July 16, 2026 |
Share on

കളിക്കളത്തില്‍ രാഷ്ട്രീയം വേണ്ട; ‘ഫോക്‌ലാന്‍ഡ്’ വിവാദത്തില്‍ കുടുങ്ങി അര്‍ജന്റീന

ബ്രിട്ടനുമായി അര്‍ജന്റീന തര്‍ക്കത്തിലുള്ള ദ്വീപാണ് ഫോക്‌ലാന്‍ഡ്, സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ശേഷമായിരുന്നു ബാനര്‍ പ്രദര്‍ശിപ്പിച്ചത്‌

ഫൈനല്‍ പ്രവേശനത്തിന്റെ ആഹ്ലാദങ്ങള്‍ക്കിടയില്‍ അര്‍ജന്റീന ടീമിനെ കാത്ത് ഫിഫയുടെ അച്ചടക്ക നടപടി. വിഷയം രാഷ്ട്രീയമാണ്! അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആവേശകരമായ സെമിഫൈനല്‍ വിജയം ആഘോഷിക്കാന്‍ ഫോക്ലാന്‍ഡ് ദ്വീപ് വിഷയം പരാമര്‍ശിക്കുന്ന ബാനര്‍ ഉയര്‍ത്തിയതാണ് അര്‍ജന്റീനയ്‌ക്കെതിരേ ഫിഫ യുടെ നടപടി ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

മത്സരശേഷം അര്‍ജന്റീന മധ്യനിര താരം ജിയോവാനി ലോ സെല്‍സോയും പ്രതിരോധ താരം നിക്കോളാസ് ഒറ്റാമെന്‍ഡിയും ചേര്‍ന്നാണ് ‘ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്’ എന്ന് എഴുതിയ ബാനര്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ചത്. ‘മാല്‍വിനാസ് അര്‍ജന്റീനയുടേതാണ്’ എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. ഗാലറിയിലെ ആരാധകരില്‍ നിന്ന് വാങ്ങിയ ബാനര്‍ ലോ സെല്‍സോ ആദ്യം കയ്യില്‍ പിടിച്ചശേഷം മൈതാനത്ത് വിരിച്ചിടുകയായിരുന്നു.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ രാഷ്ട്രീയവും മതപരവും വ്യക്തിപരവുമായ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിഫയ്ക്കും അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിനും (ഐഎഫ്എബി) കര്‍ശനമായ നിയമങ്ങളുണ്ട്. കളിക്കാരുടെ ജേഴ്സി ഉള്‍പ്പെടെയുള്ള കിറ്റുകളിലോ അടിവസ്ത്രങ്ങളിലോ ഇത്തരം രാഷ്ട്രീയ-മത ചിഹ്നങ്ങളോ പരസ്യങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന് ഐ.എഫ്.എ.ബി ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിയമങ്ങള്‍ ലംഘിക്കുന്ന കളിക്കാര്‍ക്കും ടീമിനുമെതിരെ അതത് അസോസിയേഷനുകള്‍ക്കോ ഫിഫയ്‌ക്കോ അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണ്.

കൂടാതെ, ഫിഫയുടെ സ്റ്റേഡിയം പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരവും രാഷ്ട്രീയ സ്വഭാവമുള്ള ബാനറുകള്‍ നിരോധിച്ചിട്ടുള്ളതാണ്. ഏതെങ്കിലും രാജ്യത്തിനോ വ്യക്തിക്കോ ഗ്രൂപ്പുകള്‍ക്കോ എതിരെ വംശം, നിറം, ദേശീയത, മതം, രാഷ്ട്രീയ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ യാതൊരുവിധ സാമഗ്രികളും സ്റ്റേഡിയത്തില്‍ അനുവദിക്കില്ലെന്ന് ഫിഫയുടെ നിരോധിത പട്ടികയിലുണ്ട്. ഇറാന്റെ പഴയ പതാകകള്‍ (1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുള്ളത്) ലോകകപ്പില്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ ജൂണില്‍ ഫിഫയെടുത്ത തീരുമാനം ലോസ് ആഞ്ചലസിലെ കോടതി ശരിവെച്ചിരുന്നു.

മത്സരവുമായി ബന്ധപ്പെട്ട വിവിധ ഒഫീഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമായിരിക്കും ഫിഫ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇത്തരം സംഭവങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമേ അടുത്ത നടപടികളിലേക്ക് കടക്കാറുള്ളൂ എന്നതിനാല്‍ നിലവില്‍ ഇതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. വിഷയത്തില്‍ ഫിഫയുടെ പ്രതികരണം തേടിയിട്ടുണ്ട്.

അര്‍ജന്റീനയുടെ പ്രധാന ഭൂപ്രദേശത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് ഏകദേശം 480 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന, ബ്രിട്ടന്റെ അധീനതയിലുള്ള ദ്വീപാണിത്. അര്‍ജന്റീനയില്‍ ഇതിനെ ‘ലാസ് മാല്‍വിനാസ്’ എന്നാണ് വിളിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നെപ്പോളിയന്‍ യുദ്ധകാലത്ത് ബ്രിട്ടന്‍ അര്‍ജന്റീനയില്‍ നടത്തിയ അധിനിവേശത്തോളം പഴക്കമുള്ളതാണ് ഈ തര്‍ക്കം. 1774-ല്‍ ബ്രിട്ടന്‍ ഫോക്ലാന്‍ഡില്‍ അവകാശവാദം ഉന്നയിക്കുകയും 1832-ല്‍ ഭരണം പുനഃസ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് 1982-ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ഈ പ്രദേശം പിടിച്ചെടുക്കാന്‍ അധിനിവേശം നടത്തിയതോടെയാണ് യുദ്ധമുണ്ടായത്. ഏപ്രില്‍ 2 മുതല്‍ ജൂണ്‍ 14 വരെ നീണ്ടുനിന്ന ആ യുദ്ധം അര്‍ജന്റീനയുടെ കീഴടങ്ങലോടെയാണ് അവസാനിച്ചത്. അന്ന് മൂന്ന് സാധാരണക്കാരും 255 ബ്രിട്ടീഷ് സൈനികരും 649 അര്‍ജന്റീന സൈനികരും കൊല്ലപ്പെട്ടിരുന്നു.

നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഞായറാഴ്ച മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിനെ നേരിടും. മത്സരത്തില്‍ വിജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീമാകും നീലപ്പട.

Content Summary; Argentina faces potential FIFA sanctions after players celebrated their semifinal win against England with a controversial Falkland Islands (Las Malvinas) banner.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×