February 19, 2025 |
Share on

ഇത് കുഞ്ഞുങ്ങളെ നിയമപ്രകാരം ബലാത്സംഗം ചെയ്യുന്നതിന് തുല്യം’

വിവാഹപ്രായം 9 ആക്കുന്നതിനെതിരേ ഇറാഖില്‍ പ്രതിഷേധം ശക്തം

ഒമ്പത് വയസായ പെണ്‍കുട്ടികളെയും വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്ന നിയമം കൊണ്ടുവരാന്‍ ഇറാഖ്. പുതിയ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതെന്നാരോപിച്ച് വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിന് തുല്യമാണ് പുതിയ കരട് എന്നാണ് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ഇറാഖ് ഭരണകൂടത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന ഷിയ വിഭാഗം കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രാജ്യത്തെ സ്ത്രീകളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അയല്‍ രാജ്യമായ സൗദി അറേബ്യയില്‍ നിന്ന് വ്യത്യസ്തമായി ഇറാഖിലെ സ്ത്രീകള്‍ ഇപ്പോള്‍ പുരുഷ രക്ഷാകര്‍തൃത്വത്തിന്റെ നിയന്ത്രണം നേരിടുന്നില്ല. ഭര്‍ത്താവ്, പിതാവ് തുടങ്ങിയ അധികാര കേന്ദ്രങ്ങള്‍ അവരെ ഭരിക്കുന്നില്ല. വിവാഹം പോലുള്ള നിര്‍ണായക തീരുമാനങ്ങളില്‍ അവരുടെതായ സ്വാതന്ത്ര്യമുണ്ട്. ഇതിനെല്ലാം മാറ്റം കൊണ്ടു വരണമെന്ന് ലക്ഷ്യമിടുന്നവരാണ് പുതിയ കരട് നിയമവുമായി വന്നിട്ടുള്ളത്.

ഈയാഴ്ച്ച ഇറാഖി പാര്‍ലമെന്റില്‍ പുതിയ ബില്ലിന്റെ കരട് അവതരിപ്പിച്ചിരുന്നു. ബില്ലില്‍ പറയുന്നത് പ്രകാരം, വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങി കുടുംബ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മതാധികാര സംവിധാനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും.

പുതിയ നിയമത്തിനെതിരേ പ്രതിഷേധം വ്യാപകമാണ്. വനിത പാര്‍ലമെന്റ് അംഗങ്ങളും ബില്ലിനെ എതിര്‍ക്കുന്നുണ്ട്. സ്ത്രീകള്‍ നേരിടാന്‍ പോകുന്ന മഹാദുരന്തമായിരിക്കും നിയമഭേദഗതി എന്നാണ് റയ ഫൈഖ് ദ ഗാര്‍ഡിയനോട് പറയുന്നത്. പുതിയ നിയമത്തിനെതിരേ രൂപം കൊണ്ട് പ്രതിഷേധ സഖ്യത്തിന്റെ കോര്‍ഡിനേറ്ററാണ് റയ. ‘ എന്റെ ഭാര്‍ത്താവും കുടുംബവുമെല്ലാം ബാലവിവാഹത്തെ എതിര്‍ക്കുകയാണ്. പക്ഷേ, എന്റെ മകളുടെ വിവാഹം കഴിഞ്ഞശേഷം അവളുടെ ഭര്‍ത്താവ് അവര്‍ക്കുണ്ടാകുന്ന കുട്ടികളെ ബാലവിവാഹം കഴിച്ചു കൊടുക്കാന്‍ തീരുമാനിക്കുകയാണെങ്കിലോ? പുതിയ നിയമം അതിനുള്ള അധികാരം കൊടുക്കുന്നുണ്ട്. എന്റെ പേര കുട്ടികളെ സംരക്ഷിക്കാന്‍ എന്നെ അനുവദിക്കില്ല. ഈ നിയമം കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമാനുസൃതമാക്കുന്നതിന് തുല്യമാണ്’ റയ തന്റെ ആകുലത പങ്കുവയ്ക്കുന്നു.

നിയമത്തെ എതിര്‍ക്കുന്ന സംഘടനകള്‍ തലസ്ഥാനമായ ബാഗ്ദാദിലും മറ്റ് ഇറാഖി നഗരങ്ങളിലും പ്രതിഷേധം നടത്തിയിരുന്നു. ഇവരെ നേരിടാന്‍ നിയമത്തെ അനുകൂലിക്കുന്നവരും രംഗത്തിറങ്ങിയതോടെ സാഹചര്യം സംഘര്‍ഷഭരിതമായി. പ്രതിഷേധക്കാര്‍ ശ്രമിക്കുന്നത് സദാചാര മൂല്യങ്ങള്‍ തകര്‍ക്കാനും പാശ്ചാത്യ സംസ്‌കാരം കൊണ്ടു വരാനുമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ക്കുള്ള ആരോപണം.

1950 കള്‍ മുതല്‍ ഇറാഖില്‍ 18 വയസില്‍ താഴെയുള്ള വിവാഹം നിയമം മൂലം വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും, യുനിസെഫ് നടത്തിയ സര്‍വേയില്‍ കണ്ടെത്താനായത് ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസിന് മുന്നേ വിവാഹിതരാകുന്നുണ്ടെന്നാണ്.

2021 മുതല്‍ ഇറാഖ് രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന കോര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്ക് ഷിയ വിഭാഗത്തിന്റെ മതതാത്പര്യം സംരക്ഷിക്കുന്ന നിരവധി നിയമങ്ങള്‍ രാജ്യത്ത് കൊണ്ടിവന്നിട്ടുണ്ട്. മതസംബന്ധമായ അവധികള്‍ പ്രാബല്യത്തില്‍ കൊണ്ടു വരിക, സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുക എന്നിവ അവയില്‍ ചിലതാണ്.

യുവസമൂഹത്തിന്റെ വലിയൊരു പ്രതിഷേധത്തിന് 2019 ല്‍ ഇറാഖ് സാക്ഷ്യം വഹിച്ചിരുന്നു. ആ പ്രതിഷേധത്തോടെയാണ്, സ്ത്രീകള്‍ സമൂഹത്തെ ശക്തിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നുവെന്ന പേടി രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടായി തുടങ്ങിയത്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍, വനിത സംഘടനങ്ങള്‍, പൗര സമൂഹം എന്നിവ തങ്ങളുടെ അധികാരത്തിന് ഭീഷണിയാകുന്നുവെന്ന് അവര്‍ക്ക് മനസിലായി, അതോടെയാണ് പുരോഗമ മുന്നേറ്റങ്ങളെ തടയാനും അടിച്ചമര്‍ത്താനും തുടങ്ങിയത്’ അമന്‍ വനിത സഖ്യത്തിന്റെ സഹ സ്ഥാപകയായ നാദിയ മൊഹമ്മൂദ് ചൂണ്ടിക്കാണിക്കുന്ന കാര്യമാണിത്. ബില്ലിനെ പാര്‍ലമെന്റിലെ 25 വനിത അംഗങ്ങള്‍ എതിര്‍ത്തുവെങ്കിലും അവര്‍ പറയുന്നത്, തങ്ങള്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇക്കാര്യത്തില്‍ നേരിടുന്നതെന്നാണ്.

‘ബില്ലിനെ അനുകൂലിക്കുന്ന പുരുഷ എംപിമാര്‍ ചോദിക്കുന്നത്, പ്രായപൂര്‍ത്തിയാക്കാത്ത ഒരാള്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പമെന്നാണ്? അവര്‍ വളരെ ഇടുങ്ങിയ ചിന്താഗതികളാണ് പുലര്‍ത്തുന്നത്. ജനങ്ങളുടെ വിധി നിര്‍ണയിക്കുന്ന നിയമ നിര്‍മാതാക്കളാണ് തങ്ങളെന്ന കാര്യം അവര്‍ കണക്കിലെടുക്കുന്നില്ല. മറിച്ച് അവരുടെ പുരുഷ ചിന്താഗതി ഇതെല്ലാം അംഗീകരിക്കുകയാണ്. വനിത എംപിയായ അലിയ നസീഫ് പറയുന്നു.

ഈ നിയമം നിലവില്‍ വന്നാല്‍ തങ്ങളെക്കാള്‍ മോശം ഭാവിയായിരിക്കും തങ്ങളുടെ മക്കള്‍ക്കുണ്ടാവുക എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ‘ എനിക്ക് സംഭവിച്ചതുപോലെ എന്റെ മോള്‍ക്കും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അവള്‍ എനിക്കാകെയുള്ളൊരു മകളാണ്’ വേദനയോടെ അഷര്‍ ജാസിം എന്ന സ്ത്രീ പറയുന്നു. 16 മത്തെ വയസില്‍ വിവാഹം കഴിക്കേണ്ട വന്നയാളാണ് അഷര്‍ ജാസിം. പ്രതിഷേത്തിലുള്ള ഓരോ സ്ത്രീകളും ഇതേ വേദനയും അനുഭവങ്ങളുമാണ് പറയുന്നത്.  Iraq draft law would allow the marriage of girls as young as nine

Content Summary; Iraq draft law would allow the marriage of girls as young as nine

×