ലോകത്തുള്ളവരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് ദുബായിലെ ആഢംബര ഷോപ്പിംഗ് മാളുകള്‍. ശരിക്കുമൊരു പറുദീസ. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ഒരു നദിപോലെ ഒഴുകി കൊണ്ടിരിക്കുന്നത്. എന്നാല്‍ പറഞ്ഞതെല്ലാം മാറ്റി പറയേണ്ട അവസ്ഥയാണിപ്പോള്‍.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ആഗോളതലത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഗള്‍ഫ് മേഖലയെ തന്നെയാണ്. അതിന്റെ ഏറ്റവും മോശമായ അടയാളമായിരിക്കുകയാണ് ദുബായിലെ ആഡംബര ഷോപ്പിംഗ് മാളുകള്‍. എല്ലാവരെയും കൊതിപ്പിച്ചിരുന്ന, മനുഷ്യസരിത്താല്‍ ചുറ്റപ്പെട്ടിരുന്ന ഷോപ്പിംഗ് മാളുകളില്‍ നിന്നും ഇപ്പോള്‍ ആളൊഴിഞ്ഞു പോവുകയാണ്. അയല്‍രാജ്യങ്ങളുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ ആഗോള ആഡംബര വിപണിക്ക് കനത്ത തിരിച്ചടിയാവുകയാണ്.
ഞെട്ടിക്കും ഈ കണക്കുകള്‍
പ്രതിവര്‍ഷം 10 കോടിയിലധികം സന്ദര്‍ശകര്‍ എത്തുന്ന ലോകപ്രശസ്തമായ ദുബായ് മാളിലെ തിരക്ക് യുദ്ധം തുടങ്ങിയ ആദ്യ മൂന്നാഴ്ചയ്ക്കുള്ളില്‍ കുത്തനെ കുറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പ്രമുഖ സ്റ്റോറായ ‘ബ്ലൂമിംഗ്ഡെയ്ലിലെ’ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 45 ശതമാനം ഇടിവുണ്ടായി. ഇന്‍ഡോര്‍ സ്‌കീ റിസോര്‍ട്ട് ഉള്‍പ്പെടുന്ന മാള്‍ ഓഫ് എമിറേറ്റ്സിലെ ‘ഹാര്‍വി നിക്കോള്‍സില്‍’ 57 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 19-ന് അവസാനിച്ച റമദാന്‍ മാസത്തിലെ വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധികം ഇടിഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ റമദാന്‍ അവസാനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ മാളുകളില്‍ തദ്ദേശീയരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
മേഖലയിലെ പ്രധാന സാമ്പത്തിക-ടൂറിസം കേന്ദ്രമായ യുഎഇ-യെ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചകളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതാണ് ആളുകളെ പേടിപ്പിക്കുന്നത്. ചൈനയിലെയും യൂറോപ്പിലെയും വിപണികള്‍ തളര്‍ച്ച നേരിടുമ്പോള്‍ ആഗോള ആഡംബര ഗ്രൂപ്പുകളുടെ പ്രധാന പ്രതീക്ഷ എണ്ണസമ്പന്നമായ ഗള്‍ഫ് മേഖലയായിരുന്നു. ആഗോള ആഡംബര വില്‍പനയുടെ അഞ്ചു ശതമാനവും നടക്കുന്നത് ഗള്‍ഫിലാണ്, ഇതില്‍ പകുതിയിലധികവും യുഎഇ കേന്ദ്രീകരിച്ചാണ്. റഷ്യ, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടുത്തെ പ്രധാന ഉപഭോക്താക്കള്‍.
ഷോപ്പുകള്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ ദുബായ് മാള്‍ സന്ദര്‍ശിച്ചിരുന്നു. എങ്കിലും ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ടൂറിസ്റ്റുകളുടെയും താമസക്കാരുടെയും വരവ് കുറഞ്ഞുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായ് വിമാനത്താവളം, ആകാശഗോപുരങ്ങള്‍, മറ്റ് സിവിലിയന്‍ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം തുടരുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ആഡംബര ബ്രാന്‍ഡുകള്‍ ആശങ്കപ്പെടുന്നു. അതേസമയം, ഗള്‍ഫിലെ സമ്പന്നരായ ഉപഭോക്താക്കള്‍ ലണ്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങളിലേക്ക് മാറുന്നത് അവിടുത്തെ വിപണിക്ക് ഗുണകരമാകുമെന്ന് ലണ്ടനിലെ ‘ഹാറോഡ്സ്’ പ്രതീക്ഷ പ്രകടിപ്പിച്ചു.
നഷ്ടം നേരിടുന്ന ഉപഭോക്തൃ വിപണിക്ക് പുറമെ ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും ദുബായിയെ വലയ്ക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിന് ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ചരക്ക് കപ്പലുകള്‍ക്ക് 10 ദിവസത്തിലധികം താമസം നേരിടുന്നു. ദുബായിലേക്ക് വരേണ്ട ചരക്കുകള്‍ ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ്. അവിടെനിന്ന് നൂറുകണക്കിന് മൈലുകള്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിക്കേണ്ടി വരുന്നത് ചരക്ക് കൂലി കുത്തനെ ഉയരാന്‍ കാരണമായി. ഓരോ കണ്ടെയ്നറിനും 3,000 മുതല്‍ 5,000 ഡോളര്‍ വരെ ‘വാര്‍ റിസ്‌ക് പ്രീമിയം’ അധികമായി നല്‍കേണ്ടി വരുന്നുണ്ട്. യുദ്ധം തുടങ്ങിയ സമയത്ത് കടലിലായിരുന്ന പല ചരക്ക് കപ്പലുകളും നിലവില്‍ ഇന്ത്യയിലും സിംഗപ്പൂരിലും മറ്റും കുടുങ്ങിക്കിടക്കുകയാണെന്ന് കയറ്റുമതി മേഖലയിലുള്ളവര്‍ പറയുന്നു.
Content Summary: Us-Israel-Iran war emptying Dubai’s glitzy shopping malls. Iran target important market for the global luxury industry
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.