July 14, 2026 |
Share on

ഇസ്രയേലിനെതിരെ ക്ലസ്റ്റര്‍ ബോംബുകളുമായി ഇറാന്‍; പിന്നില്‍ റഷ്യന്‍-ചൈനീസ് കരങ്ങളോ?

ഒരു വലിയ പ്രദേശം മുഴുവന്‍ ഒരേസമയം തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും

മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങളെ പുതിയൊരു തലത്തിലേക്ക് എത്തിച്ചുകൊണ്ട്, ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വഹിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ആധുനിക ആയുധങ്ങളില്‍ ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നവയാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇവ കിലോമീറ്ററുകള്‍ വരെ നാശനഷ്ടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. ഈ യുദ്ധത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കപ്പെടുന്നത്. വലിയ ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

എന്താണ് ക്ലസ്റ്റര്‍ ആയുധങ്ങള്‍?

ഒറ്റ സ്‌ഫോടനത്തിന് പകരം, ആകാശത്ത് വെച്ച് പിളരുകയും നൂറുകണക്കിന് ചെറിയ ബോംബുകള്‍ വിശാലമായ പ്രദേശത്തേക്ക് വിതറുകയും ചെയ്യുന്ന രീതിയാണ് ക്ലസ്റ്റര്‍ ആയുധങ്ങളുടേത്. ഇസ്രയേലിന്റെ കണക്കനുസരിച്ച് ചില ഇറാനിയന്‍ മിസൈലുകള്‍ക്ക് 80 സബ്മോണിഷനുകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട്. ഇത് കിലോമീറ്ററുകളോളം വിനാശകരമായ ശകലങ്ങള്‍ വ്യാപിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതിന്റെ ഏറ്റവും വലിയ അപകടം, വിതറപ്പെടുന്ന എല്ലാ ബോംബുകളും ഉടന്‍ പൊട്ടിത്തെറിക്കില്ല എന്നതാണ്. പൊട്ടിത്തെറിക്കാത്ത ഈ വെടിക്കോപ്പുകള്‍ വര്‍ഷങ്ങളോളം മാരകമായ കുഴിബോംബുകളായി നിലനില്‍ക്കുകയും പിന്നീട് സാധാരണക്കാരുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്നു.

ക്ലസ്റ്റര്‍ മിസൈലിന്റെ പോര്‍മുന ഭൂമിയില്‍ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ (4 മൈല്‍) ഉയരത്തില്‍ വെച്ചാണ് ആകാശത്ത് പിളരുന്നത്. മിസൈല്‍ തുറക്കുന്നതോടെ ഏകദേശം 20 ചെറിയ ബോംബുകള്‍ പുറത്തേക്ക് വരുന്നു. ഇവ ഏകദേശം 8 കിലോമീറ്റര്‍ (5 മൈല്‍) ചുറ്റളവില്‍ പരന്നു പതിക്കുന്നു. ഈ ചെറിയ ബോംബുകള്‍ക്ക് ഒരു സാധാരണ വാര്‍ഹെഡിനെ അപേക്ഷിച്ച് സ്ഫോടനശേഷി കുറവാണെങ്കിലും, ഒരു വലിയ പ്രദേശം മുഴുവന്‍ ഒരേസമയം തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും. ഒരൊറ്റ പോയിന്റില്‍ കേന്ദ്രീകരിക്കുന്നതിന് പകരം വിശാലമായ ഇടങ്ങളില്‍ പരമാവധി നാശനഷ്ടങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.

ഇറാന്റെ സൈനിക ശേഷിയും സാങ്കേതിക വിദ്യയും

ഇറാന്റെ നൂതന ആയുധ പദ്ധതികള്‍ പ്രതിരോധ വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഇറാന്റെ ഈ കരുത്തിന് പിന്നില്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക സഹായമോ അറിവോ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഇസ്രയേല്‍ വിലയിരുത്തുന്നത്. ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മൂന്ന് തരം മിസൈലുകള്‍ ഇറാന്‍ വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്ന്, കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഹ്രസ്വദൂര മിസൈലാണ് സോള്‍ഫാഗര്‍. രണ്ട്, 2000 കിലോമീറ്റര്‍ പരിധിയുള്ള ദീര്‍ഘദൂര മിസൈലായ ഖാദറിന് ഇസ്രയേലിന്റെ ഏത് ഭാഗത്തും എത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുണ്ട്. മൂന്ന്, ഇറാന്റെ കൈവശമുള്ളതില്‍ ഏറ്റവും മാരകമായ മിസൈലാണ് ഖോറാംഷഹര്‍. ഇതിന് ഒരേസമയം 80 ക്ലസ്റ്റര്‍ ബോംബുകള്‍ വരെ വഹിക്കാനാകുമെന്ന് ഇറാന്‍ അവകാശപ്പെടുന്നു.

ഇതിനെല്ലാം പുറമെ, ബ്രിട്ടീഷ് നിര്‍മ്മിതമായ ആഘ755 ക്ലസ്റ്റര്‍ ബോംബുകളും പഴയ സോവിയറ്റ് കാലഘട്ടത്തിലെ ആയുധ സംവിധാനങ്ങളും ഇറാന്റെ ശേഖരത്തിലുണ്ടെന്ന് അന്താരാഷ്ട്ര പ്രതിരോധ വിശകലന ഗ്രൂപ്പായ ജെയ്ന്‍സ് ഇന്‍ഫര്‍മേഷന്‍ ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, ഇറാനും അവരുടെ സഖ്യകക്ഷികളും ഇസ്രയേലിന് നേരെ ക്ലസ്റ്റര്‍ ബോംബ് വാര്‍ഹെഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിലവിലെ സംഘര്‍ഷത്തിന് പുറമെ, 2025 ജൂണില്‍ നടന്ന യുദ്ധത്തിലും ഇറാന്‍ ഇസ്രയേലിലേക്ക് ക്ലസ്റ്റര്‍ ബോംബ് വാര്‍ഹെഡുകള്‍ വഹിച്ചുകൊണ്ടുള്ള നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. യെമനിലെ ഹൂതി വിമതരും കഴിഞ്ഞ വര്‍ഷം ഇസ്രയേലിനെ ലക്ഷ്യമിട്ട് സമാനമായ രീതിയിലുള്ള ക്ലസ്റ്റര്‍ ബോംബ് മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ചുരുക്കത്തില്‍, ഇസ്രയേലിനെതിരെ ഒരേസമയം ഇറാനില്‍ നിന്നും യെമനില്‍ നിന്നും ഇത്തരം വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുന്നു എന്നാണ് സൈനിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിയമങ്ങളും നിലപാടുകളും

ക്ലസ്റ്റര്‍ ആയുധങ്ങളുടെ വിനാശകരമായ സ്വഭാവം പരിഗണിച്ച് 2008 ല്‍, 100 ലധികം രാജ്യങ്ങള്‍ ക്ലസ്റ്റര്‍ മ്യൂണിഷന്‍സ് കണ്‍വെന്‍ഷന്‍ എന്ന കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത്തരം ആയുധങ്ങളുടെ ഉത്പാദനവും ഉപയോഗവും ഈ കരാര്‍ പ്രകാരം നിരോധിക്കുന്നു. എന്നാല്‍ കൗതുകകരമായ വസ്തുത, ഇസ്രയേലോ ഇറാനോ ഈ കരാറില്‍ ഒപ്പുവച്ചിട്ടില്ല എന്നതാണ്. അമേരിക്കയും ഈ കരാറില്‍ നിന്ന് വിട്ടുനിന്നു. 2023 ല്‍, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലും ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടത് വലിയ വിവാദമായിരുന്നു.

സിവിലിയന്‍ നാശനഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ഇത്തരം മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ ആരോപിച്ചു. മാര്‍ച്ച് 3 ന് മാത്രം ആറ് മിസൈല്‍ ആക്രമണങ്ങളാണ് ഇസ്രയേലിന് നേരെയുണ്ടായത്. ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിക്കുന്നത് പ്രതിരോധ സംവിധാനങ്ങളെപ്പോലും പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലത്ത് വീണ് കിടക്കുന്നതും പൊട്ടിത്തെറിക്കാത്തതുമായ ബോംബുകളെക്കുറിച്ച് സൈന്യം പൊതുജനങ്ങള്‍ക്ക് കര്‍ശനമായ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ക്ലസ്റ്റര്‍ ആയുധങ്ങളുടെ കടന്നുവരവ് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഇത് യുദ്ധകാലത്ത് മാത്രമല്ല, അതിനുശേഷവും ദീര്‍ഘകാലത്തേക്ക് ക്ലസ്റ്റര്‍ ബോംബുകള്‍ സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയായി തുടരുമെന്ന് സൈനിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Summary: Iran deploys cluster munition missiles against Israel; IDF suspects Russia-China link

Leave a Reply

Your email address will not be published. Required fields are marked *

×