അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ തന്നെ ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങള്‍ പരസ്യമായി കത്തിച്ചും, ആ തീയില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷമാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് പുറത്തുവരുന്ന പുതിയ ദൃശ്യങ്ങള്‍ പ്രക്ഷോഭത്തിന്റെ മറ്റൊരു മുഖം കൂടി വ്യക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകള്‍ തങ്ങളുടെ ശിരോവസ്ത്രങ്ങള്‍ കൂട്ടമായി തീയിലിട്ട് കത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇറാനിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള സ്ത്രീകളുടെ ശക്തമായ പ്രതിഷേധമായാണ് ഇതിനെ വിലയിരുത്തുന്നത്.
മറിച്ച് പതിറ്റാണ്ടുകളായി ഇറാനില്‍ നിലനില്‍ക്കുന്ന കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങള്‍ക്കും അധികാര വ്യവസ്ഥിതിക്കും എതിരെയുള്ള ശക്തമായ തിരിച്ചടിയായാണ് സിഗരറ്റും, ഹിജാബും കത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്. ഇത്തരം പ്രകോപനപരമായ നടപടികളിലൂടെ ഭരണകൂടത്തിന്റെ ആധികാരികതയെ നേരിട്ട് ചോദ്യം ചെയ്യുകയാണ് ഇറാനിയന്‍ ജനത.
പ്രക്ഷോഭങ്ങള്‍ക്കിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ മരണസംഖ്യ ഉയരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. പ്രതിഷേധം അക്രമാസക്തമായതോടെ, വിവരങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ അധികൃതര്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ബന്ധവും അന്താരാഷ്ട്ര ടെലിഫോണ്‍ ലൈനുകളും പൂര്‍ണ്ണമായും വിച്ഛേദിച്ചു.
ഡിസംബര്‍ അവസാനവാരം പൊട്ടിപ്പുറപ്പെട്ട ഈ പ്രതിഷേധം, 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാനില്‍ നിലനില്‍ക്കുന്ന ഇസ്ലാമിക ഭരണകൂടത്തിന് നേരിടേണ്ടി വന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്നായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
2022 ല്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനി എന്ന 22 കാരിയുടെ മരണത്തിന് ശേഷം ഇറാനില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. രാജ്യത്തെ കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സദാചാര പോലീസ് അറസ്റ്റ് ചെയ്ത 22 വയസ്സുകാരിയായ മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. ഈ സംഭവം ഇറാനിലെ സ്ത്രീകളെയും യുവാക്കളെയും തെരുവിലിറക്കുകയും, പതിറ്റാണ്ടുകളായി തുടരുന്ന ഭരണകൂട നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ പ്രക്ഷോഭമായി മാറുകയും ചെയ്തു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും കുതിച്ചുയരുന്ന വാര്‍ഷിക പണപ്പെരുപ്പവും ഉയര്‍ത്തിയ സാമ്പത്തിക ആശങ്കകളായിരുന്നു പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ നിഴലിച്ചിരുന്നത്. എന്നാല്‍, വൈകാതെ തന്നെ ഇത് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമായി മാറി. നിലവില്‍ ഭരണകൂടത്തിനെതിരെയുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് തെരുവുകളില്‍ മുഴങ്ങുന്നത്.
പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ ഭരണകൂടം രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ഇന്റര്‍നെറ്റ് വാച്ച്‌ഡോഗായ നെറ്റ്‌ബ്ലോക്ക്‌സ് (Net Blocks) റിപ്പോര്‍ട്ട് ചെയ്തു. ഇറാനികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നും, പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ഭരണകൂട അതിക്രമങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നും നെറ്റ്‌ബ്ലോക്ക്‌സ് ചൂണ്ടിക്കാട്ടി.
Content Summary: Iranian women burns Khamenei’s photos and hijabs