December 13, 2024 |
Share on

‘​ഗേൾ ഫ്രണ്ട്സു’മായി ശോഭന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

തന്റെ ആദ്യ സിനിമ തന്നെ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷം അഴിമുഖവുമായി പങ്കുവക്കുകയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയൻ കൂടിയായ ശോഭന.

ഇത്തവണത്തെ ഐഎഫ്എഫ്‌കെയിലെ സ്ത്രീകളുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. നാല്‌ സ്ത്രീകൾ സംവിധാനം ചെയ്ത സിനിമകൾക്ക് ഫിലിം ഫെസ്റ്റിവൽ സാക്ഷിയാകാൻ പോകുന്നു എന്നത് മലയാള സിനിമയെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല. ഈ നാല് സിനിമകളിൽ ഒരു സിനിമയാണ് ശോഭന പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്‌സ്. തന്റെ ആദ്യ സിനിമ തന്നെ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷം അഴിമുഖവുമായി പങ്കുവക്കുകയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയൻ കൂടിയായ ശോഭന.

 

ചലച്ചിത്ര മേളയിലെ സ്ത്രീ പ്രാതിനിധ്യം

ചലചിത്ര മേളയുടെ തുടക്ക കാലത്ത് ഞാനൊക്കെ പങ്കെടുക്കുമ്പോൾ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമെ കാഴ്ച്ചക്കാരായി പോലും ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല, സമൂഹത്തിൽ വന്ന മാറ്റം പോലെ തന്നെ സിനിമയിലും മാറ്റങ്ങളുണ്ടായി സ്ത്രീകൾ മുന്നോട്ട് വരാൻ തുടങ്ങി. ഇത് വലിയൊരു കുതിച്ചു ചാട്ടമാണ്, ഇപ്പോൾ സ്ത്രീകൾ എത്തിപ്പെടാത്ത മേഖലകൾ തന്നെ ഇല്ല എന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ.

സ്ത്രീകൾ എന്നു പറയുന്നത് സിനിമയിലേയും നാടകങ്ങളിലെയും അവിഭാജ്യ ഘടകം തന്നെയാണ്. പണ്ട് കാലത്ത് സിനിമകളിലും നാടകങ്ങളിലും അഭിനയിക്കാൻ പെൺകുട്ടികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു, അന്ന് സ്ത്രീ വേഷം കെട്ടിയ പുരുഷന്മാരെ നാടകങ്ങളിലൊക്കെ കാണാൻ കഴിയുമായിരുന്നു. പിന്നീട് സിനിമ വന്നപ്പോൾ പെൺകുട്ടികൾ അത്യാവിശ്യമാവുകയും പണത്തിന് വേണ്ടിയെങ്കിൽ പോലും പല പെൺകുട്ടികളും അഭിനയിക്കാൻ വരികയും ചെയ്യും. ഇപ്പോൾ പക്ഷെ പെൺകുട്ടികൾക്ക് ആവിശ്യമുണ്ടെങ്കിൽ മാത്രം അഭിനയിച്ചാൽ മതി എന്നൊരു ചോയിസ് അവർക്കുണ്ട്.

പണ്ടത്തെ സിനിമകളിൽ നിശ്ചയമായും സ്ത്രീകൾക്ക് അമ്മ, പെങ്ങൾ, ഭാര്യ തുടങ്ങിയ കഥാപാത്രങ്ങളെങ്കിലും അഭിനയിക്കാൻ അവസരങ്ങളുണ്ടായിരുന്നു പക്ഷെ ടെക്‌നിക്കൽ മേഖലയിൽ ഒരു പെൺകുട്ടി പോലും ഉണ്ടായിരുന്നില്ല, ഇന്ന് ടെക്‌നിക്കൽ മേഖലയിൽ നിറയെ സ്ത്രീകളെത്തിയപ്പോൾ അഭിനയിക്കാൻ സ്ത്രീകളെ വേണ്ടാത്ത സ്ഥിതിയാണ്. സമൂഹത്തിൽ സ്ത്രീ പ്രാതിനിധ്യം കൂടി വരുമ്പോൾ സിനിമയിൽ നിന്ന് കുറഞ്ഞ് പോകുന്നു, അല്ലെങ്കിൽ അതൊരു സ്ത്രീകളുടെ കഥ പറയുന്നതോ, സ്ത്രീപക്ഷ സിനിമയോ ആയിരിക്കണം ഇത് വളരെ വൈരുധ്യപരമായ കാര്യമാണ്.

പണ്ട് സിനിമയിലേക്ക് പെൺകുട്ടികൾ കടന്നു വന്നിരുന്നത് നിവൃത്തികേടുകൊണ്ട് ആയിരുന്നു, കുടുംബത്തിലെ പ്രാരാബ്ധം തീർക്കാനുമൊക്കെയായിരുന്നു. എന്നാൽ ഇന്നവർ വരുന്നത് തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനാണ്. സിനിമ പലരുടെയും വലിയ ആ​ഗ്രഹങ്ങളിലൊന്നാണ്. അവരെ ആരും നിർബന്ധിക്കുന്നില്ല. ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ എനിക്കാദ്യം ഓർമ വന്നത് കുറിയേടത്ത് താത്രിയുടെ കഥയാണ്. 16 വയസുള്ള താത്രി എന്ന പെൺകുട്ടി തന്റെ കൂടെ കിടന്നിട്ടുള്ള ആളുകളെ ചൂണ്ടിക്കാണിക്കുകയും ഓരോരുത്തരുടെയും അടയാളങ്ങൾ പറയുകയും ചെയ്യുമ്പോൾ ഞെട്ടിപ്പോകുന്ന ഒരു സമൂഹത്തെ അവിടെയും നമുക്ക് കാണാം.

shobhana

 

സിനിമയിലേക്കുള്ള കടന്ന് വരവ്

വായന പണ്ടുമുതലെ വായന എന്റെ മേഖലയായിരുന്നു, ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണ് ഞാൻ. പിന്നീട് ലോക സിനിമകൾ കാണാൻ തുടങ്ങി. ക്ലാസിക് സിനിമകൾ കാണുന്നത് ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഫ്രഞ്ച് നവതരം​ഗ സിനിമകളും, ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് സിനിമകളും കാണാൻ തുടങ്ങി. അങ്ങനെ ലോക സിനിമയിൽ തന്നെ മാറ്റം കൊണ്ടുവന്ന ചിത്രങ്ങൾ കാണാൻ തുടങ്ങിയത് കാഴ്ച്ചപ്പാടുകളും ചിന്താ​ഗതികളിലും വ്യത്യാസം വരാനുള്ള പ്രധാന കാരണമായി മാറി. 1960-70 കളിലെ ലോക സിനിമകൾ എന്റെ ജീവിതത്തെ വലിയ രീതിയിൽ സ്വാധിനിച്ചിട്ടുണ്ട്. അതിനു ശേഷമാണ് സിനിമ എന്നത് മനസിൽ വലിയ ഒരു മോഹമായി വന്നത്. പിന്നീട് പല പല സിനിമകൾ കാണുമ്പോൾ സിനിമയിലേക്കെത്തണം എന്ന ആ​ഗ്രഹം ദൃഢമായിക്കൊണ്ടിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ പിന്നീട് പല രീതികളിലായി നടത്തി വന്നിരുന്നു, ആദ്യം തിരക്കഥ എഴുതാൻ തുടങ്ങി. എന്റെ പല സുഹൃത്തുക്കളും അപ്പോൾ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റുമായി ഉണ്ടായിരുന്നു, ഇന്ന് ഞാൻ ഓർക്കുമ്പോൾ അതെല്ലാം ആൺകുട്ടികളായിരുന്നു. അന്ന് ഒരു പെൺകുട്ടി പോലും സിനിമ പഠിക്കാൻ ഇറങ്ങിയതായി അറിയില്ല.

2003 ൽ ഫിലിം ആൻഡ് ഫീമെയിൽ എന്ന പേരിൽ ചിത്രാഞ്ജലിയിൽ വച്ച് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഒരു വർക്ക്ഷോപ്പ് നടന്നിരുന്നു. ഞാനും അതിൽ പങ്കാളിയായിരുന്നു. അന്ന് അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കേണ്ടതുണ്ടായിരുന്നു. അന്ന് പങ്കെടുത്ത ആ സിനിമ നിർമാണ പ്രക്രിയയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. മലയാളത്തിൽ ഇന്നുള്ള ഒരുവിധപ്പെട്ട എല്ലാ അണിയറ പ്രവർത്തകരെല്ലാം ആ പരിപാടിയിൽ ഉണ്ടായിരുന്നു. അന്നത്തെ പരിപാടിയിൽ സിനിമ മോഹികളായ കുറച്ച് പെൺകുട്ടികളുണ്ടായിരുന്നു, അവർ ഇപ്പോഴും സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നവരുമാണ്. അതിൽ പെടുന്ന ഒരാളാണ് ശാലിനി ഉഷ അവരുടെ അകം, എന്ന് എന്നും എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

ഞാൻ ഒരുപാട് മനസിൽ ആ​ഗ്രഹിച്ച് സ്ക്രിപ്റ്റുകൾ എഴുതുകയും ചിലത് പൂർത്തിയാവുകയും ചിലത് അപൂർണതയിൽ നിർത്തുകയും ചെയ്തിട്ടുണ്ട്. ഒരു പത്തിൽ കൂടുതൽ സ്ക്രിപ്റ്റുകൾ എഴുതിയിട്ടുണ്ട്, എന്നാൽ ഇതൊന്നും സിനിമയാക്കണം എന്ന രീതിയിൽ ഞാൻ വേറെ ഒരാളെ സമീപിച്ചിട്ടില്ല. കാരണം ഞാൻ കാണുന്ന എനിക്ക് ചുറ്റിലുമുള്ള സിനിമ മോഹികൾക്കെല്ലാം പറയാനുള്ള കഥയെ എനിക്കുമുള്ളു. സിനിമയുമായി ഒരുതരത്തിലുള്ള ബന്ധവുമുള്ളയാളല്ല ഞാൻ, അതിന്റെ ഒരു മേഖലയെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. അങ്ങനെയാണ് പിന്നീട് സ്വതന്ത്ര സിനിമ പ്രവർത്തകർ എല്ലാവരും കൂടെ മൂവ്മെന്റ് ഫോർ ഇൻഡിപന്റന്റ് ഫിലിം മേക്കേഴ്സ് എന്ന സംഘടന ആരംഭിച്ചത്, ഞാനും അതിന്റെ ഭാ​ഗമായിരുന്നു. ഈ സംഘടനയുടെ മീറ്റിങുകളിൽ നമ്മൾ കണ്ട സിനിമകളെ പറ്റി പറയുകയും ചർച്ച നടത്തുകയുമൊക്കെ ചെയ്യുമായിരുന്നു. അങ്ങനെയാണ് സിനിമയെ പറ്റി കൂടുതൽ അറിയാനും പഠിക്കാനും അവസരം കിട്ടിയത്. പിന്നീട് എനിക്ക് സിനിമ ചെയ്യാൻ പറ്റുമോ ഇത്രയും വലിയൊരു മേഖലയിലേക്ക് എത്താൻ എങ്ങനെ കഴിയും എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു. പിന്നെ ഒരു ധൈര്യത്തിലങ്ങ് മുന്നോട്ട് പോയി.

സിനിമയിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ

ഞാൻ സിനിമയെടുക്കുമ്പോൾ അതിൽ സാമൂഹികമോ രാഷ്ട്രീയപരമോ ആയ വിഷയങ്ങൾ കടന്ന് വരണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല, അതും എന്റെ ആദ്യ സിനിമയിൽ. സത്യത്തിലൊരു ആക്ഷേപഹാസ്യ ചിത്രമെടുക്കാനായിരുന്നു എന്റെ താൽപര്യം. ​ഗേൾ ഫ്രണ്ട്സ് കുറച്ചൊക്കെ അങ്ങനെ തന്നെയാണ്, കാണുമ്പോൾ മനസിലാകും. നമ്മുടെ ഒരു കലാ സൃഷ്ടിയിൽ എപ്പോഴും നമ്മുടെ രാഷ്ട്രീയം അറിയാതെ തന്നെ കയറിപ്പറ്റും, ഒരു കഥയോ, കവിതയോ എഴുതുമ്പോൾ പോലും നമ്മുടെ രാഷ്ട്രീയം അതിൽ വ്യക്തമായി തെളിഞ്ഞ് കാണാൻ കഴിയും. എന്റെ സിനിമയിലും സംഭവിച്ചത് അങ്ങനെയാണ്, ഞാൻ വളരെ ലളിതമായ രീതിയിൽ തമാശ, ആക്ഷേപഹാസ്യം എന്നിങ്ങനെ കൈകാര്യം ചെയ്യാൻ ആ​ഗ്രഹിച്ചിട്ടും ആ സിനിമയിൽ എന്റെ രാഷ്ട്രീയം തെളിഞ്ഞ് വന്നു. നർമവും വളരെ ലൈറ്റായിട്ടുള്ള എലമെന്റുകളും കൂടിച്ചേർന്ന സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്നു, അത് എനിക്ക് വ്യക്തമായ രാഷ്ട്രീയം ആ വിഷയങ്ങളിൽ ഉള്ളതിനാൽ കടന്ന് വന്നതാണ്.

ആദ്യ സിനിമ ചലച്ചിത്ര മേളയിലേക്ക്

അത് എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും നൽകുന്ന ഒരു കാര്യമാണ്. ഈ ചിത്രം ഒരുപക്ഷെ ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ തീർച്ചയായും ആരും അറിയപ്പെടാതെ പോകുമായിരുന്നു. കാരണം തിയറ്ററിലൊന്നും ഇതിനായി പോകുന്ന ഒരു ആളല്ല ഞാൻ. അതുകൊണ്ട് തന്നെ മേളയിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്റെ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. ഇപ്പോൾ എനിക്ക് എന്റെ ആശയങ്ങൾ മാധ്യമങ്ങളോടും മറ്റുമായി പറയാം, സംവദിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നു. ഈ അവസരം വഭിച്ചില്ലായിരുന്നെങ്കിൽ ചിത്രം തീർച്ചയായും തിയറ്ററിൽ എത്തുകയില്ല, ഒടിടിയിൽ എടുക്കുമോയെന്ന് ഉറപ്പില്ല, എനിക്കും ഇതുപോലെ ആളുകളുമായി ആശയവിനിമയം നടത്താൻ കഴിയില്ലായിരുന്നു. ഇതുപോലെ ധാരാളം സിനിമകളുണ്ട്, സ്വതന്ത്ര സംവിധായകരുടെയും മറ്റും സിനിമകൾ ഐഎഫ്എഫ്കെയിൽ അവസരം ലഭിച്ചില്ലായിരുന്നെങ്കിൽ ​ഗേൾ ഫ്രണ്ട്സും അത്തരമൊരു ചിത്രമായി പോയേനെ. ഈ തെരഞ്ഞടുപ്പോടെ സമൂഹത്തിലും ആളുകൾക്കിടയിലും എനിക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. interview with shobhana padinjattil

ഗേൾ ഫ്രണ്ട്സ്

ഗേൾ ഫ്രണ്ട്സ് എന്നത് ഒരു ട്രാൻസ്വുമണിന്റെയും അവരുടെ  സ്ത്രീ സുഹൃത്തുക്കളുടെയും കഥ പറയുന്ന ചിത്രമാണ്. നാലു സ്ത്രീകൾ സമൂഹത്തിൽ ജീവിക്കുന്നു അവരുടെ സന്തോഷങ്ങൾ, സങ്കടങ്ങൾ, അവർ കടന്നുപോകുന്ന പ്രതിസന്ധികൾ, അവരുടെ പ്രണയം, സൗഹൃദങ്ങൾ, ബ്രേക്ക് അപ്പുകൾ തുടങ്ങിയ എല്ലാ വികാരങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും പച്ചയായി തന്നെ ഈ ചിത്രത്തിൽ പറഞ്ഞു വച്ചിട്ടുണ്ട്. വീട്ടുകാരുമായി ഉണ്ടാകുന്ന വഴക്കുകൾ സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അനുഭവിക്കുന്നതായ എല്ലാ അറിയപ്പെടാത്തതും ശ്രദ്ധിക്കപ്പെടാത്തതുമായ പ്രശ്നങ്ങളും സിനിമയുടെ വിഷയമാണ്. സ്വന്തം ആഗ്രഹങ്ങൾ, ജെൻഡർ, സെക്ഷ്വൽ ഓറിയന്റേഷൻ തുടങ്ങി സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന പലവിഷയങ്ങളിലും കൃത്യമായ ധാരണയുള്ള ഒരുപറ്റം പെൺകുട്ടികളുടെ ജീവിതമാണ് ​ഗേൾ ഫ്രണ്ട്സ് പറയുന്നത്. സ്ത്രീകളുടെ കണ്ണിലൂടെ സ്ത്രീകളെ കാണുന്ന ചിത്രം. ഞാനും എനിക്ക് ചുറ്റുമുള്ള സ്ത്രീകളാണ് ​ഗേൾ ഫ്രണ്ട്സിലുള്ളത്. വിവിധതരം ലൈം​ഗികതകളെ അം​ഗീകരിക്കുന്ന, വ്യത്യസ്തതകളുള്ള, അതിനെ ബഹുമാനിക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ സൗഹൃദമാണ് ചിത്രം പറയുന്നത്. തുറന്ന ചിന്താഗതിയുള്ള ഏതൊരാൾക്കും ചിത്രം ഇഷ്ടമാകും. interview with shobhana padinjattil

 

Content summary; interview with shobhana padinjattil, director of the movie girl friends

×