യൂട്യൂബ് ചാനലില്‍ ലൈവ് സ്ട്രീം ചെയ്ത സംഗീത പരിപാടിയില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്തതിന് പ്രശസ്ത ഗായിക പരസ്തൂ അഹ്‌മദിക്കും അണിറപ്രവര്‍ത്തകര്‍ക്കും ചാട്ടവാറടി ശിക്ഷ വിധിച്ച് ഇറാന്‍ കോടതി. ഗായികയും സംഗീതജ്ഞരും ഉള്‍പ്പെടെയുള്ള ഒന്‍പത് അംഗ സംഘത്തിനാണ് 74 ചാട്ടവാറടി വീതം ശിക്ഷ വിധിച്ചത്. കൂടാതെ ഇവര്‍ക്ക് രണ്ട് വര്‍ഷത്തെ യാത്രാവിലക്കും രണ്ട് വര്‍ഷത്തേക്ക് കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ അശ്ലീലവും അധാര്‍മ്മികവുമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പൊതുജന മര്യാദകളെ ലംഘിച്ചു എന്ന കുറ്റത്തിനാണ് കോം പ്രവിശ്യയിലെ ക്രിമിനല്‍ കോടതി ഈ കടുത്ത ശിക്ഷ വിധിച്ചതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ ഈ വിധി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും കോടതി രേഖകള്‍ പരിശോധിച്ച് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണകൂട നയങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന കലാകാരന്മാര്‍ക്കെതിരെ ഇറാന്‍ സ്വീകരിക്കുന്ന കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റും തുടര്‍ന്നുള്ള നിയമനടപടികളും കാണുന്നത്. 2024 ഡിസംബറിലാണ് 29-കാരിയായ പരസ്തൂ അഹ്‌മദി ‘അസ് ഖൂനെ ജവാനാന്റെ വതന്‍’ (മാതൃരാജ്യത്തെ യുവാക്കളുടെ രക്തത്തില്‍ നിന്ന്) എന്ന ദേശഭക്തി ഗാനം ഹിജാബ് ധരിക്കാതെ യൂട്യൂബ് ലൈവിലൂടെ ആലപിച്ചത്. വീഡിയോ വൈറല്‍ ആകുകയും ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു. ഇതിന് പിന്നാലെ ഗായികയെയും ഏതാനും സംഗീതജ്ഞരെയും അധികൃതര്‍ തടങ്കലിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ അധികൃതര്‍ ഔദ്യോഗികമായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ വിധിയെ ശക്തമായി അപലപിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ഇറാന്റെ അഡ്വക്കസി ഡയറക്ടര്‍ ബഹാര്‍ ഗന്ദേഹാരി പറഞ്ഞത്, വെറുമൊരു പാട്ട് പാടിയതിനും ഹിജാബ് ധരിക്കാത്തതിനും 74 ചാട്ടവാറടി ശിക്ഷ നല്‍കുന്നത് ഇറാന്റെ മനുഷ്യാവകാശ മേഖലയില്‍ ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല എന്നതിന്റെ തെളിവാണെന്നാണ്. ആഗോളതലത്തില്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍ നടത്തുന്ന പ്രചാരണങ്ങളും യഥാര്‍ത്ഥ അവസ്ഥയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ വിധിയിലൂടെ പുറത്തുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ ശിക്ഷാവിധിക്ക് യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്ന് ഇറാനിയന്‍ ആക്ടിവിസ്റ്റുകള്‍ക്ക് നിയമസഹായം നല്‍കുന്ന ദാദ്ബാന്‍ എന്ന സംഘടനയിലെ മനുഷ്യാവകാശ അഭിഭാഷകന്‍ മൊയീന്‍ ഖസേലി വ്യക്തമാക്കുന്നു. ഇറാനിയന്‍ ക്രിമിനല്‍ നിയമപ്രകാരം സ്ത്രീകള്‍ പാടുന്നതോ സംഗീതം അവതരിപ്പിക്കുന്നതോ കുറ്റകരമല്ലെന്നും, അതുകൊണ്ടുതന്നെ ഇതിനെ അശ്ലീല ഉള്ളടക്കത്തിന്റെ നിര്‍മ്മാണമായോ വിതരണമായോ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാര്‍ക്കും പൗരന്മാര്‍ക്കും എതിരെ ചാട്ടവാറടി പോലുള്ള ശിക്ഷകള്‍ നടപ്പാക്കുന്നത് പീഡന നിരോധനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ചാട്ടവാറടിയെ ക്രൂരമായ പീഡനമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇറാന്റെ ക്രൂരമായ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഗായിക പരസ്തൂ അഹ്‌മദിക്കെതിരെയുള്ള വിധി എന്ന് ഇറാനിയന്‍-ബ്രിട്ടീഷ് നടിയായ നസാനിന്‍ ബോണിയാദി പ്രതികരിച്ചു. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ഒരു ഭരണകൂടവുമായി ഒത്തുതീര്‍പ്പിലെത്തുന്നത് അവരെ കൂടുതല്‍ ക്രൂരതകളിലേക്ക് നയിക്കുകയേ ഉള്ളൂവെന്നും അവര്‍ പറഞ്ഞു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടുന്ന ഇറാനിയന്‍ സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് പരസ്തൂ അഹ്‌മദിയെന്നും, നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിട്ടും ഒരു സ്ത്രീ എന്ന നിലയില്‍ ജീവിക്കാനും പാടാനുമുള്ള തന്റെ അവകാശത്തിന് വേണ്ടി അവര്‍ ഉറച്ചുനിന്നുവെന്നും പ്രശസ്ത ഇറാനിയന്‍ നടി സെതാരെ മാലേകി പറഞ്ഞു. സെന്‍സര്‍ഷിപ്പുകള്‍ക്ക് വഴങ്ങാന്‍ തയ്യാറാകാത്ത ഓരോ ഇറാനിയന്‍ കലാകാരന്റെയും ദൈനംദിന ജീവിതം വലിയൊരു പോരാട്ടമാണെന്നും, ഈ വിധി തങ്ങളില്‍ വീണ്ടും പ്രതിരോധത്തിന്റെ ആവേശം നിറയ്ക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Summary; Iranian singer Parastoo Ahmadi and her production team sentenced to 74 lashes and a two-year artistic ban for performing without a hijab in a viral YouTube livestream
This post was last modified on June 19, 2026 9:04 am
Leave a Comment