ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. രാജ്യത്ത് ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയകരം. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്.
2024 ഡിസംബര്‍ 30ആം തീയതിയാണ് പിഎസ്എല്‍വി സി 60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്ഡിഎക്‌സ് 01 – ചേസര്‍, എസ്ഡിഎക്‌സ് 02- ടാര്‍ഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6 ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐഎസ്ആര്‍ഒ ആദ്യം നിശ്ചയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ആം തീയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തീയതി ചേസര്‍,ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ സാങ്കേതികപ്രശ്‌നം നേരിട്ടിരുന്നു. ഏറെ കരുതലോടെയാണ് ഐഎസ്ആര്‍ഒ ഡോക്കിംഗിനായി മൂന്നാം ശ്രമം നടത്തിയത്.
പതിനൊന്നാം തീയതിയിലെ മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു. ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന അറിയിപ്പാണ് പിന്നീട് ഐഎസ്ആര്‍ഒ നല്‍കിയത്. അതിന് ശേഷം ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. അടുത്ത നീക്കമെന്തെന്ന് അറിയാന്‍ സമയം എടുത്തു. ഒടുവില്‍ സ്‌പേസ്‌ഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയെന്ന വിവരം പുറത്തുവന്നത്.
എന്താണ് സ്‌പേസ് ഡോക്കിംഗ് ?
ഉപഗ്രഹങ്ങളെ യോജിപ്പിക്കുന്ന പ്രക്രിയയാണ് സ്‌പേസ് ഡോക്കിംഗ്. പിഎസ്എല്‍വി സി 60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് ആണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്ഡിഎക്‌സ് 01 – ചേസര്‍, എസ്ഡിഎക്‌സ് 02- ടാര്‍ഗറ്റ് എന്നിവ മുകളിലെത്തി ഭ്രമണപഥത്തിന് വലം വെയ്ക്കും. ഇതിനിടയില്‍ ഉപഗ്രഹങ്ങളുടെ വേഗത ക്രമാതീതമായി കുറച്ചുകൊണ്ടുവരണം. ഉപഗ്രഹങ്ങള്‍ തമ്മില്‍ നിശ്ചിതദൂരമെത്തിയാല്‍ ഓട്ടോമാറ്റിക് പ്രോഗ്രാം റണ്‍ ചെയ്ത് ഡോക്ക് ചെയ്യും അതായത് കൂട്ടിയോജിപ്പിക്കും. പിന്നീട് രണ്ട് ഉപഗ്രഹങ്ങളും ഒന്നായി സഞ്ചരിക്കും. ഉപഗ്രഹങ്ങള്‍ യോജിപ്പിക്കുമ്പോള്‍ യാന്ത്രികമായി ബന്ധിക്കപ്പെടുകയും വൈദ്യുതി സിഗ്നലുകള്‍ കടന്നുപോവുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിയാല്‍ പിന്നീട് അണ്‍ഡോക്ക് ചെയ്ത് ഉപഗ്രഹങ്ങളെ വേര്‍പെടുത്തും. രണ്ട് ഉപഗ്രഹങ്ങള്‍ തമ്മില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന പരീക്ഷണം കൂടിയാണ് പരീക്ഷണത്തിലൂടെ നടന്നതും വിജയകരമായതും.
സ്‌പേസ് ഡോക്കിംഗ് രാജ്യത്തിന് പുരോഗതിയാകുന്നതെങ്ങനെ ?
2035 ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ നിര്‍മിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി യൂണിറ്റുകളായി ഉപഗ്രഹങ്ങള്‍ കൊണ്ടുപോയി കൂട്ടിയോജിപ്പിച്ചാണ് സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഈ കൂട്ടിയോജിപ്പിക്കലിന് ഡോക്കിംഗ് എന്നൊരു പ്രക്രിയ അത്യന്താപേക്ഷിതമാണ്. പല കംമ്പോണന്‍സും ഡോക്ക് ചെയ്താണ് യോജിപ്പിക്കുന്നത്. സ്‌പേസ് സ്റ്റേഷനിലേക്ക് ഭാവിയില്‍ ഒരാള്‍ പോവുകയാണെങ്കില്‍ ആ പേടകം ഡോക്ക് ചെയ്തതിന് ശേഷമാണ് സ്‌പേസ് സ്റ്റേഷനിലേക്ക് കടക്കുന്നത്. നിലവില്‍ അമേരിക്ക, യൂറോപ്പ്, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുള്ളത്. സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ അഭിമാനനേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതൊരു ആദ്യപടിയായി നടത്തിയ പരീക്ഷണമാണ്. ഭാവിയില്‍ കൂടുതല്‍ ഡോക്കിംഗ് പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ സ്വതന്ത്രമായി ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി സ്‌പേസ് ഡോക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിലും സ്‌പേസ് ഡോക്കിംഗ് ആവശ്യമാണ്. ബഹിരാകാശ സഞ്ചാരികള്‍ സഞ്ചരിക്കുന്ന പേടകം ലക്ഷ്യസ്ഥാനത്ത് ഡോക്ക് ചെയ്യാനും അണ്‍ഡോക്ക് ചെയ്യാനും ഡോക്കിംഗ് സാങ്കേതികവിദ്യ ആവശ്യമാണ്.
മൈക്രോ ഗ്രാവിറ്റി മേഖലയില്‍ പരീക്ഷണം നടത്തുന്നതിനായി ബഹിരാകാശ സഞ്ചാരികള്‍ നിലവില്‍ അമേരിക്കയുമായി സഹകരിച്ച് അമേരിക്കയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തിയാണ് പരീക്ഷണം നടത്തുന്നത്. ഭാവിയില്‍ രാജ്യത്തെ ബഹിരാകാശ സഞ്ചാരികള്‍ക്ക് മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുന്നതിന് വേണ്ടിയാണ് ഭാരതീയ അന്തരീക്ഷ സെന്റര്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. 2028 മുതല്‍ പല മൊഡ്യൂളുകളിലായി പല ലോഞ്ചുകള്‍ വഴി സ്‌പേസ് സ്റ്റേഷന്റെ ഭാഗങ്ങളെത്തിച്ച് 2035 ഓടെ കൂടി സ്‌പേസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
content summary; India’s Space Agency makes history with successful spacecraft docking in space