June 04, 2026 |
Share on

ഇവയൊന്നും സമ്മാനങ്ങളല്ല; ഒരു നൂറ്റാണ്ടായി വത്തിക്കാൻ സൂക്ഷിച്ചിരുന്ന അപൂർവ്വ വസ്തുക്കൾ തിരികെ ആവശ്യപ്പെട്ട് ഉടമകൾ

കൊളോണിയൽ കാലഘട്ടത്തിലെ നിരവധി വസ്തുക്കൾ ശേഖരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്

അപൂർവ്വ വസ്തുക്കളുടെ ഒരു വലിയ ശേഖരമാണ് പോപ്പ് ലിയോയുടെ വസതിയായ വത്തിക്കാൻ സിറ്റി. വത്തിക്കാനിലുള്ള അത്തരം വസ്തുക്കൾ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വസ്തുക്കളുടെ തദ്ദേശീയരായ ഉടമകൾ. ഈ ശേഖരത്തിൽ കൊളോണിയൽ കാലഘട്ടത്തിലെ നിരവധി വസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പടിഞ്ഞാറൻ ആർട്ടിക് മേഖലയിൽ നിന്നുള്ള അപൂർവമായ ഇനുവിയാല്യൂട്ട് സീൽസ്കിൻ കയാക്ക്, ബ്രോയ്ഡറി ചെയ്ത ക്രീ ലെതർ കയ്യുറകൾ, 200 വർഷം പഴക്കമുള്ള ഒരു വാമ്പം ബെൽറ്റ്, ഗ്വിച്ച് ജനതയിൽ നിന്നുള്ള ഒരു ബേബി ബെൽറ്റ്, ബെലുഗ പല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു മാല ഇവയെല്ലാം ശേഖരത്തിലെ അപൂർവ്വ വസ്തുക്കളാണ്.

മിഷനറി പ്രവർത്തനത്തിനിടെ പലപ്പോഴും സമ്മതമില്ലാതെ തദ്ദേശീയ സമൂഹങ്ങളിൽ നിന്ന് റോമൻ കത്തോലിക്കാ സഭ വസ്തുക്കൾ സ്വന്തമാക്കിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് ഈ പുരാവസ്തുക്കൾ എന്ന് വിമർശകർ പറയുന്നു. തദ്ദേശീയരുടെ കൈയ്യിൽ നിന്ന് വസ്തുക്കൾ സ്വന്തമാക്കിയതിന് ക്ഷമാപണമെന്നോണം കാനഡയിലെ തദ്ദേശീയ സമൂഹങ്ങൾക്ക് ഈ വസ്തുക്കൾ തിരികെ നൽകുമെന്ന് ഫ്രാൻസിസ് മാർപാപ്പ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷവും പുരാവസ്തുക്കൾ ഇപ്പോഴും വത്തിക്കാന്റെ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. മെയ് 18 ന് പോപ്പായി സ്ഥാനമേറ്റ ലിയോ പതിനാലാമനോട് ഫ്രാൻസിസിന്റെ വാഗ്ദാനം പാലിക്കാനും വസ്തുക്കൾ തിരികെ നൽകാനും തദ്ദേശീയ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, തദ്ദേശീയരുടെ ആവശ്യത്തോട് പോപ്പ് പ്രതികരിച്ചിട്ടില്ല.

വത്തിക്കാനിൽ തദ്ദേശീയമായ പുരാവസ്തുക്കൾ എങ്ങനെ എത്തി എന്നതിന്റെ കഥ, 1922 മുതൽ കത്തോലിക്കാ സഭയെ നയിച്ച പയസ് പതിനൊന്നാമൻ മാർപ്പാപ്പയുടെ കാലം മുതലുള്ളതാണ് . മിഷനറി പ്രവർത്തനങ്ങളെ പയസ് പതിനൊന്നാമൻ മാർപ്പാപ്പ ശക്തമായി പിന്തുണച്ചിരുന്നു. 1923 ൽ ലോകമെമ്പാടുമുള്ള പള്ളികളോട് സഭയുടെ ആഗോള സ്വാധീനം കാണിക്കുന്ന വസ്തുക്കൾ അയയ്ക്കാൻ ആവശ്യപ്പെട്ടു.

പോപ്പിന്റെ ആവശ്യം നിറവേറ്റുന്നതിനായി തദ്ദേശീയ സമൂഹങ്ങളിൽ നിന്ന് ആയിരക്കണക്കിന് വസ്തുക്കളാണ് ഇത്തരത്തിൽ കൊണ്ടുപോയതെന്ന് മക്ഗിൽ സർവകലാശാലയിലെ കലാചരിത്ര പ്രൊഫസറായ ഗ്ലോറിയ ബെൽ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കനേഡിയൻ സർക്കാർ റെസിഡൻഷ്യൽ സ്കൂളുകൾ വഴി തദ്ദേശീയ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ വസ്തുക്കൾ ശേഖരിച്ചത്. 1925 ൽ വത്തിക്കാൻ 13 മാസം നീണ്ടുനിന്ന ഒരു പ്രദർശനം നടത്തി. സഭയുടെ കൈവശമുള്ള സമ്മതമില്ലാതെ ശേഖരിച്ച തദ്ദേശീയമായ പുരാവസ്തുക്കളാണ് അതിൽ പ്രദർശിപ്പിച്ചത്. ദശലക്ഷക്കണക്കിന് ആളുകൾ അന്ന് പ്രദർശനം സന്ദർശിച്ചിരുന്നു.

ഈ വസ്തുക്കൾ സമ്മാനങ്ങളാണെന്നാണ് വത്തിക്കാൻ അവകാശപ്പെടുന്നത്. നിലവിൽ ഈ വസ്തുക്കളിൽ പലതും വത്തിക്കാനിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തദ്ദേശീയ വസ്തുക്കൾ ശേഖരത്തിൽ ഉണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം, കൃത്യമായ കണക്ക് തദ്ദേശീയ നേതാക്കൾക്കും വ്യക്തമല്ല.

Content Summary: Indigenous Communities Call for Return of Sacred Belongings Held by the Vatican

Leave a Reply

Your email address will not be published. Required fields are marked *

×