April 28, 2025 |

എഫ്‌ഐആര്‍ ചോര്‍ച്ച; മാധ്യമപ്രവര്‍ത്തകരുടെ കുടുംബ വിവരങ്ങള്‍ തിരഞ്ഞ് എസ്‌ഐടി

താക്കീതുമായി ഹൈക്കോടതി

എഫ്ഐആർ ചോർച്ച ആരോപണത്തിൽ മാധ്യമപ്രവർത്തകരുടെ വ്യക്തി​ഗത വിവരങ്ങൾ ആരാഞ്ഞ എസ്ഐറ്റിയുടെ നടപടിയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈം​ഗികാതിക്രമ കേസുമാ‍യി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ നൽകിയ അപേക്ഷയിലാണ് വ്യക്തി​ഗത വിവരങ്ങൾ ചോദിച്ചിരിക്കുന്നത്.

അന്വേഷണ സംഘത്തിന്റെ ഭാ​ഗത്ത് നിന്നുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിക്കാൻ ജേർണലിസ്റ്റുകളുടെ വ്യക്തി​ഗത വിവരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജസ്റ്റിസ് ജി.കെ ഇളൈന്തരാജൻ ആരാഞ്ഞു. ഈ വിഷയത്തിൽ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. എഫ്ഐആർ ചോർച്ച ആരോപിച്ച് മുൻപ് പൊലീസ് മർദ്ദനമേറ്റതായി ജേർണലിസ്റ്റുകൾ പരാതി നൽകിയിരുന്നു. എഫ്ഐആർ ലഭിക്കാൻ പൊലീസ് നൽകിയ ചോദ്യാവലിയിൽ വിദ്യാഭ്യാസം, ശമ്പളം, കുടുംബം, വിദേശയാത്ര എന്നിങ്ങനെ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ 23നാണ് അണ്ണാ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി ലൈം​ഗികാതിക്രമത്തിന് ഇരയാവുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് പരസ്യ വായനയ്ക്കായി വെബ്സൈറ്റിൽ അപ്പ്ലോഡ് ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് പിന്നീട് ജേർണലിസ്റ്റുകൾ ഡൗൺലോഡ് ചെയ്തത്. സെൻസിറ്റീവ് വിഷയത്തിലുള്ള കേസുകൾ പൊതുജനങ്ങൾക്ക് കാണാനോ ആക്സസ് ചെയ്യാനോ കഴിയില്ലെന്നിരിക്കെയാണ് ഈ റിപ്പോർട്ട് പരസ്യമായി അപ്പ്ലോഡ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡിൽ നിന്ന് ഭാരതീയ ന്യായസംഹിതയിലേക്ക് മാറിയതിലെ സാങ്കേതിക തകരാറാണ് എഫ്ഐആർ ചോർച്ചയ്ക്ക് കാരണമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എ അരുൺ പറഞ്ഞു.

സാധാരണയായി, അത്തരം എഫ്ഐആറുകൾ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ഉപയോ​ഗിച്ച് ലോക്ക് ചെയ്യപ്പെടാാറുണ്ട് ഇവിടെ അതും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാണ്. എഫ്ഐആർ ഡൗൺലോഡ് ചെയ്തതിന് നാല് മാധ്യമപ്രവർത്തകരെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിൻ്റെ ഭാഗമായി, മാധ്യമപ്രവർത്തകർക്ക് ഒരു ചോദ്യാവലി നൽകിയിരുന്നു. അതിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും താമസസ്ഥലം, അവരുടെ ജോലിയുടെ സ്വഭാവം, ശമ്പളം, ബാങ്ക് അക്കൗണ്ടുകൾ, വിദേശ സന്ദർശനങ്ങളുടെ എണ്ണം, സ്വത്തുക്കളുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെടെ ബന്ധമില്ലാത്ത വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ അതിജീവിതരുടെ വ്യക്തി​ഗത വിവരങ്ങൾ പരസ്യമാക്കി എന്ന തരത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരാമർശം ഉണ്ടായിരുന്നതായും എന്നാൽ തങ്ങളുടെ വാർത്താ കവറേജിൽ ഇത്തരത്തിലുള്ള വിവരങ്ങൾ ഒന്നും തന്നെ പരാമർശിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ മദ്രാസ് ഹൈക്കോടതിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.

എഫ്ഐആർ ചോർച്ച കേസിൽ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിൽ വിവരങ്ങൾ റിപ്പോർട്ട് അപ്പ്ലോഡ് ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്തിരുന്നോ എന്ന് ആരായുകയും, മാധ്യമപ്രവർത്തകരുടെ അടുത്തുള്ള എസ്ഐറ്റിയുടെ സമീപനത്തെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു.

കേസിൽ തമിഴ്‌നാട് പോലീസിൻ്റെ അന്വേഷണത്തിനെതിരെ മറ്റ് മാധ്യമപ്രവർത്തകരിൽ നിന്നും പ്രസ് ക്ലബ്ബുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇന്റർനെറ്റിൽ നിന്ന് എഫ്ഐആർ ഡൗൺലോഡ് ചെയ്ത മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനുപകരം സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവെച്ചവരെ പോലീസ് ചോദ്യം ചെയ്യണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടു.

content summary: The Tamil Nadu SIT’s FIR investigation takes a personal turn as journalists are questioned about personal details

Leave a Reply

Your email address will not be published. Required fields are marked *

×