June 04, 2026 |
Share on

ഹോര്‍മുസ് ഭീഷണി; കേരള തീരത്തിനടുത്ത് നങ്കൂരമിട്ട് യുഎസ് മൈന്‍വേട്ട കപ്പല്‍

രണ്ടു കപ്പലുകള്‍ മലേഷ്യയിലെ ബട്ടര്‍വര്‍ത്ത് കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്

മിഡില്‍ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം കേരളതീരത്തും ജാഗ്രതയുണര്‍ത്തുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറി ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കം ആഗോളതലത്തില്‍ ആശങ്ക പടര്‍ത്തുകയാണ്. ലോകത്തെ എണ്ണകയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയുടെ സുരക്ഷയ്ക്കായി അമേരിക്ക വിന്യസിച്ചിരുന്ന അത്യാധുനിക യുദ്ധക്കപ്പലുകള്‍ ഇപ്പോള്‍ പിന്‍വാങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിലെ കലങ്ങിയ വെള്ളത്തില്‍ ഇത്തരം കപ്പലുകള്‍ക്ക് മൈനുകള്‍ കണ്ടെത്തുന്നത് പ്രായോഗികമായി വലിയ വെല്ലുവിളിയാണെന്നാണ് തായ്വാന്‍ സെക്യൂരിറ്റി മോണിറ്ററിലെ ഗവേഷകനായ ഈഥന്‍ കോണല്‍ അഭിപ്രായപ്പെടുന്നത്.

ബഹ്റൈന്‍ ആസ്ഥാനമായുള്ള യുഎസ് അഞ്ചാം ഫ്‌ളീറ്റിന്റെ ഭാഗമായ മൂന്ന് അത്യാധുനിക മൈന്‍ ക്ലിയറിംഗ് കപ്പലുകളായ യുഎസ്എസ് തുള്‍സ, യുഎസ്എസ് സാന്താ ബാര്‍ബറ എന്നീ കപ്പലുകള്‍ മലേഷ്യയിലെ ബട്ടര്‍വര്‍ത്ത് കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ അതീവ പ്രാധാന്യമുള്ള കാര്യം മൂന്നാമത്തെ കപ്പലായ ‘യുഎസ്എസ് കാന്‍ബെറ’ നിലവില്‍ കേരള തീരത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നു എന്നതാണ്. ഷിപ്പ് ട്രാക്കിംഗ് വെബ്‌സൈറ്റുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, ഈ അത്യാധുനിക യുദ്ധക്കപ്പല്‍ കേരളത്തിന്റെ കടല്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സഞ്ചരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കാന്‍ ജപ്പാന്‍, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സഹായം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തേടിയെങ്കിലും പലരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ മൈന്‍വേട്ട കപ്പലുകളുടെ അപ്രതീക്ഷിത നീക്കം ചര്‍ച്ചയാകുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കലങ്ങിയ വെള്ളത്തില്‍ ഇറാന്റെ ഡ്രോണുകളെയും ആന്റി-ഷിപ്പ് മിസൈലുകളെയും പ്രതിരോധിച്ചുകൊണ്ട് മൈനുകള്‍ നീക്കം ചെയ്യുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതാകാം കപ്പലുകള്‍ പിന്‍വലിക്കാന്‍ കാരണമെന്നും കരുതപ്പെടുന്നു.

അമേരിക്കയുടെ ഈ നീക്കങ്ങള്‍ക്കിടയില്‍ കേരള തീരത്ത് യുഎസ് യുദ്ധക്കപ്പലിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രാദേശികമായും വലിയ നിരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലേക്ക് പോകുന്ന മറ്റ് കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാനാണോ അതോ മറ്റ് തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണോ യുഎസ്എസ് കാന്‍ബെറ കേരള തീരത്ത് തുടരുന്നത് എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല. എന്തായാലും പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിന്റെ സമുദ്ര അതിര്‍ത്തികളെപ്പോലും നിഴലിലാഴ്ത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്.

Content Summary: Iranian threat in Hormuz: US minesweepers anchored near Kerala coast. 2 of its 3 Gulf-based minesweepers are in Malaysia

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×