March 18, 2025 |
Share on

കളിക്കളത്തില്‍ തന്ത്രവും മറുതന്ത്രവുമൊരുക്കുന്ന 23കാരി

ഇന്ത്യയിലെ ആദ്യ വനിത ഫുട്‌ബോള്‍ വീഡിയോ അനലിസ്റ്റ് അഞ്ജിത/ അഭിമുഖം

എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ്  അഞ്ജിത ആദ്യമായി കാലിൽ ബൂട്സ് അണിയുന്നത്. പ്രാദേശിക ഫുട്ബോൾ താരമായിരുന്ന അച്ഛൻ മണി ആയിരുന്നു അഞ്ജിതയുടെ ഫുട്ബോൾ കമ്പത്തിന്‌ പിന്നിൽ. അച്ഛനോടപ്പം ഫുട്ബോൾ കാണുന്നത് പോലും അഞ്ജിതയുടെ മനസിനെ അത്രമേൽ ആവേശം കൊള്ളിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ഇന്ന് തന്റെ 23-ാം വയസിൽ ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ വിഡിയോ അനലിസ്റ്റായി ഈ കാസര്‍ഗോഡുകാരി മാറില്ലായിരുന്നു. തന്റെ ജീവിത വഴികൾ അഴിമുഖത്തോട് പങ്കുവയ്ക്കുകയാണ് അഞ്ജിത. indias first female football videoanalyst

ഫുട്ബോളിലേക്ക് കാലെടുത്ത് വയ്ക്കുന്നത് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഞാൻ പഠിച്ച ജിഎച്ച്എസ്എസ് കക്കാട്ട് സ്കൂളിൽ പ്രീതിമോൾ ടീച്ചർ ആണ് ആദ്യമായി ഫുട്ബോൾ കൊണ്ട് വരുന്നത്. എന്റെ ആഗ്രഹങ്ങൾക്ക് ലക്ഷ്യങ്ങൾക്കും എന്നും കൂട്ട് നിന്നിട്ടുള്ളത് എന്റെ കുടുംബമാണ്. അച്ഛനും അമ്മയും ചേച്ചിയും ആണ് എന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം. ആദ്യകാല പരിശീലനം കോച്ച് നിതീഷിന്റെ കീഴിലായിരുന്നു. അവിടെ നിന്ന് ലഭിച്ച ബാല പാഠങ്ങളുടെ ബലത്തിലാണ് കേരള ജൂനിയർ ടീമിലേക്കും പിന്നീട് സീനിയർ ടീമിലേക്കുമെത്തുന്നത്. ഡിഗ്രി പഠനത്തിന് ശേഷമാണ് ഞാൻ ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്.

ബ്ലാസ്റ്റേഴ്സിൽ എത്തിയതിന് ശേഷമാണ് യഥാർത്ഥത്തിൽ ഫുട്ബോൾ മേഖലയിൽ തന്നെ തുടരണം എന്ന ആഗ്രഹം ശക്തമാകുന്നത്. അതിനെന്നെ സഹായിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് വുമൺസ് ടീം കോച്ച് ഷെരീഫ് ഖാൻ ആണ്. അദ്ദേഹത്തിൽ നിന്നാണ് ഫുട്ബോളിനെ കുറിച്ച് കൂടുതൽ അറിവുകൾ സ്വായക്തമാക്കിയത്. ഇന്നുവരെ എനിക്ക് എന്ത് സഹായം വേണമെങ്കിലും അദ്ദേഹത്തിനോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഒരു ഫുട്ബോൾ അനലിസ്റ്റ് എന്ന രീതിയിൽ എന്നെ രൂപപ്പെടുത്തിയെടുത്തിത്തത് കേരള ബ്ളാസ്റ്റേഴ്സ് റിസർവ് ടീം അനലിസ്റ്റ് ആനന്ദ് വർധൻ സാറാണ്. ഒരു അനലിസ്റ്റ് എന്ന രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും, തയ്യാറാക്കേണ്ട പദ്ധതികളെ കുറിച്ചുമുള്ള കൃത്യമായ ചിത്രം തന്നത് അദ്ദേഹമാണ്.

എന്തുകൊണ്ട് ഫുട്ബോൾ അനലിസ്റ്റ്

കാൽപന്ത് കളിയുടെ ലോകത്ത് തന്നെ നിലനിൽക്കണം എന്ന ആഗ്രമുള്ളത് കൊണ്ടാണ് ഞാൻ ഫുട്ബോൾ അനലിസ്റ്റ് എന്ന ഈ മേഖല തെരെഞ്ഞെടുത്തത്. ഞങ്ങളുടെ സീനിയേർസിന്റെ കാര്യം നോക്കുകയാണെകിൽ കല്യാണത്തിന് ശേഷം പലർക്കും കളിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ പോലും സാഹചര്യങ്ങൾ അനുവദിക്കാത്തത് മൂലം തുടരാൻ സാധിക്കാറില്ല. പക്ഷെ ഇതുപോലുള്ള അവസരങ്ങൾ കൂടി ഇവിടെ ഉണ്ടെന്നുള്ള ഒരു ഓർമപ്പെടുത്തൽ നൽകാൻ വേണ്ടിയാണ് ഞാൻ ഫുട്ബോൾ അനലിസ്റ്റിന്റെ കുപ്പായം അണിഞ്ഞത്. ഫുട്ബോൾ കളിയ്ക്കാൻ എല്ലാവർക്കും സാധിക്കണം എന്നില്ല അതിന് എതിര് നിൽക്കുന്ന തരത്തിൽ ശാരീരികവും മാനസികവുമായ പല കാരണങ്ങളും കാണും. പക്ഷെ ഈ മേഖലയിൽ പല അവസരങ്ങളും ഉണ്ട് അതൊന്നും ആരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അവസരങ്ങൾ തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രയത്നിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. യു കെ അധിഷ്ഠിതമായ പ്രൊഫഷണൽ ഫുട്ബോൾ സ്കൗട്ട്സ് അസോസിയേഷൻ (PFSA) കോഴ്സ് ആണ് ഞാൻ പൂർത്തിയാക്കിത്. ഗോഗുകുലം കേരളയുമായി കരാർ ഒപ്പിടുന്നതിന് മുൻപ് മുത്തൂറ്റ് എഫ് സിയുടെ ഒപ്പമുണ്ടായിരുന്നു. സെപ്റ്റംബറിൽ ടീമിനൊപ്പം ചേരണം എന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന അറിയിപ്പ്.

എന്താണ് ഒരു ഫുട്ബോൾ വീഡിയോ അനലിസ്റ്റിന്റെ യഥാർത്ഥ ജോലി

കളിക്കളത്തിൽ എതിരാളിയുടെ ശക്തിയും ദുർബലതയും മനസിലാക്കി തന്ത്രവും മറു തന്ത്രവും മെനയുന്നതാണ് യഥാർത്ഥത്തിൽ ഒരു ഫുട്ബോൾ വീഡിയോ അനലിസ്റ്റിന്റെ യഥാർത്ഥ ജോലി. ഒപ്പം കളിയെയും കളിക്കാരെയും വിലയിരുത്തുകയും അതിനൊത്ത മാർഗ നിർദേശങ്ങൾ നൽകുകയും വേണം. എതിർ ടീമിന്റെ ദൂർബലതകൾ കണ്ടെത്തി അതെങ്ങനെ സ്വന്തം ടീമിന് ഫലവത്തായ രീതിയിൽ ഉപയോഗിക്കാം എന്ന പദ്ധതികൾ തയ്യാറാക്കണം. അതോടൊപ്പം സ്വന്തം ടീമിന്റെ കളിയെ കൃത്യമായി വിലയിരുത്തി ഗെയിം പ്ലാൻ തയ്യാറാക്കണം. ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ, കൂട്ടിച്ചേർക്കലുകൾ എന്നിവ കൃത്യമായ വീഡിയോ സഹിതം ടീം കോച്ചിനെ കാണിക്കണം. കളി ആരംഭിക്കുന്നതിന് മുൻപും ശേഷവും പ്രീ മാച്ച് , പോസ്റ്റ് മാച്ച് അനാലിസിസ് റിപോർട്ടുകൾ തയ്യാറാക്കണം. പ്രീ മാച്ച് അനാലിസിസ് എതിർ ടീമിനെ കുറിച്ചുള്ളതാണ്, പോസ്റ്റ് മാച്ച് അനാലിസിസ് സ്വന്തം ടീമിന്റെ കളിയെ കുറിച്ചുള്ള വിലയിരുത്തലാണ്.

കേരളത്തിലെ ഫുട്ബോൾ

മുൻ കാലങ്ങളെ അപേക്ഷിച്ച് കുട്ടികൾ കൂടുതലായി ഫുട്ബോൾ തെരഞ്ഞെടുക്കുന്ന പ്രവണത കാണാൻ സാധിക്കുന്നുണ്ട്, പ്രത്യേകിച്ച് പെൺകുട്ടികൾ. കുറച്ച് കാലങ്ങളായി കേരളത്തിലെ വനിതാ ഫുട്ബോൾ മേഖലയിൽ നല്ല മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കഴിവും താല്പര്യവുമുള്ള നിരവധി കുട്ടികൾ ഇന്ന് ഫുട്ബോളിലേക്ക് തിരിയുന്നുണ്ട് എന്നത് വലിയകാര്യമാണ്. ഈ മാറ്റത്തിൽ ലീഗ് ഫുട്ബോൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരള വുമൺസ് ലീഗ്, ഇന്ത്യൻ വനിതാ ലീഗ് ( IWL) ഇവയുടെ പങ്ക് ഒരിക്കലും കുറച്ച് കാണാൻ സാധിക്കില്ല. കൂടാതെ ഐഎസ്എൽ ക്ലബ്ബുകളായ ഒഡിഷ എഫ് സി, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ഐഎസ്എൽ ക്ലബുകളും, ഫുട്ബോൾ വളരാനുള്ള നിലം ഒരുക്കുന്നവയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി എന്ന പേരിൽ വനിതാ ടീം തുടങ്ങിയിരുന്നെങ്കിലും ചില കാരണങ്ങളാൽ പ്രവർത്തിക്കുന്നില്ല. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫുട്ബോൾ ഇന്ന് ആഗ്രഹവും അഭിനിവേശവും കൊണ്ട് മാത്രം കളിക്കുന്ന ഒരു കായിക ഇനമല്ല ഇതിൽ തന്നെ ഒരു ഭാവി കെട്ടിപ്പടുക്കാൻ സാധിക്കും എന്ന് പുതിയ തലമുറയ്ക്ക് കൃത്യമായ ധാരണയുണ്ട്. നല്ല അവസരങ്ങൾ ദിനംപ്രതി ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്, അവസരങ്ങൾ തേടി പിടിക്കേണ്ട ഉത്തരവാദിത്തം നമ്മുടേതാണ്. കേരളത്തിന് സമാനമായി ഇന്ത്യൻ ഫുട്ബോളിൽ എല്ലാവരും ഒരു പോലെ തുല്യ ശക്തിയുള്ളവരായാണ് എനിക്ക് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. ശക്തമായ മത്സരം ആണ് നിലനിൽക്കുന്നത് അതിനാൽ തന്നെ ആരാണ് മുൻപന്തിയിൽ എന്നൊന്നും പറയാൻ സാധിക്കില്ല. അൽപ്പം കൂടെ പിന്തുണ ലഭിച്ചാൽ ഇനിയും ഒരുപാട് അഭിവൃദ്ധിപ്പെടും എന്നാണ് എന്റെ വിലയിരുത്തൽ.

തുടർ ലക്ഷ്യങ്ങൾ

എട്ടാം ക്ലാസ്സിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചത് മുതലുണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹം സ്കൂൾ ടീമിനെ സംസ്ഥാന തലത്തിൽ കപ്പ് വാങ്ങിച്ച് നൽകുക എന്നതായിരുന്നു, ഈ ആഗ്രഹം ഞങ്ങൾ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സാധിച്ചെടുത്തു. നിലവിലെ എന്റെ ഏറ്റവും വലിയ ആഗ്രഹം സീനിയർ വുമൺസ് ടീമിന്റെ അനലിസ്റ്റ് ആവുക എന്നതാണ്. ഒരു അനലിസ്റ്റ് എന്ന രീതിയിൽ ഉള്ള എന്റെ യാത്ര ആരംഭിച്ചിട്ടേയുള്ളു ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്. അറിവിനൊപ്പം അനുഭവം കൂടി ചേർന്നാൽ മാത്രമേ ഈ ജോലിയോട് എനിക്ക് നൂറ് ശതമാനം നീതി പുലർത്താൻ സാധിക്കു. വളരെ ആകാംഷാപൂർവ്വമാണ് ഓരോ നേട്ടങ്ങളെയും ഞാൻ കാത്തിരിക്കുന്നത്. നിലവിൽ ഈ മേഖലയിലേക്ക് കാലെടുത്ത് വച്ച ഏക വനിത ഞാനാണ്, ഇനി വരും കാലങ്ങളിൽ കൂടുതൽ പേർ ഈ മേഖല തെരഞ്ഞെടുക്കണം എന്നാണ് എന്റെ ആഗ്രഹം.

content summary ; Interview with Anjitha, India’s First Female Football Video Analyst

×