June 26, 2026 |
Share on

ഖജനാവിൽ 6000 കോടിയുണ്ടെന്ന വാദം പൊളിച്ചു ധവളപത്രം ; 5.07ലക്ഷം കോടി കടം.

സർക്കാർ പുറത്തുവിട്ട ധവളപത്രത്തിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി. കരാറുകാര്‍ക്കു നല്‍കാനുള്ളത്, ഡിഎ കുടിശിക, എന്നിവ ഉള്‍പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളാണ് പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കിഫ്ബിക്കു മാത്രം 21,000 കോടിയുടെ വായ്പാ ബാധ്യതയാണുള്ളത്.

സംസ്ഥാനം വൻ കടക്കെണിയിലോ? കേരള സർക്കാർ പുറത്തുവിട്ട ധവളപത്രത്തിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയെന്നു വ്യക്തമാക്കുന്നു. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍ പലിശ നല്‍കല്‍ തുടങ്ങിയ നിര്‍ബന്ധിത ചെലവിനാണ് ഉപയോഗിക്കുന്നത്. ആറായിരം കോടിയോളം രൂപ ട്രഷറിയില്‍ മിച്ചം വച്ചിട്ടാണു ഭരണത്തില്‍നിന്ന് ഇറങ്ങിയതെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെയും വാദങ്ങള്‍ പൊളിക്കുന്നതാണ് ധവളപത്രത്തിലെ കണക്കുകള്‍.

കരാറുകാര്‍ക്കു നല്‍കാനുള്ളത്, ഡിഎ കുടിശിക, എന്നിവ ഉള്‍പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളാണ് പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കിഫ്ബിക്കു മാത്രം 21,000 കോടിയുടെ വായ്പാ ബാധ്യതയാണുള്ളത്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണെന്ന് ധവളപത്രം പറയുന്നു. സംസ്ഥാനത്തിന്റെ മൊത്തം നിക്ഷേപത്തിൽ. പക്ഷേ 86 ശതമാനവും നേടിയത് 5 സ്ഥാപനങ്ങളാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയോജിത നഷ്ടം 2021-22ൽ 31,571 കോടി രൂപയായിരുന്നു.2024-25ൽ ഇത് 78,851 കോടി രൂപയായി. കെഎസ്ആർടിസി, പെൻഷൻ കമ്പനി, ജല അതോറിറ്റി എന്നിവ വരുത്തിവച്ചതാണ് മൊത്തം നഷ്ടത്തിൽ‌ 72%. ബവ്‌കോ വരുമാനമുണ്ടാക്കുമ്പോള്‍ സപ്ലൈകോ നഷ്ടത്തിലാണ്. 2024-25ലെ കണക്കുപ്രകാരം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിൽ ഒന്നാംസ്ഥാനത്ത് കെഎസ്ആർടിസിയാണ്(1580.38 കോടി രൂപ). പെൻഷൻ കമ്പനി (669.80 കോടി), ജല അതോറിറ്റി (317.64 കോടി) എന്നിവയാണ് തൊട്ടടുത്തുള്ളത്.ജല അതോറിറ്റിയിലാണ് 2024-25 പ്രകാരം സംസ്ഥാന സർക്കാർ ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ളത്; 35,508.38.കോടി രൂപ. മൊത്തം നിക്ഷേപത്തിന്റെ 40.91 ശതമാനവും ഈ കമ്പനിയിൽ. 16,934.82 കോടി രൂപ (19.51%) നേടി കെഎസ്ആർടിസിയാണ് രണ്ടാമത്. 10,483.82 കോടി രൂപ (12.07%) നേടിയ കെഎസ്ഇബി മൂന്നാമതും.10,000 കോടിയിലിധികം നിക്ഷേപം നേടിയ കമ്പനികളും ഇവയാണ്.പിന്നാക്ക വികസന കോർപറേഷൻ, കേരള ഓട്ടോമൊബൈൽസ്, സിവിൽ സപ്ലൈസ് കോർപറേഷൻ, കശുവണ്ടി വികസന കോർപറേഷൻ, മലബാർ സിമന്റ്സ് തുടങ്ങിയവയും നഷ്ടത്തിൽ മുന്നിലാണ്.

ആരോഗ്യ-ഭക്ഷ്യ മേഖലകളെയും ഈ സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷന് 476 കോടി രൂപ നൽകാത്തതിനാൽ ടൈപ്പ് വൺ പ്രമേഹബാധിതരായ കുഞ്ഞുങ്ങൾക്ക് ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ മാത്രം 2017 കോടി രൂപയുടെ ബാധ്യതയാണുള്ളത്.വിദ്യാഭ്യാസ രംഗത്ത് കാലഹരണപ്പെട്ട കോഴ്‌സുകളാണുള്ളത്. അതുകൊണ്ടാണ് കുട്ടികള്‍ പുറത്തേക്കു പോകുന്നത്. എസ്‍സി, എസ്‍ടി വിഭാഗത്തിലുള്ള കുട്ടികള്‍ക്കുള്‍പ്പെടെ കൊടുക്കാനുള്ള പണം കൊടുത്തിട്ടില്ല.

ഈ പ്രതിസന്ധികളെ മറികടക്കാനുള്ള നിർദേശങ്ങളും ധവളപത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബവ്‌കോ വരുമാനമുണ്ടാക്കുമ്പോള്‍ സപ്ലൈകോ നഷ്ടത്തിലാണ്. ഈ രണ്ടു കോര്‍പറേഷനുകളും ഒരുമിച്ചാക്കി മദ്യവിതരണത്തിനും അവശ്യവസ്തു വിതരണത്തിനും രണ്ടു വിഭാഗങ്ങള്‍ മദ്യവിതരണത്തിനും അവശ്യവസ്തു വിതരണത്തിനും രണ്ടു വിഭാഗങ്ങള്‍ ആക്കുന്നതാണ് നല്ലതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. പ്രാധാന്യമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.കേരളത്തെ തുറമുഖ സംസ്ഥാനമാക്കി മാറ്റാനും വ്യോമയാന ഹബ്ബാക്കി മാറ്റാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ രംഗത്ത് കാലഹരണപ്പെട്ട കോഴ്‌സുകൽ നീക്കം ചെയ്ത് തൊഴില്‍ സാധ്യതകള്‍ കൂടി ഉള്‍ക്കൊണ്ട് പുതിയ കോഴ്‌സുകള്‍ ആരംഭിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ കാലാനുസൃതമായ മാറ്റം വരുത്താത്തത് കേരളത്തെ പിന്നോട്ടടിക്കുകയാണ്. അതിനു പരിഹാരമായി വ്യക്തമായ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമായ നിര്‍ദേശങ്ങളാണ് ധവളപത്രത്തില്‍ ഉള്ളത്. വിരമിക്കല്‍ പ്രായം ഓരോ വര്‍ഷം ഉയര്‍ത്തുമ്പോഴും വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഇനത്തില്‍ സംസ്ഥാനത്തിന് ഏകദേശം 6000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. വരുമാനതിന്റെ 80 ശതമാനത്തോളം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായാണു ചെലവഴിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതലാണിത്. കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മിഷനുകളെ നിയമിക്കുക എന്ന നിര്‍ദേശവും ധവളപത്രത്തിലുണ്ട്.

രാഷ്ട്രീയമായ കുറ്റപ്പെടുത്തലുകൾക്കപ്പുറം ഭരണപരമായ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പും സർക്കാർ നൽകുന്നു. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കും. ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു.സാമ്പത്തിക അച്ചടക്കം തിരികെ കൊണ്ടുവന്ന് കേരളത്തെ ഒരു സിൽവർ ഇക്കോണമിയാക്കി മാറ്റുകയും ലോകത്തിന്റെ തന്നെ ഹെൽത്ത്-എഡ്യൂക്കേഷൻ ഡെസ്റ്റിനേഷൻ ആക്കി ലക്ഷ്യമെന്ന് സർക്കാർ പറഞ്ഞു .

എന്താണ് ധവളപത്രം? ഇതിലെ രാഷ്ട്രീയ ചരിത്രം എന്താണ് ?
കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ അവതരിപ്പിച്ച ധവളപത്രങ്ങളുടെ ചരിത്രം പറയുന്നത്, ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടം എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളെയും നിയമസഭയെയും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിൽ സാധാരണയായി പുതിയൊരു സർക്കാർ അധികാരമേൽക്കുമ്പോഴാണ് മുൻ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്താൻ വേണ്ടി ധനകാര്യ ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. 1987ലാണ് കേരളത്തിൽ ആദ്യമായി ധവളപത്രം ഇറക്കുന്നത്. ഇ കെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനമന്ത്രി വിശ്വനാഥ മേനോനാണ് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയാകെ കെ കരുണാകരൻ സർക്കാർ തകർത്തെന്ന് ആരോപിച്ചായിരുന്നു ആ ധവളപത്രം. 2001ൽ എ കെ ആന്റണി സർക്കാർ അധികാരമേറ്റപ്പോൾ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണനും വൈറ്റ് പേപ്പർ പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആന്റണി സർക്കാർ ധവളപത്രം ഉപയോഗിച്ചു. ആനുകൂല്യങ്ങൾ വെട്ടികുറച്ചതിനെതിരെ 32 ദിവസം നീണ്ട സർക്കാർ ജീവനക്കാരുടെ വൻ പ്രക്ഷോഭത്തിന് കാരണമായതും ഈ ധവളപത്രമായിരുന്നു. 2011ൽ ഉമ്മൻ ചാണ്ടി സ‍ർക്കാർ അധികാരമേറ്റപ്പോഴും ധവളപത്രം ഇറക്കി. ധനമന്ത്രിയായിരുന്ന കെഎം മാണിയാണ് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാരും ധവളപത്രം ഇറക്കി. ടി എം തോമസ് ഐസക്കാണ് ധവളപത്രം അവതരിപ്പിച്ചത്. വി ഡി സതീശൻ നിലവിലെ അഞ്ചാമത്തെ ധവളപത്രമാണ് അവതരിപ്പിച്ചത് .

Content summary; Kerala white paper reveals 5.07 lakh crore debt. 77% revenue for salary-pension. PSU loss 78,851cr. KSRTC tops. proposes retirement age hike, merger reforms.

Leave a Reply

Your email address will not be published. Required fields are marked *

×