യുഎസ് ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുമെന്ന് ഇറാന്‍

സംഘര്‍ഷം പൂര്‍ണമായി അവസാനിക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്ന വാശിയിലാണ് ട്രംപ്

Hormuz-Iran Warns

വെടിനിര്‍ത്തല്‍ കാലാവധി വരെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കാനുള്ള ഇറാന്റെ തീരുമാനം ലോകം പ്രതീക്ഷയോടെയാണ് വരവേറ്റത്. എന്നാല്‍ മേഖലയില്‍ നിലനില്‍ക്കുന്ന അശാന്തി ആ പ്രതീക്ഷകള്‍ തകിടം മറിക്കുമോ എന്നാണ് ആശങ്ക. കടലിടുക്ക് തുറക്കുന്നതിനെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌പോരും ഉപരോധവും മേഖലയില്‍ വീണ്ടും യുദ്ധഭീതി വര്‍ദ്ധിപ്പിക്കുകയാണ്.

ഹോര്‍മുസ് അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ സഞ്ചാര പാതി വീണ്ടും അടച്ചുപൂട്ടുമെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് മുന്നറിയിപ്പ് നല്‍കി. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ അനുമതി നിര്‍ബന്ധം

കടലിടുക്കിലൂടെയുള്ള യാത്ര ഇനിമുതല്‍ ഇറാന്റെ അനുമതിയോടെയും നിശ്ചയിച്ച പാതയിലൂടെയും മാത്രമേ അനുവദിക്കൂ എന്ന് ഘാലിബാഫ് പറഞ്ഞു.

ട്രംപിന് വിമര്‍ശനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം നടത്തി. ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ അസത്യമാണെന്നും ഉപരോധം തുടര്‍ന്നാല്‍ കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരോധം തുടരുന്നു

ഇറാന്‍ കപ്പല്‍ ഗതാഗതം ഭാഗികമായി തുറന്നുകൊടുത്തതിനെ ട്രംപ് സ്വാഗതം ചെയ്‌തെങ്കിലും, സംഘര്‍ഷം പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് നീട്ടി

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ഇളവ് ട്രംപ് ഭരണകൂടം ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കി. മെയ് 16 വരെയാണ് സമയം നീട്ടിയത്. ഏപ്രില്‍ 11-ന് അവസാനിച്ച ഇളവാണ് ഇപ്പോള്‍ മെയ് 16 വരെ നീട്ടിയത്.

ഇറാനുമായുള്ള യുദ്ധം കാരണം ഊര്‍ജ്ജ വിപണിയിലുണ്ടായ പ്രതിസന്ധി പരിഗണിച്ചാണ് ഈ തീരുമാനം. എന്നാല്‍, ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ എണ്ണവില കുറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഹോര്‍മുസ് സംരക്ഷണത്തിന് ബ്രിട്ടനും ഫ്രാന്‍സും

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര ദൗത്യത്തിന് രൂപം നല്‍കി. ഈ സുരക്ഷാ ദൗത്യത്തില്‍ ബ്രിട്ടന്‍ വലിയ സൈനിക പങ്കാളിത്തം വഹിക്കുമെന്ന് യു.എസിലെ ബ്രിട്ടീഷ് അംബാസഡര്‍ ക്രിസ്റ്റ്യന്‍ ടര്‍ണര്‍ പറഞ്ഞു. പാരിസില്‍ നടന്ന ചര്‍ച്ചയില്‍ 50-ഓളം രാജ്യങ്ങള്‍ പങ്കെടുത്തു. കപ്പല്‍ ഗതാഗതത്തിന് നികുതിയോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഇവര്‍ എതിര്‍ക്കുന്നു.

ഈ ദൗത്യത്തെ ട്രംപ് പരിഹസിച്ചു. ഇറാനെതിരെയുള്ള തന്റെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാത്തതിനാല്‍ നാറ്റോ പ്രയോജനമില്ലാത്ത സംഘടനയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

യാത്രാ കപ്പല്‍ കടന്നുപോയി

യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായി ഒരു യാത്രാ കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു. ‘സെലസ്റ്റിയല്‍ ഡിസ്‌കവറി’ എന്ന കപ്പല്‍ 47 ദിവസമായി ദുബായില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ ഇത് ഒമാനിലെ മസ്‌കറ്റിലേക്ക് തിരിച്ചു.

യുഎസ് വിമാനവാഹിനിക്കപ്പല്‍ മടങ്ങിയെത്തി

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് റെഡ് സീയിലേക്ക് (ചെങ്കടല്‍) തിരിച്ചെത്തി. അറ്റകുറ്റപ്പണികള്‍ക്കായി മെഡിറ്ററേനിയന്‍ കടലിലായിരുന്ന കപ്പല്‍ ഇപ്പോള്‍ സൂയസ് കനാല്‍ കടന്ന് മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിലയുറപ്പിച്ചു.

Content Summary: Iran warns it will close strait of Hormuz if US blockade continues.

This post was last modified on April 18, 2026 7:38 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment