ലോകകപ്പിന് ഇല്ലെന്ന് ഇറാന്‍

ഇറാന്‍ വനിത ടീമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഈയൊരു തീരുമാനത്തിന് പിന്നിലുണ്ട്

Iran pull out form Fifa world cup

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്മാറുന്നതായി കായിക മന്ത്രി അഹമ്മദ് ദുന്യാമാലി പ്രഖ്യാപിച്ചു. ഓസ്ട്രേലിയയില്‍ ഏഷ്യന്‍ കപ്പ് കളിക്കാന്‍ പോയ ഇറാന്റെ വനിതാ ഫുട്ബോള്‍ ടീമിലെ അംഗങ്ങള്‍ അവിടെ രാഷ്ട്രീയ അഭയം തേടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ചുറ്റുപാടില്ലെന്നും ഒരു കാരണവശാലും ഇറാന്‍ ടീം ടൂര്‍ണമെന്റില്‍ കളിക്കില്ലെന്നും ബുധനാഴ്ച സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും രാജ്യത്തുണ്ടായ മരണങ്ങളും ചൂണ്ടിക്കാട്ടി, അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പില്‍ തങ്ങളുടെ താരങ്ങള്‍ക്ക് സുരക്ഷയുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. വനിതാ ഫുട്ബോള്‍ ടീമുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയില്‍ നടന്ന മത്സരത്തിനിടെ ഇറാന്റെ ദേശീയ ഗാനം ആലപിക്കാന്‍ വനിതാ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. ഇവര്‍ തിരികെ എത്തിയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്കകള്‍ക്കിടെയാണ് ആറ് താരങ്ങള്‍ക്കും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനും ഓസ്ട്രേലിയ അഭയം നല്‍കിയത്.

താരങ്ങള്‍ ഓസ്ട്രേലിയയില്‍ സുരക്ഷിതരായിരിക്കുമെന്നും അവരെ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നതായും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം, താരങ്ങളെ അവിടെ ബന്ദികളാക്കിയിരിക്കുകയാണെന്നും ഓസ്ട്രേലിയന്‍ പോലീസ് അവരെ നിര്‍ബന്ധിച്ച് അഭയം തേടാന്‍ പ്രേരിപ്പിക്കുകയാണെന്നും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് ആരോപിച്ചു. അമേരിക്കയില്‍ നടക്കുന്ന ലോകകപ്പിന് പോകുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന് ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ ടീമിനെ ലോകകപ്പില്‍ സ്വാഗതം ചെയ്യുന്നതായി ട്രംപ് അറിയിച്ചെന്ന് ഇന്‍ഫാന്റിനോ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ച ചോദിച്ചപ്പോള്‍ തനിക്ക് അതില്‍ ഒരു താല്‍പ്പര്യവുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. സമാധാനത്തിനുള്ള ഫിഫയുടെ പ്രഥമ പുരസ്‌കാരം ഡൊണാള്‍ഡ് ട്രംപിന് നല്‍കിയതുള്‍പ്പെടെ ഇന്‍ഫാന്റിനോയും ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കായിക ലോകത്ത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.

ഇറാന്റെ ഈ പിന്മാറ്റം വരാനിരിക്കുന്ന ലോകകപ്പിന്റെ ആവേശത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് കായിക പ്രേമികള്‍. ഇറാന്റെ പിന്മാറ്റം ഇറാഖിനോ യുഎഇയ്‌ക്കോ ലോകകപ്പ് കളിക്കാനുള്ള അവസരവും തുറക്കുന്നുണ്ട്.

Content Summary: Iran will pull out of the men’s Fifa football World Cup

This post was last modified on March 12, 2026 9:28 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment