വാല്‍പ്പാറ-പൊള്ളാച്ചി റൂട്ടിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ കാത്തിരുന്ന ദുരന്തം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തത് മലപ്പുറത്തെ ഒരു സ്‌കൂളിനെയാണ്. പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിന് നഷ്ടമായത് അവരുടെ പ്രിയപ്പെട്ടവരെയാണ്. പ്രധാന അധ്യാപിക മുതല്‍ സ്‌കൂള്‍ പാചക തൊഴിലാളിവരെയുള്ള സ്‌കൂളിന്റെ എല്ലാമെല്ലാം ആയിരുന്നവരെ.
ഇനി പാങ്ങ് സ്‌കൂളില്‍ ബാക്കിയുള്ളത് എല്‍ പി വിഭാഗത്തിലെ അധ്യാപിക കെ ഹസ്‌നത്തും കെ ജി വിഭാഗം അധ്യാപകരായ യശോദ, റസീന എന്നിവരും പ്യൂണ്‍ ഗോപാലനും മാത്രമാണ്. ഇവര്‍ വിനോദ യാത്രയ്ക്ക് പോയിരുന്നില്ല. പതിമൂന്ന് പേരായിരുന്നു വിനോദ യാത്രയ്ക്ക് പോയ വാഹനത്തില്‍ ഉണ്ടായിരുന്നത്.
വേനല്‍ അവധിക്ക് സന്തോഷത്തോടെ പിരിഞ്ഞവരാണ്. സ്‌കൂള്‍ തുറക്കുമ്പോള്‍ വീണ്ടും ഒന്നിക്കാമെന്ന് വാക്കു പറഞ്ഞു പോയവര്‍. എന്നാല്‍ ഇനിയവര്‍ മടങ്ങി വരുമ്പോള്‍ ആരുടെ മുഖത്തും ചിരി കാണില്ല, ഉള്ള് തകര്‍ന്ന്, കണ്ണീര്‍ വാര്‍ത്ത മുഖമോടെ അവരെ കാത്തു നില്‍ക്കുന്നവര്‍ക്കു മുന്നിലേക്ക് നിശബ്ദരായി അവരെല്ലാം എത്തും. എങ്ങനെ തങ്ങള്‍ക്ക് ആ കാഴ്ച്ചകള്‍ കാണാന്‍ കഴിയുമെന്നു പറഞ്ഞ് വിലപിക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പിടിഎക്കാരുമെല്ലാം. പാങ്ങ് സ്‌കൂളില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത, ഒരുകാലത്തും ഉണാങ്ങാത്ത മുറിവായി മാറി ഈ അവധിക്കാലം.
വെള്ളിയാഴ്ച്ചയാണ് സ്‌കൂളില്‍ നിന്നുള്ള സംഘം വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. സ്ഥലങ്ങളൊക്കെ ചുറ്റിക്കണ്ട് വളവ് ഇറങ്ങുമ്പോഴായിരുന്നു അപകടം. പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ബ്രേക്ക് കിട്ടാതെ ട്രാവലര്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു, അവിടെ നിന്നും തലകീഴായി താഴേക്കു മറിഞ്ഞു. നേരെ ഒമ്പതാം വളവിലേക്ക് പതിച്ചു. വണ്ടി പൂര്‍ണമായും തകര്‍ന്നിരുന്നു. അകത്തുണ്ടായിരുന്നവര്‍ പുറത്തേക്കു തെറിച്ചു. ചിലര്‍ റോഡിലേക്കും മറ്റു ചിലര്‍ ചരിവിലേക്കും തെറിച്ചു വീണു. എട്ട് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ മരിച്ച അധ്യാപിക സുഹ്‌റയുടെ മകന്‍ 12 വയസുള്ള മകന്‍ ഹിഷാം പൊള്ളാച്ചി ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.
പ്രധാന അധ്യാപിക പി. അജിത, അധ്യാപകരായ റാംല, സുഹറ, ആശ, മജീദ്, മജീദിന്റെ ഭാര്യ റുഖിയ, പാചക തൊഴിലാളി സാജിത, സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. അധ്യാപികയായ ഷക്കീന, അവരുടെ 10 വയസുള്ള മകള്‍ മസ്‌നീന്‍, സാജിതയുടെ മകന്‍ ഷഹദീന്‍, ടെംപോ ട്രാവലറിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ മസ്‌നീന്‍ ഒഴികെ ബാക്കി മൂന്നുപേരും അതീവഗുരുതരാവസ്ഥയിലാണ്. മസ്‌നീന്‍ മാത്രമാണ് ഈ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി. ആ പത്തുവയസുകാരിയെ ഇപ്പോള്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ തന്റെ പ്രിയപ്പെട്ട ഉമ്മ ഷക്കീന ഇനിയില്ലെന്ന സത്യം മസ്‌നീനെ ഇതുവരെയും അറിയിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ട ട്രാവലറിന് പിന്നാലെയുണ്ടായിരുന്ന ഒരു ടാക്‌സിയുടെ ഡ്രൈവറാണ് മസ്‌നീനെ ട്രാവലറിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. പൊള്ളാച്ചി ആശുപത്രയില്‍ ആദ്യം പ്രവേശിപ്പിച്ച കുട്ടിയെ മലപ്പുറം ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റിയത്. മസ്‌നീന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മലപ്പുറത്ത് എത്തിച്ചു. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പതിന് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒരു മണിക്കൂറോളം പൊതുദര്‍ശനം ഉണ്ടായിരിക്കും. അതിനുശേഷം വീടുകളിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് അതാത് മതാചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌കരിക്കും.
Content Summary: Valparai accident; Malappuram Pang GLP School five teachers including nine people killed.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.