ഇറാന്‍ യുദ്ധം ലോകത്തെ പലതരത്തിലാണ് ബാധിക്കുന്നത്. അമേരിക്കയും ഇസ്രയേലും കൂടി ഇറാനെ ആക്രമിക്കുമ്പോള്‍ അതിന്റെ ദുരിതം ഇന്ത്യപോലും അനുഭവിക്കേണ്ടി വരികയാണ്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ എണ്ണയ്ക്കും വാതകത്തിനും അപ്പുറം വ്യാപിക്കുകയാണ്. ഇന്ത്യയിലെ വസ്ത്രനിര്‍മ്മാണം, ഖനനം, ഉരുക്ക് വ്യവസായം തുടങ്ങിയ മേഖലകള്‍ ഇതിനകം തന്നെ കടുത്ത സമ്മര്‍ദ്ദം നേരിട്ടുതുടങ്ങി. ഇന്ധനച്ചെലവ്, പെട്രോകെമിക്കല്‍സ്, ഫീഡ്സ്റ്റോക്ക്, രാസവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട രണ്ടാം നിരയും മൂന്നാം നിരയുമായ ആഘാതങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ആഗോള ഷിപ്പിംഗ് പാതകളിലെ തടസ്സങ്ങളുമാണ് ഈ പ്രതിസന്ധിക്ക് കാരണമാകുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള രാസവിപണിയില്‍ ഘടനാപരമായ വിലമാറ്റത്തിന് കാരണമായതായി കെമിക്കല്‍ സെക്ടര്‍ വിദഗ്ധനും അഡൈ്വസറി സ്ഥാപനത്തിന്റെ സ്ഥാപകനുമായ അജയ് ജോഷി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നുണ്ട്. ഒരൊറ്റ ആഴ്ചയ്ക്കുള്ളില്‍ 73 ചരക്കുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഏഷ്യന്‍ സ്റ്റീം ക്രാക്കറുകള്‍((നാഫ്തയെ അസംസ്‌കൃത വസ്തുവിനെ പ്ലാസ്റ്റിക് നിര്‍മ്മാണത്തിന് പാകമായ രൂപത്തിലേക്ക് മാറ്റുന്ന മെഷീനുകളാണ് സ്റ്റീം ക്രാക്കറുകള്‍) 60-80 ശതമാനം വരെ ആശ്രയിക്കുന്ന നാഫ്ത ഫീഡ്സ്റ്റോക്ക് വിതരണത്തെ ബാധിച്ചതോടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനത്തിലധികം വില വര്‍ദ്ധിച്ചു. ഈ പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംസ്‌കൃത എണ്ണ, എല്‍എന്‍ജി, എഥിലീന്‍ ഗ്ലൈക്കോള്‍, പോളിമറുകള്‍, മെത്തനോള്‍, വളങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യ പശ്ചിമേഷ്യയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 92 രൂപയിലേക്ക് താഴ്ന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് പാതയിലെ ദീര്‍ഘകാല തടസ്സങ്ങളെ വിപണി ഇതുവരെ പൂര്‍ണ്ണമായി വിലയിരുത്തിയിട്ടില്ലെന്നും ജോഷി വ്യക്തമാക്കി.
വ്യവസായ മേഖലയിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പറയുന്നതനുസരിച്ച്, ഈ ആഘാതത്തെ മൂന്നായി തിരിക്കാം. ഒന്നാമതായി, ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ കുറവും ഷിപ്പിംഗ് കണ്ടെയ്നറുകളുടെ വാടക വര്‍ദ്ധനയും മൂലമുള്ള വിതരണ തടസ്സം. രണ്ടാമതായി, വിപണിയിലുണ്ടാകുന്ന ആഘാതം; യൂറോപ്യന്‍ യൂണിയന്‍ സിബിഎഎം പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ വ്യവസായങ്ങള്‍ പശ്ചിമേഷ്യയെ ഒരു പ്രധാന വിപണിയായി കണ്ടിരുന്നു, എന്നാല്‍ നിലവിലെ സാഹചര്യം ഈ വിപണിയെ ദോഷകരമായി ബാധിക്കുന്നു. മൂന്നാമതായി, പ്രകൃതിവാതകം, എല്‍പിജി വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഇന്ധന, ഫീഡ്സ്റ്റോക്ക് പ്രശ്‌നങ്ങളാണ്.
ഉദാഹരണത്തിന്, ഓട്ടോമോട്ടീവ്, നിര്‍മ്മാണ മേഖലകളില്‍ ഉപയോഗിക്കുന്ന ഫൈബര്‍ഗ്ലാസ് പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ മാലിയക് അന്‍ഹൈഡ്രൈഡിന്റെ വില പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഏകദേശം 61 ശതമാനം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് നിര്‍മ്മാണത്തിനുള്ള എഥിലീന്‍ വില 35 ശതമാനത്തിലധികവും, പെയിന്റുകള്‍, ഡയപ്പര്‍, സാനിറ്ററി പാഡുകള്‍, ടെക്‌സ്‌റ്റൈല്‍സ് എന്നിവയില്‍ ഉപയോഗിക്കുന്ന അക്രിലിക് ആസിഡിന്റെ വില 30 ശതമാനത്തിലധികവും വര്‍ദ്ധിച്ചിട്ടുണ്ട്. വസ്ത്രനിര്‍മ്മാണ മേഖലയിലും സമാനമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഡൈയിംഗ്, ബ്ലീച്ചിംഗ് തുടങ്ങിയ ഊര്‍ജ്ജം അധികം വേണ്ടിവരുന്ന പ്രക്രിയകളുടെ ചെലവ് ഇന്ധനവില വര്‍ദ്ധനവ് മൂലം കുതിച്ചുയര്‍ന്നു. വസ്ത്രനിര്‍മ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളുടെയും ചായങ്ങളുടെയും വിലയില്‍ 50 ശതമാനത്തോളം വര്‍ദ്ധനവുണ്ടായതായി ഗുജറാത്തിലെ ഒരു പ്രമുഖ വസ്ത്രനിര്‍മ്മാണ പ്ലാന്റ് ഉടമ അറിയിച്ചു. സിന്തറ്റിക് നാരുകളില്‍ പ്രധാനമായ പോളിസ്റ്ററിന്റെ വില 15 ശതമാനത്തോളം വര്‍ദ്ധിച്ചുകഴിഞ്ഞു, ഇനിയും വില കൂടാന്‍ സാധ്യതയുണ്ട്.
പാക്കേജിംഗ് മെറ്റീരിയലുകളുടെ വിലക്കയറ്റമാണ് മറ്റൊരു പ്രധാന വെല്ലുവിളി. പ്ലാസ്റ്റിക് അധിഷ്ഠിത പാക്കേജിംഗ് സാമഗ്രികളുടെ വില പല നിര്‍മ്മാതാക്കള്‍ക്കും ഇരട്ടിയായിട്ടുണ്ട്. വിതരണ തടസ്സങ്ങള്‍ കാരണം വിതരണക്കാര്‍ ഇപ്പോള്‍ പണം മുന്‍കൂട്ടി ആവശ്യപ്പെടുന്നത് കമ്പനികളുടെ പ്രവര്‍ത്തന മൂലധനത്തെ ബാധിക്കുന്നു. പ്ലാസ്റ്റിക് പാക്കേജിംഗ് ചെലവേറിയതോടെ പേപ്പര്‍ പാക്കേജിംഗിനും ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും അതിന്റെ വില ഉയരുകയും ചെയ്തു. സിപ്പര്‍, ബട്ടണുകള്‍ തുടങ്ങിയ ചെറുകിട സാധനങ്ങളുടെ വിലയും പെട്രോകെമിക്കല്‍ വിലവര്‍ദ്ധനവ് മൂലം ഉയര്‍ന്നിട്ടുണ്ട്. ഖനന മേഖലയെ സംബന്ധിച്ചിടത്തോളം, ഖനന യന്ത്രങ്ങളുടെയും ഗതാഗത വാഹനങ്ങളുടെയും പ്രവര്‍ത്തനച്ചെലവ് ഇന്ധനവില വര്‍ദ്ധനവ് മൂലം വര്‍ദ്ധിച്ചു, ഇത് മൊത്തത്തിലുള്ള ഉല്‍പ്പാദനച്ചെലവ് ഉയരാന്‍ കാരണമായി.
ഇറാന്‍ യുദ്ധം ഉരുക്ക് വ്യവസായത്തെയും ബാധിച്ചിട്ടുണ്ട്. സ്റ്റീല്‍ നിര്‍മ്മാണത്തിന് ആവശ്യമായ കോക്കിംഗ് കല്‍ക്കരിയുടെ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ വില വര്‍ദ്ധിപ്പിച്ചു. ഇന്ത്യയുടെ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 2020-21 ലെ 51.20 ദശലക്ഷം ടണ്ണില്‍ നിന്ന് 2024-25 ല്‍ 57.58 ദശലക്ഷം ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. ആവശ്യമായ കോക്കിംഗ് കല്‍ക്കരിയുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ആഗോള വിതരണ തടസ്സങ്ങള്‍ ഈ മേഖലയെ സാരമായി ബാധിക്കുന്നു. ആഫ്രിക്കയില്‍ നിന്നുള്ള കല്‍ക്കരി കപ്പലുകള്‍ ഗള്‍ഫ് മേഖലയിലൂടെയാണ് കടന്നുവരുന്നത് എന്നതിനാല്‍ യുദ്ധം കാരണം കപ്പലുകള്‍ വൈകുന്നത് വില 10 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചുവെന്ന് വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, പ്രകൃതിവാതക വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത് ഗ്ലാസ് നിര്‍മ്മാണ മേഖലയ്ക്കും വലിയ ഭീഷണിയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഫര്‍ണസുകള്‍ വാതക വിതരണം തടസ്സപ്പെട്ടാല്‍ പ്രവര്‍ത്തനരഹിതമാകുമെന്നും ഇത് നികത്താനാവാത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും വ്യവസായ പ്രമുഖര്‍ ആശങ്കപ്പെടുന്നു.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.