June 13, 2026 |

കടൽ കടക്കാനാകാതെ.. അമേരിക്കൻ തീരുവയിൽ കുടുങ്ങി കേരളത്തിലെ ചെമ്മീൻ വ്യവസായം

ചെമ്മീൻ കർഷകർ, സംസ്കരണ യൂണിറ്റുകൾ, കയറ്റുമതിക്കാർ തുടങ്ങിയവർ പ്രതിസന്ധിയിലാകും

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയിരിക്കുന്ന അധികതീരുവ യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളെ കാര്യമായി ബാധിക്കുമെന്നത് ഉറപ്പാണ്. കേരളത്തിലെ ചെമ്മീൻ മേഖലയിലും യുഎസിന്റെ നികുതി നയം ആഴത്തിലുള്ള ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീനു മേൽ താരിഫ് ഏർപ്പെടുത്തുമ്പോൾ അവയുടെ വില യുഎസ് വിപണിയിൽ വർധിക്കുന്നു. ഇത് കേരളത്തിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിയെ നേരിട്ട് തന്നെ ബാധിക്കും. യുഎസിന് കൂടുതൽ വില നൽകാൻ ഇന്ത്യ വിമുഖത കാണിക്കുന്നതിനാൽ, കേരളത്തിൽ നിന്നുള്ള ഓർഡറുകളും കുറയും. ഇത് ചെമ്മീൻ കർഷകർ, സംസ്കരണ യൂണിറ്റുകൾ, കയറ്റുമതിക്കാർ എന്നിവരെയെല്ലാം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

യുഎസിന്റെ നികുതി നയം ചെമ്മീൻ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും ഇന്ത്യയിലെ ഉത്പന്നങ്ങൾ രാജ്യത്ത് തന്നെ വിറ്റഴിക്കാനുള്ള മാർ​ഗങ്ങൾ സർക്കാർ കണ്ടെത്തണമെന്നും ചെമ്മീൻ പീലിങ്ങ് അസോസിയേഷൻ പ്രസിഡന്റ് അജിത്ത് അഴിമുഖത്തോട് പറഞ്ഞു. കമ്പനികളിൽ കയറ്റുമതി കുറഞ്ഞാൽ ചെമ്മീൻ വ്യവസായത്തിലെ എല്ലാ തൊഴിലാളികളെയും അത് ബാധിക്കുമെന്നും അജിത്ത് പറയുന്നു.

‘ഇന്ത്യയിൽ നിന്നും ചെമ്മീൻ കയറ്റുമതിയിൽ 50 ശതമാനവും പോകുന്നത് അമേരിക്കയിലേക്കാണ്. എന്നാൽ കേരളത്തിൽ നിന്നും 20 ശതമാനമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കേരളത്തിൽ നിന്നും ചെമ്മീൻ കൂടുതലും കയറ്റുമതി ചെയ്യുന്നത് ചൈന, വിയറ്റ്നാം, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ഇന്ത്യയിലെ ചെമ്മീൻ അമേരിക്ക എടുക്കാത്തത് കൊണ്ട് തന്നെ ഇന്ത്യയിലെ ചരക്കിന് വില കുറവാണെന്ന രീതിയിൽ മറ്റ് രാജ്യങ്ങളും നൽകുന്ന വില കുറയ്ക്കാൻ സാധ്യതയുണ്ട്. അത് വലിയൊരു പ്രശ്നമാണ്. നിലവിൽ മറ്റ് രാജ്യങ്ങളും ചരക്ക് തൽക്കാലത്തേക്ക് ഹോൾഡ് ചെയ്യാൻ പറയുകയാണ്. അത് ഇന്ത്യൻ വിപണിയെ കാര്യമായി തന്നെ ബാധിക്കും.

ചോയ്സ്, മം​ഗള തുടങ്ങിയ കമ്പനികളാണ് കൂടുതലും കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്യുന്നത്. മറ്റ് കമ്പനികളിൽ ചെറിയൊരു ശതമാനമാണ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് പോകുന്നത്. നിലവിൽ കാര്യമായ രീതിയിൽ ബാധിച്ച് തുടങ്ങിയിട്ടില്ല, എന്നാൽ അധികം വൈകാതെ തന്നെ യുഎസിന്റെ നികുതി നയം ചെമ്മീൻ മേഖലയെ പ്രതിസന്ധിയിലാക്കും.

കയറ്റുമതി കുറയുമ്പോൾ, ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. ഇത് ചെമ്മീൻ്റെ വിലയിടിവിന് കാരണമാകും. വില കുറയുന്നത് കർഷകർക്കും ഇടത്തരം വ്യവസായികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഉത്പാദനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറയുന്നത് പുതിയ നിക്ഷേപങ്ങളെയും ഈ മേഖലയിലെ തൊഴിലവസരങ്ങളെയും ദോഷകരമായി ബാധിക്കും.

നിലവിലെ അവസ്ഥയിൽ ഇന്ത്യൻ സർക്കാർ ചെമ്മീൻ വ്യവസായത്തെ പിന്തുണക്കുകയാണ് വേണ്ടത്. ചെമ്മീൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പാക്കേജ്, അതായത് കൊറോണ സമയത്ത് പ്രഖ്യാപിച്ചത് പോലുള്ള ഓണറേറിയം നൽകുകയും ബാങ്കിലെ പലിശ കുറയ്ക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചും ഞങ്ങളെ ഒപ്പം നിർത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.

കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ചെമ്മീൻ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. മറ്റ് മേഖലകളാണെങ്കിൽ കൂടി ചെമ്മീൻ മേഖലയുമായി ചേർന്നുനിൽക്കുന്നതാണ്. അതിനാൽ അവയക്കും നികുതി വർദ്ധനവ് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഓഖി ദുരന്തത്തിന് ശേഷം കേരള തീരത്ത് ചെമ്മീന്റെ ലഭ്യത വളരെ കുറവാണ്. ആന്ധ്ര പ്രദേശ്, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വളർത്തുചെമ്മീനെ ആശ്രയിച്ചിട്ടാണ് ഞങ്ങൾ നിന്നിരുന്നത്. ആന്ധ്രയിലും തമിഴ്നാട്ടിലും ഒരുപാട് കമ്പനികൾ പുതുതായി തുടങ്ങിയിട്ടുണ്ട്. അവിടുള്ള കമ്പനികളുമായി മത്സരിച്ച് കേരളത്തിൽ ചരക്കെടുത്ത് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ​ട്രാൻസ്പോർട്ടിങ്ങ് ചിലവ് തന്നെ ഒരു കിലോയ്ക്ക് 35 രൂപയാകും. ആന്ധ്ര കമ്പനികൾക്ക് ആ ചിലവ് നൽകേണ്ടതില്ല. ആന്ധ്രയിൽ നിന്നാണ് ചെമ്മീൻ എത്തുന്നതെന്ന് അറിയാവുന്നതിനാൽ ആന്ധ്രയ്ക്ക് ലഭിക്കുന്ന തുക കൊച്ചിൻ മെറ്റീരിയലിന് ലഭിക്കാതെ വരുന്നു. കേരളത്തിൽ വനാമി ചെമ്മീൻ കൃഷി തുടങ്ങുകയെന്നതാണ് അതിനുള്ള ഒരു മാർ​ഗം. അതിനായി സർക്കാർ പോളിസിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയും വേണം. ആന്ധ്ര കമ്പനികൾക്ക് കൂടുതലും അമേരിക്കൻ ഓർഡറുകളാണ് വരുന്നത്. അമേരിക്കൻ ഓർഡറുകൾ കുറയുന്നതിനാൽ ചരക്ക് കേരളത്തിലേക്ക് എത്തുന്നുണ്ട്.

നികുതി വർദ്ധനവ് വന്നതോടെ ചെമ്മീൻ മേഖല നഷ്ടത്തിലാണെന്ന് തന്നെ പറയാം. കമ്പനികൾക്ക് ചരക്കെടുക്കാൻ കഴിയാതെ വരുമ്പോൾ സ്വാഭാവികമായും തൊഴിലാളികൾക്ക് ജോലിയില്ലാതെ വരും. ഇതിനെ മാത്രം ആശ്രയിച്ച് നിൽക്കുന്ന തൊഴിലാളികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

ഇന്ത്യയിൽ ഒൻപത് സംസ്ഥാനങ്ങളിലാണ് തീരപ്രദേശങ്ങളുള്ളത്. ഒൻപത് സംസ്ഥാനങ്ങളിൽ ഇന്ത്യയുടെ മൊത്തം ജനസംഖ്യ വെച്ച് നോക്കുകയാണെങ്കിൽ നാല് ശതമാനം മാത്രമാണ് സീ ഫൂഡ് ഉപയോ​ഗിക്കുന്നത്. മാത്രമല്ല ശീതീകരിച്ച ഭക്ഷണപദാർത്ഥങ്ങൾ മോശം ഭക്ഷണമാണ് എന്നൊരു ചിന്തയും ജനങ്ങൾക്കുണ്ട്. അത് മാറ്റിയെടുക്കാൻ സർക്കാരാണ് ശ്രമങ്ങൾ നടത്തേണ്ടത്. അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഈ ഭക്ഷണത്തിന് അത്രയും ​ഗുണമേന്മയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ശീതീകരിച്ച ഭക്ഷണം ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ലെന്ന കാര്യം മനസിലാക്കി ആഭ്യന്തര വിപണി ശക്തിപ്പെടുത്തിയാൽ നിലവിലെ നികുതി പ്രശ്നത്തിന് ഒരു താൽക്കാലിക പരിഹാരം കാണാനാകുമെന്നാണ് ഞാൻ കരുതുന്നത്.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പല ഉത്പന്നങ്ങളും വലിയ വില നൽകി ഇന്ത്യയിലെ ജനങ്ങൾ വാങ്ങുന്നുണ്ട്. അതിനേക്കാളും എത്രയോ നല്ലതാണ് ചെമ്മീൻ. ഞങ്ങൾ മുന്നോട്ട് വെക്കുന്ന മാർ​ഗം ശാശ്വത പരിഹാരമാകില്ലെങ്കിൽ പോലും അമേരിക്ക പോലുള്ള കുത്തക മുതലാളിമാരുടെ ഭീഷണിക്ക് വഴങ്ങാതിരിക്കാൻ കഴിയും. അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾ അത്യാവശ്യമാണ്. കാരണം മറ്റ് രാജ്യങ്ങളിൽ ചെമ്മീൻ വ്യവസായം നടത്തുന്നത് വളരെ ചിലവേറിയ കാര്യമാണ്. കേരളത്തിലെ പോലെ കുറഞ്ഞ ചിലവിൽ പണിയെടുക്കുന്ന തൊഴിലാളികൾ അമേരിക്കയിലുണ്ടാകില്ല. ഇവിടെ 50 രൂപയ്ക്ക് പീൽ ചെയ്ത് ഫ്രീസ് ചെയ്യാൻ കഴിയുമെങ്കിൽ, പുറത്ത് അത് 500 രൂപയാകും. പെട്ടെന്ന് ഇന്ത്യയിൽ നിന്നുള്ള ചെമ്മീനെ ഒഴിവാക്കാൻ അമേരിക്കയ്ക്കും കഴിയില്ല.

ഇന്ത്യയിലെ ഉത്പന്നങ്ങൾ വാങ്ങി ഉപയോ​ഗിക്കാൻ ഇവിടത്തെ ജനങ്ങളോട് ആവശ്യപ്പെടുമ്പോൾ കയറ്റുമതി ചെയ്യുന്ന അതേ ​ഗുണമേന്മയിൽ തന്നെ നൽകണം. അങ്ങനെ ചെയ്യുമ്പോൾ ജനങ്ങൾ സർക്കാരിനെ വിശ്വസിച്ച് കൂടെ നിൽക്കും. അമേരിക്കയുടെ ഭീഷണിയെ ഒരുപരിധി വരെ ചെറുത്ത് നിന്ന് ചെമ്മീൻ വ്യവസായത്തെ രക്ഷിക്കാനും സർക്കാരിനാകും’, അജിത്ത് അഴിമുഖത്തോട് പറഞ്ഞു.

നിലവിലെ പ്രതിസന്ധിയെ നേരിടാൻ കേരളത്തിലെ ചെമ്മീൻ മേഖല പുതിയ വിപണികൾ കണ്ടത്തേണ്ടി വരുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. യൂറോപ്പ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിക്കുക എന്നതാണ് വിദ​ഗ്ധർ നൽകുന്ന മാർ​ഗനിർദേശം.

Content Summary: Kerala’s shrimp industry facing collapse in US tariffs

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×