June 04, 2026 |
Avatar
അമർനാഥ്‌
Share on

ദേവികുളം വീണ്ടും ചുവന്നപ്പോള്‍; കേരള സംസ്ഥാനത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ്

കേരള നിയമസഭയുടെ ആദ്യ കാലത്തെ ആവേശകരമായ കഥ റോസമ്മ പുന്നൂസില്‍ നിന്നാണ് ആരംഭിക്കുന്നത്

1958 ല്‍ കേരള സംസ്ഥാനം നിലവില്‍ വന്ന ശേഷമുള്ള ദേവികുളത്ത് നടന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വളരെ സവിശേഷതയുള്ളതായിരുന്നു. നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ എംഎല്‍എ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ്, കോടതി വിധിയെത്തുടര്‍ന്ന് ആ സ്ഥാനം നഷ്ടപ്പെട്ട ആദ്യ വ്യക്തി. അവര്‍ തന്നെ വീണ്ടും ഭൂരിപക്ഷത്തോടെ വിജയിച്ച് തിരിച്ചെത്തുക. റോസമ്മ പുന്നൂസില്‍ നിന്ന് ആരംഭിച്ച കേരള നിയമസഭയുടെ ആദ്യത്തെ ആവേശകരമായ ദേവികുളത്തെ തിരഞ്ഞെടുപ്പ് കഥ.

സ്വതന്ത്ര ഇന്ത്യയില്‍ കേരള സംസ്ഥാനം നിലവില്‍ വന്ന ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നേരിട്ട ആദ്യത്തെ രാഷ്ട്രീയ വെല്ലുവിളിയാണ് ദേവികുളം ഉപതിരഞ്ഞെടുപ്പ്. പ്രഥമ കേരള നിയമസഭയുടെ ആദ്യ കാലത്തെ ആവേശകരമായ കഥ റോസമ്മ പുന്നൂസില്‍ നിന്നാണ് ആരംഭിക്കുന്നത്. 1957-ല്‍ കേരള സംസ്ഥാനം നിലവില്‍ വന്ന ശേഷം നടന്ന ജനാധിപത്യ തിരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ ദേവികുളം നിയോജകമണ്ഡലത്തില്‍ നിന്ന് ആദ്യത്തെ കേരള നിയമസഭയിലേക്ക് യുവ കമ്മ്യൂണിസ്റ്റ് നേതാവായ റോസമ്മ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ എം.എല്‍.എയായിരുന്നു അവര്‍. പ്രോടേം സ്പീക്കര്‍ സ്ഥാനം അവര്‍ക്ക് ലഭിച്ചു, തുടര്‍ന്ന് നിയമസഭയിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തത് റോസമ്മ പുന്നൂസ് ആയിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയ കോടതി വിധിയെത്തുടര്‍ന്ന് ആ സ്ഥാനം നഷ്ടപ്പെട്ട ആദ്യ വ്യക്തിയും റോസമ്മയായി.

റോസമ്മ പുന്നൂസ്

സിപിഐ സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസിനെ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സാധുവായ കാരണങ്ങളില്ലാതെ തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി കെ നായര്‍ പരാതി നല്‍കി കോട്ടയം ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണിത്. ലോകത്തിലെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പായിരുന്നു, കാരണം പുതുതായി രൂപീകരിച്ച സര്‍ക്കാരിനെക്കുറിച്ചുള്ള പൊതുജനവികാരം അളക്കുക എന്ന പരീക്ഷണം തന്നെ.

കമ്മ്യൂണിസ്റ്റ് ഗവണ്‍മന്റിന്റെ ഒരു വര്‍ഷത്തെ ഭരണത്തിന്റെ നീക്കിയിരുപ്പ് നിശ്ചയിക്കുന്ന ഒരു അവസരമായി ഈ ഉപതിരഞ്ഞെടുപ്പിനെ കേരളത്തിനകത്തും പുറത്തും രാഷ്ട്രീയ കേന്ദ്രങ്ങള്‍ പരിഗണിക്കുമെന്നതിനാല്‍ അതിന്നും വന്‍ രാഷ്ട്രീയ പ്രാധാന്യം കൈവന്നു. ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പായി ദേവികുളം ഉപതെരഞ്ഞെടുപ്പ്.

ഒരു കൊല്ലത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണം നിഷ്പക്ഷമായി പറഞ്ഞാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. മന്ത്രിമാര്‍ക്കും പാര്‍ട്ടിക്ക് തന്നെയും ഭരണരംഗത്ത് മുന്‍പരിചയമില്ലാതിരുന്നത് ഇതിനൊരു കാരണമായിരുന്നു. ഉദ്യോഗസ്ഥവൃന്ദം വേണ്ടതുപോലെ സഹകരിച്ചില്ല. അവരെ നിയന്ത്രിക്കാന്‍ പല മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ്സാകയാല്‍ അവരുടെ പ്രീതി നേടുംവിധം പെരുമാറിയാല്‍ മതിയെന്ന ധാരണ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരില്‍ പരിഗണനീയമായ ഒരു വിഭാഗത്തിനുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥവൃന്ദത്തെയും വെച്ച് ഒന്നും ഭരണ സംവിധാനത്തിനുള്ളില്‍ ചെയ്യാന്‍ പറ്റില്ലെന്ന പരാജയബോധം ഗവണ്‍മെന്റിനെ ബാധിച്ചിരുന്നു. പാര്‍ട്ടിയും ഗവണ്‍മെന്റ് വക്താക്കളും അത് ഏറെക്കുറെ അംഗീകരിക്കുകയും ഉറക്കെ പറയുകയും, ഇതില്‍ നിന്നു കരകയറുവാന്‍ ഒരു ഭരണ പരിഷ്‌ക്കരണകമ്മിറ്റി ഉണ്ടാക്കുകയും ചെയ്തിരുന്നു.

വി.എസ് അച്യുതാനന്ദൻ റോസമ്മ പുന്നൂസിനെ ആദരിക്കുന്ന ഒരു ചടങ്ങിൽ

കേന്ദ്ര ഗവണ്‍മെന്റിന്റെ സഹകരണം ആവശ്യമായ തോതില്‍ ലഭിച്ചതുമില്ല. കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഭക്ഷ്യവിതരണരംഗത്ത് അതുണ്ടാക്കിയ വിപരീതഫലം ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുമോ എന്ന ഭീതി ജനിപ്പിക്കും വിധമായിരുന്നു. സ്റ്റാറ്റിയൂട്ടറി റേഷനിങ് നിലവിലുള്ള ഒരു സംസ്ഥാനത്ത് റേഷന്‍ഷാപ്പില്‍ വിതരണം ചെയ്യാന്‍ അരിയും മണ്ണെണ്ണയും ഇല്ലെന്ന് വന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അരിശം കയറാതിരിക്കുമോ?

കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുവാന്‍ തുടങ്ങിയിരുന്നു. മുന്‍പറഞ്ഞ വസ്തുതകള്‍ക്ക് പുറമെ ഗവണ്‍മെന്റ് കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അവിഹിതമായ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും ഇതു പാര്‍ട്ടിക്കുവേണ്ടി പാര്‍ട്ടി നടത്തുന്ന ഭരണമാണെന്നും പാഠപുസ്തകങ്ങളില്‍ സോവിയറ്റ് യൂണിയനേയും മാവോവിന്റെ ചൈനയേയും സ്തുതിക്കുന്ന പാഠങ്ങള്‍ വരുന്നുവെന്നും അതേ അവസരത്തില്‍ ഇന്ത്യയുടെ നേട്ടങ്ങളെ താഴ്ത്തിക്കാണിക്കുന്നു എന്നും പ്രചരണം ആരംഭിച്ചു. പത്രങ്ങള്‍ ഇത് വന്‍ പ്രാധാന്യം നല്‍കി അച്ചടിച്ചു.

പാര്‍ട്ടിയുടെ തദ്ദേശനേതാക്കളാണ് പോലീസ് സ്റ്റേഷനിലും സര്‍ക്കാരാഫീസുകളിലും ഭരണം നടത്തുന്നത് എന്ന ആക്ഷേപത്തിന്നും നല്ല പ്രചാരണം കിട്ടി. ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി സെല്‍ഭരണമാണ് കേരളത്തില്‍ എന്ന ആക്ഷേപം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്നത് കമ്മ്യൂണിസ്റ്റ് ഭരണപക്ഷത്തിന് ഒട്ടും എളുപ്പമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനും പറയത്തക്ക സ്വാധീനമൊന്നും അന്ന് ദേവികുളത്തുണ്ടായിരുന്നില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിനുമുമ്പ് അവിടെ നിന്നു ജയിച്ചത് സ്വന്തം ശക്തികൊണ്ടല്ല, നിഷേധപരമായി ലഭിച്ച വോട്ടുകളുടെ സഹായത്തോടെയാണ്. ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുമ്പ് ജയിച്ച റോസമ്മ പുന്നൂസിനെത്തന്നെയാണ് പാര്‍ട്ടി വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസിലെ എന്‍ ഗണപതിയെ (31,881 വോട്ട്) 1922 വോട്ടിന് തോല്‍പ്പിച്ചാണ് റോസമ്മ (33,809 വോട്ട്) ആദ്യം എം.എല്‍.എ യായ് നിയമസഭയില്‍ എത്തിയത്.

പാരമ്പര്യങ്ങളെ ധിക്കരിക്കുന്ന ഒരു മാതൃക കണ്ടെത്താന്‍ രാഷ്ട്രീയത്തില്‍ അധികം ദൂരെ പോകേണ്ട ഒരു വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയായിന്നു റോസമ്മ പുന്നൂസ്. അവരുടെ മൂത്ത സഹോദരി അക്കാമ്മ ചെറിയാന്‍ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധയായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. 1938-ല്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിനെതിരെ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിലൂടെയാണ് അക്കാമ ചെറിയാന്‍ തിരുവിതാംകൂറിലെ തീപ്പൊരി വനിതാ നേതാവായി മാറിയത്. 1939-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയാണ് റോസമ്മ തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. തുടര്‍ന്ന്, 1948-ല്‍ അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. ജാതിയും ലിംഗപരവുമായ വേര്‍തിരിവുകള്‍ നിറഞ്ഞ ഒരു സമൂഹത്തില്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍, പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമായിരുന്ന ആ കാലത്ത് റോസമ്മ ശക്തമായി പോരാടി, മൂന്ന് വര്‍ഷം ജയിലില്‍ കിടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനുശേഷം അവര്‍ സിപിഐയില്‍ തുടര്‍ന്നു.

റോസമ്മ പുന്നൂസ് ഒരു നിയമ ബിരുദധാരിയും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയുമായിരുന്നു. തൊഴിലാളികളുടെ കേസുകള്‍ അവര്‍ ഏറ്റെടുക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ പി.ടി. പുന്നൂസുമായുള്ള വിവാഹം കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. കത്തോലിക്കര്‍ കമ്മ്യൂണിസ്റ്റുകാരുമായി ശത്രുതയിലായിരുന്നു എന്ന് മാത്രമല്ല, പി.ടി. പുന്നൂസ് ഒരു മാര്‍ത്തോമ സിറിയക്കാരനായിരുന്നു. ഒരു കത്തോലിക്കനും മാര്‍ത്തോമക്കാരനും തമ്മിലുള്ള വിവാഹബന്ധം അക്കാലത്ത് നിഷിദ്ധവും കേട്ടുകേള്‍വിയില്ലാത്തതുമായിരുന്നു. റോസമ്മയുടെ പ്രശസ്തമായ കൈപ്പറമ്പില്‍ കുടുംബം കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുകയും ഈ ബന്ധത്തെ എതിര്‍ക്കുകയും ചെയ്തു. പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കെതിരായ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ കാരണം പി.ടി. പുന്നൂസ് അന്ന് ഒളിവിലായിരുന്നു. ഒടുവില്‍ കൊച്ചിയിലെ ഒരു പള്ളിയില്‍ വെച്ച് മാര്‍പ്പാപ്പയുടെ പ്രത്യേക സമ്മതപത്രത്തോടെ അവരുടെ വിവാഹം നടത്തുകയായിരുന്നു.

ദേവികുളം ഉപതിരഞ്ഞെടുപ്പ്, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ആദ്യ രാഷ്ട്രീയ പ്രതിസന്ധിയായ മാറിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രൂപം കൊടുക്കാന്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിന്റെ പ്രധാന ശില്‍പ്പിയും പാര്‍ട്ടി സെക്രട്ടറിയും പ്രഗത്ഭനായ സംഘടനാ പാടവമുള്ള എം.എന്‍ ഗോവിന്ദന്‍ നായര്‍ രംഗത്തെത്തി.

വി.എസ്.അച്യുതാനന്ദൻ ,ഇളയ രാജ, എം.ജി. ആർ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഒരു പൊതുധാരണ ജനങ്ങളുടെ ഇടയില്‍ അന്നുണ്ടായിരുന്നു. ഇതു അദ്ധ്വാനിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണ്: തൊഴിലാളികളുടെയും കൃഷിക്കാരുടെയും നോണ്‍ ഗസറ്റഡ് ഇദ്യോഗസ്ഥന്‍മാരുടെയുമൊക്കെ ജീവിതനിലവാരം ഉയര്‍ത്തുവാനും സേവനവ്യവസ്ഥകള്‍ ഭേദപ്പെടുത്തുവാനും ഉള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് നടത്തിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളിക്കെതിരെ പോലീസിനെ കയറൂരി വിടുന്ന സമ്പ്രദായം ഇല്ലാതായിരിക്കുന്നു. എസ്റ്റേറ്റ് തൊഴിലാളി സ്ത്രീകള്‍ക്ക് പോലീസുകാരെയും മേസ്ത്രിമാരെയും രാത്രിഞ്ചരന്‍മാരെയും ഭയപ്പെടാതെ കിടന്നുറങ്ങാം. തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണെന്ന് മുതലാളിമാരും സമ്മതിച്ചതാണ്. ഈ പാര്‍ട്ടി അനുകൂലവസ്തുതകള്‍ നന്നായി ബോദ്ധ്യം വരുംവിധം തോട്ടം തൊഴിലാളികളായ വോട്ടര്‍മാരെ പറഞ്ഞു മനസ്സിലാക്കിക്കുന്നപക്ഷം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം നേടാന്‍ കഴിയുമെന്ന വിശ്വാസം അദ്ദേഹം സ്റ്റേറ്റ് കമ്മിറ്റിയിലും പ്രകടിപ്പിച്ചു. ശുഭാപ്തിവിശ്വാസം പാര്‍ട്ടിനേതാക്കളിലും പ്രവര്‍ത്തകരിലും വരുത്താന്‍ എം.എന്റെ നിലപാടിന് കഴിഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ദേവികുളം നിയോജക മണ്ഡലം വളരെവേഗം അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി. ദേശീയ ദിനപത്രങ്ങളിലുള്‍പ്പെടെ ദേവികുളം രാഷ്ട്രീയ വിശകലനം നിറഞ്ഞു. മെയ് 16 നാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 7 ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചത് മുതല്‍തന്നെ മണ്ഡലം ഒരുങ്ങിത്തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ നിയോജകമണ്ഡലമായിരുന്നു അന്ന് ദേവികുളം. പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകള്‍ ഉള്‍പ്പെടുന്നതായിരുന്നു മണ്ഡലം. 1120 ചതുരശ്രമൈലായിരുന്നു വിസ്തീര്‍ണം. കെ കെ റോഡില്‍ 39-ാം മൈല്‍ കഴിയുന്ന പെരുവന്താനം പഞ്ചായത്തു മുതലാണ് മണ്ഡലം തുടങ്ങുന്നത്. പെരുവന്താനം, അഴുത, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ചക്കുപള്ളം, വണ്ടന്‍മേട്, കുമിളി, പശുപ്പാറ, പൂപ്പാറ, ഉടുമ്പഞ്ചോല, പെരിയാര്‍ പഞ്ചായത്തുകള്‍ വഴി വടക്കോട്ട് മറയൂര്‍ കുണ്ടളവരെയും മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, അടിമാലി പ്രദേശങ്ങള്‍ കടന്ന് മൂവാറ്റുപുഴ റോഡില്‍ വാരപ്പെട്ടി വരെയും ദേവികുളം പരന്നുകിടന്നു. സമുദ്രനിരപ്പില്‍ നിന്ന് 4000 മുതല്‍ 7000 വരെ അടി ഉയരത്തിലായിരുന്നു മണ്ഡലം. നട്ടുച്ചയ്ക്കും കോടമഞ്ഞിറങ്ങുന്ന സ്ഥലം. തേയിലത്തോട്ടങ്ങളായിരുന്നു നാലുപാടും. മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ കുറവ്. മിക്കയിടത്തും സഞ്ചരിക്കാന്‍ റോഡു പോലും അന്ന് ഇല്ല. ഒരുലക്ഷത്തി നാല്‍പ്പതിനായിരമായിരുന്നു 1957ലെ വോട്ടര്‍മാരുടെ എണ്ണം. ഉപതിരഞ്ഞെടുപ്പായപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം കൂടി. ഒരു ലക്ഷത്തി അമ്പത്തെണ്ണായിരത്തി എഴുനൂറ്റി അറുപത്തി എട്ടായി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഈ തോട്ടം മേഖലയില്‍ ഭൂരിപക്ഷവും തമിഴരായിരുന്നു.

ദേവികുളം തിരഞ്ഞെടുപ്പിന് മറ്റൊരു നിര്‍ണ്ണായക സ്വഭാവം കൂടിയുണ്ടായിരുന്നു. കേരള സര്‍ക്കാരിന്റെ ഭാവിതന്നെ ദേവികുളം ഫലപ്രഖ്യാപനം നിര്‍ണയിക്കുമെന്ന സ്ഥിതിവിശേഷം സംജാതമായി. നിയമസഭയില്‍ സ്പീക്കര്‍ ഒഴിച്ചാല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിന്തുണ 63 ആണ്. പ്രതിപക്ഷത്തിന്റെ സംഖ്യാബലം 62ഉം. ദേവികുളത്ത് പാര്‍ട്ടി തോറ്റാല്‍ പ്രതിപക്ഷം ഒപ്പമെത്തും. നിയമസഭാ നടപടികള്‍ നടത്തിക്കൊണ്ടുപോവാന്‍ സ്പീക്കറുടെ കാസ്റ്റിങ് വോട്ട് അനിവാര്യമാവുകയും ചെയ്യും. ദേവികുളത്തിന് കൈവന്ന അന്താരാഷ്ട്ര പ്രാധാന്യത്തിന്റെ രഹസ്യവും ഇതുതന്നെ. ഇന്ത്യയിലെ ആദ്യത്തെ ചുവന്ന സംസ്ഥാനമെന്ന, കേരളമെന്ന ചുവന്ന പൊട്ടിന് എന്തു സംഭവിക്കും? ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്നത്. ദേവികുളം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘വാര്‍ട്ടലൂ’ ആകുമോ എന്നാണ്?

തേയില എസ്റ്റേറ്റുകള്‍ നിറഞ്ഞതാണ് ദേവികുളം. ദേവികുളം നിയോജകമണ്ഡലത്തിന്റെ പ്രത്യേകത അത് മാത്രമല്ല. അവിടെ ജോലിയെടുക്കുന്നത് ബഹുഭൂരിപക്ഷം തൊഴിലാളികളും തമിഴ് നിരക്ഷരമേഖലകളില്‍ നിന്നു വന്നവരും. അവര്‍ തൊഴിലാളി അവകാശബോധം വേണ്ടത്ര ഇല്ലാത്തവരും. അക്കാലത്ത് കോണ്‍ഗ്രസ്സിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി.യായിരുന്നു അവിടുത്തെ പ്രധാനപ്പെട്ട യൂണിയന്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ വസ്തുത മുമ്പേതന്നെ മനസ്സിലാക്കി. തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു മാസം മുമ്പേ തന്നെ അവരുമായി നിരന്തരം സംസാരിക്കാന്‍ കഴിവുള്ള ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരെ തമിഴ്നാട്ടില്‍ നിന്ന് ക്ഷണിച്ചുവരുത്തി. പ്രവര്‍ത്തകര്‍ ഈ പ്രദേശങ്ങളില്‍ തൊഴിലാളികളോടൊപ്പം താമസിച്ചു. അവര്‍ക്ക് ആവശ്യമായ നേതൃത്വം കൊടുക്കാനും പ്രചാരണം നടത്താനും പാര്‍ട്ടിയുടെ തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടേറിയറ്റിലെ അഞ്ചംഗങ്ങളില്‍ നാലു പേര്‍
പി. രാമമൂര്‍ത്തി, പി. ജീവാനന്ദം, വെങ്കിട്ടരാമന്‍, ശങ്കരയ്യ എന്നിവര്‍ ദേവികുളത്തെത്തി. അവരോടൊപ്പം തന്നെ സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാരായ ഇരുപതോളം പേരും വന്നു.

കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി സഖാക്കള്‍, പ്രത്യേകിച്ചു പാര്‍ട്ടിനേതാക്കന്‍മാരും അവിടെ ക്യാമ്പു ചെയ്തു. ദേവികുളത്തെ ഓരോ വാര്‍ഡ് കമ്മിറ്റിക്കും ജില്ലാ സെക്രട്ടറിമാരുടെ നിലവാരമുള്ളവരാണ് നേതൃത്വം നല്‍കിയത് എന്നു പറഞ്ഞാല്‍ എത്ര സൂക്ഷ്മമായും വിശദാംശങ്ങള്‍ കണക്കിലെടുത്തുമാണ് തിരഞ്ഞെടുപ്പ് പ്രചാരണരീതിയും വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുവാനുള്ള സംവിധാനവും ഉണ്ടാക്കിയതെന്ന് വ്യക്തമാവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാപാടവത്തെപ്പറ്റി ശത്രുക്കള്‍ പോലും പ്രശംസ ചൊരിഞ്ഞ കാലമുണ്ടായിരുന്നു അത്. ഇതിന്നുള്ള പ്രധാന കാരണം പാര്‍ട്ടിക്കുള്ളിലെ അച്ചടക്കവും നേതാക്കന്‍മാരുടെ ഒത്തൊരുമയും ആയിരുന്നു. തങ്ങള്‍ മഹത്തായ ഒരു ലക്ഷ്യത്തിനാണ് കൂടിച്ചേര്‍ന്നിട്ടുള്ളതെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അത്രയൊന്നും പ്രാധാന്യമില്ലെന്നും ഉള്ള ബോധം പാര്‍ട്ടിക്ക് അടി മുതല്‍ മുടിവരെ ഉണ്ടായിരുന്ന, വിഭാഗീയത തൊട്ടുതെറിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്.
എം.എന്‍ ഗോവിന്ദന്‍ നായര്‍ എന്ന പ്രഗത്ഭനായ രാഷ്ട്രീയ തന്ത്രശാലിയുടെ സൂക്ഷ്മനിരീക്ഷണത്തില്‍ ചിട്ടയായി ദേവികുളത്തെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം നീങ്ങി.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആവേശത്തിലായിരുന്നു. ദേവികുളം തിരഞ്ഞെടുപ്പിനുശേഷം കാസ്റ്റിങ് വോട്ടുവഴി ഭരണം നടത്തിക്കളയാമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതേണ്ടെന്ന് ദീപിക ദിനപത്രം എഴുതി.
രാജിവെക്കുകയല്ലാതെ ഇ എം എസ് സര്‍ക്കാരിനു മുന്നില്‍ മറ്റു പോംവഴിയൊന്നുമില്ല.. ദീപികയ്ക്കും കൂട്ടര്‍ക്കും ഇതേ ആത്മവിശ്വാസം നല്‍കിയത് ദേവികുളം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെയാണ്. 51 ലെയും 53 ലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് സ്വന്തമായൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍പോലും കഴിയാതിരുന്ന സ്ഥലമാണ് ദേവികുളം.

ഒരു ദ്വയാംഗ മണ്ഡലമായിരുന്നു ദേവികുളം. അതായത് ഒരു മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കാന്‍ രണ്ടുപേരുണ്ടാവും. ജനറല്‍ സീറ്റില്‍ ഒരാളും സംവരണസീറ്റില്‍ മറ്റൊരാളും. ഒരു വോട്ടര്‍ക്ക് രണ്ട് സീറ്റിലേക്കും ഓരോ വോട്ട് ചെയ്യാം. 57 ലെ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ മൊത്തം ആറ് പേരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് റോസമ്മ പുന്നൂസ്. മലനാടു കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു തഴമ്പിച്ച ഐ.എന്‍.ടി.യു.സി നേതാവ് ബി കെ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കൂടെ ആര്‍ എസ് പിയുടെ പാച്ചു പിള്ള, ശര്‍മ, തങ്കയ്യ ഭാസ്‌കരന്‍ എന്നീ മൂന്നു സ്വതന്ത്രരും. സംവരണസീറ്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി കറുപ്പയ്യയെ പിന്തുണച്ചു.

ഐ എന്‍ ടി യു സിയായിരുന്നു ദേവികുളത്ത് ഏറ്റവും പ്രബലമായ യൂണിയന്‍. എ ഐ ടി യു സി രണ്ടാംസ്ഥാനത്തും യു ടി യു സി മൂന്നാംസ്ഥാനത്തും. തിരഞ്ഞെടുപ്പടുത്ത സമയത്ത് ഐ എന്‍ ടി യു സി പിളര്‍ന്ന്, ദക്ഷിണേന്ത്യന്‍ പ്ലാന്റേഴ്സ് യൂണിയന്‍ എന്ന പേരില്‍ ഒരു പുതിയ യൂണിയന്‍ തന്നെയുണ്ടാക്കി. അവരുടെ പിന്‍ന്തുണ റോസമ്മ പുന്നൂസിന് ലഭിക്കുകയും ചെയ്തു. അങ്ങനെ 1900 ലെറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റോസമ്മ ജയിച്ച് നിയമസഭയിലെത്തി. ബി കെ നായരുടെ പത്രിക തള്ളിപ്പോയതാണ് അന്നത്തെ ഇത്രയും സുഗമമായ വിജയത്തിന് വഴിയൊരുക്കിയതെന്ന് വ്യക്തം. കാരണം സംവരണ സീറ്റില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് തന്നെ വിജയിച്ചു.

1958 ആയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂല ഘടകങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന കാഴ്ചയാണ് ദേവികുളം ഉപതിരഞ്ഞെടുപ്പ് രംഗം നല്‍കിയത്. പത്രിക തള്ളിയത് ക്രമപ്രകാരമല്ലെന്ന കണ്ടെത്തലുമായി ബി കെ നായര്‍ തിരിച്ചുവന്നു. ഇലക്ഷന്‍ ട്രിബ്യൂണല്‍ മുതല്‍ സുപ്രീംകോടതി വരെ അനുകൂല വിധികള്‍ സമ്പാദിച്ച് ഏതാണ്ടൊരു രക്തസാക്ഷി പരിവേഷത്തോടെയായിരുന്നു ബി.കെ. നായരുടെ രംഗപ്രവേശം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റോസമ്മയെ ആദ്യം സഹായിച്ച, തെറ്റിപ്പിരിഞ്ഞ പ്ലാന്റേഷന്‍ യൂണിയന്‍കാര്‍ ഐ എന്‍ ടി യു സിയില്‍ തിരിച്ചെത്തി പൂര്‍വാധികം ശക്തിയോടെ ബി കെ നായരുടെ പിന്നില്‍ ഉറച്ചുനിന്നു. കൂടാതെ 1957ല്‍ വിഘടിച്ചുനിന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ 58 ല്‍ റോസമ്മയ്‌ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. പി എസ് പി യും മുസ്ലിംലീഗും പ്രത്യക്ഷമായി തന്നെ ദേവികുളത്ത് കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിച്ചു.

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ്. അച്യുതാനന്ദന്‍ ഒരു കര്‍ക്കശക്കാരനായ പ്രത്യയശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ മാത്രമല്ല, വളരെ ഫലപ്രദമായ ഒരു സംഘാടകന്‍ എന്ന നിലയിലും ഒരിക്കല്‍ അറിയപ്പെട്ടിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് വി.എസ് എന്ന ആലപ്പുഴയിലെ അന്നത്തെ ഉയര്‍ന്നു വരുന്ന നേതാവിനെയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ആവേശകരമായ വഴിത്തിരിവായി ഈ ഉപതിരഞ്ഞെടുപ്പ്. തീരദേശ സമതലങ്ങളില്‍ നിന്നുള്ള ഈ യുവനേതാവ് ദേവികുളത്തെ മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ നിയമങ്ങള്‍ മാറ്റിയെഴുതി.

‘അന്ന് 35 കാരനായ വിഎസിന്റെ ശ്രദ്ധേയമായ പ്രചാരണ നേതൃത്വത്തെ ഞാന്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്. എനിക്ക് വെറും 17 വയസ്സായിരുന്നു. ഹൈറേഞ്ചിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ പോലും യാത്ര ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്തു. അദ്ദേഹത്തിന്റെ പ്രചാരണ ശൈലിയില്‍ സ്ഥിരോത്സാഹവും തന്ത്രപരമായ വഴക്കവും അടയാളപ്പെടുത്തിയ ഒന്നായിരുന്നു ആ ഉപതിരഞ്ഞെടുപ്പ്,’ ഇടുക്കിയിലെ സിപിഎം മുതിര്‍ന്ന നേതാവ് എംഎം മണി ഓര്‍മ്മിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബുദ്ധിപൂര്‍വ്വം മറ്റൊരു തന്ത്രപരമായ കാര്യംകൂടി ചെയ്തു. മുഖ്യമന്ത്രിയടക്കം മന്ത്രിമാരാരും, ദേവികുളം നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വരേണ്ടതില്ലെന്ന് നിശ്ചയിച്ചു. കോണ്‍ഗ്രസ്സുകാരാകട്ടെ, തമിഴ്നാട്ടിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ പ്രാധാന്യമുള്ള നേതാവും കിംഗ്മേക്കര്‍ എന്നറിയപ്പെടുന്ന കെ. കാമരാജനാടാരെത്തന്നെ രംഗത്തിറക്കി. അദ്ദേഹം എവിടെയും പ്രസംഗിച്ചില്ല. പക്ഷേ തൊഴുകൈയോടെ തൊഴിലാളികളുടെ ഇടയില്‍ ചെന്ന് വോട്ടു ചോദിച്ചു.

തമിഴ്നാട്ടിലെ മറ്റൊരു മന്ത്രിയായിരുന്ന ശ്രീ കക്കനും പ്രചാരണത്തിനു വന്നിരുന്നു. കെ.പി. മാധവന്‍നായരടക്കം കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ എല്ലാ മുന്‍നിര നേതാക്കളും ദേവികുളത്ത് പ്രചാരണത്തിനുണ്ടായിരുന്നു. പനമ്പിള്ളി ഗോവിന്ദ മേനോന്‍, ആര്‍. ശങ്കര്‍, പി.ടി. ചാക്കോ തുടങ്ങിയവരെല്ലാം ഇതില്‍പ്പെടുന്നു. പോരാത്തതിന് പി.എസ്.പി. യുടെ പട്ടം താണുപിള്ളയും കേരള കോണ്‍ഗ്രസ്സിന്റെ കെ. എം. ജോര്‍ജും, മുസ്ലിം ലീഗിന്റെ സി.എച്ച് മുഹമ്മദ് കോയ എന്നിവരും ആവേശത്തോടെ ദേവികുളത്ത് എത്തി.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബി. കെ. നായര്‍ ഐ. എന്‍. ടി. യു. സി.യുടെ വലിയ നേതാവായിരുന്നുവെങ്കിലും ഒരു തലമുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ പാകതയും പക്വതയും കാണിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചരാണത്തിനിടയില്‍ ബി. കെ. നായര്‍ ചെയ്ത പ്രസംഗങ്ങളില്‍ നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ ധാരാളമുണ്ടായിരുന്നു. ഒരു പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മുഖ്യമന്ത്രി ഇ. എം. എസ്. നമ്പൂതിരിപ്പാട് നെഹ്‌റുവിന് വിഷം കൊടുത്തു കൊല്ലുവാന്‍ ഒരു ശ്രമം നടത്തി. എവിടെനിന്നോ കുറേ വിഷം സമ്പാദിച്ചു കൊല്ലത്തെ ചില ഹോട്ടലുകളെ ഏല്പിച്ചു. ഭാഗ്യത്തിന് നെഹ്‌റു കൊല്ലത്ത് വന്നപ്പോള്‍ ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിച്ചില്ല! അതുകൊണ്ട് വിഷബാധ തീണ്ടാതെ ജീവനോടെ രക്ഷപ്പെട്ടു!

കൊല്ലത്ത് അന്നുണ്ടായിരുന്ന ഭക്ഷ്യവിഷബാധയുടെ വാര്‍ത്തകളുമായി ബന്ധിപ്പിച്ചാണ് ബി.കെ. നായര്‍ ഇതു പറഞ്ഞത്. ഇതൊക്കെ അന്നത്തെ പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി. അതുപോലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേവികുളം, പീരുമേട് പ്രദേശത്തെ തമിഴരായ തൊഴിലാളികളെയൊക്കെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് തമിഴ്‌നാട്ടിലേക്ക് ഓടിക്കുമെന്നും പകരം ആലപ്പുഴ, ചേര്‍ത്തല ഭാഗത്തു നിന്നു കമ്മ്യൂണിസ്റ്റ് തൊഴിലാളികളെ കൊണ്ടുവരുമെന്നും പി. ടി. ചാക്കോ പ്രസംഗമദ്ധ്യേ പ്രസ്താവിച്ചത് അന്ന് പത്രങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ കെസി ജോണ്‍

ജയിക്കുമെന്ന് ഉറപ്പുള്ള നിയോജക മണ്ഡലത്തിലാണ് തങ്ങള്‍ മത്സരിക്കുന്നതെന്ന ബോധം കോണ്‍ഗ്രസ്സുകാര്‍ വിശ്വസിച്ച. ഫലപ്രഖ്യാപനത്തിന്റെ തലേന്നാള്‍ വോട്ടിങ് നടന്ന ദിവസം (മെയ് 16) ദേവികുളത്ത് നിന്നു കോണ്‍ഗ്രസ്സുകാര്‍ കെ.പി. മാധവന്‍നായരുടെ പേരില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു കമ്പിസന്ദേശത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിരുന്നു:

‘പ്രിയപ്പെട്ട പണ്ഡിറ്റ്ജി, കേരളത്തിനു പലപ്പോഴും അങ്ങയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ല: പക്ഷേ, ഇത്തവണ ഞങ്ങള്‍ അങ്ങയുടെ മാനം കാക്കും. കേരളം വീണ്ടും ഒരു ശക്തിയുള്ള കണ്ണിയായിത്തീര്‍ന്നു എന്ന വിചാരത്തോടെ താങ്കള്‍ക്ക് കുളുവില്‍ വിശ്രമമെടുക്കാം!’
അത്രയ്ക്ക് വിജയം കോണ്‍ഗ്രസ്സ് ഉറപ്പാക്കിയിരുന്നു.

സാധാരണയായി ഉപതിരഞ്ഞെടുപ്പുകളില്‍ കാണുന്ന ഒരു പൊതു പ്രവണത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റിച്ച് പുതിയൊരു കീഴ് വഴക്കം സൃഷ്ടിച്ചു. ദേവികുളം ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്ന് അധികം താമസിയാതെ മുഖ്യമന്ത്രി ഇ എം എസിന്റെ ഒരു പ്രഖ്യാപനം പുറത്തുവന്നു. താനോ തന്റെ മന്ത്രിമാരോ തിരഞ്ഞെടുപ്പു പ്രചാരണത്തിനായോ അല്ലാതെയോ തെരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്ത് കാല്‍കുത്തില്ല.

തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനെ കൂടാതെ ഇ കെ നായനാര്‍, സി ജനാര്‍ദനന്‍ തമിഴ്നാട്ടില്‍നിന്ന് രാമമൂര്‍ത്തി, കെ രമണി തുടങ്ങിയവരും ദേവികുളത്ത് ക്യാമ്പ് ചെയ്തു. ബാറ്ററി പെട്ടിയും മൈക്കുമൊക്കെ തലച്ചുമടായി കിലോമീറ്ററുകളോളം കൊണ്ടു നടന്നാണ് പ്രചാരണയോഗങ്ങള്‍ നടത്തിയതെന്ന് വി എസ് ഓര്‍ക്കുന്നു. ”കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ നിരന്തര ശ്രമമുണ്ടായി. കണ്ണന്‍ദേവന്‍ തേയില കമ്പനിയുടെ മാഫിയാ സംഘങ്ങളും ഗുണ്ടകളും പ്രദേശമാകെ കയ്യടക്കിയ പ്രതീതിയായിരുന്നു അന്ന്. എന്നാല്‍ പാര്‍ട്ടി പ്രചാരണം ശക്തിപ്പെട്ടതോടെ തൊഴിലാളികള്‍ നിര്‍ഭയം പാര്‍ട്ടിക്കൊപ്പം അണിനിരന്നു.’

ദ്രാവിഡ മുന്നേറ്റ കഴകക്കാരായിരുന്നു കോണ്‍ഗ്രസിന്റെ മറ്റൊരു തുറുപ്പുശീട്ട്. തമിഴ് മാത്രം അറിയുന്ന തമിഴ് മക്കളോട് സംവദിക്കാന്‍ ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകരെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം ഇറക്കുമതി നടത്തി. കോണ്‍ഗ്രസ് പൊതുയോഗങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു.

ക്രിസ്റ്റഫര്‍ സന്നദ്ധ ഭടന്മാരുടെ സജീവമായ സാന്നിധ്യമായിരുന്നു ഉപതിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. ക്രിസ്റ്റഫര്‍മാരുടെ പ്രധാന കേന്ദ്രമായിരുന്ന കോട്ടയത്തു നിന്ന് പ്രതിദിനം ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ ദേവികുളത്തെത്തി. പ്രചാരണച്ചുമതല ഏറ്റെടുത്തു വിശ്വാസികളെയും തമിഴരെയും സ്വാധീനിക്കാന്‍ പ്രത്യേകം പ്രചാരണ പദ്ധതികളാണ് ആവിഷ്‌കരിച്ചിരുന്നത്. റോസമ്മ പുന്നൂസ് വീണ്ടും ജയിക്കുകയും കമ്മ്യൂണിസ്റ്റുപാര്‍ട്ടി കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ കേരളത്തില്‍ ഒറ്റ പള്ളിപോലും ബാക്കി കാണില്ലെന്നായിരുന്നു വിശ്വാസികളോടുള്ള കോണ്‍ഗ്രസ്സ് മുന്നറിയിപ്പ്. കമ്യൂണിസ്റ്റുപാര്‍ട്ടി ജയിച്ചാല്‍ തമിഴരെ മുഴുവന്‍ തമിഴ്നാട്ടിലേക്ക് ഓടിക്കുമെന്ന സംഭ്രമാത്മകമായ വിവരമാണ് തമിഴര്‍ക്ക് കൈമാറിയത്.

എംഎന്‍ ഗോവിന്ദന്‍ നായര്‍

ബി കെ നായരുടെ വിജയം ഉറപ്പിച്ച് വിരുദ്ധപത്രങ്ങളും മാധ്യമങ്ങളുമെല്ലാം ഈ പ്രചാരവേലയില്‍ പങ്കാളികളായി. ദേശാഭിമാനിയും ജനയുഗവും കേരളകൗമുദിയും ഒരു പരിധിവരെ മലയാളരാജ്യവും മാതൃഭൂമിയും ഒഴിച്ചുനിര്‍ത്തിയാല്‍ ബി കെ നായരുടെ വിജയം ഉറപ്പാക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു മറ്റു പത്രങ്ങള്‍. വിരുദ്ധ പത്രങ്ങളുടെ നേതൃസ്ഥാനം ദീപിക ഏറ്റെടുത്തു.

ദീപികയുടെ പ്രശസ്തനായ തിരുവനന്തപുരം പ്രതിനിധി കെ സി സെബാസ്റ്റ്യനാണ് ദേവികുളത്ത് നിന്ന് നേരിട്ട് വന്ന് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്.
‘കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പണത്തിനുള്ള ബുദ്ധിമുട്ട് നന്നായി അനുഭവപ്പെടുന്നു. കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ നിലമറിച്ചാണ്. വിശ്വസിക്കാന്‍ സാധിക്കാത്ത തുക പ്രചാരണത്തിനായി ചിലവാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും പണം വാരി എറിയുന്നു. പാമ്പനാറിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് ഓഫീസ്. ആറരമണിക്ക് ഞങ്ങളെത്തുമ്പോള്‍ 10 വണ്ടികള്‍ അവിടെ കിടക്കുന്നുണ്ട്. പാമ്പനാറില്‍ കാറും പണവും ഇട്ടടിച്ചിട്ടും വലിയ ആശാവഹമായ നിലപാട് കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല. അവിടെനിന്നും അധികം അകലെയല്ലാതെയാണ് കോണ്‍ഗ്രസ് ഓഫീസ്. കാറുകള്‍ ഒന്നുപോലും അവിടെ ഇല്ല. എങ്കിലും ഉത്സാഹമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റുകാരുടെ കാറിനോടും പണത്തോടും മല്ലടിച്ച് പ്രവര്‍ത്തിക്കുന്നു’.

വഴിയില്‍വെച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി കെ നായരെ കണ്ടു. ഒരു പഴഞ്ചന്‍ കാറില്‍ കോണ്‍ഗ്രസ് പതാകയും പറത്തി അദ്ദേഹം വന്നു. കാറില്‍ വേറെ ആരുമുണ്ടായിരുന്നില്ല. തണുപ്പിനെ തടയുന്നതിന് പ്രത്യേക വസ്ത്രങ്ങള്‍പോലും ഇല്ല! ചില സ്ഥലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പണം, ഉദ്യോഗം എന്നീ അപ്പക്കഷണങ്ങള്‍ കാട്ടി പ്രലോഭിപ്പിക്കുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. വളരെ ഹീനമായ തന്ത്രങ്ങളിലേക്ക് പോലും അവര്‍ അധഃപതിച്ചിട്ടുണ്ട്”. ഇങ്ങനെ ദേവികുളത്തെ നിലയെ കുറിച്ച് സെബാസ്റ്റ്യന്റെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ദീപികയില്‍ മുന്‍ പേജില്‍ കേരളത്തിലെ വായനക്കാര്‍ വായിച്ചു.

ഇ.എം. എസ്

കമ്മ്യൂണിസ്റ്റ് മന്ത്രിമാരും പ്രമുഖരും പ്രചരണത്തിന് ഇല്ലാത്തതിന്റെ കുറവ് നികത്താന്‍ വി. എസ് അച്യുതാനന്ദന്‍ തന്റെ തുറുപ്പ് ചീട്ടിറക്കി. തമിഴ് വോട്ടര്‍മാരുടെ ഗണ്യമായ ഒരു മണ്ഡലത്തില്‍ റോസമ്മയ്ക്ക് വേണ്ടി പ്രചാരണം നടത്താന്‍ അദ്ദേഹം തെന്നിന്ത്യന്‍ സൂപ്പര്‍ താരമായി ഉയര്‍ന്നുകൊണ്ടിരുന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമായ എം.ജി. രാമചന്ദ്രന്‍ എന്ന എം.ജി.യാറിനെ തന്നെ ദേവികുളത്ത് പ്രചരണത്തിനായി കൊണ്ടുവന്നു. ദേവികുളത്തെ തമിഴര്‍ തങ്ങളുടെ ‘എഴെതോഴനെ’ കണ്ട് ആവേശഭരിതരായി. കേരളത്തില്‍ എംജിആര്‍ സജീവമായി പ്രചാരണം നടത്തിയ ഒരേയൊരു തിരഞ്ഞെടുപ്പാണിത്. തമിഴ്നാട്ടില്‍ നിന്ന് വി.എസ്. പറഞ്ഞ പ്രകാരം എത്തിയ സംഗീതട്രൂപ്പിനൊപ്പം ഒരു യുവ സംഗീതജ്ഞനും ഉണ്ടായിരുന്നു, അദ്ദേഹം പിന്നീട് ഒരു ഇതിഹാസമായി മാറി – ഇളയരാജ. അന്ന് ചെറുപ്പമായിരുന്ന ഇളയരാജയും സഹോദരന്‍ ഗംഗെ അമരനും റോസമ്മ പുന്നൂസിന് വേണ്ടി തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ദേവികുളത്ത് പ്രചാരണം നടത്തി. സംസ്ഥാനത്തെ ആദ്യത്തെ സെലിബ്രിറ്റി പ്രചരണ മണ്ഡലമായി ദേവികുളം ഉയര്‍ന്നു.

വി.എസ്. നിരന്തരം സഞ്ചരിച്ചു, മണ്ഡലത്തിന്റെ എല്ലാ കോണുകളിലും എത്തി, പാര്‍ട്ടി പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരാക്കുകയും ശക്തമായ ഒരു ജനകീയ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ആലപ്പുഴയുടെ തീരദേശ സമതലങ്ങളെ കീഴടക്കിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ആവേശം ഒരുകാലത്ത് ശാന്തമായിരുന്ന ദേവികുളം കുന്നുകളില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങി.

1958 മെയ് 16 ന് ദേവികുളത്തെ വോട്ടര്‍മാര്‍ കൂട്ടംകൂട്ടമായി പോളിങ് ബൂത്തിലെത്തി. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം അല്‍പ്പം ഉയരുന്നത് സ്വാഭാവികം. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി 84% പേര്‍ വോട്ടുചെയ്തു. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. ഒരു ചെറിയ സംഘര്‍ഷംപോലും എങ്ങുമുണ്ടായില്ല.

പവനൻ

എം എന്‍ ഗോവിന്ദന്‍നായര്‍ ഫലം പ്രവചിച്ചു. നമ്മുടെ സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കും. ആര്‍ക്കും ഉറപ്പില്ലെങ്കിലും എം.എന്നിന് അത് ആദ്യം തന്നെ ഉറപ്പായിരുന്നു. മെയ് 19 ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എംഎന്‍ പോലും അത്ഭുതപ്പെട്ടു കാണണം. റോസമ്മക്ക് കഴിഞ്ഞ തവണത്തേക്കള്‍ ഭൂരിപക്ഷം! 7,089 വോട്ടിന്റെ വിജയം. റോസമ്മ പുന്നൂസിന് 55,819 വോട്ട് ബി കെ നായര്‍ക്ക് 43,730. സുബ്രഹ്‌മണ്യത്തിന് 7,690. ഡൊമിനിക്കിന് 650. അസാധു 2,402. റോസമ്മയുടെ ഭൂരിപക്ഷം 7,089. ജനവിധിയെക്കുറിച്ച് ഇ.എം.എസ് 19 നുതന്നെ പ്രസ്താവനയിറക്കി. ദേവികുളം തിരഞ്ഞെടുപ്പിലെ കമ്മ്യൂണിസ്റ്റ് വിജയം തെളിയിക്കുന്നത് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ജനങ്ങള്‍ക്കുള്ള വിശ്വാസം.

വോട്ടെടുപ്പിന് മുന്‍പ് ദേശാഭിമാനി ലേഖകനായ പവനന്‍ എം.എംനെ കണ്ടപ്പോള്‍ എംഎന്‍ ഗോവിന്ദന്‍ നായര്‍ തന്റെ പതിവ് ചിരിയില്‍ ‘നമ്മള്‍ ജയിക്കുമെടോ’ എന്നു പറഞ്ഞപ്പോള്‍ പവനന്‍ അതു അപ്പോള്‍ വിശ്വസിച്ചില്ല. പവനന്‍ പറഞ്ഞു ‘പാവപ്പെട്ട വോട്ടറെ പണം കൊടുത്തു വാങ്ങാനുള്ള കഴിവു മറ്റേപ്പുറത്തുണ്ട്. പ്രചരണത്തിനുള്ള കഴിവു കൂടുതല്‍ കാണുന്നതും അവര്‍ക്കാണ്. പരമ്പരാഗതമായി തമിഴര്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നവരുമാണ്.’

‘എന്നാല്‍ താന്‍ നോക്കിക്കോ, റോസമ്മ ജയിക്കും. ഞാന്‍ പന്തയം വെക്കാം.’ എന്നായിരുന്നു എം. എന്റെ മറുപടി. ഏതായാലും എംഎന്നിനോട് പന്തയംവെക്കാന്‍ പവനന്‍ തയാറായില്ല. എന്നാല്‍ പവനന്‍ പന്തയം വെച്ചു. പന്തയംവെച്ചത് പ്രസിദ്ധനായ ഒരു പത്രപ്രവര്‍ത്തകനുമായിട്ടാണ്. ടൈംസ് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ലേഖകനായ കെ.സി. ജോണ്‍ ആണ് പന്തയത്തിന് തയ്യാറായത്. മൂന്നാര്‍ ടി.ബി യില്‍ ഇരുന്നു ഓരോ കപ്പ് ചായ കഴിക്കവേ
കെ.സി. ജോണ്‍ പറഞ്ഞു:

ബി.കെ. നായർ

റോസമ്മ തോല്ക്കും: ബി.കെ.നായര്‍ ജയിക്കുന്ന മട്ടാണ് കാണുന്നത്.
അതു വെറുതെ. ബി. കെ. നായര്‍ തോല്ക്കും: റോസമ്മ ജയിക്കും.’ പവനന്‍ പറഞ്ഞു
‘ഉറപ്പാണൊ?’
‘എത്ര വോട്ടിന്’?
‘കൃത്യമായി പറയാന്‍ പറ്റുകയില്ല;
ഏതാണ്ട് 8,000 വോട്ടിന് റോസമ്മ ജയിക്കും’
‘പന്തയംവെക്കാമോ? ‘
‘വെക്കാം.’
‘നൂറുറുപ്പിക.'(1957 ലെ നൂറ് !)
‘നൂറുറുപ്പിക തരാനുള്ള കഴിവ് എനിക്കില്ല…
‘എന്നാല്‍ പത്തുറുപ്പിക.’

തെരഞ്ഞെടുപ്പ് ഫലമറിഞ്ഞപ്പോള്‍ കെ.സി. ജോണ്‍ വന്നു. അഭിനന്ദനങ്ങള്‍ പറഞ്ഞു പവനന് കൈ കൊടുത്തു. 10 കയ്ക്കു പകരം വിലപിടിച്ച ഒരു ടിന്‍ സിഗരറ്റ് സമ്മാനിച്ചു. കെ.സി. ജോണ്‍ ഒരു ചോദ്യം മാത്രം ചോദിച്ചു ഇത്രയും കൃത്യമായി വോട്ടിന്റെ കാര്യം പ്രവചിച്ചത് എങ്ങനെയാണ്?
പവനന്‍ പറഞ്ഞു:

പാര്‍ട്ടി ആപ്പീസിലെ കണക്കുകൂട്ടല്‍ ശരിയാണെന്ന് തോന്നി. കൃത്യമായി എണ്ണം പറഞ്ഞത് പാര്‍ട്ടി ആപ്പീസ് സെക്രട്ടറി വിജയനായിരുന്നു. ‘പോളിങ്ങിനു മൂന്നു ദിവസം മുമ്പ് ദേവികുളം നിയോജകമണ്ഡലത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചാര്‍ജുള്ള സഖാക്കള്‍ എത്തിച്ചു കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോസമ്മക്ക് അനുകൂലമായി ബാലറ്റ് പെട്ടികളില്‍ വീഴാനിടയുള്ള വോട്ടുകളുടെ കണക്കുകൂട്ടിയാണ് വിജയന്‍ 8000 പറഞ്ഞത്.
കണക്കില്‍ വലിയ പിശകുണ്ടാവാന്‍ ഇടയില്ലെന്ന് എനിക്കും തോന്നി’ പവനന്‍ വിശദമാക്കി.

തിരഞ്ഞെടുപ്പു ഫലം അതു ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. എണ്ണയിട്ട യന്ത്രംപോലെ പാര്‍ട്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനമാണ് പ്രവചനത്തിലും ദേവികുളത്തെ ഫലത്തിലും കണ്ടത്. വീണ്ടും ദേവികുളം എംഎല്‍എ ആയി തന്നെ റോസമ്മ പുന്നൂസ് തിരുവനന്തപുരത്തേക്ക് മടങ്ങി. ‘ഒരു വിജയത്തേക്കാള്‍ ഉയരമുള്ളതായി അത്. ഇടുക്കിയുടെ രാഷ്ട്രീയ വിശ്വസ്തതയെ പുനര്‍നിര്‍മ്മിച്ച ഒന്ന്’.

Content Summary: The Devikulam by-election of 1958: the first major experimental test for Kerala’s communist government

Leave a Reply

Your email address will not be published. Required fields are marked *

×