ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗുസ്തി താരങ്ങളില്‍ ഒരാളുമായ സാക്ഷി മാലിക്കിന്റെ ഓര്‍മക്കുറിപ്പുകളാണ് ‘ വിറ്റ്‌നസ്’. പത്രപ്രവര്‍ത്തകന്‍ ജോനാഥന്‍ സെല്‍വരാജുമായി സഹകരിച്ച് എഴുതിയ ഈ പുസ്തകത്തില്‍, ഒരു ചാമ്പ്യന്‍ ഗുസ്തിതാരം എന്ന നിലയിലുള്ള സാക്ഷിയുടെ ജീവിതവും കരിയറും, നേരിട്ട പോരാട്ടങ്ങളും സ്വന്തമാക്കിയ വിജയങ്ങളുമെല്ലാം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. ലൈംഗികാതിക്രമ അനുഭവങ്ങളെക്കുറിച്ചും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പോരാട്ടത്തെ കുറിച്ചും പുസ്തകം വിശദമായി പറയുന്നുണ്ട്. അതോടൊപ്പം ഈ ഓര്‍മ്മക്കുറിപ്പില്‍ സാക്ഷിയുടെ ജീവിതത്തിന്റെ വിവിധതലങ്ങളെയും വെളിപ്പെടുത്തുന്നു.
ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് സാക്ഷി മാലിക്കിന്റെ യാത്ര ആരംഭിക്കുന്നത്. തന്റെ വഴികളെക്കുറിച്ചുള്ള അരക്ഷിതത്വവും ഉറപ്പില്ലായ്മയുമായിരുന്നു സാക്ഷിക്ക് ആദ്യം അനുഭവിക്കേണ്ടി വന്നത്. സാമൂഹിക സമ്മര്‍ദ്ദങ്ങളും സ്ത്രീകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും, ആത്യന്തികമായി സ്വയം ശാക്തീകരിക്കുന്ന ഒരു കായിക വിനോദമായി ഗുസ്തിയെ സാക്ഷി സ്വീകരിച്ചു. ജീവിതത്തെ കുറിച്ചു ശങ്കിച്ചു നിന്നിരുന്നൊരു പെണ്‍കുട്ടിയില്‍ നിന്ന് ഒരു ചാമ്പ്യന്‍ അത്ലറ്റിലേക്കുള്ള അവളുടെ മാറ്റം, സാക്ഷിയുടെ പ്രതിരോധശേഷിയും നിശ്ചയദാര്‍ഢ്യവും കാണിക്കുന്നതാണ്.
സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
വെല്ലുവിളികളെ നേരിട്ടാണ് അവള്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. മത്സരങ്ങള്‍ക്ക് മുമ്പ് താന്‍ നേരിട്ട ഭയത്തെയും ഉത്കണ്ഠയെയും കുറിച്ച് സാക്ഷി പുസത്കത്തില്‍ തുറന്നു പറയുന്നുണ്ട്. മത്സരത്തിന്റെ ആവേശത്തെക്കുറിച്ച് അത്‌ലറ്റുകള്‍ നടത്താറുള്ള ആഹ്ലാദകരമായ വിവരണമാണ് സാധാരണ കേള്‍ക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് സാക്ഷി ഇവിടെ പങ്കുവയ്ക്കുന്നത്. ഒരു കായികതാരം നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥകളെ കുറിച്ചുള്ള സത്യസന്ധതമായ തുറന്നു പറച്ചിലുകളാണത്. ഏറ്റവും പ്രഗത്ഭരായ താരങ്ങള്‍ പോലും ആത്മസന്ദേഹം നേരിടാറുണ്ടെന്നാണ് സാക്ഷിയുടെ വിശദീകരണത്തിലൂടെ വ്യക്തമാകുന്നത്.
സങ്കീര്‍ണമായ ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് സാക്ഷി പുസത്കത്തില്‍ പറയുന്നുണ്ട്. കുടുംബം നല്‍കുന്ന പിന്തുണയെക്കുറിച്ച്, സാമ്പത്തിക നേട്ടങ്ങള്‍ എങ്ങനെ ജീവിതത്തെ മാറ്റുമെന്നതിനെക്കുറിച്ച്, നന്ദിയും അത്യാഗ്രഹത്തിനുള്ള സാധ്യതയും തമ്മിലുള്ള പിരിമുറുക്കത്തെക്കുറിച്ചുമെല്ലാം സാക്ഷി പ്രതിപാദിക്കുന്നുണ്ട്. ഈ വിശദമായ വിവരണങ്ങള്‍ സാക്ഷിയുടെ തുറന്നു പറച്ചിലുകള്‍ക്ക് ആഴവും വ്യക്തതയും നല്‍കുന്നു. അവള്‍ നേടിയ ഓരോ വിജയവും വെല്ലുവിളികളോട് നേരിട്ടു നേടിയതാണെന്നു വായനക്കാരനെ ബോധ്യപ്പെടുത്തുന്നു.
കായിക രംഗത്തെ വ്യവസ്ഥാപരമായ പ്രശ്നങ്ങള്‍ക്കെതിരായ സാക്ഷി മാലിക്കിന്റെ പോരാട്ടത്തെ ഈ ഓര്‍മ്മക്കുറിപ്പ് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. കായിക മേഖലയിലെ ശക്തന്മാരെ അവരുടെ നെറികേടുകളുടെ പേരില്‍ നേരിടാനുള്ള അവളുടെ ധൈര്യത്തെ എടുത്തുകാണിക്കുന്നുണ്ട്. മാറ്റത്തിനായി അവള്‍ നിലകൊണ്ടത്, ഒരു ഗുസ്തിക്കാരി എന്ന നിലയിലുള്ള അവളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമായിരുന്നില്ല, സമാനമായ പോരാട്ടങ്ങളെ അഭിമുഖീകരിച്ച കായികരംഗത്തെ നിരവധി സ്ത്രീകള്‍ക്ക് വേണ്ടിക്കൂടിയായിരുന്നു. സാക്ഷിയും സെല്‍വരാജും ചേര്‍ന്ന് തയ്യാറാക്കിയ ‘വിറ്റ്‌നസി’ ല്‍ ഒരു ഗുസ്തിതാരത്തിന്റെ കരിയറും ജീവിതവും പ്രതിപാദിക്കുന്നതിനൊപ്പം സാമൂഹികമായ പലതിന്റെയും വിശാലമായ വ്യാഖ്യാനം കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.
ഈ പുസ്തകം ഒരു കായിക ജീവചരിത്രം എന്ന നിലയില്‍ മാത്രമല്ല, സ്വത്വം, പ്രതിരോധം, നീതിക്കായുള്ള അന്വേഷണം എന്നിവയുടെ ഉള്‍ത്തേടല്‍ കൂടിയാണ്. സാക്ഷിയെ ഒരു ചാമ്പ്യന്‍ ഗുസ്തിക്കാരിയായി മാത്രമല്ല, ഏറെ സങ്കീര്‍ണതകള്‍ അനുഭവിച്ച ഒരു വ്യക്തിയായും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. അവളുടെ ജീവിതത്തിന്റെ സങ്കീര്‍ണതകളെ സത്യസന്ധതയോടെയും ധൈര്യത്തോടെയുമാണ് ‘ വിറ്റ്‌നസ്’ വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്.
അവളുടെ കഥയിലൂടെ, പീഡനം, ലിംഗപരമായ ചലനാത്മകത, അനീതിക്കെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യം എന്നിവയുടെ വിശാലമായ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അവള്‍ വായനക്കാരെ ക്ഷണിക്കുന്നു. ‘സാക്ഷി’ അവളുടെ യാത്രയുടെ ഒരു സാക്ഷ്യമായി നിലകൊള്ളുന്നു, മറ്റുള്ളവരെ അവരുടെ ഭയത്തെ നേരിടാനും മാറ്റത്തിനായി വാദിക്കാനും പ്രചോദിപ്പിക്കുന്നു. Indian wrestler Sakshi Malik’s memoir ‘Witness’ exploring both her triumphs and struggles
Content Summary; Indian wrestler Sakshi Malik’s memoir ‘Witness’ exploring both her triumphs and struggles