പഞ്ചഗുസ്തി മേശയ്ക്ക് മുകളിൽ പഞ്ച് പിടിച്ചുകൊണ്ടിരുന്ന കൈകളിലൊന്ന് സെക്കന്റുകൾക്കുള്ളിൽ ശക്തിയോടെ പിൻ പാഡിൽ പതിച്ചു. വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് റഫറി കൈയുയർത്തിയതും കാഴ്ചക്കാർക്കിടയിൽ നിന്നും കൈയ്യടികൾ ഉയർന്നു. വർഷം 2023, ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പാണ് വേദി. സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ദേശീയ മെഡൽ സ്വന്തമാക്കി എറണാകുളം, മൂവാറ്റുപുഴയിലെ വെള്ളൂർകുന്നം സ്വദേശിയായ ആരാധ്യ തലയുയർത്തി നിന്നു.
ഇത് കഥയുടെ തുടക്കവും ഒടുക്കവുമല്ല, ഇടവേള മാത്രമാണ്. ഇവിടെ പ്രധാന കഥാപാത്രം ഒരു കുടുംബവും. പഞ്ചഗുസ്തി മത്സരത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു കുടുംബത്തിലെ എല്ലാവരും ദേശീയ മെഡലുകൾ സ്വന്തമാക്കിയ നിമിഷം. സുരേഷ് മാധവൻ, ഭാര്യ റീജ, മക്കളായ ആർദ്ര, അമേയ, ആരാധ്യ, ഒരു കുടുംബത്തിലെ ഈ അഞ്ചംഗങ്ങളും വാശി പിടിക്കുന്നത് പഞ്ചഗുസ്തിയിൽ ഇനിയും മെഡലുകൾ നേടാനാണ്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ സുരേഷ് മാധവനാണ് ഈ പെൺപുലികളുടെ ആരാധ്യപുരുഷൻ. വർഷങ്ങളായി മൂവാറ്റുപുഴയിൽ ജിം നടത്തുന്ന റീജക്ക് കൈകരുത്താണ് മൂന്ന് പെൺമക്കൾ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പഞ്ചഗുസ്തിയിൽ ദേശീയ മെഡൽ വാങ്ങി തുടങ്ങിയ മകൾ ആർദ്ര ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ബിഎസ്സി ഫിസിയോതെറാപ്പിക്ക് പഠിക്കുകയാണ്. അച്ഛന്റെയും അമ്മയുടേയും ചേച്ചിയുടേയും പാത പിന്തുടർന്ന് പഞ്ചഗുസ്തിയിലെത്തിയ അമേയ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇളയ കുട്ടിയായ കൊച്ചുമിടുക്കി ആരാധ്യ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.

സുരേഷ് മാധവൻ
എനിക്ക് എല്ലാം പഞ്ചഗുസ്തിയാണ്
ആരോഗ്യമുള്ള ശരീരമുള്ളത് കൊണ്ടായിരിക്കണം, കായികം തന്നെയാണ് പണ്ടുമുതലേ സുരേഷ് മാധവന്റെ തട്ടകം. ഓട്ടവും ജാവലിൻ ത്രോയുമെല്ലാം നന്നായി വഴങ്ങിയിരുന്ന സുരേഷിന് പഞ്ചഗുസ്തിയിലും പിന്നോട്ട് പോകേണ്ടി വന്നില്ല. വീട്ടിലെ കുട്ടികളോട് പഞ്ച് പിടിച്ചും ജയിച്ചും തുടങ്ങിയ ഒരു വിനോദം നാട്ടിലെ ഓണാഘോഷ പരിപാടികളിലും അവതരിപ്പിക്കാൻ തുടങ്ങി. മത്സരയിനമായി മാറ്റുരക്കാൻ തുടങ്ങിയതോടെ പതിയെ അതൊരു ഹരമായി മാറി. ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിലും സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും മെഡലുകൾ കൂടി കിട്ടിയതോടെ പഞ്ചഗുസ്തിയോടുള്ള ആവേശവും ആഗ്രഹവും കൂടുകയായിരുന്നു.
തന്റെ പതിനേഴാം വയസ് മുതൽ പഞ്ചഗുസ്തിയിലെ ദേശീയ മെഡലുകൾ സുരേഷ് മാധവന്റെ വീട്ടിലെ അലങ്കാരമായി മാറി. അന്ന് ആരംഭിച്ച പരിശീലനം ഇന്നും മുടങ്ങാതെ കൊണ്ടുപോകുന്നു. അവിടം കൊണ്ടും തീർന്നില്ല. ഭാര്യ റീജക്കും മക്കളായ ആദ്ര, അമേയ, ആരാധ്യ എന്നിവർക്കും പഞ്ചഗുസ്തിയിലെ കോച്ചാണ് സുരേഷ് മാധവൻ.
40 വർത്തോളമായി പഞ്ചഗുസ്തി ചെയ്യുകയാണെന്നും ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും സുരേഷ് മാധവൻ അഴിമുഖത്തോട് പറഞ്ഞു.
‘പേശികൾക്ക് ബലമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. എടുക്കുന്ന സമയവും എതിരാളിയുടെ നീക്കവും കണക്കുകൂട്ടിയാൽ മാത്രമേ പഞ്ചഗുസ്തിയിൽ വിജയിക്കാനാകൂ. എതിരാളിയുടെ മുഴുവൻ ബലവും തങ്ങളുടെ കൈയിലേക്ക് വരാതെ ജയിക്കണം. അവിടെയാണ് ശരിക്കുള്ള വിജയമിരിക്കുന്നത്. ഏഴ് പേരെയെങ്കിലും തോൽപ്പിച്ചാലാണ് ഒരു മത്സരം വിജയിക്കാനാകുന്നത്.
പഞ്ചഗുസ്തി മത്സരങ്ങളെ ക്ലാസുകളെന്നാണ് പറയുന്നത്. ഞാൻ മത്സരിച്ച് തുടങ്ങുമ്പോൾ ഒരു ക്ലാസ് മാത്രമാണുണ്ടായിരുന്നത്. എല്ലാവരും മത്സരിക്കുന്നത് അതിലായിരിക്കും. ഇന്ന് അത് 13 ക്ലാസുകളായി തരംതിരിച്ചിട്ടുണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, സീനിയർ മാസ്റ്റേഴ്സ് അങ്ങനെ പോവുന്നതാണ് നിലവിലെ രീതി.
ഞാൻ ഒരു ഇടം കൈയ്യനാണ്. പണ്ട് കാലത്ത് കേരളത്തിൽ ലെഫ്റ്റ് ഹാൻഡ് മത്സരങ്ങളുണ്ടായിരുന്നില്ല. ഇടത് കൈക്കുള്ളത് പോലെ ബലം വലത് കൈയ്ക്കും കൊണ്ടുവരാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട് നടത്തിയത്. തുടർച്ചയായുള്ള പരിശീലനത്തിലൂടെ ഇടത് കൈയിനേക്കാളും ബലവും വേഗതയും വലത് കൈയ്ക്ക് ഉണ്ടായി. ഏകദേശം 500 ഓളം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അന്ന് ലക്ഷ്യമില്ലാതെ ചെയ്തു തുടങ്ങിയ പഞ്ചഗുസ്തിയിൽ, ഇന്ന് ഞാൻ വേദികളിലെത്തുമ്പോൾ തന്നെ എതിരാളികളടക്കം സമ്മാനം എനിക്കാണെന്ന് പറയുന്ന സ്ഥിതിയിലെത്തി. അതിൽ സന്തോഷവും അഭിമാനവുമുണ്ട്.
ഇന്ന് പലരും ഇതിനെ മെഡൽ നേടാൻ മാത്രമുള്ള ഒരു കായികവിനോദമായി മാത്രമാണ് കാണുന്നത്. എന്നാൽ എന്നെപ്പോലെയുള്ളവർക്ക് അങ്ങനെയല്ല. എനിക്ക് എല്ലാം ഇതാണ്. അതുകൊണ്ട് തന്നെയാണ് 40 വർത്തോളമായി പഞ്ചഗുസ്തി ടേബിളിൽ കൈക്കരുത്ത് കാട്ടുന്നത്. കൈ മാത്രമല്ല ശരീരവും മനസും ഒരുപോലെ നീങ്ങിയാൽ മാത്രമാണ് പഞ്ചഗുസ്തിയിൽ റിസൾട്ട് ഉണ്ടാക്കാൻ കഴിയുകയുള്ളൂ. ഇന്നത്തെ കുട്ടികൾക്ക് ഇതൊരു വലിയ അവസരമാണ്. 2016ന് മുൻപ് വരെ പഞ്ചഗുസ്തിക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. ഏകദേശം 30 വർഷത്തോളം കഷ്ടപ്പെട്ടിട്ടാണ് സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചത്. 2016ന് ശേഷം കാഷ് അവാർഡും ഏർപ്പെടുത്തി. പിഎസ്സി വഴി ജോലി ലഭിക്കുന്നതിനും ഇപ്പോൾ മുൻഗണനയുണ്ട്.’
കുടുംബത്തിന് വേണ്ടി തുടങ്ങി, ആവേശമായി മാറിയ പഞ്ചഗുസ്തി
മത്സരങ്ങളിലെ ചെലവ് കുറയക്കാനാണ് താനും സുരേഷിന്റെയും ആർദ്രയുടേയും ഒപ്പം പഞ്ചഗുസ്തിക്കിറങ്ങിയതെന്നും ഇന്ന് എനിക്ക് അത് ഒഴിവാക്കാൻ കഴിയാത്തതായി മാറിയെന്നും റീജ അഴിമുഖത്തോട് പറഞ്ഞു.
വിവാഹത്തിന് മുൻപും ശേഷവും പഞ്ചഗുസ്തിയെക്കുറിച്ച് വീട്ടമ്മയായ റീജക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല. അച്ഛന്റെ പാത പിന്തുടർന്ന് ആർദ്രയും പഞ്ചഗുസ്തിയിലേക്ക് ഇറങ്ങിയപ്പോഴാണ് ഇതിന്റെ ഗൗരവവും വീര്യവുമെല്ലാം റീജയിലേക്കും വന്നത്. ആർദ്രക്കും സുരേഷിനുമൊപ്പം മത്സരങ്ങളിൽ റീജ ഒപ്പം പോകുമായിരുന്നു. എന്നാൽ മത്സരാർത്ഥിയുടെ ഒപ്പം പോകുന്നവരുടെ ചെലവ് വളരെ കൂടുതലാണ്. അത് മുഴുവൻ കുടുംബം തന്നെ വഹിക്കേണ്ടി വരും. അതിന് ബുദ്ധിമുട്ടായി തോന്നിയ സമയത്ത് സുരേഷിന്റെ മനസിലുദിച്ച ആശയമാണ് പഞ്ചഗുസ്തിയിലേക്കുള്ള റീജയുടെ കാൽവെയ്പ്പിന് തുടക്കം കുറിച്ചത്. സുരേഷിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു റീജ നേടിയ ഓരോ മെഡലുകളും.

റീജയുടെ ജിമ്മിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന മെഡലുകൾ
‘ഗുസ്തിയെക്കുറിച്ച് ഞാൻ ചെറുപ്പം മുതൽ തന്നെ കേട്ടിരുന്നു. ചേട്ടനെന്നെ കല്ല്യണമാലോചിച്ച് എത്തിയിരുന്നപ്പോഴും അങ്ങനെയാണ് കരുതിയിരുന്നത്. പിന്നീടാണ് പഞ്ചഗുസ്തിയാണ് എന്ന് മനസിലായത്. അന്നത്തെ കാലത്ത് പഞ്ചഗുസ്തിക്ക് അത്ര ആരാധകരുണ്ടായിരുന്നില്ല. ഞാൻ ആണെങ്കിൽ സ്കൂളിൽ പഠിക്കുമ്പോൾ പോലും കായികയിനങ്ങളിലൊന്നും പങ്കെടുക്കാത്ത ഒരാളായിരുന്നു. ചേട്ടന്റെ ആത്മവിശ്വാസമാണ് എനിക്ക് പ്രചോദനമായത്. എന്തായാലും എല്ലാവരും ഒരുമിച്ചാണ് പോകുന്നത്. ചെലവും വലിയൊരു പ്രശ്നമാണ്. പിന്നെ ഒന്നും ചിന്തിച്ചില്ല, ജിമ്മിൽ പോകാനും പരിശീലനം ചെയ്യാനും തുടങ്ങി. ആദ്യമായി മത്സരത്തിനിറങ്ങിയപ്പോൾ ശരിക്കും പേടിച്ചിരുന്നു. മത്സരം കാണാൻ പോലും പോയിട്ടില്ലാത്ത ഞാൻ ആദ്യമായി എത്തുന്നത് മത്സരാർത്ഥിയായിട്ടാണ്. കാണികളുടെ ബഹളവും കൈയ്യടികളും കേട്ട് അമ്പരന്ന് പോയെങ്കിലും എനിക്ക് വിജയിക്കാൻ കഴിഞ്ഞു. രാജ്യത്തെ പ്രതിനീധികരിച്ച് ഇറങ്ങിയ ഞാൻ മെഡൽ സ്വന്തമാക്കി എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. അതിൽ പിന്നെ പരിശീലനവും മത്സരങ്ങളും എനിക്ക് വീട്ടുകാര്യം പോലെയായി’, റീജ അഴിമുഖത്തോട് പറഞ്ഞു.
സ്റ്റാർ അച്ഛൻ തന്നെ
പഞ്ചഗുസ്തിയിൽ ആദ്യം കൈപിടിച്ച് നിർത്തിയ അച്ഛനാണ് തന്റെ കുടുംബത്തിന്റെ ധൈര്യമെന്നാണ് ആർദ്ര അഴിമുഖത്തോട് പറഞ്ഞത്.

ആദ്യ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മെഡൽ വാങ്ങിയതിനെക്കുറിച്ചുള്ള വാർത്ത
‘എന്റെ ചെറുപ്പകാലത്ത് കൈനിറയെ മെഡലുകളുമായി വീട്ടിലെത്തുന്ന അച്ഛനെയാണ് ഞാൻ കണ്ടിരുന്നത്. എന്തിനാണ് അച്ഛനിത്രയും സമ്മാനങ്ങൾ ലഭിക്കുന്നതെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. അത്ലറ്റിക്സ് ഇനങ്ങളിൽ കുട്ടിയായിരിക്കുമ്പോൾ തന്നെ അച്ഛൻ എനിക്ക് പരിശീലനം നൽകി. സ്കൂളിലെ മത്സരങ്ങളിൽ ഓട്ടം, ലോങ്ജെമ്പ്, ഹൈജെമ്പ് എന്നിവയിലെല്ലാം എനിക്ക് സമ്മാനങ്ങളും ലഭിച്ചിരുന്നു. എന്നാൽ, അച്ഛന് എന്തിനാണ് ഈ മെഡലുകൾ കിട്ടുന്നതെന്നറിയാൻ കുഞ്ഞ് നാൾ മുതൽ തന്നെ എനിക്ക് കൗതുകമായിരുന്നു. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ആദ്യമായി എന്നെ ജിമ്മിലേക്ക് കൊണ്ടുപോകുന്നത്. അവിടെയുള്ള ചേട്ടന്മാരുമായി അച്ഛൻ പഞ്ചഗുസ്തി ചെയ്യുമായിരുന്നു. അച്ഛൻ ചെയ്യുന്നത് കണ്ട് ഞാനും തമാശയ്ക്ക് അവരുമായി പിടിച്ചുനോക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരു മത്സരത്തിന് എന്നെയും അച്ഛൻ ഒപ്പം കൂട്ടി. അവിടെ ആം റെസിലിങ്ങിന് അച്ഛന്റെ പേര് വിളിച്ചപ്പോഴാണ് അച്ഛൻ പഞ്ചഗുസ്തി ചെയ്യുന്നത് ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് ഞാൻ സ്ഥിരമായി ജിമ്മിൽ പോകാനും അവിടെയുള്ള ചേട്ടന്മാരോടൊപ്പം പഞ്ചഗുസ്തി ചെയ്തുനോക്കാനും തുടങ്ങി.
മൂന്ന് പെൺമക്കളായത് കൊണ്ട് പഞ്ചഗുസ്തിക്ക് പിൻമുറക്കാരുണ്ടാകില്ലല്ലോയെന്ന് അച്ഛനോട് പലരും ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്ന് ആൺകുട്ടികളാണ് കൂടുതലും മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരുന്നത്. കാറ്റഗറിയും കുറവായിരുന്നു. സീനിയർ കാറ്റഗറി മാത്രമാണ് മുൻപത്തെ പഞ്ചഗുസ്തി മത്സരങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. അതുകൊണ്ട് തന്നെ അച്ഛൻ എനിക്ക് അത്ലറ്റിക്സ് വിഭാഗങ്ങളിൽ മാത്രമാണ് പരിശീലനം നൽകിക്കൊണ്ടിരുന്നത്. എന്നാൽ എങ്ങനെയാണ് കൈ പിടിക്കേണ്ടതെന്നും എന്തൊക്കെയാണ് നിയമങ്ങളെന്നുമെല്ലാം ഞാൻ കണ്ട് മനസിലാക്കിയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു ഓപ്പൺ സ്റ്റേജ് മത്സരത്തിൽ എനിക്കും പഞ്ചഗുസ്തിയിൽ പങ്കെടുക്കണമെന്ന് ഞാൻ വാശി പിടിച്ചത്. മത്സരത്തിൽ പങ്കെടുത്ത് പരാജയപ്പെട്ടവരോടാണ് ഞാൻ ആദ്യമായി പഞ്ചഗുസ്തി പിടിച്ചത്. അന്ന് എന്നോട് പിടിച്ച എല്ലാവരെയും ഞാൻ തോൽപ്പിച്ചു. ഒരുപക്ഷേ അന്നായിരിക്കാം എനിക്ക് ഇതിന് കൈക്കരുത്തുണ്ടെന്ന് അച്ഛൻ മനസിലാക്കിയത്. അതിന് ശേഷം അച്ഛൻ എനിക്ക് പഞ്ചഗുസ്തിയിൽ പരിശീലനം നൽകാൻ തുടങ്ങി.
സീനിയേഴ്സ് വിഭാഗത്തിലാണ് ഞാൻ ഇറങ്ങിക്കൊണ്ടിരുന്നത്. മത്സരത്തിനിറങ്ങിയ വർഷം തന്നെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എനിക്ക് മെഡലുകളുണ്ടായിരുന്നു. നാഷണലിലേക്ക് എത്തിയ സമയത്താണ് പഞ്ചഗുസ്തിയിൽ ജൂനിയർ കാറ്റഗറി വന്നത്. അങ്ങനെ നാഷണലിൽ ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് വിജയിക്കുകയും വേൾഡിൽ സബ്ജൂനിയർ വിഭാഗത്തിലെത്തി നാലാം സ്ഥാനം ലഭിക്കുകയും ചെയ്തു.
അമേയക്കും ആരാധ്യക്കും പെട്ടെന്ന് തന്നെ പഞ്ചഗുസ്തിയിലേക്ക് വരാൻ കഴിഞ്ഞിരുന്നു. ഞാനും അച്ഛനും അമ്മയും പരിശീലനം നടത്തുന്നതും മെഡലുകളും വാങ്ങുന്നതും അവരിൽ ഒരു ഊർജം ഉണർത്തിയിരിക്കണം. ആരാധ്യ നാഷണലിൽ സമ്മാനം നേടുമ്പോൾ ശരീരഭാരം ഏകദേശം 29 മറ്റോ ആയിരുന്നു,’ ആർദ്ര അഴിമുഖത്തോട് പറഞ്ഞു.
ഓരോ മത്സരം കഴിയുമ്പോഴും പഞ്ചഗുസ്തിയോടുള്ള ആവേശവും സ്നേഹവും ഈ കുടുംബത്തിന് കൂടിക്കൊണ്ടിരിക്കുകയാണ്. പഞ്ചഗുസ്തിക്കായി ഒരു അക്കാദമി ഇല്ലായെന്നതാണ് കുടുംബാംഗങ്ങൾക്ക് ഇന്നും ഒരു സങ്കടമായി നിൽക്കുന്നത്.story of a arm wrestling family in moovattupuzha
Content Summary: story of a arm wrestling family in moovattupuzha
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.