വനിത ലോകകപ്പ് സെമിഫൈനൽ കണ്ട് കണ്ണും മനസും നിറഞ്ഞ ആരാധകരുടെ ഉള്ളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരു പേരായി ജമീമ റോഡ്രിഗസ് മാറിയിരിക്കുന്നു. ജമീമയ്ക്കൊപ്പം ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച മറ്റൊരു യുവതാരത്തെക്കൂടി ഈ വിജയത്തിൽ ചേർത്തുപിടിക്കേണ്ടതുണ്ട്, റിച്ച ഘോഷ്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ പ്രതിഭാധനരായ യുവതാരങ്ങളിൽ ഒരാളാണ് റിച്ച ഘോഷ്. വിക്കറ്റ് കീപ്പർ-ബാറ്റർ റോളിൽ, മധ്യനിരയിൽ അതിവേഗം റൺസ് നേടാനുള്ള റിച്ച ഘോഷിൻ്റെ കഴിവ് ഇന്ത്യൻ ടീമിന് ഒരു മുതൽക്കൂട്ടാണ്. വനിത ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ജമീമ റോഡ്രിഗസിനൊപ്പം ചേർന്നുള്ള റിച്ചയുടെ തീപ്പൊരി ഇന്നിംഗ്‌സ് (16 പന്തിൽ 26 റൺസ്, 2 ഫോർ, 2 സിക്സ്) ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡ് ചേസിംഗിന് വഴി തുറന്ന നിർണ്ണായക നിമിഷമായിരുന്നു.
ആരാണ് റിച്ച ഘോഷ്?
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ 2003 സെപ്റ്റംബർ 28നാണ് റിച്ച ഘോഷിൻ്റെ ജനനം. നാലാം വയസ്സിൽ അച്ഛൻ മാനബേന്ദ്ര ഘോഷിൻ്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് കളിച്ചു തുടങ്ങി. തൻ്റെ 16ാം വയസ്സിൽ തന്നെ ഇന്ത്യൻ ടീമിൽ ഇടം നേടാൻ റിച്ചയ്ക്ക് കഴിഞ്ഞു. 2020 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ ടി20 ഇൻ്റർനാഷണലിൽ അരങ്ങേറ്റം കുറിച്ചു. മികച്ച ബാറ്റിംഗ് പ്രകടനത്തോടൊപ്പം വിക്കറ്റ് കീപ്പിംഗിലെ പ്രകടനവും ടീമിൽ വേഗത്തിൽ സ്ഥാനമുറപ്പിക്കാൻ റിച്ചയെ സഹായിച്ചു.
2019 ഒക്‌ടോബറിൽ സീനിയർ വിമൻസ് ടി20 ട്രോഫിയിലെ ഒരു മത്സരത്തിലാണ് 16 വയസ്സുകാരി റിച്ചയെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ബംഗാൾ ടീം 10 ഓവറിൽ വെറും 35/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് റിച്ച ബാറ്റിംഗിന് ഇറങ്ങിയത്. തുടർന്ന് വെറും 36 പന്തിൽ 67 റൺസ് അടിച്ച് ടീമിനെ 136/7 എന്ന മികച്ച സ്കോറിലേക്ക് നയിച്ചു. ‘മൂന്ന് വർഷത്തിനുള്ളിൽ ഞാൻ ഇന്ത്യൻ ടീമിൽ എത്തും’ എന്ന റിച്ചയുടെ വാക്കുകൾ സാക്ഷാത്കരിക്കുന്ന ഒരു നിമിഷം കൂടിയായിരുന്നു അതെന്ന് അണ്ടർ-19 കോച്ച് ചരൺജീത് സിങ് ഒരിക്കൽ പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ തോറ്റെങ്കിലും മത്സരത്തിൽ റിച്ച ഘോഷിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്താണ് റിച്ച കളം വിട്ടത്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ (പുരുഷ, വനിത) 8ാം സ്ഥാനത്തോ അതിനു താഴെയോ ഇറങ്ങി ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിക്കുന്ന താരമായി റിച്ച മാറി.
ലോക വേദിയിലെ പ്രകടനങ്ങൾ
‘മാച്ച് വിന്നർ’ എന്ന നിലയിൽ ഇതിനകം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ റിച്ച ഘോഷ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 2025 വനിത ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചുകൊണ്ട്, എട്ടാം നമ്പറിൽ ഇറങ്ങി ഒരു വനിതാ ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് (77 പന്തിൽ 94) നേടുന്ന താരം എന്ന റെക്കോർഡ് റിച്ച നേടി. സമ്മർദ്ദ നിമിഷങ്ങളിൽ അതിവേഗം റൺസ് നേടാനുള്ള റിച്ചയുടെ കഴിവും ശ്രദ്ധേയമാണ്. പലപ്പോഴും ധോണിയെ അനുസ്മരിപ്പിക്കുന്ന ഫിനിഷിംഗ് റോളാണ് റിച്ച ടീമിനായി ചെയ്യുന്നത്.
രാജ്യാന്തര തലത്തിൽ മാത്രമല്ല, ഫ്രാഞ്ചൈസി ലീഗുകളിലും റിച്ച ഘോഷ് തൻ്റെ മുദ്ര പതിപ്പിച്ചു. വനിതാ പ്രീമിയർ ലീഗിൻ്റെ ആദ്യ സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൻ്റെ ഭാഗമാണ് റിച്ച. ആർസിബിയുടെ കിരീട നേട്ടത്തിൽ അവരുടെ ഫിനിഷിംഗ് മികവ് നിർണ്ണായകമായിരുന്നു. ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിലും ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡിലും റിച്ച ഘോഷ് കളിച്ചിട്ടുണ്ട്.
Content Summary: India’s best power-hitter in the ICC Women’s World Cup, Who Richa Ghosh?
This post was last modified on October 31, 2025 12:55 pm
Leave a Comment