ആകാശ് ദീപിനു മുന്നില്‍ പിഴച്ച ബ്രൈഡന്‍ കാര്‍സെയെ സുരക്ഷിതമായി ക്യാപ്റ്റന്‍ ഗില്‍ കൈയിലൊതുക്കുമ്പോള്‍, എഡ്ജ്ബാസ്റ്റണില്‍ ടീം ഇന്ത്യയെ സംബന്ധിച്ച് അതൊരു ചരിത്ര നിമിഷമായിരുന്നു. 58 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ഇന്ത്യ ഒരു മത്സരം ജയിക്കുന്നത്. ഏഴ് തോല്‍വികള്‍ക്കിടയില്‍ ആകെ പറയാനുണ്ടായിരുന്നത് ഒരു സമനില മാത്രം. ഇന്ത്യക്ക് അപ്രാപ്യമായൊരു ലക്ഷ്യം എന്ന് കരുതിയിടത്ത്, വിദേശ പര്യടനങ്ങളിലെ ഏറ്റവും വലിയ മാര്‍ജിനില്‍(336) ഒരു അത്യുഗ്രന്‍ വിജയം. 2019 ല്‍ വെസ്റ്റിന്‍ഡീസില്‍ നേടിയ 318 റണ്‍സിന്റെ വിജയമാണ് മറി കടന്നത്. എഡ്ബാജ്സ്റ്റന്‍ വിജയത്തോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്താനും ഇന്ത്യക്കായി. ലീഡ്‌സില്‍ ആദ്യ ടെസ്റ്റിലെ പരാജയത്തിന് മറുപടിയുമായി.
രണ്ട് ഇന്നിംഗ്‌സുകളിലുമായി 187 റണ്‍സിന് 10 വിക്കറ്റുകള്‍ നേടിയ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ബൗളറിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടമാണിത്. 1986 ല്‍ എഡ്ജ്ബാസ്റ്റണില്‍ തന്നെ ചേതന്‍ ശര്‍മയാണ് പത്ത് വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുള്ളത്. ഒമ്പത് വിക്കറ്റുകളുമായി ബുംമ്രയും സഹീര്‍ ഖാനുമാണ് ഇവര്‍ക്ക് പിന്നിലുള്ളത്.
മുഹമ്മദ് സിറാജ്-ആകാശ് ദീപ് സഖ്യത്തിന്റെ 17 വിക്കറ്റ് നേട്ടം, ഇന്ത്യയുടെ ന്യൂ ബോള്‍ ബൗളര്‍മാര്‍ ടെസ്റ്റ് മത്സരങ്ങളില്‍ സ്വന്തമാക്കുന്ന മികച്ച നേട്ടങ്ങളില്‍ ഒന്നാമതെത്തി. സഹീര്‍ ഖാന്‍-ഇര്‍ഫാന്‍ പത്താന്‍ സഖ്യം 2005 ല്‍ സിംബാവേയ്‌ക്കെതിരേ ഹരാരേയിലും, ഇശാന്ത് ശര്‍മ-ഉമേഷ് യാദവ് സഖ്യം 2019 ല്‍ ബംഗ്ലാദേശിനെതിരേ ബെംഗളൂരുവിലും വീഴ്ത്തിയ 17 വിക്കറ്റുകള്‍ക്കു മുകളിലായി എഡ്ജ്ബാസ്റ്റണിലെ സിറാജ്-ആകാശ് പ്രകടനം.
പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് നിരയിലുമുണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നേട്ടം കൊയ്‌തൊരാള്‍. അവരുടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത്. ഇംഗ്ലണ്ടിന്റെ ട്രേഡ് മാര്‍ക്കായ ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശിയ സ്മിത്ത് ആയിരുന്നു ഇന്ത്യയുടെ പ്രധാന ഭീഷണി. രണ്ട് ഇന്നിംഗ്‌സിലുമായി ജാമി സ്മിത്ത് നേടിയ 272 റണ്‍സ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന മൂന്നാമത്തെ വലിയ റണ്‍സാണ്. ആദ്യ രണ്ട് സ്ഥാനങ്ങളും സിംബാവേ മുന്‍ വിക്കറ്റ് കീപ്പര്‍ അന്‍ഡി ഫ്‌ളവറിന്റെ പേരിലാണ്. 2001 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 341 റണ്‍സാണ് ആന്‍ഡി അടിച്ചു കൂട്ടിയത്. 2000 ല്‍ ഇന്ത്യയ്‌ക്കെതിരേ നേടിയ 287 റണ്‍സ് പിന്നിലേക്ക് തള്ളിയായിരുന്നു ആന്‍ഡി മുന്നിലെത്തിയത്.
എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടും ഇന്ത്യയും ചേര്‍ന്ന് നേടിയ 1692 റണ്‍സ് ഇരു ടീമുകളും തമ്മിലുള്ള ഒരു ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ലീഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ നേടിയ 1673 റണ്‍സാണ് അവര്‍ മറികടന്നത്. ഫലം കണ്ടൊരു ടെസ്റ്റ് മത്സരത്തില്‍ രണ്ടു ടീമുകളും നേടുന്ന നാലാമത്തെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് എഡ്ജ്ബാസ്റ്റണില്‍ പിറന്നത്.
ഹെഡിംഗ്ലിയിലും(ലീഡ്‌സ്) എഡ്ജ്ബാസ്റ്റണിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യയും ഇംഗ്ലണ്ടും നേടിയ 3365 റണ്‍സാണ് ഏതൊരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയിലെയും ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 1924-25 ലെ ആഷസില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ചേര്‍ന്ന് നേടിയ 3230 റണ്‍സാണ് പഴങ്കഥയായത്.
ഹെഡിംഗ്‌ലിയിലും എഡ്ജ്ബാസ്റ്റണിലുമായി നടന്ന രണ്ട് ടെസ്റ്റുകളില്‍ നിന്നും ഇന്ത്യ നേടിയ 1849 റണ്‍സ്, ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഏതൊരു ടീമും നേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച റണ്‍സാണ്. India-England second Test. Historic moments at Edgbaston
Content Summary; India-England second Test. Historic moments at Edgbaston
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.