്ങുന്ന സമയത്ത് സോഫ്റ്റ്വെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കോഡര്‍മാര്‍ പോലും മുഴുവന്‍ സമയവും ലഭ്യമാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് എല്‍ ആന്‍ഡ് ടി ഏറ്റെടുത്ത ‘മൈന്‍ഡ് ട്രീ’ എന്ന ഐടി കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ നടരാജന്‍ പറഞ്ഞത്, വര്‍ദ്ധിച്ചുവരുന്ന മത്സരം സാഹചര്യങ്ങള്‍ കൂടുതല്‍ കഠിനമാക്കിയെന്നാണ്. ‘2000-കളുടെ തുടക്കത്തില്‍ ഈ മേഖല വളരെ വേഗത്തിലാണ് വളര്‍ന്നിരുന്നത്,’ അദ്ദേഹം പറഞ്ഞു, ‘അന്ന് ആരും ആരുടെയും അവസരങ്ങള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല.’ എന്നാല്‍ അതിനുശേഷം, ‘ഈ വ്യവസായത്തിലെ മത്സരത്തിന്റെ തീവ്രത വലിയ തോതില്‍ വര്‍ദ്ധിച്ചു.’

വീട്ടിലിരുന്നുള്ള ജോലിയും (വര്‍ക് ഫ്രം ഹോം) ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ‘തൊട്ടടുത്ത സീറ്റിലോ ചെറിയൊരു സ്ഥലത്തോ കൂടെയുണ്ടായിരുന്ന ആളുകളെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. മുന്‍പ് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എളുപ്പത്തില്‍ അടുത്ത് വന്ന് സഹായിക്കാന്‍ ആളുകളുണ്ടായിരുന്നു,’ നടരാജന്‍ പറഞ്ഞു.

മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് പ്രൊഫസറായ ബിനോ പോള്‍ പറയുന്നത് കോവിഡ്-19 ഒരു ‘തിരിത്തികുറിക്കലായിരുന്നു’ എന്നാണ്.

‘ജോലിയും വീടും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയി. ജോലിയുടെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്തെ ബാധിച്ചു. ഇത് ദീര്‍ഘകാലം നിലനില്‍ക്കാവുന്ന ഒരു മാതൃകയല്ല,’ അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ ഒരു പ്രമുഖ ഔട്ട്സോഴ്സിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുപ്പതുകളില്‍ പ്രായമുള്ള ഒരു ജീവനക്കാരന്‍ ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞത്, മഹാമാരിക്ക് ശേഷം താന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും യാത്രാക്ലേശം ഇല്ലാത്തതില്‍ സന്തോഷമുണ്ടെന്നുമാണ്. എന്നാല്‍ മറുവശത്ത്, വര്‍ദ്ധിച്ച ജോലി സമയത്തോടും ഒറ്റപ്പെടലിനോടും താന്‍ മല്ലിടുകയാണെന്ന് അദ്ദേഹം സമ്മതിച്ചു: ‘പ്രത്യേകിച്ച് രാത്രി വൈകി ഏതെങ്കിലും പ്രശ്‌നം പരിഹരിക്കേണ്ടി വരുമ്പോള്‍ മറ്റാരും ഓണ്‍ലൈനില്‍ ഉണ്ടാവില്ല. നിങ്ങള്‍ തികച്ചും ഒറ്റയ്ക്കായിരിക്കും.’

തനിക്ക് ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പണത്തിന്റെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഈ മേഖലയില്‍ തുടങ്ങിയ കാലത്ത് ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ സമയം എനിക്ക് സ്വന്തം കാര്യങ്ങള്‍ക്കായി ലഭിച്ചിരുന്നു,’ അദ്ദേഹം പറഞ്ഞു. മിഡ്-ലെവല്‍ മാനേജര്‍മാരെ പിരിച്ചുവിടുകയും ആ തസ്തികകളിലേക്ക് പിന്നീട് ആരെയും നിയമിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്: ‘അങ്ങനെ സംഭവിക്കുമ്പോഴെല്ലാം, ആ അധിക ജോലിഭാരം താഴേത്തട്ടിലുള്ള ജീവനക്കാരുടെ മേല്‍ വന്നുചേരുന്നു.’

എത്രയധികം ജോലികള്‍ ഏറ്റെടുക്കുമ്പോഴും, ഏതു സമയത്തും തന്റെ ജോലി നഷ്ടപെടാമെന്ന ഭയവും അദ്ദേഹത്തിനുണ്ട്. ‘ഒരിക്കല്‍ എ ഐ സംയോജനം പൂര്‍ണ്ണമായാല്‍, ഞാന്‍ ഈ മേഖലയില്‍ ആവശ്യമില്ലാത്തവനായി മാറും.’ ജോലിയിലെ സമ്മര്‍ദ്ദം താങ്ങാനാവാതെ താന്‍ ഇപ്പോള്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ മറ്റൊരു കമ്പനിയിലെ എന്‍ജിനീയറും അതികഠിനമായ ജോലി സമയത്തെക്കുറിച്ച് വെളിപ്പെടുത്തി. ‘പലപ്പോഴും രാത്രി മുഴുവന്‍ ജോലി ചെയ്ത് രാവിലെ 6:30-ന് ഉറങ്ങാന്‍ പോയിട്ടുണ്ട്, എന്നിട്ട് 10:30-ന് തന്നെ തിരികെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. കുറഞ്ഞ രക്തസമ്മര്‍ദ്ദവും ഫാറ്റി ലിവറും അദ്ദേഹത്തിന് പിടിപെട്ടു കഴിഞ്ഞു. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള അദ്ദേഹം മാതാപിതാക്കളെ സഹായിക്കാന്‍ എല്ലാ മാസവും വീട്ടിലേക്ക് പണമയക്കാറുണ്ട്. ‘ഈ രീതി ദീര്‍ഘകാലം നിലനില്‍ക്കില്ല,’ അദ്ദേഹം പറഞ്ഞു. ‘ഇതൊരു ചൂഷണമാണ്, ഇത് ജീവനക്കാരെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.’

കഴിഞ്ഞ വര്‍ഷം, മെച്ചപ്പെട്ട ജോലി സമയം, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക, ‘ഓണ്‍ലൈനില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള അവകാശം’ എന്നിവ ആവശ്യപ്പെട്ട് ഐടി ജീവനക്കാര്‍ ബെംഗളൂരുവില്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഐടി യൂണിയനുകളില്‍ ആകെ 30,000 അംഗങ്ങള്‍ മാത്രമേയുള്ളൂ.അതായത് 50 ലക്ഷം ജീവനക്കാരുള്ള ഈ മേഖലയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം. ഐടി ജീവനക്കാര്‍ക്കുള്ള നിയമപരമായ സംരക്ഷണം വളരെ ദുര്‍ബലമാണെന്ന് ലോകത്തിലെ ഏറ്റവും വലിയ സര്‍വീസ് യൂണിയനുകളില്‍ ഒന്നായ ‘യുണി ഗ്ലോബല്‍ യൂണിയന്റെ’ ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ഹോഫ്മാന്‍ ‘റെസ്റ്റ് ഓഫ് വേള്‍ഡിനോട്’ പറഞ്ഞു.

പ്രതികരിക്കുന്ന ജീവനക്കാരെ ഇന്ത്യന്‍ ഐടി കമ്പനികള്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ഹോഫ്മാനും മൂന്ന് ഇന്ത്യന്‍ യൂണിയന്‍ ഭാരവാഹികളും പറഞ്ഞു. ‘തൊഴിലുടമയെ ചോദ്യം ചെയ്യാന്‍ ആളുകള്‍ക്ക് ഭയമാണ്. കാരണം ആ ജോലി നഷ്ടപ്പെടുക മാത്രമല്ല, പിന്നീട് ഒരിക്കലും ഐടി മേഖലയില്‍ അവര്‍ക്ക് ജോലി ലഭിക്കില്ല എന്ന അവസ്ഥ വരും,’ ഹോഫ്മാന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി കമ്പനികള്‍ പലപ്പോഴും നഷ്ടപരിഹാരം നല്‍കാറുണ്ടെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ആ നഷ്ടപരിഹാരം നഷ്ടപ്പെടുമോ എന്ന ഭയത്താലോ അല്ലെങ്കില്‍ മാനനഷ്ടത്തിന് കേസെടുക്കുമോ എന്ന പേടിയിലോ കുടുംബങ്ങള്‍ പരസ്യമായി പ്രതികരിക്കാന്‍ മടിക്കുന്നുവെന്ന് ബെംഗളൂരുവിലെ യൂണിയന്‍ നേതാവ് സുമന്‍ ദാസ്മഹാപത്ര പറഞ്ഞു. ഐടി ജീവനക്കാര്‍ സാധാരണയായി കമ്പനിയെക്കുറിച്ച് മോശമായി സംസാരിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന ‘നോണ്‍-ഡിസ്പ്ലോവര്‍’ ‘നോണ്‍-ഡിസ്പാരേജ്മെന്റ്’ കരാറുകളില്‍ ഒപ്പിടാറുണ്ട്: ‘കമ്പനികളെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിടിച്ചുനിര്‍ത്താന്‍ ആരുമില്ലാത്ത അവസ്ഥയാണിവിടെ,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ തൊഴില്‍ മന്ത്രാലയം ‘റെസ്റ്റ് ഓഫ് വേള്‍ഡിന്റെ’ ഇമെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും മറുപടി നല്‍കിയില്ല. ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഐടി മേഖലയുടെ സംഘടനയായ നാസ്‌കോമും പ്രതികരിച്ചില്ല. ‘എ ഐ എല്ലാ മേഖലകളിലും തൊഴില്‍ഘടനയെ പുനര്‍നിര്‍മ്മിക്കുന്നുണ്ട്, എന്നാല്‍ ഇതിനെ ജോലി ഇല്ലാതാക്കലായി കാണുന്നതിനേക്കാള്‍ ജോലി രീതികളിലെ മാറ്റമായി കാണുന്നതാണ് ഉചിതം,’ നാസ്‌കോം വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കോഡ് ജനറേഷന്‍, ടെസ്റ്റിംഗ്, ഡോക്യുമെന്റേഷന്‍ എന്നിങ്ങനെയുള്ള ‘ലളിതമായ’ എന്‍ട്രി ലെവല്‍ ജോലികളേക്കാള്‍ സീനിയര്‍ റോളുകള്‍ക്കാണ് പുതിയ തൊഴില്‍ വിപണി മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ നിയമനങ്ങള്‍ എണ്ണത്തിന് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ളതായി മാറിയിരിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ അവസാനത്തില്‍ ‘റെസ്റ്റ് ഓഫ് വേള്‍ഡ്’ നിഖില്‍ സോംവന്‍ഷിയുടെ ഗ്രാമത്തിലെത്തി അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ പിതാവ് ചോട്ടു, ഒരു ബന്ധുവിന്റെ വീട്ടിലെ വെളിച്ചം കുറഞ്ഞ മുറിയില്‍ ഒരു പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കുകയായിരുന്നു. സോംവന്‍ഷിയുടെ അമ്മ രക്തസമ്മര്‍ദ്ദത്തിന് ചികിത്സ തേടി ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയതേയുള്ളൂ. ‘അവര്‍ വളരെ അവശയാണ്,’ ചോട്ടു പറഞ്ഞു. ‘അവന്റെ മരണശേഷം അവര്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി.’

മാര്‍ച്ചില്‍ ബെംഗളൂരുവിന് അടുത്തുള്ള ഒരു ക്ഷേത്രത്തിലേക്കുള്ള കുടുംബയാത്രയ്ക്കിടെയാണ് ചോട്ടു തന്റെ മകനെ അവസാനമായി കണ്ടത്. ജോലി കഠിനമാണെന്നും ചില സഹപ്രവര്‍ത്തകരെ പിരിച്ചുവിട്ടെന്നും സോംവന്‍ഷി അന്ന് പറഞ്ഞിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നെങ്കിലും, കൂടുതലൊന്നും പറഞ്ഞില്ല. ഫോണ്‍ വിളിക്കുമ്പോഴും താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് അയാള്‍ ഒന്നും പറയാറില്ലായിരുന്നു. ‘ഞങ്ങള്‍ വിഷമിക്കേണ്ട എന്ന് കരുതിയാകാം അവന്‍ അത് പറയാതിരുന്നത്,’ ചോട്ടു പറഞ്ഞു.

കാര്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് ചോട്ടു ആഗ്രഹിക്കുന്നു. ‘ഞങ്ങള്‍ അവനെ കൂടെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമായിരുന്നു. പണം മാത്രമല്ലല്ലോ എല്ലാം.’

മഹാരാഷ്ട്രയിലുള്ള സോംവന്‍ഷിയുടെ കുടുംബ കൃഷിയിടത്തിലെ തൊഴിലാളികള്‍.സമീര്‍ റായ്ച്ചൂര്‍/ റെസ്റ്റ് ഓഫ് വേള്‍ഡ്

ആത്മഹത്യയ്ക്ക് പിന്നാലെ, മകന്റെ വാര്‍ഷിക ശമ്പളത്തിന്റെ പകുതിയായ 18 ലക്ഷം രൂപ കമ്പനി കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കി, അവര്‍ അത് സ്വീകരിച്ചുവെന്നും ചോട്ടു പറഞ്ഞു. കമ്പനിയെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. മകന്‍ എത്രത്തോളം കഴിവും ആത്മാര്‍ത്ഥതയുമുള്ള ആളായിരുന്നുവെന്ന് ഊന്നിപ്പറയാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ‘ഞങ്ങള്‍ അവനെ എപ്പോഴും മിസ്സ് ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

ദരിദ്രമായ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ഭാരത്തെക്കുറിച്ച് നിഖില്‍ സോംവന്‍ഷിയുടെ കസിന്‍ സച്ചിന്‍ പ്രതികരിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

നിഖില്‍ സോംവന്‍ഷിയെപ്പോലെയുള്ള ആളുകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ഐടി മേഖല ദീര്‍ഘകാലമായി സഹായിച്ചിട്ടുണ്ട്. ‘പക്ഷേ, ബുദ്ധിശക്തിയുള്ള ജീവനക്കാര്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നുവെങ്കില്‍, ഈ ഐടി വ്യവസായത്തെക്കുറിച്ച് നമുക്ക് എന്ത് പറയാന്‍ കഴിയും?’ സച്ചിന്‍ ചോദിച്ചു.


പാര്‍ത്ഥ് എംഎന്‍ റെസ്റ്റ് ഓഫ് വേള്‍ഡ്-ന് വേണ്ടി തയ്യാറാക്കിയ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. Death of an Indian tech worker. അനുമതിയോടെ അഴിമുഖം ഈ റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

Content Summary; Indian tech workers crisis and suicide artificial intelligence. AI-fueled layoffs reveal a workforce under extreme pressure

പാര്‍ത്ഥ് എംഎന്‍

പാര്‍ത്ഥ് എംഎന്‍

മുംബൈ ആസ്ഥാനമായുള്ള സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് പാര്‍ത്ഥ്‌

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×