June 04, 2026 |
Share on

‘അവര്‍ക്ക് അവകാശപ്പെട്ട ഏകസ്ഥലം കടലിന്റെ അടിത്തട്ട്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

‘യുഎസ് വീണ്ടും ആക്രമണം നടത്തിയാല്‍ വേദനാജനകമായ പ്രതികരണമുണ്ടാകും’

ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ നിയന്ത്രണം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ പുതിയ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന് റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കക്കാര്‍ക്ക് അവകാശപ്പെട്ട ഏക സ്ഥലം കടലിന്റെ അടിത്തട്ടാണെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ പ്രസ്താവന മേഖലയിലെ സാഹചര്യം വീണ്ടും വഷളാക്കിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും ആക്രമണം തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ കടുത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ ഭരണകൂടം ഔദ്യോഗിക ചാനലിലൂടെ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് തുടരുന്നതിനൊപ്പം, സഖ്യകക്ഷികളെ കൂട്ടി ഒരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാനും അമേരിക്ക ശ്രമിക്കുന്നുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാന്‍ വിവിധ രാജ്യങ്ങളുടെ സഹകരണം തേടിക്കൊണ്ട് അമേരിക്കന്‍ എംബസികള്‍ വഴി കത്തുകള്‍ അയച്ചു കഴിഞ്ഞു. സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍, ഇറാനെതിരെ ‘ശക്തവും ഹ്രസ്വവുമായ’ പുതിയ ആക്രമണ പദ്ധതികള്‍ ഉടന്‍ ട്രംപിന് മുന്നില്‍ അവതരിപ്പിക്കും. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് സൈനിക നടപടിയിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.

പ്രതിരോധ മേഖലയില്‍ അമേരിക്ക തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുദ്ധത്തെ വിമര്‍ശിക്കുന്ന നിയമസഭാംഗങ്ങളെ രൂക്ഷമായി പരിഹസിക്കുകയും അവര്‍ രാജ്യത്തിന്റെ ‘ഏറ്റവും വലിയ ശത്രുക്കള്‍’ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതായും അവ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഹെഗ്സെത്ത് അവകാശപ്പെട്ടു. നിലവില്‍ 1.5 ട്രില്യണ്‍ ഡോളറിന്റെ ബജറ്റാണ് പ്രതിരോധ വകുപ്പ് ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധം നീണ്ടുപോകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ആഗോള എണ്ണവിപണിയിലും കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 123 ഡോളറിന് മുകളിലെത്തി.

യുദ്ധം സംബന്ധിച്ച നിയമപരമായ പ്രതിസന്ധികളെയും ട്രംപ് ഭരണകൂടം മറികടക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുള്ള ‘വാര്‍ പവേഴ്‌സ്’ സമയപരിധി അവസാനിക്കാനിരിക്കെ, ഏപ്രില്‍ ആദ്യം തുടങ്ങിയ വെടിനിര്‍ത്തലോടെ ശത്രുത അവസാനിച്ചുവെന്നും അതിനാല്‍ നിയമപരമായ തടസ്സങ്ങളില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നയതന്ത്ര തലത്തില്‍ മാല്‍ഡീവ്‌സ് പോലുള്ള രാജ്യങ്ങള്‍ യുഎസ് നിലപാടിനെതിരെ രംഗത്തുവന്നത് ചെറിയ തോതില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ 20 ശതമാനത്തോളം എണ്ണ-വാതക വിതരണം തടസ്സപ്പെട്ടതോടെ വന്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ് ലോകരാജ്യങ്ങള്‍. വരും ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Content Summary: Iran threatens painful response if US renews attacks. Strait of Hormuz remains in Tehran’s chokehold. Iran-US War

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×