എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന്റെ പരാമർശത്തിന് പിന്നാലെ ക്ഷേമപെൻഷനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നത്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു എന്ന വാദം സിപിഎം തെളിയിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് പ്രതികരണം അറിയിച്ചിരിക്കുന്നത്.
2015 ഡിസംബർ 23ന്റെ കാബിനറ്റ് കഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിന്റെ റിപ്പോർട്ടും 2015 ജൂലൈ രണ്ടിന് അന്നത്തെ സാമൂഹ്യക്ഷേമമന്ത്രി ഡോ. എം. കെ മുനീർ നിയമസഭയിൽ പറഞ്ഞ കാര്യങ്ങളും വെച്ചായിരുന്നു തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2015ലെ വാർത്താ സമ്മേളനത്തിൽ 11 മാസം വരെ ക്ഷേമപെൻഷൻ കുടിശിക വന്നെന്നു ഉമ്മൻചാണ്ടി സമ്മതിച്ചിരുന്നതായും എന്നാൽ 2014 സെപ്തംബർ മുതൽ പെൻഷൻ കുടിശ്ശികയുണ്ടെന്ന് എം. കെ മുനീർ പറഞ്ഞിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. മുനീർ നിയമസഭയിൽ വെളിപ്പെടുത്തിയ കുടിശിക എന്നാണ് ഉമ്മൻചാണ്ടി കൊടുത്തതെന്നും ഇതിനായി സര്‍ക്കാര്‍ പണം അനുവദിച്ചതിന്റെ ഉത്തരവ് കാണിക്കാമോയെന്നും തോമസ് ഐസക് ചോദിച്ചു.
കണക്കുകൾ കാണിച്ചുകൊണ്ടുള്ള എൽഡിഎഫിന്റെ രേഖകൾ പുറത്തുവന്നതോടെ യുഎഡിഎഫിനെതിരെയും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുള്ള ക്ഷേമപെൻഷൻ വിതരണത്തിനെതിരെയും വിമർശനങ്ങൾ ശക്തമാവുകയാണ്. പെൻഷൻ വിതരണ സമ്പ്രദായം യുഡിഎഫ് തകർത്ത് തരിപ്പണമാക്കിയെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഗോപകുമാർ മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എൽഡിഎഫ് സർക്കാർ കൃത്യമായ ഒരു സിസ്റ്റം ഉണ്ടാക്കി പെൻഷൻ ഗണ്യമായി ഉയർത്തി കൃത്യമായി കൊടുക്കുന്നുവെന്ന് ഗോപകുമാർ മുകുന്ദൻ കുറിപ്പിൽ പറയുന്നു.
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്ന സാഹചര്യത്തിൽ കെ. സി വേണുഗോപാൽ തുടക്കമിട്ട ക്ഷേമപെൻഷൻ വിവാദം മുറുകെ പിടിക്കുകയാണ് ഇടതുപക്ഷം. 1980ൽ ഇ.കെ.നായനാർ സർക്കാരാണ് ക്ഷേമ പെൻഷൻ ആരംഭിച്ചതെന്നും അന്ന് കോൺഗ്രസുകാർ അതിനെ എതിർത്ത് സമരം ചെയ്തിരുന്നുവെന്നും നിലമ്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജ് ആഞ്ഞടിച്ചിരുന്നു. അതേസമയം, ക്ഷേമപെൻഷൻ വിഷയത്തിൽ കൃത്യമായ നിലപാടറിയിക്കാതെ തുടരുകയാണ് ബിജെപി.
ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി കേരളത്തിൽ ചർച്ചാ വിഷയമായിരുന്നു. പിണറായി സർക്കാരിന്റെ ഭരണകാലത്തായിരുന്നു അത്. പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി അടിമാലി ടൗണില്‍ മറിയക്കുട്ടി പ്രതിഷേധം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
നിലവിൽ 1600 രൂപ വീതം സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻകാർക്ക് നൽകുന്നുണ്ട്. ക്ഷേമപെൻഷൻ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പെൻഷൻ വാങ്ങുന്ന ഇന്നാട്ടിലെ 62 ലക്ഷം പൗരർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അത് ബോധ്യമുള്ളതാണെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നൽകാനുള്ള കുടിശിക തീർക്കുമെന്നും അതിനു ശേഷം പെൻഷൻ വർധനവിനെക്കുറിച്ച് ആലോചിക്കുമെന്നും കെ. എൻ ബാലഗോപാൽ പറഞ്ഞതായും മാധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്. യുഡിഎഫ് ഉന്നയിച്ചിരിക്കുന്ന ആരോപണത്തെ തെളിവുകൾ നിരത്തി നഖശിഖാന്തം എതിർക്കുകയാണ് എൽഡിഎഫ്. നിലവിലെ വിവാദം നിലമ്പൂർ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിന് ഗുണം ചെയ്യുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
ക്ഷേമപെൻഷനെ സർക്കാർ കൈക്കൂലിയായാണ് കാണുന്നതെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന്റെ പരാമർശം. തുടർന്ന് എൽഡിഎഫ് വിഷയത്തെ ഏറ്റെടുക്കുകയും കെ. സി വേണുഗോപാൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് യുഡിഎഫ് പ്രതിനിധികൾ ആരോപണവുമായി എത്തിയത്.
Content Summary: welfare pension issue has become a key topic in the Nilambur byelection