January 21, 2025 |

സമസ്തയിലെ പോരിൽ നോവുന്നതാർക്ക്

സമസ്തയില്‍ സിപിഎമ്മിനെ അനുകൂലിക്കുന്നവരും ലീഗിനെ അനുകൂലിക്കുന്നവരും എന്ന തരത്തിലേക്കുള്ള വിഭജനസാധ്യതയാണ് തുറക്കുന്നത്

മുസ്ലിം ലീഗിന്റെ അടിത്തറയായ സമസ്ത വലിയയൊരു പൊട്ടിത്തെറിയുടെ വക്കിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെ ശരിവയ്ക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞദിവസത്തെ മുശാവറ യോഗത്തില്‍ നിന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഇറങ്ങിപ്പോക്ക്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന ന്യായീകരണമാണ് സമസ്ത അനുകൂലികളുടേത്. ഇത് സംബന്ധിച്ച് അനുകൂല വാര്‍ത്താക്കുറിപ്പും സമസ്ത ഇറക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയ അവസ്ഥയിലായി. conflicts within Samastha

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം യോഗത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം വകവയ്ക്കാതെ യോഗത്തിലെത്തി സംസാരിച്ച ഫൈസി മുക്കം ‘കള്ളന്മാര്‍’ എന്ന പദപ്രയോഗം നടത്തിയതോടെയാണ് ജിഫ്രി മുത്തുക്കോയ കുപിതനായി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. പ്രസിഡന്റ് പറഞ്ഞത് അംഗീകരിക്കണമെന്ന് ബഹാഉദീന്‍ നദ്വി പറഞ്ഞതോടെ നിങ്ങള്‍ കള്ളന്മാര്‍ പറയുമ്പോള്‍ മാറിനില്‍ക്കാനാവില്ലെന്ന് ഉമര്‍ ഫൈസി മറുപടി പറഞ്ഞതോടെ താനും കള്ളനാണോ എന്ന് ചോദിച്ച് ജിഫ്രി തങ്ങള്‍ യോഗം വിട്ട് പുറത്ത് പോകുകയായിരുന്നു. മുമ്പ് സാദിഖലി തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഉമര്‍ ഫൈസി സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോണവും ഉയര്‍ന്നിരുന്നു.

എന്നാല്‍ ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി എന്നത് കള്ളപ്രചരണമാണെന്നും സമസ്തയില്‍ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചപ്പോള്‍ ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയതിനെ ശരിവച്ചിരിക്കുകയാണ് ബഹാഉദീന്‍ നദ്വി. സമസ്തയുടെ പ്രധാനപ്പെട്ട മുശാവറ യോഗത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ പരസ്യപ്പെടുത്തി എന്ന കാരണത്താല്‍ ഒരു വിഭാഗം ബഹാഉദീന്‍ നദ്വിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സമൂഹം ബഹുമാനിക്കുന്ന ഒരു പണ്ഡിത സഭയുടെ യോഗത്തില്‍ നടന്ന വാഗ്വാദങ്ങളും കള്ളന്‍ എന്ന പരാമര്‍ശവും പുറംലോകം അറിഞ്ഞതിലും പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. കൂടാതെ ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയെന്ന നദ്വിയുടെ ശബ്ദസന്ദേശം മനപൂര്‍വമാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

സമസ്തയില്‍ വലിയൊരു പിളര്‍പ്പിന് അരങ്ങൊരുങ്ങിയിട്ട് കാലം കുറച്ചായി. ‘ഞങ്ങളുടെയടുത്ത് ആയുധങ്ങളുണ്ട്. അത് ദുരുപയോഗം ചെയ്യാതെ, ആവശ്യം വരുന്ന ആദ്യ ഘട്ടത്തില്‍ എടുക്കും എന്ന ഭയം ഉണ്ടാകുന്നത് നല്ലതാണ്. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങള്‍, പല നിലയ്ക്കും അതിരുവിട്ട് പോകുന്നുണ്ട്, അതുകൊണ്ട് കരുതി ഇരുന്നുകൊള്ളണം’ സാദിഖലി തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി നേരത്തെ താക്കീത് ചെയ്തത് ഈ വിധമായിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ ഖാസി ആയി പ്രഖ്യാപിക്കുകയും അദ്ദേഹം ചെയര്‍മാനായി ഖാസി ഫൗണ്ടേഷന്‍ എന്ന പുതിയ കൂട്ടായ്മ ലീഗ് രൂപീകരിക്കുകയും ചെയ്തതിനുള്ള പ്രതികരണമായിട്ടായിരുന്നു ഉമര്‍ ഫൈസിയുടെ ഭീഷണി പ്രസംഗം.

സമസ്തയുടെ ഉന്നത നേതാവും മത പണ്ഡിതനുമായ ഉമര്‍ ഫൈസി ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം കൂടിയാണ്. എന്നാല്‍ സമസ്തയിലെ ഈ ചേരിതിരിവ് രാഷ്ട്രീയം കൂടിയാണ് പങ്കുവയ്ക്കുന്നത്. സമസ്തയിലെ മുസ്ലിം ലീഗ് അനുകൂലികള്‍ സാദിഖലിയുടെ നേതൃത്വത്തില്‍ ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചതാണ് സമസ്തയെ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിച്ചത്. ഖാസി ഫൗണ്ടേഷന്റെ രൂപീകരണം സമസ്തയിലെ മുതിര്‍ന്ന നേതാക്കളെ ഒന്നടങ്കം ചൊടിപ്പിച്ച കാര്യം കൂടിയാണ്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ഉമര്‍ ഫൈസി, സാദിഖലി തങ്ങള്‍ക്കെതിരെ രൂക്ഷപരാമര്‍ശം നടത്തിയതും.

Post Thumbnail
മദ്യം വേണ്ട ഇത്തവണ പാലുമതിയെന്ന് മലയാളികൾവായിക്കുക

ജിഫ്രി മുത്തുക്കോയ തങ്ങളുടെയും ഉമര്‍ ഫൈസി മുക്കത്തിന്റെ തുറന്നപോര് സമസ്തയില്‍ സിപിഎമ്മിനെ അനുകൂലിക്കുന്നവരും ലീഗിനെ അനുകൂലിക്കുന്നവരും എന്ന തരത്തിലേക്കുള്ള വിഭജനസാധ്യതയാണ് തുറക്കുന്നത്. ഖാസി ഫൗണ്ടേഷന്റെ രൂപീകരണം അതിനുള്ള വിതാനം കൂടിയായി. സമസ്ത പിളരും എന്നുറപ്പില്ല. പക്ഷേ, സമസ്തയിലെ ഭിന്നതകൾ അതിവേഗം പരിഹാരമുണ്ടാക്കാനാകുന്നവയുമല്ല. conflicts within Samastha

Content summary: Internal conflicts within Samastha

Factionalism Internal Disputes Jifri Thangal

×