യുഎസ്-ഇസ്രയേല്‍ സൈനിക നീക്കത്തില്‍ ആശങ്കപ്പെട്ട് ഇറാന്‍ ഭരണകൂടം. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് മിസൈല്‍ നശീകരണ കപ്പലുകള്‍ക്കൊപ്പം മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചതാണ് മേഖലയില്‍ പുതിയൊരു യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരായ പുതിയൊരു സൈനിക നീക്കമായി ഇതിനെ ഇറാന്‍ ഭരണകൂടം ഭയക്കുന്നുവെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ഇറാനിയന്‍ സര്‍ക്കാര്‍ എന്നാണ് പാശ്ചാത്യ ഭരണകൂടങ്ങള്‍ ആരോപിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ യുഎസും ഇസ്രയേലും ഇറാനെതിരേ സംയുക്തമായി ആക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തിരുന്നു. എന്നാല്‍ പുതിയ ആക്രമണം ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ജീവിതനിലവാരം തകര്‍ന്നതില്‍ രോഷാകുലരായ പ്രതിഷേധക്കാരെ വീണ്ടും തെരുവിലിറക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
യുഎസ് നാവികവ്യൂഹം നിലവില്‍ ഇറാനെ ആക്രമിക്കാന്‍ സാധിക്കുന്ന ദൂരപരിധിക്കുള്ളിലാണുള്ളത്. എന്നാല്‍ 1979 മുതല്‍ അധികാരത്തിലുള്ള ഇസ്ലാമിക ഭരണകൂടം പുറത്തു പോകണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ തന്നെയും ഭരണ അട്ടിമറിക്ക് പുറത്തുനിന്നുള്ള ശക്തികള്‍ ഇടപെടുന്നതിനോട് യോജിക്കാത്തവരാണ് നിലവിലെ സര്‍ക്കാരിന്റെ വിമര്‍ശകരായ ഇറാനികള്‍. അതുകൊണ്ട് തന്നെ ഈ നീക്കം ജനകീയ പ്രതിഷേധങ്ങളെ വീണ്ടും ആളിക്കത്തിക്കുമോ എന്ന് ഉറപ്പില്ല.
അതേസമയം യുഎസ്-ഇസ്രയേല്‍ നീക്കത്തിന് ഗള്‍ഫ് മേഖലയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നാണ് വിവരം. യുഎഇ ഉള്‍പ്പെടെയുള്ള പ്രാദേശിക ശക്തികള്‍ തങ്ങളുടെ ആകാശമോ സമുദ്രപരിധിയോ ആക്രമണത്തിനായി വിട്ടുനല്‍കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും വിമാനവാഹിനിക്കപ്പല്‍ മെഡിറ്ററേനിയനില്‍ ഉള്ളതിനാല്‍ ആക്രമണത്തിന് മൂന്നാം കക്ഷികളുടെ അനുമതി യുഎസിന് ആവശ്യമില്ല.
യുഎസ് തങ്ങളുടെ രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ആരോപിച്ചത്. പ്രതിഷേധക്കാരെ ‘ഭീകര സ്വഭാവമുള്ള നഗര സംഘങ്ങള്‍’ എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. അവര്‍ ആയുധങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുന്നത് ആഭ്യന്തരയുദ്ധത്തിന് പ്രേരിപ്പിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ ചര്‍ച്ച നടക്കുന്നു എന്ന വാര്‍ത്ത ഇറാന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഏതൊരു അധിനിവേശത്തിനും ‘അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ശക്തമായ മറുപടി’ നല്‍കുമെന്ന് വക്താവ് ഇസ്മായില്‍ ബഗായി മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകളിലേക്ക് മടങ്ങരുതെന്ന് ചീഫ് ജസ്റ്റിസ് ഗുലാം ഹൊസൈന്‍ മൊഹ്സെനി-എജെ ആവശ്യപ്പെട്ടു.
അയത്തുള്ള അലി ഖമേനിയെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള കൃത്യമായ പദ്ധതികളില്ലാത്തതിനാലും ഇസ്രയേലിനെതിരായ ഇറാന്റെ പ്രത്യാക്രമണം ഭയന്നും രണ്ടാഴ്ച മുമ്പ് ട്രംപ് ആക്രമണത്തില്‍ നിന്ന് പിന്മാറിയിരുന്നു. പ്രതിഷേധക്കാരെ സഹായിക്കുമെന്ന വാഗ്ദാനം ട്രംപ് പാലിക്കാത്തതില്‍ ഇറാനികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. 9 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഭരണം മാറ്റുന്ന കാര്യത്തില്‍ യുഎസ് ഭരണകൂടത്തിനുള്ളിലും ഭിന്നതയുണ്ട്.
ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ കണക്ക് പ്രകാരം പ്രതിഷേധക്കാരുടെ മരണസംഖ്യ 5,419 എത്തിയിട്ടുണ്ട്. മറ്റ് 17,000 മരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ കുടുംബങ്ങളില്‍ നിന്ന് 5,000 മുതല്‍ 7,000 ഡോളര്‍ വരെ ഇറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതായി യുഎന്‍ പ്രതിനിധി മൈ സാറ്റോ പറഞ്ഞു. എന്നാല്‍ ഇറാന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു. ജനുവരി 8 മുതല്‍ ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
യൂറോപ്പില്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിനെ നിരോധിത സംഘടനയായി പ്രഖ്യാപിക്കാന്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം നിലവിലെ പ്രതിസന്ധികള്‍ ഇറാനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ ഇറാനിയന്‍ ഓഹരി വിപണി തിങ്കളാഴ്ച റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാനിലെ പണപ്പെരുപ്പം കഴിഞ്ഞ മാസം 60% ആയി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Summary; Iran is bracing for a potential US-Israeli missile attack following the deployment of the USS Abraham Lincoln strike group to the region
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.