July 12, 2025 |
Share on

പഹല്‍ഗാം; വിനോദസഞ്ചാരികള്‍ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നോ?

ആക്രമണ ഭീഷണി കണക്കിലെടുത്ത് ശക്തമായ സുരക്ഷസംവിധാനങ്ങള്‍ ഒരുക്കിയിരുന്നതായും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലെ ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകുമെന്ന് സുരക്ഷാ ഏജന്‍സിക്കും സര്‍ക്കാരിനും മുന്‍കൂട്ടി ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥറെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമണ ഭീഷണി കണക്കിലെടുത്ത് ശ്രീനഗറിലെ ദാല്‍ തടാകം, മുഗള്‍ ഗാര്‍ഡന്‍ എന്നിവയ്ക്ക് സമീപമുള്ള സബര്‍വാന്‍ പര്‍വതനിരകളുടെ താഴ്വരയില്‍ സുരക്ഷാ സാന്നിധ്യം വര്‍ദ്ധിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരക്ഷ നിരീക്ഷണത്തിന്റെ ഭാഗമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ താഴ്‌വരയില്‍ കുറച്ചു ദിവസങ്ങള്‍ തമ്പടിച്ചിരുന്നതായും പേര് വെളിപ്പെടുത്താത്തൊരു ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തുന്നുണ്ട്.

ജമ്മു കശ്മീര്‍ പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുരക്ഷ ഏജന്‍സികള്‍ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലായിരിക്കും അതു നടക്കുകയെന്നാണ് അവര്‍ കരുതിയത്, കാരണം സാധാരണക്കാരെ കൊലപ്പെടുത്തുന്നത് കൂടുതലും ദക്ഷിണ കശ്മീരിലാണ് എന്നാണ് വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. പഹല്‍ഗാം ആക്രമണത്തിന് ഏതാണ്ട് 15 ദിവസങ്ങള്‍ക്ക് മുമ്പ് ഡാച്ചിഗാം, നിഷാത്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ സേനകള്‍ കോമ്പിംഗ് പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. പക്ഷേ ഈ മുന്‍കരുതലുകളും നിരീക്ഷണങ്ങളും തീവ്രവാദി ആക്രമണം തടയുന്നതിന് ഫലപ്രദമായില്ലെന്നാണ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നത്.

ഭീകരാക്രമണം നടക്കുമെന്ന് ഇന്റിലജന്‍സ് വിവരങ്ങള്‍ നേരത്തെ കിട്ടിയിരുന്നുവെന്ന വെളിപ്പെടുത്തലുകളെ തള്ളുകയാണ് ജമ്മു-കശ്മീര്‍ പൊലീസ്. ഇന്റലിജന്‍സ് വിവരങ്ങള്‍ അവ്യക്തമായിരുന്നുവെന്നും, മാത്രമല്ല, അവ ലഭിക്കുന്നത് ആക്രമണത്തിന് ശേഷമാണെന്നുമാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ച, ജെ-കെ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

നാല് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. അതില്‍ രണ്ടു പേര്‍ താഴ് വരയില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു കൂടി പേരു വെളിപ്പെടുത്താത ജെ- കെ പൊലീസ് ഉദ്യോഗസ്ഥന്‍ എക്‌സ്പ്രസിനോട് പറയുന്നുണ്ട്. ‘അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് യാത്ര ചെയ്ത കശ്മീരികളുടെ വിശദാംശങ്ങളുമായി സംശയിക്കപ്പെടുന്നവരുടെ ഐഡന്റിറ്റികള്‍ ഒത്തുനോക്കിയ ശേഷം ഞങ്ങള്‍ക്ക് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു… തെക്കന്‍ കശ്മീരില്‍ നിന്നുള്ള രണ്ടുപേരും പാകിസ്ഥാനിലേക്ക് കടന്നിരുന്നു, പക്ഷേ അവര്‍ തിരിച്ചെത്തിയതിന്റെ ഒരു രേഖയും ഉണ്ടായിരുന്നില്ല. ജമ്മുവിലെ കത്വ ഭാഗത്ത് നിന്ന് അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കാനാണ് സാധ്യത,’ എന്നാണ് ഈ ഉദ്യോഗസ്ഥന്‍ പത്രത്തോട് പറയുന്നത്.

പ്രദേശവാസികളായ തീവ്രവാദികള്‍ അക്രമണത്തിന് മുമ്പായി വിനോദസഞ്ചാരികളുമായി വ്യാജ സൗഹൃദം സ്ഥാപിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവര്‍ വിനോദസഞ്ചാരികളെ ഒരു ഫുഡ് കോര്‍ട്ട് സമുച്ചയത്തിലേക്ക് കൊണ്ടുപോയി, അവിടെ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് സംശയിക്കുന്ന മറ്റ് രണ്ട് തീവ്രവാദികള്‍ വളരെ അടുത്ത് നിന്ന് സാധാരണക്കാരായ മനുഷ്യര്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

തീവ്രവാദികള്‍ നാലോ അഞ്ചോ ദിവസമെങ്കിലും ബൈസാരനിലും പരിസരപ്രദേശങ്ങളിലും തങ്ങിയിരുന്നുതായും പ്രദേശവാസികളുടെ സഹായമില്ലാതെ അവര്‍ക്ക് ആക്രമണം നടത്താന്‍ സാധിക്കില്ലെന്നുമാണ് ജെ കെ പൊലീസിലെ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറയുന്നത്. ആക്രമണം നടന്ന പ്രദേശത്തും പരിസരത്തുമായി തീവ്രവാദികള്‍ തങ്ങിയിരുന്നുവെന്ന് ഉറപ്പിക്കുന്ന വയര്‍ലെസ് ചാറ്റിംഗിന്റെ സിഗ്‌നലുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണങ്ങളുടെ പ്രത്യേകത മൂലം അവരുടെ സംഭാഷണം കേള്‍ക്കാനോ റെക്കോര്‍ഡ് ചെയ്യാനോ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സാധിച്ചില്ല. തീവ്രവാദികളെ പിടികൂടാന്‍ ഇതുവരെ കഴിയാത്തത് സര്‍ക്കാരില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.

ഏറ്റുമുട്ടല്‍ സ്ഥലങ്ങളില്‍ നിന്ന് സ്നൈപ്പര്‍ റൈഫിളുകള്‍, എം-സീരീസ് റൈഫിളുകള്‍, ബുള്ളറ്റ് പ്രൂഫുകള്‍ക്കും പ്രതിരോധിക്കാന്‍ കഴിയാത്ത വെടിയുണ്ടകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ പലതും അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ പക്കലുണ്ടായിരുന്ന വെടിയുണ്ടകളാണെന്ന് സംശയിക്കുന്നു.

അതേസമയം, ബൈസാരന്‍ പുല്‍മേട് മുന്നറിയിപ്പിലാതെയാണ് വിനോദസഞ്ചാരത്തിന് തുറന്നു കൊടുത്തതെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയാണ്. ഇതെപ്പോഴും തുറന്നു കിടക്കുന്ന സഞ്ചാരി മേഖലയാണെന്നാണ് അവര്‍ വാദിക്കുന്നത്.  There was a revelation that intelligence had warned days before the Pahalgam terrorist attack that there would be an attack targeting tourists.

Content Summary; There was a revelation that intelligence had warned days before the Pahalgam terrorist attack that there would be an attack targeting tourists.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×