ഇസ്രയേലിലേക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. തെക്കന്‍ ഇസ്രയേലിലെ അരാദ്, ഡിമോണ നഗരങ്ങളില്‍ ശനിയാഴ്ച ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇറാന് കഴിഞ്ഞു. രണ്ട് മിസൈലുകളെങ്കിലും ഇസ്രയേലിലെ ജനവാസ മേഖലകളില്‍ പതിച്ചുവെന്നും തന്മൂലം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെയും അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണങ്ങള്‍ സംഭവിച്ചതായി പ്രാഥമിക സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് ഇസ്രയേല്‍ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു.
ഡിമോണയില്‍ മാത്രം 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഷ്രപ്നെല്‍ (മിസൈല്‍ ചില്ലുകള്‍) തറച്ച് പരിക്കേറ്റ ഒരു കൗമാരക്കാരന്റെ നില ഗുരുതരമാണ്. അരാദില്‍ 68 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. 14 പേര്‍ക്ക് സാരമായ മുറിവുകളേറ്റൂ. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളത്. പരിക്കേറ്റവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിയില്‍ ‘മാസ് ക്യാഷ്വാലിറ്റി’ പ്രഖ്യാപിച്ചിട്ടുണ്ട്. അരാദില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി മാഗന്‍ ഡേവിഡ് അഡോം ചീഫ് എക്‌സിക്യൂട്ടീവ് എലി ബിന്‍ പറഞ്ഞു. ഇതൊരു വന്‍ ദുരന്തമാണെന്നും കാണാതായവരെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക നിഗമനമനുസരിച്ച്, നൂറുകണക്കിന് കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ഒരു മിസൈല്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍ക്കിടയിലാണ് പതിച്ചത്. ഇത് കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടാക്കുകയും പരിസരത്തെ വസ്തുവകകളില്‍ തീപിടുത്തമുണ്ടാക്കുകയും ചെയ്തു. മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി നിമിഷങ്ങള്‍ക്കകം മിസൈല്‍ പതിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് ഇസ്രയേല്‍ വ്യോമസേനയും ഹോം ഫ്രണ്ട് കമാന്‍ഡും അന്വേഷണം ആരംഭിച്ചു. സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും മിസൈലുകളെ തടയാനായില്ലെന്ന് ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ എക്‌സില്‍ കുറിച്ചു.
ബുഷെറിലെയും നതാന്‍സിലെയും തങ്ങളുടെ ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഡിമോണയിലെ ആക്രമണമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ നതാന്‍സില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത ഇസ്രയേല്‍ നിഷേധിച്ചു. ശത്രുക്കള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പാഠം നല്‍കിയെന്നും ഇറാന്റെ മിസൈലുകളില്‍ നിന്ന് ഒരിടവും സുരക്ഷിതമല്ലെന്നും ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണയില്‍ ആണവനിലയത്തിന് കേടുപാടുകള്‍ സംഭവിച്ചതായി സൂചനയില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കി. റേഡിയേഷന്‍ നിലയില്‍ മാറ്റങ്ങളില്ലെന്നും അവര്‍ അറിയിച്ചു.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണം നടത്തി. ‘നമ്മുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ വളരെ പ്രയാസമേറിയ വൈകുന്നേരമാണിതെന്ന്’ അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ശത്രുക്കള്‍ക്കെതിരെ എല്ലാ മുന്നണികളിലും നിശ്ചയദാര്‍ഢ്യത്തോടെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കെയാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
Content Summary: Iranian missile strikes on southern Israel, attacks on cities of Arad and Dimona, almost 100 people wounded.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.