പപ്പുവ ന്യൂ ഗിനിയയുടെ ഏറ്റവും വലിയ ആഭ്യന്തര പ്രശ്നം ഇപ്പോൾ അവിടുത്തെ യുവാക്കളുടെ സ്വയം ചികിത്സയാണ്. എന്തെങ്കിലും രോഗത്തിനല്ല യുവാക്കളുടെ ചികിത്സ. വെളിച്ചെണ്ണയും മറ്റ് പല ഉൽപ്പന്നങ്ങളും കുത്തിവെച്ചുള്ള അപകടകരമായ ചികിത്സ സ്വന്തം ലിംഗത്തിന്റെ വലിപ്പം കൂട്ടാനും ലൈംഗിക സംതൃപ്തി വർധിപ്പിക്കാനുമാണ്. യുവാക്കളുടെ ചികിത്സ അപകടകരമായ പല പ്രത്യാഘാതങ്ങളുണ്ടാക്കി. മലമൂത്ര വിസർജ്ജനം പോലും സാധിക്കാത്ത വിധത്തിൽ പല യുവാക്കൾക്കും സ്വകാര്യ ഭാഗങ്ങളിൽ തടിപ്പും അലർജിയും അനുഭവപ്പെട്ടു. നിത്യേനെ നിരവധി പേരാണ് സ്വയം ചികിത്സ വരുത്തിവെച്ച അപകടങ്ങൾക്ക് പരിഹാരം കാണാൻ ഗിനിയിയിലെ വിവിധ ആശുപത്രികളിലെത്തുന്നതെന്ന് ഡോക്ടറുമാർ സാക്ഷ്യപ്പെടുത്തുന്നു.
ഓരോ ആഴ്ചയും പുതിയ പുതിയ രോഗികൾ എത്തിക്കൊണ്ടേയിരിക്കുകയാണെന്ന്, ലിംഗത്തിൽ തടിപ്പും ചൊറിച്ചിലുമായെത്തുന്ന അഞ്ഞൂറോളം യുവാക്കളെ ചികിത്സിച്ച അകുലേ ഡാൻ ലോപ് എന്ന ഡോക്ടർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ലൈംഗികാവയവങ്ങളുടെ വലിപ്പം കൂട്ടാനും കൂടുതൽ ലൈംഗിക സംതൃപ്തി ലഭിക്കാനും ഗിനിയൻ യുവാക്കൾ ചെയ്തുവരുന്നത് ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള അപകടകരമായ കാര്യങ്ങളാണ്.
ബേബി ഓയിലും സിലിക്കോണും വെളിച്ചെണ്ണയും ഉൾപ്പടെയുള്ള പല സാധനങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള ‘മരുന്നാ’ണ് ഇവർ സ്വന്തം ലിംഗത്തിൽ കുത്തിവെക്കുന്നത്. എന്താണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നതെന്നും അശ്ളീല ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇതിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും സർക്കാർ അന്വേഷിച്ചുവരികയാണ്.
ചികിത്സ നടത്തിയ ചിലർക്ക് വൃഷണസഞ്ചിയിൽ തടിപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നു. ചിലർക്ക് അൾസർ ഉൾപ്പടെയുള്ള അസുഖങ്ങളും ഉണ്ടാകുന്നുണ്ട്. ലിംഗത്തിന്റെ ചർമ്മത്തിന് മുകളിൽ വളരുന്ന ദശ മുറിച്ച് മാറ്റാൻ അൻപതോളം പേർ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. അർബുദംപോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഈ സ്വയം ചികിത്സ കൊണ്ടുണ്ടാകുമെന്ന് ഡോക്ടറുമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലിംഗത്തിന്റെ ചർമ്മം ചുളിയുന്നതും പൊട്ടുന്നതും മൂലം ഈ യുവാക്കൾക്ക് മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാകുകയാണ്. അപകടത്തിൽപെട്ടതിനു ശേഷം പല യുവാക്കളും തങ്ങളുടെ പ്രവൃത്തികളിൽ ദുഖിക്കുന്നതായും ഡോക്ടറുമാർ പറയുന്നു.