ഇറാന്‍ യുദ്ധം ആഗോളതലത്തില്‍ പല മേഖലകളെയും പ്രതിസന്ധിയിലാക്കുകയാണ്. എണ്ണ മുതല്‍ കോണ്ടം വരെ ആ വെല്ലുവിളി നേരിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാതാക്കളാണ് മലേഷ്യയിലെ കറെക്‌സ് ബിഎച്ച്ഡി. ഇറാന്‍ യുദ്ധം മൂലം തങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ തുടരുകയാണെങ്കില്‍ കോണ്ടം വില 20% മുതല്‍ 30% വരെയോ അതിലധികമോ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നത്. ചരക്ക് ഗതാഗത ചെലവ് വര്‍ദ്ധിച്ചതും ഷിപ്പിംഗ് വൈകിയതും കാരണം പല ഉപഭോക്താക്കളുടെയും കൈവശമുള്ള സ്റ്റോക്ക് കുറഞ്ഞുവെന്നും, ഇതിനാല്‍ കോണ്ടത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സിഇഒ ഗോ മിയാ കിയാറ്റ് ചൊവ്വാഴ്ച റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവിലെ സാഹചര്യം വളരെ ദുര്‍ബലമാണെന്നും വില കൂടുതലാണെന്നും വ്യക്തമാക്കിയ അദ്ദേഹം, വര്‍ദ്ധിച്ച ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിവര്‍ഷം 500 കോടിയിലധികം കോണ്ടം നിര്‍മ്മിക്കുന്ന കറെക്‌സ്, ഡ്യുറെക്‌സ് , ട്രോജന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും, യുകെയിലെ എന്‍എച്ച്എസ് പോലുള്ള ദേശീയ ആരോഗ്യ സംവിധാനങ്ങള്‍ക്കും, ഐക്യരാഷ്ട്രസഭ നടത്തുന്ന ആഗോള സഹായ പദ്ധതികള്‍ക്കും കോണ്ടം വിതരണം ചെയ്യുന്നുണ്ട്. ഇറാന്‍ യുദ്ധം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെയും പെട്രോകെമിക്കലുകളുടെയും വിതരണത്തെ ബാധിക്കുകയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത തടസ്സപ്പെടുത്തുകയും ചെയ്തതോടെ, മെഡിക്കല്‍ ഗ്ലൗസുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളടക്കം വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നേരിടുകയാണ്. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ കോണ്ടം നിര്‍മ്മാതാക്കളും എത്തപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തില്‍ സംഘര്‍ഷം തുടങ്ങിയതു മുതല്‍ കോണ്ടം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് റബ്ബര്‍, നൈട്രൈല്‍ എന്നിവ മുതല്‍ പാക്കേജിംഗ് സാമഗ്രികള്‍, അലുമിനിയം ഫോയില്‍, സിലിക്കണ്‍ ഓയില്‍ തുടങ്ങിയ ലൂബ്രിക്കന്റുകള്‍ വരെ എല്ലാത്തിന്റെയും ചെലവ് വര്‍ദ്ധിച്ചതായി ഗോ വ്യക്തമാക്കി. അടുത്ത കുറച്ചു മാസങ്ങളിലേക്ക് ആവശ്യമായ സ്റ്റോക്ക് കറെക്‌സിന്റെ പക്കലുണ്ടെന്നും, വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് വിദേശ സഹായത്തില്‍ വരുത്തിയ വലിയ വെട്ടിക്കുറയ്ക്കലിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ കോണ്ടം ശേഖരം ഗണ്യമായി കുറഞ്ഞിരുന്നു.
ഈ വര്‍ഷം കോണ്ടത്തിനുള്ള ആവശ്യം ഏകദേശം 30% വര്‍ദ്ധിച്ചിട്ടുണ്ട്, ഷിപ്പിംഗ് തടസ്സങ്ങള്‍ ക്ഷാമം കൂടുതല്‍ വഷളാക്കുന്നു. മുമ്പ് ഒരു മാസം എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും സാധനങ്ങള്‍ എത്തിച്ചേരാന്‍ രണ്ട് മാസത്തോളം സമയം എടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാത്ത, എന്നാല്‍ അടിയന്തരമായി ആവശ്യമുള്ള ധാരാളം കോണ്ടങ്ങള്‍ കപ്പലുകളില്‍ കിടക്കുന്ന അവസ്ഥയാണെന്നും, ഉല്‍പ്പന്നങ്ങള്‍ എത്തിച്ചേരാന്‍ സമയമെടുക്കുന്നതിനാല്‍ പല വികസ്വര രാജ്യങ്ങളിലും മതിയായ സ്റ്റോക്ക് ഇല്ലെന്നും ഗോ കൂട്ടിച്ചേര്‍ത്തു.
Content Summary: Iran War: World’s Largest Condom Maker Karex Warns of Over 30% Price Hike.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.