സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം ഇറാന്‍ ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന രീതിയിലേക്ക് വളരുന്നു. കുട്ടികളടക്കം 50 ല്‍ അധികം പേര്‍ കൊല്ലപ്പെട്ട പ്രതിഷേധം കൂടുതല്‍ രൂക്ഷമാവുകയാണ്. പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ അധികൃതര്‍ പിന്നോട്ടില്ലെന്ന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതോടെ, വരുംദിവസങ്ങളില്‍ രാജ്യം കടുത്ത രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുമെന്നാണ് ആശങ്ക.
ഡിസംബര്‍ 28-ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത ഖമേനി, പ്രക്ഷോഭകാരികളെ ‘അക്രമികള്‍’ എന്നും ‘അട്ടിമറിക്കാര്‍’ എന്നുമാണ് വിശേഷിപ്പിച്ചത്. വിദേശ ശക്തികളുടെ അജണ്ട നടപ്പിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെടുത്തു പറയാതെ, ‘മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാന്‍ സ്വന്തം തെരുവുകള്‍ നശിപ്പിക്കുകയാണ് ഇവര്‍’ എന്ന് ഖമേനി കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം.
കറന്‍സിയുടെ മൂല്യത്തകര്‍ച്ചയിലാണ് ഇപ്പോഴത്തെ പ്രതിഷേധം തുടങ്ങിയതെങ്കിലും, അത് പിന്നീട് രാജ്യത്തെ രാഷ്ട്രീയ പരിഷ്‌കരണത്തിനും ഭരണമാറ്റത്തിനുമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു.
തലസ്ഥാനമായ ടെഹ്റാനിലെ സദാതാബാദ് ജില്ലയില്‍ ‘ഖമേനിക്ക് മരണം’ എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങി. മഷാദ്, തബ്രിസ്, ഖോം തുടങ്ങിയ നഗരങ്ങളിലും വന്‍ പ്രക്ഷോഭങ്ങള്‍ നടന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുന്‍പ് നിലവിലുണ്ടായിരുന്ന ‘സിംഹവും സൂര്യനും’ അടയാളപ്പെടുത്തിയ പതാക ഉയര്‍ത്തിയാണ് പലയിടത്തും ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.
പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഗോനാബാദിലെ ഒരു ഷിയ സെമിനാരിക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സുരക്ഷാ സേനയുടെ നടപടികളില്‍ ഇതുവരെ ഒമ്പതു കുട്ടികളടക്കം 51 പേര്‍ കൊല്ലപ്പെട്ടതായി നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. 2,270-ലധികം പേര്‍ തടങ്കലിലായിട്ടുണ്ട്.
പ്രതിഷേധക്കാരുടെ കണ്ണുകള്‍ ലക്ഷ്യം വെച്ചാണ് സൈന്യം വെടിയുതിര്‍ക്കുന്നതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു. റൈഫിളുകളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ചാണ് അടിച്ചമര്‍ത്തല്‍.
വ്യാഴാഴ്ച മുതല്‍ രാജ്യം പൂര്‍ണമായും ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ടിലാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഈ നീക്കമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.
നാടുകടത്തപ്പെട്ട മുന്‍ ഷാ ഭരണാധികാരിയുടെ മകന്‍ റെസ പഹ്ലവി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് വീണ്ടും തെരുവിലിറങ്ങാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ഉടന്‍ പക്ഷം മാറുമെന്നും പഹ്ലവിയുടെ സംഘടന അവകാശപ്പെട്ടു.
ഇറാനിലെ സ്ഥിതിഗതികളില്‍ ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നീ രാജ്യങ്ങള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രതിഷേധക്കാരെ കൊല്ലുന്നത് നിര്‍ത്തണമെന്നും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം, ഇറാന്‍ ഭരണാധികാരികളെ ഡൊണാള്‍ഡ് ട്രംപ് താക്കീത് ചെയ്തിരിക്കുകയാണ്: ‘നിങ്ങള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയാല്‍, ഞങ്ങളും വെടിയുതിര്‍ക്കും.’ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഇസ്രയേലിന്റെയും (മൊസാദ്) അമേരിക്കയുടെയും ചാരന്മാര്‍ നടത്തുന്ന ‘ഭീകരവാദ പ്രവര്‍ത്തനമാണെന്നാണ്’ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധക്കാര്‍ക്ക് മാപ്പില്ലെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മൊഹ്‌സെനി എജൈ പ്രഖ്യാപിച്ചു.
Content Summary; Iran’s Supreme Leader Ayatollah Ali Khamenei vows to crush anti-regime protests; 51 dead
This post was last modified on January 10, 2026 4:27 pm
Leave a Comment