2025-ലെ നോബൽ സമാധാന സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോയ്ക്ക് ലഭിച്ചതിനെ തുടർന്ന് വിവാദം. സമ്മാന പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഓൺലൈൻ പ്രവചന പ്ലാറ്റ്‌ഫോമുകളിൽ അവരുടെ വിജയസാധ്യത കുത്തനെ ഉയർന്നതിനെക്കുറിച്ച് നോർവീജിയൻ നോബൽ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. വിവര ചോർച്ചയിലൂടെ ആരെങ്കിലും ലാഭം നേടിയോ എന്നാണ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുന്നത്.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് മച്ചാഡോയെ വിജയിയായി നോബൽ കമ്മിറ്റി പ്രഖ്യാപിച്ചത്. എന്നാൽ, വ്യാഴാഴ്ച രാത്രി വൈകിയതുമുതൽ പോളിമാർക്കറ്റ് എന്ന ഓൺലൈൻ വാതുവെപ്പ് സൈറ്റിൽ മച്ചാഡോയുടെ വിജയത്തിനായി വൻതോതിൽ പണം വെച്ചുള്ള വാതുവെപ്പുകൾ നടന്നു.
ഇതോടെ, അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെ മച്ചാഡോയുടെ വിജയസാധ്യത 73 ശതമാനത്തിലധികമായി ഉയർന്നു. തുടർന്ന് നേരിയ കുറവുണ്ടായെങ്കിലും പുലർച്ചെ 3 മണിക്ക് ശേഷം ഈ സാധ്യത വീണ്ടും ഉയർന്നു, പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഇത് ഉയർന്ന നിലയിൽ തുടർന്നു.
നോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്പ്‌വിക്കെൻ ആണ് ഈ വാതുവെപ്പിൽ വിവര ചോർച്ച നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായി നോർവീജിയൻ ബിസിനസ് പത്രമായ ഫിനാൻസവിസനോട് വെളിപ്പെടുത്തിയത്.
പണം വെച്ച് പ്രവചനം നടത്തുന്നതിലൂടെ കൃത്യമായ ഫലങ്ങൾ നേടാൻ കഴിയുമെന്ന അവകാശവാദത്തോടെയാണ് പോളിമാർക്കറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചതിലൂടെ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. നോബൽ കമ്മിറ്റി വക്താവ് എറിക് ആഷൈം ഉൾപ്പെടെയുള്ളവരും പോളിമാർക്കറ്റ് പ്രതിനിധികളും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
content summary: Nobel Peace Prize Controversy: Online Betting on Maria Corina Machado Surges Before Announcement
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.