June 26, 2026 |
Share on

ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍; യുഎസ്എസ് എബ്രഹാം ലിങ്കണ്‍ തകര്‍ക്കപ്പെട്ടോ?

അവകാശവാദം തള്ളി യുഎസ്

ഒമാന്‍ കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വന്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. ഇറാന്റെ ഈ മിസൈല്‍-ഡ്രോണ്‍ ആക്രമണം പശ്ചിമേഷ്യയില്‍ വന്‍ യുദ്ധഭീതിക്ക് തിരികൊളുത്തിയിരിക്കുകയാണ്. ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായും തുടര്‍ന്ന് കപ്പല്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് പിന്‍വാങ്ങിയതായും ഇറാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തങ്ങളുടെ കപ്പല്‍ സുരക്ഷിതമാണെന്നും ഇറാന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യുഎസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് ഏകദേശം 340 കിലോമീറ്റര്‍ അകലെ ഒമാന്‍ കടലില്‍ വെച്ചാണ് യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടന്നതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ചാവേര്‍ ഡ്രോണുകളും ഉപയോഗിച്ചാണ് കപ്പലിനെ ലക്ഷ്യം വച്ചത്.

ആക്രമണത്തിന് പിന്നാലെ യുഎസ്എസ് എബ്രഹാം ലിങ്കണും അതോടൊപ്പമുണ്ടായിരുന്ന കപ്പലുകളും അതിവേഗം പ്രദേശം വിട്ട് പോയതായും ഇറാന്‍ സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ കപ്പലിന്റെ പ്രവര്‍ത്തനശേഷി തകര്‍ത്തതായും ഇറാന്‍ അവകാശപ്പെടുന്നു.

ഇറാന്റെ അവകാശവാദങ്ങള്‍ തള്ളിയ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയില്‍ പൂര്‍ണ്ണ സജ്ജമാണെന്ന് അറിയിച്ചു. ഇസ്രായേലുമായി ചേര്‍ന്ന് നടത്തുന്ന സൈനിക നീക്കമായ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ യുടെ ഭാഗമായി കപ്പല്‍ ദൗത്യം തുടരുകയാണ്. ഇതിന്റെ തെളിവായി കപ്പലില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുന്ന പുതിയ ചിത്രങ്ങളും യുഎസ് പുറത്തുവിട്ടു. ‘ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ കപ്പലിന് അടുത്തുപോലും എത്തിയിട്ടില്ല’ എന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

അതേസമയം, ഒരു ഇറാനിയന്‍ കപ്പല്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തൊട്ടടുത്തെത്തിയതായും യുഎസ് നാവികസേന ഇതിന് നേരെ വെടിയുതിര്‍ത്തതായും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാവിക കപ്പലുകളില്‍ ഘടിപ്പിച്ചിട്ടുള്ള 5 ഇഞ്ച് മാര്‍ക്ക് 45 ഓട്ടോമേറ്റഡ് പീരങ്കി ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. എന്നാല്‍ വെടിയേറ്റ ഇറാനിയന്‍ കപ്പലിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് കേവലം മുന്നറിയിപ്പ് മാത്രമായിരുന്നോ അതോ കപ്പലിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണോ എന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്.

ഫെബ്രുവരി 28 മുതല്‍ ഇസ്രയേല്‍ സേനയുമായി ചേര്‍ന്ന് നടത്തുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍, യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകളെ മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക നിയോഗിച്ചത്. നിലവില്‍ യുഎസ്എസ് സ്പ്രൂന്‍സ്, യുഎസ്എസ് മൈക്കല്‍ മര്‍ഫി തുടങ്ങിയ യുദ്ധക്കപ്പലുകളും ആറ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും അറേബ്യന്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ, ആറ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും മേഖലയിലുണ്ട്.

മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. ഇറാന്റെ പ്രത്യയശാസ്ത്ര വിഭാഗമായ ഐആര്‍ജിസിയും യുഎസ് നാവികസേനയും തമ്മിലുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടല്‍ മേഖലയിലെ കപ്പല്‍ ഗതാഗതത്തെയും എണ്ണ വ്യാപാരത്തെയും ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇറാന്റെ അവകാശവാദങ്ങളും അമേരിക്കയുടെ നിഷേധങ്ങളും തമ്മിലുള്ള ഈ പോര് ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Content Summary: Iran claims ballistic missile strike on USS Abraham Lincoln

Leave a Reply

Your email address will not be published. Required fields are marked *

×